മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് മരണം
പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
മലപ്പുറം: വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതിൽ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കൽ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിച്ചു.
സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകൾ കയറിയിറങ്ങി ബോധവത്കരണവും നൽകുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.