'മാധ്യമം ഗൾഫിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീൽ യു.എ.ഇ ഭരണാധികാരിക്ക് കത്തെഴുതി'; വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്
വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോൾ ലംഘിച്ച് ജലീൽ കോൺസുലേറ്റ് ജനറലുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും സ്വപ്ന
കൊച്ചി: മുൻ മന്ത്രി കെ.ടി ജലീലിനെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. മാധ്യമം ദിനപത്രം ഗൾഫ് മേഖലയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീൽ യു.എ.ഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചിരുന്നതായി സ്വപ്‌ന വെളിപ്പെടുത്തി. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോൾ ലംഘിച്ച് ജലീൽ കോൺസുലേറ്റ് ജനറലുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായും ആരോപണമുണ്ട്.
ഹൈക്കോടതിയിലാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. മാധ്യമത്തിനെതിരെ വിദേശത്ത് നടപടിയെടുക്കാൻ ഇടപെടണമെന്ന് സ്വപ്നയോട് ജലീൽ ആവശ്യപ്പെട്ടിരുന്നു. കോവിഡിനെ തുടർന്ന് ഗൾഫിൽ മരിച്ചവരുടെ ചിത്രംസഹിതം മാധ്യമം നൽകിയ വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. മാധ്യമത്തിലെ വാർത്ത യു.എ.ഇ ഭരണാധികാരികൾക്ക് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു ജലീലിന്റെ നിലപാട്. പത്രം നിരോധിക്കാൻ ആവശ്യമായ ഇടപെടൽ നടത്താൻ ജലീൽ സ്വപ്‌നയോടും ആവശ്യപ്പെട്ടു. ഇത് പാർട്ടിയിൽ തനിക്കുള്ള സ്വാധീനം വർധിപ്പിക്കാൻ സഹായിക്കുമെന്നായിരുന്നു ജലീൽ സൂചിപ്പിച്ചതെന്ന് സ്വപ്‌ന പറയുന്നു.
യു.എ.ഇ ഭരണാധികാരിക്ക് അയച്ച കത്തിന്റെ ഡ്രാഫ്റ്റും വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടും സ്വപ്‌ന ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കത്തയച്ചത് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിവില്ലാതെയായിരുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോൾ ലംഘിച്ച് ജലീൽ കോൺസുലേറ്റ് ജനറലുമായി രഹസ്യ കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനമാണിത്. ഇതോടൊപ്പം വിദേശത്ത് നിരവധി ബിസിനസ് സംരംഭങ്ങൾക്കും ജലീൽ പദ്ധതിയിട്ടിരുന്നതായി സ്വപ്‌ന വെളിപ്പെടുത്തി.
ഐഡിയൽ പബ്ലിക്കേഷന്‍ ട്രസ്റ്റ് പ്രസാധകരായ മാധ്യമം 1987 ജൂൺ ഒന്നിന് കോഴിക്കോട് വെള്ളിമാടുകുന്നില്‍നിന്നാണ് പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ഒ. അബ്ദുറഹ്‌മാനാണ് നിലവില്‍ മുഖ്യ പത്രാധിപര്‍. വി.എം ഇബ്രാഹീം പത്രാധിപരുമാണ്. കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, കൊച്ചി, മലപ്പുറം, കണ്ണൂർ, തൃശ്ശൂർ, ബെംഗളൂരു, മംഗളൂരു, മുംബൈ എന്നിങ്ങനെ ഇന്ത്യയില്‍ 10 എഡിഷനുകള്‍ക്കു പുറമെ ഒന്‍പത് ഗൾഫ് എഡിഷനുമുണ്ട് മാധ്യമത്തിന്.
Summary: 'KT Jaleel has written to UAE ruler demanding ban of Madhyamam in GCC'; alleges Swapna Suresh