സൈനിക അക്കാദമിയിലെ കാഡറ്റുകളുടെ മരണം; ഉത്തരവാദികളെന്ന് സംശയിക്കുന്നവരെ തടഞ്ഞുവെക്കാൻ ഉത്തരവ്
സൈനിക അക്കാദമിയിലെ രണ്ട് കാഡറ്റുകൾ മരിക്കുകയും ഒരാൾ ഗുരുതരാവസ്ഥയിലാകുകയും ചെയ്ത സംഭവത്തിൽ സംയുക്ത അന്വേഷണ സമിതിയെ നിയമിച്ച് ശൈഖ് നാസർ സബാഹ് നേരത്തേ ഉത്തരവ് പുറത്തിറക്കിയിരുന്നു
കുവൈത്ത് അലി അസ്സബാഹ് സൈനിക അക്കാദമിയിലെ കാഡറ്റുകളുടെ മരണത്തിൽ ഉത്തരവാദികളെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കാൻ ഉത്തരവ്. പ്രതിരോധ മന്ത്രി ശൈഖ് നാസർ സബാഹ് അൽ അഹ്മദ് അസ്സബാഹാണ് അക്കാദമിയിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരെയടക്കം തടഞ്ഞുവെക്കാൻ ഉത്തരവിട്ടത്.
സൈനിക അക്കാദമിയിലെ രണ്ട് കാഡറ്റുകൾ മരിക്കുകയും ഒരാൾ ഗുരുതരാവസ്ഥയിലാകുകയും ചെയ്ത സംഭവത്തിൽ സംയുക്ത അന്വേഷണ സമിതിയെ നിയമിച്ച് ശൈഖ് നാസർ സബാഹ് നേരത്തേ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഉത്തരവിനെത്തുടർന്നാണ് അലി അസ്സബാഹ് അക്കാദമിയിലെ സൈനിക ഒാഫിസർമാർ, നോൺ കമ്മീഷൻ ഒാഫിസർമാർ, പരിശീലകർ എന്നിവരെ തടഞ്ഞു വക്കാൻ സൈനിക മേധാവി ലെഫ്റ്റനെന്റ് ജനറൽ മുഹമ്മദ് അൽ ഖാദർ തടഞ്ഞുവച്ചത്. അലി അസ്സബാഹ് സൈനിക അക്കാദമി കോളജ് കമ്മാൻഡർ, എജുക്കേഷനൽ അഫയേഴ്സ് അസിസ്റ്റന്‍റ് ഡയറക്ടർ, ആംസ് വിങ് കമ്മാൻഡർ, സ്റ്റുഡൻറ്സ് അഫയേഴ്സ് കമ്മാൻഡർ, ബറ്റാലിയൻ അസിസ്റ്റന്റ് കമ്മാൻഡർ തുടങ്ങിയവരെ തടഞ്ഞുവെക്കാനാണ് ഉത്തരവിട്ടത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സൈനിക കാഡറ്റുകൾ മരണപ്പെട്ടത്. പ്രതിരോധ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, നീതിന്യായ മന്ത്രാലയം എന്നിവര്‍ ഉൾപ്പെടുന്ന അന്വേഷക സമിതി ഇവരുടെ മരണം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കും. ഇൗ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടികൾ കൈക്കൊള്ളുകയെന്ന് പ്രതിരോധ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആന്റ് മോറൽ ഗൈഡൻസ് ഡയറക്ടറേറ്റ് വാർത്തകുറിപ്പിൽ അറിയിച്ചു.