റോഡ് തടയാൻ ബോട്ട് ഉപയോഗിക്കുന്നത് ഗുണ്ടാ പ്രവർത്തനം; വിഴിഞ്ഞം സമരം പൊതുശല്യമായി മാറുന്നെന്ന് ടി.സി.സി.ഐ

തുറമുഖത്തിനെതിരായ വികലമായ വാദങ്ങൾ നിരസിച്ച നഗരവാസികളോട് പ്രതികാരം ചെയ്യുകയാണ് പ്രക്ഷോഭകർ എന്ന് ടി.സി.സി.ഐ കുറ്റപ്പെടുത്തി

Update: 2022-10-17 12:06 GMT
Advertising

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ പ്രതിഷേധം പൊതുശല്യമായി മാറുകയാണെന്ന് ട്രിവാൻഡ്രം ചേബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി. തുറമുഖത്തിനെതിരായ വികലമായ വാദങ്ങൾ നിരസിച്ച നഗരവാസികളോട് പ്രതികാരം ചെയ്യുകയാണ് പ്രക്ഷോഭകർ എന്ന് ടി.സി.സി.ഐ കുറ്റപ്പെടുത്തി. വിഴിഞ്ഞം സമരത്തിന്‍റെ ഭാഗമായി പ്രക്ഷോഭകർ തിങ്കളാഴ്ച തലസ്ഥാന നഗരിയുടെ പല ഭാഗങ്ങളിലും റോഡ് ഉപരോധിച്ചതിനെ തുടർന്ന് രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായതിനോട് പ്രതികരിക്കുകയായിരുന്നു ടി.സി.സി.ഐ.

അടുത്തിടേ മിക്ക രാഷ്ട്രീയ പാർട്ടികളും പ്രതിഷേധങ്ങൾ റോഡിന്‍റെ ഒരു ഭാഗത്ത് ഒതുക്കിനിർത്തി ജനങ്ങളോട് സൗഹാർദപരമായാണ് പെരുമാറുന്നത്. എന്നാൽ ഇന്ന് 25 വർഷത്തിനിടെ ആദ്യമായി ടെക്‌നോപാർക്കിലെ നിരവധി ജീവനക്കാർക്ക് അവരുടെ ഓഫീസുകളിൽ എത്താനായില്ല. നിരവധി പേരുടെ വിമാന യാത്ര മുടങ്ങി. സമരക്കാരുടെ അനിയന്ത്രിതമായ പെരുമാറ്റം പൊലീസ് തടയണം എന്ന് ടി.സി.സി.ഐ സെക്രട്ടറി എബ്രഹാം തോമസ് പറഞ്ഞു.

റോഡുകൾ തടയാൻ മത്സ്യ ബന്ധന ബോട്ടുകൾ ഉപയോഗിക്കുന്നത് ഗുണ്ടാ പ്രവർത്തനമാണ്. നഗരത്തിൽ അക്രമം സൃഷ്ടിക്കാനും അത് വഴി ശ്രദ്ധ നേടാനും സമരക്കാർ ശ്രമിക്കുന്നത് വ്യക്തമാണ്. തിരുവനന്തപുരത്തെ പൊതു സമൂഹം തുറമുഖത്തിനെതിരായ ഗൂഢാലോചന തിരിച്ചറിഞ്ഞു കഴിഞ്ഞു. ജനങ്ങൾ തങ്ങളുടെ നീക്കങ്ങളെ അവഗണിക്കുന്നതിൽ സമര നേതാക്കൾ രോഷാകുലരാണ്. പ്രതികാരമെന്നോണം ജനങ്ങളെ ഏറ്റവും മോശമായ രീതിയിൽ അസൗകര്യത്തിലാക്കാനാണ് തീരുമാനം. സമരക്കാർക്കും അവരെ നിരന്തരം തെറ്റിദ്ധരിപ്പിക്കുന്ന ഇടവകക്കുമെതിരെ കർശന നടപടിയെടുക്കണമെന്ന് ടി.സി.സി.ഐ പ്രസ്താവനയിൽ അറിയിച്ചു.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News