രാജ്യത്തെ ഏറ്റവും വലിയ ഗ്ലോബൽ ലൈവ്‌സ്റ്റോക്ക് കോൺക്ലേവിന് വയനാട് വേദിയാകും

ഡിസംബർ 20മുതൽ 29വരെ നടക്കുന്ന കോൺക്ലേവിന്റെ ലോഗോ പ്രകാശനം ചെയ്തു

Update: 2024-10-08 11:04 GMT
Advertising

തിരുവനന്തപുരം: കന്നുകാലി-ക്ഷീര കാർഷിക മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് യുവജനതയെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനും, ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ മൃഗ സംരക്ഷണം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ വയനാട് കേരള വെറ്ററിനറി സർവകലാശാലയിൽ ആഗോള ലൈവ്‌സ്റ്റോക്ക് കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഡിസംബർ 20മുതൽ 29വരെ നടക്കുന്ന കോൺക്ലേവിന്റെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീര- കന്നുകാലി, വളർത്തുമൃഗ മേഖലയുടെ സമഗ്രവികസനവും ഉൽപാദനക്ഷമതയും ലക്ഷ്യമിട്ട് രാജ്യത്തെ ഏറ്റവും വലിയ കോൺക്ലേവാണ് വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കന്നുകാലി, ക്ഷീര മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് പുതുതലമുറയെ കാർഷികവൃത്തിയിലേക്ക് നയിക്കാനും അതുവഴി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനും ആഗോള ലൈവ്‌സ്റ്റോക്ക് കോൺക്ലേവ് സഹായകമാകും. മൂല്യ വർധിത ഉത്പന്നങ്ങളെ കുറിച്ചും വളർത്തു മൃഗങ്ങൾ, പോൾട്രി, ഡയറി- അക്വഫാമിങ് എന്നീ വിഭാഗങ്ങളിലെ ഏറ്റവും പുതിയ അറിവുകൾ, മാറിവരുന്ന സാങ്കേതിക വിദ്യകൾ എന്നിവയെക്കുറിച്ച് മനസിലാക്കാനുള്ള ഒരു മികച്ച വേദിയാകും കോൺക്ലെവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഉരുൾപൊട്ടൽ ദുരന്ത ശേഷം വയനാട്ടിലെ വിനോദ സഞ്ചാര മേഖലയെ സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനായി ടൂറിസം മേഖലയിലെ സംരംഭകർക്കും തൊഴിലാളികൾക്കും ഉപകാരപ്രദമാകുന്ന തരത്തിലാണ് കോൺക്ലേവ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. അനിൽ കെ.എസ് അഭിപ്രായപ്പെട്ടു. കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി ഡയറക്ടർ പ്രൊഫ. ഡോ. ടി.എസ് രാജീവ് പദ്ധതി വിശദീകരിച്ചു. മികച്ച തൊഴിൽ സാധ്യതയുള്ള ക്ഷീര- കന്നുകാലി, മൃഗ പരിപാലന മേഖലയിൽ ഏകദേശം 25000ത്തിൽപരം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കോൺക്ലേവ് സഹായകമാകുമെന്ന് പ്രൊഫ. ഡോ. ടി.എസ് രാജീവ് പറഞ്ഞു. ചടങ്ങിൽ അസോസിയേറ്റ് പ്രൊഫസർ ഡോ. ജസ്റ്റിൻ ഡേവിസ് നന്ദി പറഞ്ഞു.

രാജ്യത്തെ വിവിധ കാർഷിക സംഘടനകളും വെറ്ററിനറി ഡോക്ടർമാരും ഉൾപ്പടെ ഏകദേശം അഞ്ചു ലക്ഷത്തോളം ആളുകളുടെ പങ്കാളിത്തമാണ് പത്ത് ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവിൽ പ്രതീക്ഷിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൃഗസംരക്ഷണം സാധ്യമാക്കുക, ക്ഷീര- കന്നുകാലി കർഷകർ ഉൽപാദിപ്പിക്കുന്ന പാൽ, പാലുൽപനങ്ങൾ, മുട്ട, മാംസം എന്നിവയുടെ മൂല്യവർധനവ് ഉറപ്പുവരുത്തുക, ജന്തുജന്യ രോഗങ്ങളിൽനിന്നും മൃഗങ്ങളെ സംരക്ഷിക്കുന്നതിന് ബോധവത്കരണം നൽകുക എന്നതാണ് കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 2 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ വളർത്തുമൃഗങ്ങൾ, കന്നുകാലികൾ, ഡയറി ഫാമിംഗ്, അക്വഫാമിംഗ്, പോൾട്രി എന്നിവയുടെ സ്റ്റാളുകളും വിവിധ എക്‌സ്‌പോകളും ഒരുക്കും. മൃഗസംരക്ഷണത്തെക്കുറിച്ചും മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണന സാധ്യതകളെക്കുറിച്ചും വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ, ശിൽപശാലകൾ എന്നിവയും കോൺക്ലേവിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ; 9895088388, 94460 52800

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News