കുവൈത്തിലെ മുഴുവൻ ഇന്ത്യക്കാരും കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന് ഇന്ത്യൻ അംബാസിഡർ

വാക്‌സിൻ ബോധവൽക്കരണത്തിനായി കെ.കെ.എം.എ ആരംഭിച്ച കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അംബാസിഡർ സി.ബി ജോർജ്

Update: 2021-03-26 03:29 GMT
Advertising

കുവൈത്തിൽ താമസിക്കുന്ന 16 വയസിനു മുകളിലുള്ള മുഴുവൻ ഇന്ത്യക്കാരും കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ പൂർത്തീകരിക്കണമെന്നു ഇന്ത്യൻ അംബാസിഡർ അറിയിച്ചു. വാക്‌സിൻ ബോധവൽക്കരണത്തിനായി കെ.കെ.എം.എ ആരംഭിച്ച 'വാക്‌സിൻ സ്വീകരിക്കൂ കോവിഡിനെ അകറ്റൂ' കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അംബാസഡർ സി.ബി ജോർജ്.

കുവൈത്തിൽ കോവിഡ് വാക്‌സിനെടുക്കാത്തവരായി ഒരു ഇന്ത്യകാരനുമില്ല എന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ഇന്ത്യൻ എംബസിയുടെ ലക്ഷ്യം. ഇതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് മുന്നോട്ടുവന്ന കെ.കെ.എം.എയെ അഭിനന്ദിക്കുന്നതായും മറ്റു സാമൂഹ്യസേവന സംഘടനകളും പ്രവർത്തകരും ഈ വഴിയേ മുന്നോട്ടുവരണമെന്നും അംബാസിഡർ സിബി ജോർജ് പറഞ്ഞു. വാക്‌സിൻ രജിസ്‌ട്രേഷനുവേണ്ടി സഹായിക്കാൻ ഇന്ത്യൻ എംബസിയിൽ പ്രത്യേകം കൗണ്ടറുകൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

മാർച്ച് 25 മുതൽ ഏപ്രിൽ 25 വരെ ഒരു മാസക്കാലയളവിലാണ് കെ.കെ.എം.എയുടെ നേതൃത്വത്തിൽ വാക്‌സിൻ രജിസ്‌ട്രേഷൻ കാമ്പയിന്‍ നടത്തുന്നത്. രജിസ്‌ട്രേഷനുവേണ്ടി പ്രചാരണം നടത്തിയും, പൊതുജനങ്ങളെ രജിസ്‌ട്രേഷന് സഹായിച്ചും കെ.കെ.എം.എയുടെ 15 ബ്രാഞ്ചുകളിലെയും 89 യൂണിറ്റുകളിലെയും പ്രവർത്തകർ രംഗത്തുണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News