തട്ടിപ്പ് കൂടുന്നു; ഉപഭോക്താക്കൾക്ക് അഞ്ച് നിർദേശങ്ങളുമായി ഗൂഗിൾ
തെരഞ്ഞെടുപ്പ് സമയത്തടക്കം വൻതോതിൽ തട്ടിപ്പ് നടക്കുന്നത് ഗൂഗിളിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു
ലോകമൊമ്പാടും ഉപഭോക്താക്കളുള്ള ടെക്ക് ഭീമനാണ് ഗൂഗിൾ. ഒരു സെർച്ച് എഞ്ചിൻ എന്നതിന് പുറമെ നിരവധി സേവനങ്ങളാണ് ഗൂഗിൾ ഉപഭോക്താക്കൾക്കായി നിരത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഗൂഗിളിന്റെ കോടിക്കണക്കിന് ഉപഭോക്താക്കളെ ലക്ഷ്യംവെച്ച് വൻതോതിൽ തട്ടിപ്പുകളും നടക്കാറുണ്ട്. തങ്ങളുടെ ഉപഭോക്താക്കൾ വഞ്ചിതരാകാതിരിക്കാനായി അഞ്ച് പുതിയ മാർഗനിർദേശങ്ങൾ പുറത്തിരിക്കുകയാണ് ടെക്ക് ഭീമൻ.
ഡീപ്‌ഫേക്കിനെക്കുറിച്ചാണ് ഗൂഗിൾ ആദ്യമായി മുന്നറിയിപ്പ് നൽകുന്നത്. സമൂഹമാധ്യമങ്ങളിൽ കാണുന്ന വീഡിയോകളും ശബ്ദരേഖകളും സൂക്ഷ്മമായി നിരീക്ഷിച്ച് മാത്രം വിശ്വസിക്കാനാണ് നിർദേശം. എഐ ഉപയോഗിച്ച് പ്രമുഖ വ്യക്തിത്വങ്ങൾ സംസാരിക്കുന്ന ദൃശ്യങ്ങൾ തെരഞ്ഞെടുപ്പ് സമയത്ത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണത്തിനായും മറ്റു സമയങ്ങളിൽ തട്ടിപ്പിനായും ഉപയോഗിക്കുന്നത് ഗൂഗിളിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പ്രതിരോധത്തിനായി വീഡിയോകളിലെ ആളുകളുടെ മുഖത്ത് വരുന്ന ഭാവങ്ങൾ ശ്രദ്ധിക്കാനാണ് ഗൂഗിൾ പറയുന്നത്. എഐക്ക് തെറ്റുപറ്റാറുണ്ടെന്നും ഒരിക്കലും മുഖഭാവങ്ങൾ നൂറ് ശതമാനം വ്യക്തമാക്കാൻ സാധ്യതയില്ലെന്നും ഗൂഗിൾ ചൂണ്ടിക്കാണിക്കുന്നു.
ക്രിപ്‌റ്റോ നിക്ഷേപ പദ്ധതികൾ എന്ന രീതിയിലുള്ള തട്ടിപ്പുകളെക്കുറിച്ചാണ് രണ്ടാമത് ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നത്. കുറഞ്ഞ നിക്ഷേപത്തിലൂടെ ഉയർന്ന വരുമാനമെന്ന ഓഫർ വരുന്നതും തട്ടിപ്പ് തന്നെയായിരിക്കുമെന്ന് ഗൂഗിൾ പറയുന്നു. കുറഞ്ഞ സമയംകൊണ്ട് ഉയർന്ന മുടക്കുമുതൽ ലഭിക്കുന്ന ഒരു പദ്ധതിയുമില്ലെന്ന് പറയുന്ന ഗൂഗിൾ ഇങ്ങനെ വരുന്ന സന്ദേശങ്ങളെ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്നു.
