മോഹന്‍ലാലിനെ അധിക്ഷേപിച്ച കേസ്; യൂട്യൂബര്‍ ചെകുത്താന്‍ അറസ്റ്റില്‍
താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്‍റെ പരാതിയിലാണ് തിരുവല്ല പൊലീസ് കേസെടുത്തത്
കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ യൂട്യൂബര്‍ അറസ്‍റ്റില്‍. ‘ചെകുത്താന്‍’ എന്നറിയപ്പെടുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സാണ് അറസ്റ്റിലായത്. പട്ടാള യൂണിഫോമില്‍ മോഹന്‍ലാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്ദര്‍ശനം നടത്തിയതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിനാണ് ചെകുത്താനെ അറസ്റ്റ് ചെയ്തത്. താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്‍റെ പരാതിയിലാണ് തിരുവല്ല പൊലീസ് കേസെടുത്തത്.
ആരാധകരുടെ മനസില്‍ വിദ്വേഷം ഉണ്ടാക്കുന്ന പരാമര്‍ശം യൂട്യൂബ് ചാനലിലൂടെ നടത്തിയെന്നാണ് കേസ്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്‍റ് കേണല്‍ പദവി വഹിക്കുന്നയാളാണ് മോഹന്‍ലാല്‍.
സിനിമകള്‍ക്കും സിനിമാ താരങ്ങള്‍ക്കും എതിരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തുന്ന ഇത്തരം ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ അമ്മ സംഘടന തീരുമാനിച്ചിരുന്നു. അതിന്‍റെ ഭാഗമായാണ് സിദ്ദിഖ് പരാതി നല്‍കിയത്. അമ്മ സംഘടനയുടെ പ്രസിഡന്‍റാണ് മോഹന്‍ലാല്‍.''ടെറിട്ടോറിയൽ ആർമിയുടെ ഭാഗമായാണ് മോഹൻലാൽ വയനാട്ടിൽ പോയത്. വയനാടിന്‍റെ പുനരധിവാസത്തിനായി വലിയ സഹായങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. ആരെക്കുറിച്ചും എന്തും പറയാമെന്ന് കരുതുന്നത് അംഗികരിക്കാനാവില്ലെന്ന്'' സിദ്ധിഖ് പറഞ്ഞു.