കുവൈത്തിൽ ഡീപോർട്ടേഷൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാർ ഇന്ന് നാടണയും
രണ്ടു വിമാനങ്ങളിലായി മലയാളികൾ ഉൾപ്പെടെ 234 യാത്രക്കാർ. മധ്യപ്രദേശിലെ ഇന്തോറിലാണ് ഇവരെ എത്തിക്കുക
നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 22 സ്ത്രീകൾ ഉൾപ്പെടെ 234 ഇന്ത്യക്കാരാണ് കുവൈത്ത് സർക്കാറിന്റെ ചെലവിൽ നാടണയുന്നത്. കുവൈത്ത് എയർവെയ്‌സ് വിമാനം 117 യാത്രക്കാരുമായി ഉച്ചക്ക് 1:30നു പുറപ്പെട്ടു. വൈകീട്ട് 3:30 ആണ് രണ്ടാമത്തെ വിമാനത്തിന്റെ ( ജസീറ എയർവെയസ് -117 യാത്രക്കാർ) പുറപ്പെടൽ സമയം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളാണ് ഇന്ന് രാത്രിയോടെ മധ്യപ്രദേശിലെ ഇന്ദോറിലെത്തുക. രണ്ടു വിമാനങ്ങളിലുമായി 30 മലയാളികൾ ഉണ്ടെന്നാണ് സൂചന. പതിനാലു ദിവസം ക്വാറന്റൈൻ ചെയ്ത ശേഷം ഇവരെ നാടുകളിലേക്ക് അയക്കുമെന്നാണ് എംബസ്സിയിൽ നിന്നുള്ള വിവരം. അതെ സമയം പൊതുമാപ്പ് ലഭിച്ച ആയിരക്കണക്കിന് ഇന്ത്യക്കാർ ഇപ്പോഴും കാത്തിരിപ്പിലാണ്. കേന്ദ്ര ഗവണ്മെന്റിന്റെ അനുകൂല തീരുമാനം ലഭിച്ചാൽ ഉടൻ ഇവരെ നാട്ടിലെത്തിക്കുമെന്നാണ് കുവൈത്ത് സർക്കാർ അറിയിച്ചിട്ടുള്ളത് .