തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ യുവാക്കളുടെ അക്രമം; ഡ്രൈവറുടെ ദേഹത്തേക്ക് ബൈക്കോടിച്ച് കയറ്റാൻ ശ്രമം
പ്രാവച്ചമ്പലം മുതല്‍ വെള്ളായണി വരെ ബസിനെ പിന്തുടര്‍ന്ന ശേഷമായിരുന്നു അതിക്രമം.
തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ അക്രമം. ബൈക്കില്‍ എത്തിയ മൂന്ന് യുവാക്കൾ ബസിന്റെ ചില്ല് എറിഞ്ഞുടച്ചു. ചോദ്യം ചെയ്ത ബസ് ഡ്രൈവറുടെ ശരീരത്തിലേക്ക് ബൈക്ക് ഓടിച്ച് കയറ്റാനും അക്രമി സംഘം ശ്രമിച്ചു. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കില്‍ എത്തിയ മൂന്നു പേരാണ് അക്രമം നടത്തിയത്.
വെള്ളായണി ജങ്ഷനിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. പ്രാവച്ചമ്പലം മുതല്‍ വെള്ളായണി വരെ ബസിനെ പിന്തുടര്‍ന്ന ശേഷമായിരുന്നു അതിക്രമം. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു അക്രമമെന്ന് കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞു.
ബൈക്കിലെത്തിയ സംഘം ബസിന് മുന്നിൽ അഭ്യാസം കാണിക്കുകയായിരുന്നു. ഡ്രൈവർ വാഹനം നിർത്തിയതോടെ സംഘം ഡ്രൈവറുടെ വശത്തെത്തി ഇദ്ദേഹത്തോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ബസിന്റെ ചില്ലെറിഞ്ഞ് തകർക്കുകയും ചെയ്തു.
തുടർന്ന് ഇത് ചോദ്യം ചെയ്യാനായി ഡ്രൈവർ പുറത്തിറങ്ങിയപ്പോൾ ബൈക്ക് ഇടിപ്പിച്ചുതെറിപ്പിക്കാനും ശ്രമിക്കുകയായിരുന്നു. ഇതിനു ശേഷം ഇവർ ചീറിപ്പാഞ്ഞുപോവുകയായിരുന്നു. അക്രമിസംഘത്തെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ ജീവനക്കാർ നേമം പൊലീസിന് പരാതി നൽകിയിട്ടുണ്ട്.