മരുന്നുകള്‍ക്ക് 86 ശതമാനം വരെ വില കുറക്കാനൊരുങ്ങി കുവെെത്ത്
ജി.സി.സി തലത്തിൽ മരുന്നുകളുടെ വിലയിൽ ഏകീകരണം വരുത്താനുള്ള തീരുമാനത്തിെൻറ ഭാഗമായാണ് നടപടി
കുവൈത്തിൽ വിപണിയിലുള്ള 3126 മരുന്നുകൾക്ക് 86 ശതമാനം വരെ വില കുറക്കാൻ തീരുമാനം. കുവൈത്ത് ആരോഗ്യമന്ത്രി ശൈഖ് ഡോ. ബാസിൽ അൽ സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. ജി.സി.സി തലത്തിൽ മരുന്നുകളുടെ വിലയിൽ ഏകീകരണം വരുത്താനുള്ള തീരുമാനത്തിെൻറ ഭാഗമായാണിത്.
2006 ഡിസംബറിൽ നടന്ന 27ാമത് ജി.സി.സി ആരോഗ്യ മന്ത്രിമാരുടെ യോഗത്തിലാണ് അംഗരാജ്യങ്ങൾക്കിടയിൽ മരുന്നു വില ഏകീകരിക്കണമെന്ന നിർദേശം ഉയർന്നത്. മരുന്നുവില കുറക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ പഠിക്കാൻ മന്ത്രാലയത്തിലെ വിദഗ്ധരടങ്ങുന്ന വിലനിർണ്ണയ സമിതിക്ക് രൂപം നൽകിയിരുന്നു. സമിതിയുടെ നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചുകൊണ്ടാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്.
ഇതനുസരിച്ച് ഹൃദയസംബന്ധമായ രോഗങ്ങൾ, പ്രമേഹം, പ്രഷർ പോലുള്ള പാരമ്പര്യ രോഗങ്ങൾ എന്നിവയുടെ ചികിത്സക്കുവേണ്ട 1033 മരുന്നുകളുടെ വിലയിൽ 84 ശതമാനംവരെ വില കുറയും. ത്വക്ക് രോഗം, ശ്വാസകോശ സംബന്ധമായ രോഗം, ഉദര രോഗം എന്നിവയുടെ ചികിത്സക്കുള്ള 675 മരുന്നുകൾക്ക് 83 ശതമാനംവരെ വില കുറയും. മൂത്രസംബന്ധമായ രോഗങ്ങളുടെ ചികിത്സക്കുള്ള 384 മരുന്നുകൾക്ക് 78 ശതമാനംവരെയാണ് വില കുറയുക. അമാശയ-കരൾ സംബന്ധമായ രോഗങ്ങൾക്കും ട്യൂമർ ചികിത്സക്കും വേണ്ടിയുള്ള 1034 തരം മരുന്നുകൾക്ക് 86 ശതമാനംവരെ വില കുറയുമെന്നുമാണ് റിപ്പോർട്ട്.