കുവൈത്ത് സ്വകാര്യ മേഖലയിൽ തൊഴിൽ പെർമിറ്റ് ലഭിക്കാന്‍ ഇനി മാര്‍ക്കും മാനദണ്ഡമാകും
തൊഴിൽ വിപണി ക്രമീകരണത്തിന്‍റെ ഭാഗമായി കൂടുതൽ തീരുമാനങ്ങൾ വരും നാളുകളിൽ ഉണ്ടായേക്കുമെന്നും സൂചന.
കുവൈത്ത് സ്വകാര്യ മേഖലയിൽ തൊഴിൽ പെർമിറ്റ് ലഭിക്കാൻ മാർക്ക് മാനദണ്ഡം ആക്കാൻ നീക്കം. ഉയർന്ന മാർക്ക് കരസ്ഥമാക്കാത്ത വിദേശി ബിരുദധാരികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നത് നിർത്താൻ മാൻ പവർ അതോറിറ്റി ആലോചിക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. തൊഴിൽ വിപണി ക്രമീകരണത്തിന്‍റെ ഭാഗമായി കൂടുതൽ തീരുമാനങ്ങൾ വരും നാളുകളിൽ ഉണ്ടായേക്കുമെന്നും സൂചന.
ബിരുദധാരികളായ വിദേശി ഉദ്യോഗാർഥികളുടെ തൊഴിൽ പ്രതീക്ഷകള്‍ക്ക് മങ്ങലേൽപ്പിക്കുന്നതാണ് പുതിയ റിപ്പോർട്ട്. തൊഴിൽ വിപണിയിൽ വ്യാപക ക്രമീകരണം വരുത്തുന്നതിന്‍റെ ഭാഗമായി കഴിവും പ്രാവീണ്യവും കൂടുതലുള്ളവർക്ക് മാത്രം അവസരം നൽകുന്നതിനെ കുറിച്ചാണ് അധികൃതർ ആലോചിക്കുന്നത്. യോഗ്യതകളില്ലാത്ത തൊഴിലാളികളുടെ വരവ് കുറക്കുക, വിസക്കച്ചവടം നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പുതിയ ഉത്തരവുകൾ വൈകാതെ ഉണ്ടാകുമെന്നും മാൻപവർ അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . അതിനിടെ സർക്കാരുമായുള്ള കരാർ കാലാവധി അവസാനിച്ച കമ്പനികളുടെ ഫയലുകൾ ക്ലോസ് ചെയ്യാൻ മാൻപവർ അതോറിറ്റി നിർദേശം നൽകി. തൊഴിലാളികളെ പിരിച്ചുവിടുന്നതുവരെ ഫയലുകൾ മരവിപ്പിച്ചു നിർത്താനാണ് നിർദേശം.
അതോറിറ്റി സംഘം നടത്തിയ പരിശോധനകളിൽ ഇത്തരം നിരവധി കമ്പനികളുടെ കരാർ 2017ൽ തന്നെ അവസാനിച്ചതായി കണ്ടെത്തിയിരുന്നു. കരാർ കാലാവധി തീർന്ന ശേഷവും 340 കമ്പനികളുടെ ഫയലുകൾ പ്രവർത്തനക്ഷമമായാണ് കണ്ടെത്താനായത്. നിശ്ചിത പദ്ധതികൾക്കുവേണ്ടി കൊണ്ടുവന്ന തൊഴിലാളികളെ കരാർ അവസാനിക്കുന്നതോടെ സമാനമായ കമ്പനികളിലേക്ക് നിയമപരമായ രീതിയിൽ മാറ്റുകയോ നാട്ടിലേക്ക് പറഞ്ഞുവിടുകയോ ചെയ്യണമെന്നതാണ് വ്യവസ്ഥ.