കുവൈത്തിൽ 80 പേർക്ക് കൂടി കോവിഡ്; പുതിയ രോഗികളിൽ 45 ഇന്ത്യക്കാർ
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1234 ആയും ഇന്ത്യക്കാരുടേത് 679 ആയും ഉയർന്നു
ഞായറാഴ്ച 80 പേർക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചതോടെ കുവൈത്തിലെ കോവിഡ് കേസുകളുടെ എണ്ണം 1234 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 45 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 679 ആയി വർദ്ധിച്ചു.
പുതിയ രോഗികളിൽ 42 ഇന്ത്യക്കാർ ഉൾപ്പെടെ 71 പേർ നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണ്. മൂന്നു ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ എട്ടു പേർക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടനിൽ നിന്നു തിരിച്ചെത്തിയ കുവൈത്ത് പൗരനും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
142 പേർ ഇതുവരെ രോഗവിമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 1091 പേരാണ് ചികിത്സയിലുള്ളത്. 26 പേർ തീവ്ര പരിചരണവിഭാഗത്തിലാണ്. ഇതിൽ 10 രോഗികളുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അൽ സനദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ ഒരു കോവിഡ് മരണം മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.