മഴമാറിയിട്ടും ദുരിതമൊഴിയാതെ വയനാട്ടിലെ കുരുമുളക് കര്‍ഷകര്‍
മഴ മാറിയെങ്കിലും തോട്ടങ്ങളില്‍ അമിതമായ ഈര്‍പ്പം നിലനില്‍ക്കുന്നതാണ് കുരുമുളക് ചെടികളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ചെടികളുടെ വേരുകള്‍ അഴുകി നശിക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.
മഴമാറിയെങ്കിലും ദുരിതം വിട്ടുമാറാതെ വയനാട്ടിലെ കുരുമുളക് കര്‍ഷകര്‍. മഴയില്‍ വെള്ളം കയറി വേരുകള്‍ അഴുകി കുരുമുളക് ചെടികള്‍ പൂര്‍ണമായും നശിക്കുന്നതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വയനാട് ജില്ലയില്‍ ഇത്തവണ ലഭിച്ച കനത്ത മഴയാണ് കുരുമുളക് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മഴ മാറിയെങ്കിലും തോട്ടങ്ങളില്‍ അമിതമായ ഈര്‍പ്പം നിലനില്‍ക്കുന്നതാണ് കുരുമുളക് ചെടികളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ചെടികളുടെ വേരുകള്‍ അഴുകി ഇലകള്‍ മഞ്ഞച്ച് വള്ളികള്‍ നശിക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഈര്‍പ്പം മാറിയാലും ചെടികള്‍ പൂര്‍വസ്ഥിതിയിലെത്തില്ല. വെയില്‍ ആയാല്‍ ചെടികള്‍ പൂര്‍ണമായും ഉണങ്ങി നശിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.
വയനാട് പുല്‍പ്പള്ളി മേഖലയിലാണ് കുരുമുളക് ചെടികള്‍ക്ക് വ്യാപകമായ ചീയല്‍ ബാധിച്ചിരിക്കുന്നത്. തോട്ടങ്ങളില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ പുതിയ തൈകള്‍ നടാനും കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. ഇത് മേഖലയിലെ നഴ്സറി ഉടമകളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. വില്‍പനക്കായി തയ്യാറാക്കി വെച്ചിരിക്കുന്ന തൈകള്‍ വാങ്ങാനാളില്ലാതെ നഴ്സറികളില്‍ കെട്ടികിടക്കുകയാണ്.
അതേസമയം ചെടികള്‍ക്ക് വ്യാപകമായി രോഗം ബാധിക്കുന്ന സാഹചര്യമുണ്ടായിട്ടും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനോ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനോ അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടികളും ഉണ്ടാവുന്നില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.