കോവിഡ് പ്രോട്ടോക്കോൾ ലംഘനം; കോഴിക്കോട് 14 കടകള്‍ക്കെതിരെ നടപടി
കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കാന്‍ പൊലീസിന്റെ പ്രത്യേക പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്
ബലി പെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്ത് അനുവദിച്ച ലോക്ക്ഡൗണ്‍ ഇളവുകൾ പ്രാബല്യത്തില്‍ വന്നതോടെ പ്രധാന നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം വന്‍ തിരക്ക്. കോഴിക്കോട് നഗരത്തിലും എസ്.എം സ്ട്രീറ്റിലും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചവർക്കെതിരെ നടപടി സ്വീകരിച്ചു. 14കടകൾക്കെതിരെയും 56 പേർക്കെതിരെയുമാണ് കേസെടുത്തത്.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കൊപ്പം മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍ മൂന്ന് ദിവസം പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്. രാത്രി എട്ടു വരെയാണ് കടകളുടെ പ്രവര്‍ത്തന സമയം. രാവിലെ മുതല്‍ കമ്പോളങ്ങള്‍ സജീവമാണ്. ആഘോഷകാലത്തെ കച്ചവടത്തിന് നല്ല പ്രതികരണമാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.
അതേസമയം, നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഡി.ജി.പി അനില്‍കാന്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ബീറ്റ് പട്രോള്‍, മൊബൈല്‍ പട്രോള്‍, വനിതാ മോട്ടോര്‍സൈക്കിള്‍ പട്രോള്‍ എന്നിവ നിരത്തിലുണ്ട്.