അഞ്ച് വര്‍ഷത്തിനുള്ളില്‍ അരലക്ഷത്തിലധികം സ്വദേശികള്‍ തൊഴിലന്വേഷകരായി മാറും; റിപ്പോര്‍ട്ട്

Update: 2018-10-27 18:39 GMT
Advertising

കുവൈത്തിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 57,000 സ്വദേശികൾ തൊഴിലന്വേഷകരായി മാറുമെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കിയ സ്ഥിതി വിവരക്കണക്കിലാണ് ഇക്കാര്യമുള്ളത്. കുവൈത്തിലെയും വിദേശ രാജ്യങ്ങളിലെയും സർവകലാശാലകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾ ബിരുദം കഴിഞ്ഞ് പുറത്തിറങ്ങുന്നതോടെ രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

സ്വദേശിവത്കരണ സമിതിയുടെ ആവശ്യപ്രകാരമാണ് വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ട് തയാറാക്കിയത്. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ ബിരുദപഠനം പൂർത്തിയാക്കുന്നവരുടെ കണക്കാണിത്. കുവൈത്ത് സർവകലാശായിൽനിന്നുന്നു 27016 പേരും വിദേശ സർവകലാശാലകളിൽനിന്ന് 30053 പേരുമാണ് ഇക്കാലയളവിൽ പഠനം പൂർത്തിയാക്കുക. ഇത്രയും സ്വദേശികൾക്ക് നിയമനം നൽകുകയെന്നത് സർക്കാറിന് വലിയ വെല്ലുവിളിയാവും. നിലവിൽ സിവിൽ സർവിസ് കമീഷനിൽ ജോലിക്കായി അപേക്ഷ നൽകി കാത്തിരിക്കുന്നവരുടെ എണ്ണം 15000ത്തിന് അടുത്തുണ്ട്. ഭാവിയിലെ ആവശ്യം കൂടി പരിഗണിച്ചുള്ള സ്വദേശിവത്കരണ നടപടികൾ വേണമെന്ന അഭിപ്രായമാണ് വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുവെച്ചത്. റിപ്പോർട്ടിന്റെ വെളിച്ചത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ അഡ്മിനിസ്ട്രേറ്റിവ്, ഹ്യൂമൺ റിസോഴ്സ്, പബ്ലിക് റിലേഷൻ, റിസപ്ഷൻ എന്നിവയുമായി ബന്ധപ്പെട്ട തസ്തികകൾ സ്വദേശികൾക്ക് നീക്കിവെക്കണമെന്നു സ്വദേശി വത്ക്കരണ സമിതി ആവശ്യപ്പെട്ടു. ഒക്ടോബർ 30ന് ചേരുന്ന പാർലമെൻറ് സമ്മേളനത്തിൽ ഇത് സംബന്ധിച്ച കരട് നിർദേശം ചർചക്കായി സമർപ്പിക്കുമെന്ന് സമിതി അംഗമായ മുഹമ്മദ് ദലാൽ എംപി പറഞ്ഞു.

Tags:    

Similar News