ഓടിക്കൊണ്ടിരിക്കുന്ന കാറിന് നേരെ കാട്ടാനയുടെ ആക്രമണം: കാറിലുണ്ടായിരുന്നവർ തലനാരിഴയ്ക്ക് രക്ഷപെട്ടു
ഇടുക്കി ഖജനാപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കാറിനു നേരെ കാട്ടാനയുടെ ആക്രമണം. കാറിലുണ്ടായിരുന്നവർ തലനാരിഴയ്ക്ക് രക്ഷപെട്ടു.
ഇടുക്കി കജനാപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കാറിനു നേരെ കാട്ടാനയുടെ ആക്രമണം. കാറിലുണ്ടായിരുന്നവർ തലനാരിഴയ്ക്ക് രക്ഷപെട്ടു. വീണ് പരിക്കേറ്റ മുട്ടുകാട് സ്വദേശിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.
ഖജനാപ്പാറ- മുട്ടുകാട് റോഡിൽ അരമനപ്പാറയ്ക്കു സമീപത്ത് വെച്ച് രാത്രി എട്ടരയോടെയാണ് കാട്ടാനാക്കൂട്ടം മുട്ടുകാട് പന്തനാലിൽ ഷിജോയുടെ കാർ തകർത്തത്. വീണ് പരിക്കേറ്റ മുട്ടുകാട് തണ്ടേൽ ഡിബിലിനെ രാജകുമാരിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു ഷിജോ. ഡിബിലിന്റെ മാതാവ് മേരിയും വാഹനത്തിലുണ്ടായിരുന്നു.
കാട്ടാനകൾ റോഡിൻ്റെ ഇരു ഭാഗത്തു നിന്നും കാറിനു നേരെ വന്നു. മുൻ ഭാഗത്തു കൂടി വന്ന കാട്ടാന കാറിൻ്റെ ബോണറ്റിൽ ചവിട്ടി. ഇതോടെ കാറിലുണ്ടായിരുന്ന മൂന്നു പേരും റോഡിൽ 50 മീറ്റർ അകലെ വന്ന മറ്റൊരു വാഹനത്തിലേക്ക് ഓടി കയറി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെടുന്നതിനിടെ മൂവർക്കും നിസാര പരുക്കേറ്റു. ഇവരെ രാജകുമാരിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
ഒരാഴ്ചയായി കജനാപ്പാറയിലെ ഏലത്തോട്ടങ്ങളിൽ ഏഴ് കാട്ടാനകൾ തമ്പടിച്ചിട്ടുണ്ട്. ഈ ആനക്കൂട്ടമാണ് അരമനപ്പാറയിൽ കാറിനു നേരെ ആക്രമണം നടത്തിയത്.