ഇശൽ മറിയത്തിനും കാസിമിനും 8.5 കോടി വീതം നൽകും

എസ്എംഎ രോഗം ബാധിച്ച ലക്ഷദ്വീപ് സ്വദേശി ഇശൽ മറിയത്തിനും ചപ്പാരപ്പടവ് സ്വദേശി കാസിമിനും 8.5 കോടി വീതം കൈമാറുമെന്ന് മുഹമ്മദിന്റെ ചികിത്സാ കമ്മിറ്റി അറിയിച്ചു

Update: 2021-08-15 14:54 GMT
Editor : Shaheer | By : Web Desk
Advertising

എസ്എംഎ രോഗം ബാധിച്ച ലക്ഷദ്വീപ് സ്വദേശി ഇശൽ മറിയത്തിനും ചപ്പാരപ്പടവ് സ്വദേശി മുഹമ്മദ് കാസിമിനും ഇനി ചികിത്സ വൈകില്ല. കണ്ണൂർ മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സാ ഫണ്ടിൽനിന്ന് ഇരുവർക്കും 8.5 കോടി വീതം നൽകും. മുഹമ്മദ് ചികിത്സാ കമ്മിറ്റിയാണ് ഇക്കാര്യം വാർത്താകുറിപ്പിലൂടെ അറിയിച്ചത്.

മുഹമ്മദിന്റെയും സഹോദരി അഫ്രയുടെയും ചികിത്സയ്ക്ക് പ്രതീക്ഷിക്കുന്ന തുക കഴിഞ്ഞ് ബാക്കിയുള്ളത് സ്‌പൈനൽ മസ്‌കുലാർ അട്രോപ്പി ബാധിച്ച മറ്റുള്ളവർക്ക് നൽകാൻ മുഹമ്മദ് ചികിത്സാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇശൽ മറിയം, കാസിം എന്നിവർക്ക് ആവശ്യമായ തുക നൽകാൻ തീരുമാനിച്ചത്. സർക്കാർ മുഖേന ഈ തുക കൈമാറാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, സർക്കാർ വഴി നൽകുമ്പോൾ കാലതാമസം നേരിടുമെന്നതിനാൽ ഇരുവരുടെയും ചികിത്സാ കമ്മിറ്റികൾക്ക് 8.5 കോടി രൂപ വീതം നേരിട്ട് കൈമാറാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മുഹമ്മദ് ചികിത്സാ കമ്മിറ്റി ചെയർപേഴ്‌സൻ ഫാരിഷ ടീച്ചറും ജനറൽ കൺവീനർ ടിപി അബ്ബാസ് ഹാജിയും വാർത്താകുറിപ്പിൽ അറിയിച്ചു.

എസ്എംഎ ബാധിച്ച മുഹമ്മദിന്റെ ചികിത്സയ്ക്കായി ആരംഭിച്ച ധനസമാഹരണത്തിലേക്ക് ദിവസങ്ങൾ കൊണ്ട് 46.78 കോടി രൂപയാണ് ഒഴുകിയത്. മുഹമ്മദിന്റെ ചികിത്സയ്ക്ക് 18 കോടി രൂപ ആവശ്യമുള്ളപ്പോഴായിരുന്നു ഇത്രയും തുക ലഭിച്ചത്. ആവശ്യത്തിലും അധികം തുക ലഭിച്ചതോടെ പണം അയയ്ക്കുന്നത് നിർത്തിവയ്ക്കാൻ ചികിത്സാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News