വഖഫ് ഭേദഗതി ബിൽ: ഭരണഘടനക്ക് നേരെയുള്ള ഭീകരാക്രമണം, നിയമപരമായി നേരിടും: ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് കേരള
രാഷ്ട്രത്തിന്റെ ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയാൻ ബില്‍ സഹായിച്ചതിൽ സന്തോഷമുണ്ടെന്നും ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് കേരള ജനറൽ സെക്രട്ടറി അലിയാർ ഖാസിമി
കൊച്ചി: രാഷ്ട്ര വിരുദ്ധ ശക്തികളുടെ ഭരണഘടനക്ക് നേരെയുള്ള ഭീകരാക്രമണമാണ് വഖഫ് ഭേദഗതി ബില്ലിലൂടെ നടന്നിരിക്കുന്നതെന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് കേരള.
' ഭരണകൂടമല്ല രാജ്യം, രാജ്യം ഭരണഘടനയാണ്. ഭരണഘടനാനുസൃതമായ നിയമവഴികളിലൂടെ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ഇതിനെ നേരിടുക തന്നെ ചെയ്യും. ഏത് പ്രശ്നത്തിലും ജംഇയ്യത്തിന്റെ വഴിയതാണ്. രാഷ്ട്രത്തിന്റെ ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയാൻ ബില്‍ സഹായിച്ചതിൽ സന്തോഷമുണ്ടെന്നും'- ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് കേരള ജനറൽ സെക്രട്ടറി അലിയാർ ഖാസിമി പറഞ്ഞു.
'ഈ തിരിച്ചറിവോട് കൂടിയാവണം മുസ്‌ലിം സമുദായം ഇനി നിലപാടുകൾ സ്വീകരിക്കേണ്ടത്. രാഷ്ട്രത്തോടൊപ്പം നിന്ന മതേതര പാർട്ടികൾക്കും എംപിമാർക്കും മതവിഭാഗങ്ങൾക്കും ഹൃദയംഗമമായ അനുമോദനങ്ങൾ നേരുന്നുവെന്നും'- ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് കേരള പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
14 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കിയത്. ബില്ലിനെ 288 പേർ അനുകൂലിക്കുകയും 232 പേർ എതിർക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും വോട്ടിനിട്ട് തളളി. കേന്ദ്രനിയമ മന്ത്രി കിരണ്‍ റിജിജുവാണു ബിൽ സഭയിൽ അവതരിപ്പിച്ചത്. അതേസമയം ബിൽ ഇന്ന് രാജ്യസഭയിലെത്തും.