'14 വർഷത്തിനു ശേഷം ഉണ്ടായ കൊച്ചാ, പീഡിപ്പിച്ച് പൂജാ മുറിയിലിട്ടാ കൊന്നത്'; അര്‍ജുനെ കയ്യേറ്റം ചെയ്ത് കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കൾ

ഡി.വൈ.എഫ്.ഐ പ്രവർത്തകനായ അര്‍ജുനെ രക്ഷപ്പെടുത്താൻ ഉന്നത തല ഗൂഢാലോചന നടന്നെന്ന് ഡീൻ കുര്യാക്കോസ്

Update: 2023-12-14 08:01 GMT
Editor : Lissy P | By : Web Desk
Advertising

ഇടുക്കി: വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതിയെ വെറുതെ വിട്ട സംഭവത്തിൽ പ്രതിഷേധവുമായി കുട്ടിയുടെ ബന്ധുക്കൾ. നീതി ലഭിച്ചില്ലെന്ന് ആരോപിച്ച്  കോടതിക്ക് മുന്നിൽ പ്രതിഷേധിച്ച കുട്ടിയുടെ ബന്ധുക്കൾ പൊലീസ് വാഹനം തടഞ്ഞു. വണ്ടിപെരിയാർ സ്വദേശി അർജുനെയാണ് കോടതി വെറുതെ വിട്ടത്.

വിധി വന്നതിന് ശേഷം കോടതിക്ക് പുറത്ത് നാടകീയമായ രംഗങ്ങളാണ് നടന്നത്. മകൾക്ക് നീതികിട്ടിയില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. 14 വർഷത്തിനു ശേഷം ഉണ്ടായ കുട്ടിയാണെന്നും അവൻ പീഡിപ്പിച്ച് പൂജാ മുറിയിലിട്ടാണ് കൊന്നതെന്നും കുട്ടിയുടെ മുത്തശ്ശി പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍  പ്രതിയെ കയ്യേറ്റം ചെയ്യുകയും പൊലീസ് വാഹനം തടയുകയും ചെയ്തു. പ്രതിയെ കോടതിയിൽ നിന്ന് ഇറക്കുന്നതിനിടെയാണ് പൊലീസ് ജീപ്പിന് മുന്നിലേക്ക് എത്തി. ഏറെ പണിപെട്ടാണ് പൊലീസ് കോടതിക്ക് പുറത്തേക്ക് പോയത്.

 കൊലപാതകം, ബലാത്സംഗം, പോക്‌സോ വകുപ്പുകളായിരുന്നു അര്‍ജുനെതിരെ ചുമത്തിയിരുന്നത്. എന്നാൽ ഇത് പ്രോസിക്യൂഷന് തെളിയിക്കാനായിരുന്നില്ല. 2021 ജൂൺ 30 നാണ് ആറുവയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഷാള്‍ കുരുങ്ങി മരിച്ചതാണെന്നാണ് ആദ്യം കരുതിയെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് കുട്ടി പീഡനത്തിനിരയായെന്നും കൊലപാതകമാണെന്നും കണ്ടെത്തിയത്.

 മൂന്ന് വയസുമുതൽ അര്‍ജുന്‍ പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നെന്നും മാതാപിതാക്കള്‍ ജോലിക്ക് പോയ സമയം മുതലെടുത്തായിരുന്നു പീഡനത്തിനിടെ പെണ്‍കുട്ടി കൊല്ലപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. 2021 സെപ്തംബർ 21ന് ഈ കേസിലെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷമാണ് കേസിന്റെ വിചാരണ തുടങ്ങിയത്. എന്നാൽ പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ സാധിച്ചിരുന്നില്ല. ഇതിനാലാണ് പ്രതിയെ വെറുതെ വിടുന്നതെന്ന് കോടതി അറിയിച്ചു.

Full View

അതേസമയം, കേസിൽ പുനരന്വേഷണം നടത്തണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.

വണ്ടിപ്പെരിയാറിലെ പ്രമുഖ ഡി.വൈ.എഫ്.ഐ നേതാവാണ് അർജുൻ. കേസിൽ കൃത്യമായ ഇടപെടൽ നടന്നെന്ന് കോൺഗ്രസ് ആരോപിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ പ്രതിയെ രക്ഷപ്പെടുത്താൻ ഉന്നത തല ഗൂഢാലോചന നടന്നെന്ന് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് പ്രതികരിച്ചു.ഇടുക്കി ജില്ലയിലെ സിപിഎം നേതൃത്വത്തിനും ഗൂഢാലോചനയിൽ പങ്കെന്നും ഡീൻ കുര്യാക്കോസ് ആരോപിച്ചു. കൃത്യമായി തെളിവ് ശേഖരിച്ച് പ്രതിക്ക് ശിക്ഷ വാങ്ങി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല . പ്രതിക്ക് ശിക്ഷ ഉറപ്പാക്കാൻ മേൽക്കോടതിയിൽ അപ്പീൽ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News