സെറിഫെഡില്‍ നടന്നത് കേരളം കണ്ട ഏറ്റവും വലിയ തൊഴില്‍ കുംഭകോണം; അന്വേഷിക്കണമെന്ന് ഹൈക്കോടതി
സെറിഫെഡ് പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികൾ ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദേശം
കേരള സ്റ്റേറ്റ് സെറികൾച്ചർ കോ-ഓപ്പറേറ്റീവ് അപെക്സ് സൊസൈറ്റിയിൽ മുന്നൂറോളം പേരെ അനധികൃതമായി നിയമിച്ചത് കേരളം കണ്ട ഏറ്റവും വലിയ തൊഴിൽ കുംഭകോണമെന്ന് ഹൈക്കോടതി. സെറിഫെഡ് പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികൾ ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദേശം. സർക്കാർ നാമനിര്‍ദേശം ചെയ്ത ഡയറക്ടര്‍ ബോർഡ് ജീവനക്കാരെ നിയമവിരുദ്ധമായി നിയമിക്കുകയായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. സെറിഫെഡ് അടച്ചുപൂട്ടാനുള്ള സർക്കാർ തീരുമാനം ചോദ്യം ചെയ്ത ഹരജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഇത്രയധികം ജീവനക്കാരെ നിയമവിരുദ്ധമായി നിയമിച്ചത് സർക്കാർ നാമനിർദേശം ചെയ്ത ഡയറക്ടർ ബോർഡ് തന്നെയാണ്. കേരളത്തിലെ ഓരോ ജില്ലകളിലും ഓഫീസ് തുറന്നായിരുന്നു ഈ നിയമനങ്ങൾ നടത്തിയത്. ഒടുക്കം, ബോർഡിന്‍റെ നിലനിൽപ്പുതന്നെ അപകടത്തിലായപ്പോൾ 271 ജീവനക്കാരെ വിവിധ വകുപ്പുകളിലേക്ക് സർക്കാർ പുനർവിന്യസിച്ചു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അറിഞ്ഞു കൊണ്ടാണ് ഈ ക്രമക്കേട് നടന്നെന്ന് ജസ്റ്റിസ് എ.എൻ നഗരേഷ് പറയുന്നു.