ഉച്ചനേരത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് അവസാനിച്ചു

Update: 2018-09-04 17:35 GMT
Advertising

കുവൈത്തിൽ ഉച്ചനേരത്ത് തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെകൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് അവസാനിച്ചു. മാൻപവർ അതോറിറ്റി ഡയറക്ടർ അബ്ദുല്ല അൽ മുതൗതിഹ് ആണ് ഇക്കാര്യം അറിയിച്ചത്.

ജൂൺ ഒന്ന് മുതൽ ആഗസ്ത് 31 വരെ മൂന്ന് മാസം രാവിലെ 11 മുതൽ വൈകുന്നേരം നാലുവരെയായിരുന്നു മധ്യാഹ്ന ജോലി വിലക്ക് പ്രാബല്യത്തിലുണ്ടായത്. കടുത്ത ചൂടിൽ തൊഴിലാളികൾ നിർജലീകരണം ഉൾപ്പെടെ അപകടങ്ങളിൽ പെടുന്നത് ഇല്ലാതാക്കാനാണ് ജി.സി.സിയിലെ മറ്റ് രാജ്യങ്ങളിലേതുപോലെ കുവൈത്തിലും ഈ നിയമം ഏർപ്പെടുത്തിയത്.

അതേസമയം, ഈ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെയും നിർമാണ കമ്പനികളെയും കണ്ടെത്താൻ രാജ്യ വ്യാപകമായി ശക്തമായ പരിശോധനയാണ് നടന്നത്. പരിശോധനകളിൽ ഉച്ചനേരത്ത് തൊഴിലാളികളെകൊണ്ട് ജോലി ചെയ്യിപ്പിച്ച 357 ഇടങ്ങൾ കണ്ടെത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കമ്പനികളുടെ നിർബന്ധത്തിന് വഴങ്ങിയും അല്ലാതെയും 368 തൊഴിലാളികൾ ഈ സ്ഥലങ്ങളിൽ ജോലി ചെയ്തതായി കണ്ടെത്തുകയും ചെയ്തു. ഇത് സംബന്ധിച്ച 16 പരാതികൾ പരിസരവാസികളിൽനിന്ന് ലഭിച്ചതാണ്. ഇതിൽ മൂന്നിടങ്ങളിൽ ഒന്നിലേറെ തവണയാണ് പരിശോധന അരങ്ങേറിയത്.

Full View

നിയമം ലംഘിക്കുന്ന കമ്പനിക്ക് ആദ്യം മുന്നറിയിപ്പ് നൽകുകയാണ് ചെയ്യുക. തുടർന്നും നിയമലംഘനം കണ്ടെത്തിയാൽ ജോലി ചെയ്യുന്ന ഓരോ തൊഴിലാളിക്കും 100 ദീനാർ കണക്കാക്കി പിഴ ചുമത്തും. ചിലപ്പോൾ പിഴ 200 ദീനാറായി ഉയർത്തും. അതിനുശേഷം കമ്പനിയുടെ ഫയൽ തുടർ നടപടികൾക്കായി തെളിവെടുപ്പ് വിഭാഗത്തിന് കൈമാറുകയാണ് ചെയ്യുകയെന്നും അബ്ദുല്ല അൽ മുതൗതിഹ് കൂട്ടിച്ചേർത്തു

Tags:    

Similar News