പാലക്കാട് ജനവാസ മേഖലയിൽ പുലിയിറങ്ങി; ധോണിയിൽ വീണ്ടും പി.ടി.സെവൻ കാട്ടാനയിറങ്ങി
വന്യമൃഗശല്യത്തിൽ പ്രതിഷേധിച്ച് പാലക്കാട്ടെ നാല് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ
പാലക്കാട്: മണ്ണാർക്കാട് തത്തേങ്ങലത്ത് ജനവാസ മേഖലയിൽ പുലിയിറങ്ങി. പുലിയെയും രണ്ട് കുട്ടികളെയുമാണ് നാട്ടുകാർ കണ്ടത്. പ്രദേശത്ത് പുലിക്കായി വനം വകുപ്പ് തിരച്ചിൽ നടത്തി. തത്തേങ്ങലം ചേരംകുളം ഇരുമ്പുപാലത്തിന് സമീപത്ത് വെച്ചാണ് നാട്ടുകാർ പുലിയെയും കുട്ടികളെയും കണ്ടത്. കാർ യാത്രക്കരാണ് പുലിയെയും രണ്ട് പുലികുട്ടികളെയും കണ്ടത്.
വിവരം ലഭിച്ച വനം വകുപ്പ് ആർആർടി സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ മാസവും ജനവാസ മേഖലയിൽ പുലിയിറങ്ങിയിരുന്നു. അന്ന് വളർത്തു മൃഗങ്ങളെ ആക്രമിച്ചിരുന്നുവെങ്കിലും പുലിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് വനം വകുപ്പ് കൂടും സ്ഥാപിച്ചിരുന്നു. ഇതിനിടെയാണ് ജനവാസ മേഖലയിൽ വീണ്ടും പുലിയെ നാട്ടുകാർ കണ്ടത്.
അതേസമയം, പാലക്കാട് ധോണിയിൽ വീണ്ടും പി.ടി സെവൻ കാട്ടനയിറങ്ങി. രാത്രി 11 മണിയോടെ ധോണി സെന്റ് ധോമസ് നഗറിലാണ് ആനയിറങ്ങിയത്. ജനങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലത്ത് ഏറെ നേരം ആന നിലയുറപ്പിച്ചശേഷമാണ് കാട് കയറിയത്. വന്യമൃഗ ശല്യത്തിൽ പ്രതിഷേധിച്ച് 4 പഞ്ചായത്തുകളിൽ ഇന്ന് ബി.ജെ.പി ഹർത്താൽ നടക്കും. മലമ്പുഴ , അകത്തേത്തറ , പുതു പെരിയാരം, മുണ്ടൂർ പഞ്ചായത്തുകളിലാണ് ഹർത്താൽ. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.