പാരിസ്ഥിതിക പ്രശ്നങ്ങള്‍; ജലീബ് മേഖലയിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചന
മലയാളികൾ ഉൾപ്പെടെ നാലുലക്ഷത്തോളം വരുന്ന വിദേശികൾ ആണ് കുവെെത്തിലെ ജലീബ് മേഖലയിലെ പ്രധാന താമസക്കാർ
കുവൈത്തിലെ ജലീബ് മേഖലയിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കാന്‍ സര്‍ക്കാരിന്‍റെ ആലോചന. ഇക്കാര്യത്തിൽ വിവിധ വകുപ്പുകളുടെ അഭിപ്രായമാരാഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
പരിസ്ഥിതി അതോറിറ്റിയുടെ സഹകരണത്തോടെ നടത്തിയ പഠനത്തിൽ ജലീബ് മേഖല സാരമായ പാരിസ്ഥിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.
വര്‍ഷങ്ങള്‍ക്ക് മുൻപ് ഫർവാനിയ ഗവർണറേറ്ററ്റിലെ ഖെയ്താൻ പ്രദേശത്തു നിന്ന് താമസക്കാരെ പൂർണമായി ഒഴിപ്പിച്ചിരുന്നു. വിദേശികൾ തിങ്ങിപ്പാർത്തു കഴിഞ്ഞതു മൂലം സുരക്ഷാപരവും പാരിസ്ഥിതികവുമായ പ്രശ്ങ്ങൾ ചൂണ്ടിക്കാണ്ടിയായിരുന്നു അന്നത്തെ ഒഴിപ്പിക്കൽ. ഇതേ മാതൃക ജലീബ് അൽ ശുയൂഖിലും നടപ്പാക്കുന്നതിനെ കുറിച്ചാണ് അധികൃതർ ആലോചിക്കുന്നത്.
ജലീബിലെ താമസ കെട്ടിടങ്ങളിൽ നിന്ന് വിദേശികളെ പൂർണമായി ഒഴിപ്പിക്കുകയും ഭൂമിയുടെ മൂല്യം നിർണയിച്ചു സ്വദേശികൾക്കുള്ള ഭവന പദ്ധതിക്കായി വകയിരുത്താനുമാണ് പരിസ്ഥിതി അതോറിറ്റിയുടെ റിപ്പോർട്ടിലുള്ളത്. ഭൂമിയേറ്റെടുക്കുന്നതിനുള്ള ഫണ്ടിന്റെ അപര്യാപ്തത മൂലം വ്യാപാര മേഖല അതെ പാടി നിലനിർത്താനും പരിസ്ഥിതി അതോറിറ്റി ശിപാർശ ചെതിട്ടുണ്ട് രാജ്യത്തെ തന്ത്രപ്രധാന പ്രദേശമായ ജലീബ് അൽ ശുയൂഖിന്റെ വികസനത്തിന് വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പ്രതിനിധികളടങ്ങുന്ന പ്രത്യേക അതോറിറ്റി വേണമെന്ന കഴിഞ്ഞ ആഴ്ച മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, ശൈഖ് ജാബിർ സ്റ്റേഡിയം, ശദാദിയ യൂനിവേഴ്സിറ്റി തുടങ്ങിയ രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥാപനങ്ങൾക്കടുത്തുള്ള പ്രദേശമാണിത്. മലയാളികൾ ഉൾപ്പെടെ നാലുലക്ഷത്തോളം വരുന്ന വിദേശികൾ ആണ് അബ്ബാസിയ, ഹസാവി എന്നീ പട്ടണങ്ങൾ ഉൾപ്പെടുന്ന ജലീബ് മേഖലയിലെ പ്രധാന താമസക്കാർ.