സാഹിത്യകാരൻ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അന്തരിച്ചു
കഥ, കവിത, ഗാനരചന, നാടകം, തിരക്കഥ, അഭിനയം, കഥകളി, തായമ്പക എന്നിവയിൽ പ്രതിഭ തെളിയിച്ച അദ്ദേഹം നിരവധി മേഖലകളിൽ സേവനമനുഷ്ഠിച്ചു
തൃശൂർ: സാഹിത്യകാരനും മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്ററുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (86) അന്തരിച്ചു. ഇന്നലെ 10.45ന് തൃശൂർ അമല മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ഗുരുവായൂരപ്പനെ പ്രകീർത്തിച്ചുകൊണ്ടുള്ള 'ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം', 'ഗുരുവായൂർ ഓമനക്കണ്ണനാമുണ്ണിക്ക് ചില നേരമുണ്ടൊരു കള്ളനോട്ടം...', 'ഉദിച്ചുയർന്നു മാമല മേലേ ഉത്രം നക്ഷത്രം.....' തുടങ്ങിയ ഭക്തിഗാനങ്ങൾ ചൊവ്വല്ലൂർ എഴുതിയവയാണ്. മുവ്വായിരത്തോളം ഭക്തി ഗാനങ്ങളാണ് അദ്ദേഹം രചിച്ചിട്ടുള്ളത്.
ആദ്യകാല സൂപ്പർഹിറ്റ് ചലച്ചിത്രമായ 'പ്രഭാതസന്ധ്യ'യുടെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചത് ചൊവ്വല്ലൂരായിരുന്നു. ശ്രീരാഗം, കർപ്പൂരദീപം, ചൈതന്യം എന്നിവയടക്കമുള്ള സിനിമകൾക്കായും തിരക്കഥകൾ എഴുതി. 'സർഗം' എന്ന സിനിമയുടെ സംഭാഷണവും അദ്ദേഹം എഴുതിയിട്ടുണ്ട്. കഥ, കവിത, ഗാനരചന, നാടകം, തിരക്കഥ, അഭിനയം, കഥകളി, തായമ്പക എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച അദ്ദേഹം ആകാശവാണി സ്റ്റാഫ് ആർട്ടിസ്റ്റ്, കേരള കലാമണ്ഡലം വൈസ് ചെയർമാൻ, സംഗീതനാടക അക്കാദമി അംഗം, സാഹിത്യ അക്കാദമി അംഗം തുടങ്ങിയ പദവികൾ വഹിച്ചു.
പ്രഫ. ജോസഫ് മുണ്ടശ്ശേരിയുടെ പത്രാധിപത്യത്തിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി തൃശൂരിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'നവജീവൻ' പത്രത്തിൽ സബ് എഡിറ്ററായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. വിവിധ വിഭാഗങ്ങളിലായി ഇരുപതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. തൃശൂരിലെ ചൊവ്വല്ലൂർ വാരിയത്ത് 1936 ജൂലൈ 11നായിരുന്നു ജനനം. വിവിധ വിദ്യാലയങ്ങളിൽ പ്രഥമാധ്യാപകനായിരുന്ന കൊടുങ്ങല്ലൂർ കാവിൽ വാരിയത്ത് ശങ്കുണ്ണിവാരിയരാണു പിതാവ്. അമ്മ പാറുക്കുട്ടി വാരസ്യാർ. ഭാര്യ: തൃശിലശേരി വാരിയത്ത് സരസ്വതി. മക്കൾ: ഉഷ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ഗീത, പരേതനായ ദേശീയ ബാസ്‌കറ്റ് ബോൾ താരം സുരേഷ് ചെറുശേരി.