വന്യജീവി ആക്രമണം; നഷ്ടപരിഹാരത്തുക രണ്ട് ഗഡുക്കളായി നൽകുമെന്ന് വനംമന്ത്രി
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 30 കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്
കോഴിക്കോട്: വന്യജീവി ആക്രമണത്തിൽ നഷ്ടപരിഹാരത്തുക മുഴുവൻ നൽകിയിട്ടില്ലെന്നത് സത്യമാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. മരണം സംഭവിച്ച ഉടൻ നൽകുന്ന 5 ലക്ഷം രൂപ നൽകിയിട്ടുണ്ട് എന്നാൽ അതിന് ശേഷം നൽകേണ്ട 5 ലക്ഷം രൂപ മരിച്ച വ്യക്തിയുടെ യഥാർത്ഥ അവകാശി ആരാണെന്നത് സംബന്ധിച്ച അവകാശ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിന് ശേഷം മാത്രമേ നൽകാനാകു. ആ ഇനത്തിലാണ് പണം കൊടുത്തു തീർക്കാനുള്ളത്.
കേന്ദ്ര ഫണ്ട് ലാപ്സ് ആകുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കേന്ദ്ര ഫണ്ട് അനുവദിക്കുന്നത് വന്യജീവി സംരക്ഷണത്തിനാണ്. ആ തുകയാണ് വന്യജീവി ആക്രമണത്തിന് നഷ്ടപരിഹാരമായി നൽകുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 30 കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്.സംസ്ഥാനത്ത് ആർ.ആർ.ടി ടീം അപര്യാപ്തമാണ്. രണ്ട് സ്പെഷ്യൽ ആർ.ആർ.ടി ടിം രൂപികരിക്കാൻ തീരുമാനമായിട്ടുണ്ട്. ആധുനിക ഉപകരണങ്ങള്‍ വാങ്ങി ട്രെയിനിങ് ലഭിച്ച ആർ.ആർ.ടിക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കുങ്കിയാനകളുടെ എണ്ണം കുറവാണെന്നും ജീവനക്കാർക്ക് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.