ശരീരം തളർന്നുപോയ അച്ഛനൊപ്പം ലോട്ടറി കച്ചവടം; ഒടുവില്‍ കൃഷ്ണപ്രിയയെ തേടി തുടർപഠനത്തിനുള്ള അവസരമെത്തി
ഇനിയെന്ത് എന്ന് പകച്ച് നിന്നപ്പോഴാണ് ലോട്ടറി വിറ്റ് വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞ് കൃഷ്ണപ്രിയ അച്ഛന്റെ വിറയാര്‍ന്ന കൈകള്‍ പിടിച്ച് റോഡരികിലേക്ക് നടന്നത്.
ശരീരം തളര്‍ന്ന അച്ഛന് തുണയായി ലോട്ടറി കച്ചവടം നടത്തുന്ന കൃഷ്ണപ്രിയക്ക് ഇനി ആഗ്രഹിച്ചതുപോലെ നഴ്സിങും പഠിക്കാം. മീഡിയവണ്‍ വാര്‍ത്തയെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് വിഷയത്തിലിടപെട്ടു. ഇതോടെ കൃഷ്ണപ്രിയയുടെ പഠന ചെലവ് വഹിക്കാന്‍ സുമനസുകള്‍ മുന്നോട്ടുവരികയായിരുന്നു.
കോവിഡ് പ്രതിസന്ധിയില്‍ ഉപജീവനമാര്‍ഗം നഷ്ടമായതിന് പിന്നാലെ പക്ഷാഘാതം വന്ന് തളര്‍ന്ന് പോയതാണ് കൃഷ്ണപ്രിയയുടെ അച്ഛന്‍. ചികിത്സാനന്തരം പതിയെ നടക്കാന്‍ തുടങ്ങിയെങ്കിലും ഇനിയെന്ത് എന്ന് പകച്ച് നിന്നപ്പോഴാണ് ലോട്ടറി വിറ്റ് വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞ് കൃഷ്ണപ്രിയ അച്ഛന്റെ വിറയാര്‍ന്ന കൈകള്‍ പിടിച്ച് റോഡരികിലേക്ക് നടന്നത്. കൃഷ്ണപ്രിയയുടെയും അച്ഛന്‍റെയും അതിജീവന കഥ മീഡിയവണിലൂടെ അറിഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഹായവുമായി രംഗത്തെത്തുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്‍റെ യൂത്ത് കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷ്ണപ്രിയക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാമെന്ന് ഉറപ്പും നല്‍കി. പിന്നാലെ ഹോപ് ഫൌണ്ടേഷന്‍, അയോണ അക്കാദമി, ശ്രീവിനായക കോളജ് ഓഫ് നഴ്സിങ് അധികൃതര്‍ കൃഷ്ണപ്രിയയുടെ തുടര്‍ പഠനം ഏറ്റെടുത്ത് മുന്നോട്ട് വരികയായിരുന്നു. ബംഗളൂരു ശ്രീവിനായക നഴ്സിങ് കോളജില്‍ അഡ്മിഷന് വേണ്ടതെല്ലാം ഇവര്‍ ചെയ്തു കഴിഞ്ഞു. സ്വപ്നം സാക്ഷാത്ക്കരിക്കാനായതിന്‍റെ സന്തോഷത്തിലാണ് കൃഷ്ണപ്രിയയും കുടുംബവും.