മീഡിയവൺ സംപ്രേഷണം തടഞ്ഞ നടപടി പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും-രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി
ഏകപക്ഷീയമായ നടപടിയെടുക്കാൻ ഇന്ത്യ ഏകാധിപത്യ രാജ്യമല്ലെന്ന് ഭരണകൂടം മനസിലാക്കണം- രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി
മീഡിയവൺ സംപ്രേഷണം തടഞ്ഞ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. വിഷയം കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിനോട് ഉന്നയിക്കുമെന്ന് ഉണ്ണിത്താൻ ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
മീഡിയവൺ സംപ്രേഷണം നിരോധിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി പ്രതിഷേധാർഹമാണെന്നും ഉണ്ണിത്താൻ പ്രതികരിച്ചു. സുരക്ഷാ കാരണങ്ങളുടെ പേരിൽ നടപടിയെടുക്കുന്നു എന്നുമാത്രം പറഞ്ഞ് ചാനൽ ആവശ്യപ്പെട്ട വിശദീകരണങ്ങൾ ഒന്നും ലഭ്യമാക്കാതെ ഏകപക്ഷീയമായ നടപടിയെടുക്കാൻ ഇന്ത്യ ഏകാധിപത്യ രാജ്യമല്ലെന്ന് ഭരണകൂടം മനസിലാക്കണം.
മുൻപും നേരുപറഞ്ഞതിന്റെ പേരിൽ ചാനൽ നിരോധിക്കപ്പെട്ടതും പിന്നീട് വീഴ്ച പറ്റിയതാണെന്ന് മന്ത്രി ക്ഷമാപണം നടത്തേണ്ടതായും വന്നതാണ്. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ പിറകോട്ട് പോകുന്നുവെന്ന വസ്തുതകൾ നാം കാണാതെ പോകരുതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
മീഡിയവൺ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടു ദിവസത്തേക്കാണ് കേന്ദ്രനടപടി തടഞ്ഞ് ജസ്റ്റിസ് എൻ. നഗരേഷ് ഇടക്കാല ഉത്തരവിറക്കിയത്. ഹരജിയിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു.
Summary: Will ask Central government to withdraw the ban on MediaOne live telecast, says Rajmohan Unnithan MP