ക്വാറന്‍റൈന്‍ നിബന്ധന പുനഃപരിശോധിക്കണം; അഭ്യര്‍ഥനയുമായ് കുവൈത്തിലെ ട്രാവൽ ഏജൻസികൾ
പതിനാല് ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നതിനാൽ ആളുകൾ യാത്ര ചെയ്യാൻ മടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ട്രാവൽ ഏജൻസികളുടെ സംഘടന നിബന്ധന പിൻവലിക്കണമെന്ന് അഭ്യർത്ഥനയുമായി എത്തിയത്
കുവൈത്തിൽ, വിദേശത്തു നിന്ന് വരുന്നവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണം എന്ന നിബന്ധന പുനഃപരിശോധിക്കണമെന്ന് ട്രാവൽ ഏജൻസികൾ. പതിനാല് ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നതിനാൽ ആളുകൾ യാത്ര ചെയ്യാൻ മടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ട്രാവൽ ഏജൻസികളുടെ സംഘടന നിബന്ധന പിൻവലിക്കണമെന്ന് അഭ്യർത്ഥനയുമായി എത്തിയത്.
കുവൈത്ത് ട്രാവൽ ആൻഡ് ടൂറിസം ഏജൻസീസ് അസോസിയേഷൻ ചെയർമാൻ മുഹമ്മദ് ലാഫി അൽ മുതൈരി വാർത്താസമ്മേളനത്തിലാണ് ഇത്തരമൊരു ആവശ്യമുന്നയിച്ചത്. രാജ്യത്തെത്തുന്നവർ പതിനാലു ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന വ്യവസ്ഥ ട്രാവൽ മേഖലക്ക് വലിയ ആഘാതം ഉണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു. കോവിഡ് മൂലം തകർച്ചയിലായ മേഖലക്കു ഇത് കൂടുതൽ പ്രഹരമേല്പിക്കുകയാണ്. പതിനാലു ദിവസം നിർബന്ധമായും ക്വാറന്റൈനിൽ കഴിയണം എന്നതിനാൽ ആളുകൾ യാത്ര ചെയ്യാൻ മടിക്കുന്ന സാഹചര്യമാണുള്ളത്. യാത്രക്കാരെ വീടുകളിൽ തളച്ചിടാതെ യാത്രക്കു കൂടുതൽ അവസരമൊരുക്കുകയാണ് ട്രാവൽ ആൻഡ് ടൂറിസം മേഖലയെയും സമ്പദ്ഘടനയെയും സംരക്ഷിക്കാൻ ചെയ്യേണ്ടത്. രണ്ടാഴ്ചത്തെ ക്വാറന്റൈൻ നിബന്ധന എടുത്തുമാറ്റുകയും പകരം വിമാനത്താവളത്തിലെ പിസിആർ പരിശോധന നിർബന്ധമാക്കുകയും ചെയ്യണെമെന്നു KTTAA ചെയർമാൻ നിർദേശിച്ചു.