സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം അരുളി ഇന്ന് ക്രിസ്മസ്
പരസ്പര സ്‌നേഹത്തിന്റെ സന്ദേശം പകർന്ന് നൽകിയ ഉണ്ണിയേശുവിന്റെ ജനനം ആഘോഷമാക്കുകയാണ് ലോകമെങ്ങുമുള്ള ജനത...
കരുതലിന്റെയും അതിജീവനത്തിന്റെയും സന്ദേശം പകർന്ന് ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. മാനവരക്ഷക്ക് പരസ്പര സ്‌നേഹത്തിന്റെ സന്ദേശം പകർന്ന് നൽകിയ ഉണ്ണിയേശുവിന്റെ ജനനം ആഘോഷമാക്കുകയാണ് ലോകമെങ്ങുമുള്ള ജനത...
ഈറത്തണ്ടുകൾ കീറി വർണ്ണ ക്കടലാസുകൾ ഒട്ടിച്ച് നക്ഷത്രവിളക്ക് ചാർത്തി കരോൾ സംഗീതത്തിന്റെ അകമ്പടിയിൽ ദൈവ പുത്രന്റെ ജനന സന്ദേശവുമായിയെത്തുന്ന സന്റാക്ലോസിനായുള്ള കുരുന്നുകളുടെ ഒരു വർഷം നീണ്ട കാത്തിരിപ്പിന് ഇന്ന് സമാപനം.
ശത്രുവിനെ സ്‌നേഹിക്കാൻ സ്വജീവിതത്തിലൂടെ ലോക ജനതക്ക് പാഠമായ യേശുദേവന്റെ ജീവിതം മാതൃകയാക്കാനാണ് ഓരോ തിരുപ്പിറവിയും നമ്മെ ഓർമിപ്പിക്കുന്നത്...
പ്രത്യാശയുടെ സന്ദേശവുമായി യേശുക്രിസ്തു ഭൂമിയിൽ പിറന്നതിന്റെ ഓർമ്മയിൽ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും നടന്നു.ഗസാ മുനമ്പിൽ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളെ ഓർമിച്ചു കൊണ്ടായിരുന്നു പട്ടം സെൻമേരിസ് കത്തീഡ്രലിൽ പാതിരാ കുർബാനയിൽ കർദിനാൾ ബസേലിയസ് ക്ലിമിസ് കാത്തലിക ബാവ വിശ്വാസികളെ അഭിസംബോധന ചെയ്തത്.
പാളയം സെൻറ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ കുർബാനയ്ക്ക് കാർമികത്വം വഹിച്ച.തിരുവനന്തപുരം പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് ക്ലീമ്മിസ് കാതോലിക്ക ബാവ പാതിരാ കുർബാനയ്ക്ക് കാർമികത്വം വഹിച്ചു. ദൈവത്തിന്റെ സൃഷ്ടികളായ മനുഷ്യനെ മാനിക്കാൻ നമുക്ക് ആകണം. അങ്ങിനെ കഴിഞ്ഞാൽ ലോകത്ത് യുദ്ധങ്ങൾ തന്നെ ഇല്ലാതാകും. വിശ്വാസികളെ അഭിസംബോധന ചെയ്ത് ക്ലിമിസ് ബാവ പറഞ്ഞു.
കോഴിക്കോടും കൊച്ചിയിലും തിരുപ്പിറവിയെ വരവേൽക്കാൻ വലിയ ഒരുക്കങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. യാക്കോബായ സഭ കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ മലങ്കര മെത്രാപ്പോലീത്ത ജോസഫ് ഗ്രിഗോറിയോസിന്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു പ്രാർത്ഥനാശുശ്രൂഷകൾ . എറണാകുളം അങ്കമാലി അതിരൂപതയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ അഡ്മിനിസ്‌ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥനാശുശ്രൂഷകൾ .താമരശ്ശേരി മേരി മാതാ കത്തീഡ്രൽ ചർച്ചിൽ ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയലിന്റെ നേതൃത്വത്തിലും കുർബാന ശ്രുഷൂഷകൾ നടന്നു.
ഓർത്തഡോക്‌സ് സഭാ അസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലും ക്രിസ്തുമസ് ശിശ്രൂഷകൾ നടന്നു. സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പുലർച്ചെ രണ്ട് മണിക്ക് ചടങ്ങുകൾ തുടങ്ങി. തുടർന്ന് തീ ജ്വാല ശുശ്രൂഷ പ്രദിക്ഷണവും പ്രഭാത നമസ്‌കാരം വിശുദ്ധ കുർബാനയും നടന്നു.