വയനാട് ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നു: സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് പാർട്ടികൾ
ഉപതെരഞ്ഞെടുപ്പ് നടന്നാൽ ദേശീയ ശ്രദ്ധ നേടുന്ന സ്ഥാനാർഥിയെ കോൺഗ്രസ് രംഗത്തിറക്കും
കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കം തുടങ്ങിയതോടെ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികൾക്കായി അനൗദ്യോഗിക ചർച്ചകളിലേക്ക് കടക്കുന്നു. രാഹുൽ ഗാന്ധിയുടെ അയോഗ്യതക്കെതിരായ നിയമ പോരാട്ടത്തിനാണ് കോൺഗ്രസ് പ്രാധാന്യം നൽകുന്നതെങ്കിലും ഉപതെരഞ്ഞെടുപ്പ് നടന്നാൽ ദേശീയ ശ്രദ്ധ നേടുന്ന സ്ഥാനാർഥിയെ തന്നെ കോൺഗ്രസ് രംഗത്തിറക്കും. മികച്ച രാഷ്ട്രീയ പോരാട്ടം കാഴ്ചവെക്കാനായിരിക്കും എൽ.ഡി.എഫ് ശ്രമം.
വോട്ടിങ് മെഷീൻ പരിശോധനയടക്കം പൂർത്തിയാക്കി വയനാട് ഉപതെരഞ്ഞെടുപ്പിനായി സജ്ജമാകുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. വയനാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യമൊഴിവാക്കാനുള്ള നിയമപരമായ പോരാട്ടം തുടരാൻ തന്നെയാണ് കോൺഗ്രസ് തീരുമാനം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കോടതിയെ സമീപിക്കും. അതേസമയം ഉപതെരഞ്ഞെടുപ്പ് നടന്നാൽ ദേശീയ ശ്രദ്ധ ആകർഷിക്കുന്ന സ്ഥാനാർഥി തന്നെ ഉണ്ടാവണമെന്നാണ് കോൺഗ്രസിലെ പൊതുവികാരം. രാഹുൽ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധിയെ തന്നെ വയനാട്ടിൽ സ്ഥാനാർഥിയായി എത്തിക്കാനുള്ള നീക്കമായിരിക്കും എ.ഐ.സി.സിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുക.
അയോഗ്യതക്ക് ശേഷം വയനാട്ടിൽ രാഹുൽ ഗാന്ധി നടത്തിയ റോഡ് ഷോയിലടക്കം പ്രിയങ്കയുടെ സാന്നിധ്യം അതിന്റെ സൂചനയായാണ് കരുതുന്നത്. 431542 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ‌് എൽ.ഡി.എഫ‌് സ്ഥാനാർഥി പി പി സുനീറിനെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാഹുൽ പരാജയപ്പെടുത്തിയത‌്. ദേശീയ ശ്രദ്ധ ആകർഷിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉയർത്തി ബി.ജെ.പിക്ക് രാഷ്ട്രീയ മറുപടി നൽകാനുള്ള നീക്കം കോൺഗ്രസ് നടത്തും. അയോഗ്യനാക്കിയ സംഭവത്തിൽ രാഹുലിന് പിന്തുണ നൽകിയില്ലെങ്കിലും ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമായി കണ്ട് മികച്ച സ്ഥാനാർഥിയെ രംഗത്തിറക്കാൻ എൽ.ഡി.എഫും ശ്രമിക്കും.
സി.പി.ഐക്കാണ് നിലവിൽ വയനാട് സീറ്റ് . സ്ഥാനാർഥിയെ സംബന്ധിച്ചുള്ള അനൗദ്യോഗിക ചർച്ചകൾ സിപിഐയിൽ ഉടൻ ആരംഭിക്കും. ദേശീയ നേതാക്കളെ തന്നെ ബി.ജെ.പിയും കളത്തിലിറക്കും. വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ നിയമസഭാ മണ്ഡലങ്ങളും മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങൾക്കുമൊപ്പം കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലവും ചേരുന്നതാണ് വയനാട് ലോക്സഭാ മണ്ഡലം.