ദുനിയാവ് ഉള്ളിടത്തോളം കാലം ഞങ്ങൾ തന്നെ ഭരിക്കും: എ.കെ ബാലൻ

"പിണറായി വിജയൻ ഔട്ട്സ്റ്റാൻഡിങ് മുഖ്യമന്ത്രിയാണ്"

Update: 2022-03-01 06:41 GMT
Editor : abs | By : Web Desk
Advertising

കൊച്ചി: ദുനിയാവ് ഉള്ളിടത്തോളം കാലം കേരളം സിപിഎം ഭരിക്കുമെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ. പാർട്ടിയിൽ ഇപ്പോൾ വിഭാഗീതയില്ലെന്നും ഐക്യം ശക്തിപ്പെട്ടതു കൊണ്ടാണ് അതില്ലാതായത് എന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ ഔട്ട്സ്റ്റാൻഡിങ് മുഖ്യമന്ത്രിയാണ് എന്നും ബാലന്‍ കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസ് ചാനൽ നടത്തിയ അഭിമുഖത്തിനിടെയാണ് മുൻമന്ത്രിയുടെ വാക്കുകൾ.

'ഞങ്ങളെല്ലാം ഇല്ലാതായാലും കമ്യൂണിസ്റ്റ് പാർട്ടി തന്നെയാണ് കേരളം ഭരിക്കാൻ പോകുന്നത്. അക്കാര്യത്തിൽ നിങ്ങൾക്ക് ഒരു സംശയവും വേണ്ട. അതിന് പറ്റുന്ന നയരേഖയായിരിക്കും ഞങ്ങൾ അവതരിപ്പിക്കുക. മൊത്തം ജനങ്ങളുടെ പാർട്ടിയായി സിപിഎമ്മിനെ ജനങ്ങളങ്ങ് മാറ്റും. എത്ര വർഷം എന്നൊന്നും ഇപ്പോൾ നമുക്ക് പറയാൻ പറ്റില്ല. ദുനിയാവ് ഉള്ളിടത്തോളം കാലം ഞങ്ങള് തന്നെയാണ് ഭരിക്കുക. അതിൽ എന്താണ് സംശയം?'- അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; 'പിണറായിയെ പ്രതീകമാക്കാനില്ല. നാളെ അദ്ദേഹത്തിന് തെറ്റുപറ്റിയാൽ അദ്ദേഹവും പാർട്ടിയിൽ നിന്ന് പുറത്തുപോകും. വ്യക്തിപരമായ ഉത്തരവാദിത്വം വലുതാണ്. അത് നിർവഹിക്കുന്നതിൽ ഔട്ട്സ്റ്റാൻഡിങ് ആണ് പിണറായി. അദ്ദേഹത്തിന്റെ സംഭാവന മൗലികമാണ്. മറ്റുള്ള മുഖ്യമന്ത്രിമാരുമായി താരതമ്യം ചെയ്യുമ്പോൾ അദ്ദേഹം പിന്നിലല്ല.'

പാർട്ടിയിൽ വിഭാഗീതയ പൂർണമായും ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. 'വിഭാഗീയതയ്ക്ക് പണ്ട് ഏകീകരിച്ച രൂപമുണ്ടായിരുന്നു. ഇപ്പോൾ അതില്ല. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ ഉണ്ട്. അതിൽ പാർട്ടിക്ക് ബുദ്ധിമുട്ടില്ല. പാർട്ടിക്കുള്ളിലെ ഐക്യം ശക്തിപ്പെട്ടതു കൊണ്ടാണ് വിഭാഗീയത ഇല്ലാതായത്. ജനാധിപത്യത്തിന്റെ മൂർധന്യാവസ്ഥയാണ് ഉൾപ്പാർട്ടി ജനാധിപത്യം.'- അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിസ്റ്റുകാരെ ഉൻമൂലനം ചെയ്യലാണ് സംഘ പരിവാറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന അട്ടിമറിക്കാനാണ് ബിജെപിയും കേന്ദ്ര സർക്കാരും സംഘടിതമായി ശ്രമിക്കുന്നത്. ഇത് കാരണം പാർലമെന്റിന്റേയും കോടതിയുടേയും സ്വാതന്ത്ര്യമാണ് ഇല്ലാതാവുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനേയും നോക്കുകുത്തിയാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News