ക്ഷേമ പെൻഷൻ തട്ടിപ്പ്; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
ധനമന്ത്രി ഉൾപ്പെടെയുളളവർ യോഗത്തിൽ പങ്കെടുക്കും
തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. ഇന്ന് ഉച്ചയ്ക്കാണ് യോഗം. ധനമന്ത്രി ഉൾപ്പെടെയുളളവർ യോഗത്തിൽ പങ്കെടുക്കും. ക്ഷേമപെൻഷൻ അനർഹർ കൈപ്പറ്റുന്നത് തടയാൻ കാര്യക്ഷമമായ നടപടികളിലേക്ക് കടക്കാനാണ് സർക്കാർ നീക്കം. ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ ലഭിക്കുന്നവരുടെ അർഹത നിശ്ചിത ഇടവേളകളിൽ പരിശോധിക്കും.
ക്ഷേമ പെൻഷൻ തട്ടിപ്പിൽ അനർഹരെ കണ്ടെത്താൻ കൂടുതൽ പരിശോധന നടത്തുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. ഒറ്റപ്പെട്ട സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. പരിശോധന നടത്തിയ ശേഷം വേണമെങ്കിൽ ക്രിമിനൽ കേസെടുക്കും. കോട്ടക്കലിലെ പെൻഷൻ തട്ടിപ്പിൽ കൂടുതൽ വ്യക്തത വരണമെന്നും അതിനാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, കോട്ടക്കൽ നഗരസഭയിൽ മാത്രമാണ് പെൻഷൻ ക്രമക്കേട് നടന്നത് എന്ന വാദം ശരിയല്ലെന്ന് മുൻ നഗരസഭ ചെയർമാൻ കെ.കെ നാസർ പറഞ്ഞു. സംസ്ഥാനത്തുടനീളം സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെ. കെ നാസർ ആവശ്യപെട്ടു. ബിജെപി കൗൺസിലറും ഉദ്യോഗസ്ഥരും ഒത്തുകളിച്ചാണ് ഏഴാം വാർഡിൽ അനർഹരായവർക്ക് ക്ഷേമപെൻഷൻ അനുവദിച്ചതെന്ന ആരോപണം അന്വേഷിക്കണമെന്നും കെ.കെ നാസർ മീഡിയവണിനോട് പറഞ്ഞു.