അതിര്‍ത്തി കവാടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് കുവെെത്ത്
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം നിരോധിത വസ്തുക്കളുടെ ഇറക്കുമതിയും, കടത്തും ശക്തമായി നിരീക്ഷിക്കുയാണ് പദ്ധതിയുടെ ലക്ഷ്യം
കുവൈത്തിൽ കരമാർഗമുള്ള എല്ലാ അതിർത്തി കവാടങ്ങളിലും പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതി പൂർത്തിയായി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം നിരോധിത വസ്തുക്കളുടെ ഇറക്കുമതിയും, കടത്തും ശക്തമായി നിരീക്ഷിക്കുയാണ് പദ്ധതിയുടെ ലക്ഷ്യമെന്നു ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹ് അറിയിച്ചു.
അബ്ദലി, നുവൈസീബ്, സാൽമി ഉൾപ്പെടെ എല്ലാ അതിർത്തികവാടങ്ങളിലും കൂടി 275 കാമറകളാണ് സ്ഥാപിച്ചത്. ചെക്ക് പോസ്റ്റുകളിലെ രജിസ്ട്രേഷൻ കൗണ്ടറുകൾ, വാഹനങ്ങളുടെ സ്ക്രീനിങ് മേഖല, കേന്ദ്ര പരിശോധന ഹാൾ ഉൾപ്പെടെ എല്ലാ ഇടങ്ങളും സി.സി.ടി.വി കാമറ പരിധിക്കുള്ളിലായിട്ടുണ്ട്.
അതിർത്തി കവാടങ്ങളോടനുബന്ധിച്ച് ഹെലിപ്പാഡുകൾ നിർമിക്കണമെന്ന നിർദേശം പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രാജ്യത്തെ മുഴുവൻ അതിർത്തി കവാടങ്ങളിലും വികസനം ഉറപ്പാക്കും. ജനറൽ കസ്റ്റംസ്, കുവൈത്ത് മുനിസിപ്പാലിറ്റി, കാർഷിക അതോറിറ്റി, ആരോഗ്യമന്ത്രാലം എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.