കുവൈത്തിൽ 364 പേർക്ക് കൂടി കോവിഡ്; മരണസംഖ്യ 38 ആയി
പുതിയ രോഗികളിൽ 122 ഇന്ത്യക്കാർ. കോവിഡ് ബാധിതരുടെ എണ്ണം 4983 ആയി.
കുവെെത്തില്‍ 364 പേർക്കുകൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 4983 ആയി. പുതിയ രോഗികളിൽ 122 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 2212 ആയി.
തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന 5 പേർ മരിച്ചതായും ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് മൂലമുള്ള രാജ്യത്തെ മരണസംഖ്യ 38 ആയി. ഇതിൽ ഇന്നലെ മരിച്ച കോഴിക്കോട് മാങ്കാവ് സ്വദേശി മഹറൂഫ് മാളിയേക്കൽ(44) ഉൾപ്പെടെ രണ്ടു പേർ ഇന്ത്യക്കാരാണ്. 66 വയസ്സുള്ള ഇന്ത്യൻ പ്രവാസി ഏതു സംസ്ഥാനക്കാരനാണെന്നു വ്യക്തമല്ല. പാകിസ്ഥാൻ പൗരൻ (61 വയസ്സ്), ബംഗ്ലാദേശ് പൗരൻ (46 വയസ്സ്), ജോർദാൻ പൗരൻ (54 വയസ്സ്) എന്നിവരാണ് മരിച്ച മറ്റുള്ളവർ . കുവൈത്തിൽ കോവിഡ് മൂലം മരിച്ച ഇന്ത്യക്കാരുടെ എണ്ണം 14 ആയി .
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 122 ഇന്ത്യക്കാർ ഉൾപ്പെടെ 337 പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കം വഴിയാണ് വൈറസ് പകർന്നത്. 2 കുവൈത്തികൾക്കു പേർക്ക് കോവിഡ് ബാധിച്ചത് ഏതു വഴിയാണെന്ന് വ്യക്തമായിട്ടില്ല. വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ 14 കുവൈത്ത് പൗരന്മാർക്കും പേർക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
പുതുതായി 73 പേർ കൂടി രോഗമുക്തി നേടിയതിടെ കോവിഡ് മുക്തരായവരുടെ എണ്ണം 1776 ആയി.നിലവിൽ 3169 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 72 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 43 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.