ക്ലോൺ ചെയ്യപ്പെട്ട ആപ്പുകളെക്കുറിച്ചും വെബ്‌സൈറ്റുകളെക്കുറിച്ചുമാണ് ഗൂഗിൾ തുടർന്ന് തരുന്ന മുന്നറിയിപ്പ്. ഏറ്റവും കുടുതലായി ഉപയോഗിക്കപ്പെടാൻ സാധ്യതയുള്ള ആപ്പുകൾക്കും വെബ്‌സൈറ്റുകൾക്കും ക്ലോൺ ഉണ്ടാക്കി വൻതോതിൽ തട്ടിപ്പ് നടക്കാറുണ്ട്. യഥാർഥ ആപ്പിനെക്കാൾ പുതുമയും ഫീച്ചറും ഉള്ളവയായിരിക്കും തട്ടിപ്പ് ആപ്പുകൾ. സുരക്ഷിതമായിടത്തുനിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുക എന്നതാണ് വ്യാജൻമാരെ നേരിടാനുള്ള പ്രധാന പ്രതിരോധം. വ്യാജസൈറ്റുകളാണോ എന്ന് തിരിച്ചറിയാൻ ലിങ്കിന്റെ സ്‌പെല്ലിങ് നിരീക്ഷിക്കുക, ഫോണ്ട് വ്യത്യസ്തമാണോ എന്ന് നോക്കുക, ലോഗോ ശ്രദ്ധിക്കുക, ഇമോജികളുടെ ഉപയോഗം കൂടുതലായുണ്ടോ എന്ന് നോക്കുക എന്നതാണ് മറ്റൊരു രീതി.
ലോഡിങ് പേജുകളെ ശ്രദ്ധിക്കുന്നതാണ് മറ്റൊരു നടപടി. പല സൈറ്റുകളിലേക്ക് കയറാൻ ശ്രമിക്കുമ്പോഴും സമൂഹമാധ്യമങ്ങളിലേക്ക് പ്രവേശിക്കാനായുള്ള ലോഗിൻ പേജുകൾ വന്നേക്കാം. ഇവയിലൂടെ സമൂഹമാധ്യമത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചാൽ സമൂഹമാധ്യമം ഹാക്ക് ചെയ്യപ്പെട്ടേക്കാം. ബാങ്കുകളുടെ വിവരങ്ങൾ പങ്കുവെക്കാനുള്ള ലോഡിംങ് സ്‌ക്രീനുകളും വന്നേക്കാം. ഇതിന് പ്രതിവിധിയായി ഒരു വെബ്‌സൈറ്റിൽ കയറി വരുന്ന ലോഡിങ് സ്‌ക്രീന് യുആർഎൽ മാറ്റുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.
പുതുതായുള്ള ചടങ്ങുകളുടെയും പരിപാടികളുടെ പ്രമോഷനും ടിക്കറ്റെടുക്കുന്നതിനുമായി വെബ്‌സൈറ്റുകളുണ്ടാക്കുന്നത് ഇക്കാലത്ത് പതിവാണ്. ഇതിനെക്കുറിച്ചാണ് ഗൂഗിൾ അടുത്ത മുന്നറിയിപ്പ് നൽകുന്നത്. അവസരം മുതലാക്കി വ്യാജ സൈറ്റുകളും വൻതോതിൽ ഉയർന്നുവരാറുണ്ട്. ടിക്കറ്റെടുക്കാൻ എന്ന രീതിയിൽ പണം തട്ടലാണ് പ്രധാനരീതി. ഇത് കൂടാതെ സന്നദ്ധ സംഘടനകളുടെ പരിപാടികൾക്കായി സംഭാവന സ്വീകരിക്കുന്ന വേളയിലും തട്ടിപ്പ് നടക്കാറുണ്ട്. ഓൺലൈനിൽ നിന്ന് എന്ത് വാങ്ങുമ്പോഴും അതിന്റെ വസ്തുത എത്രത്തോളമെന്ന് വ്യകതമാക്കണം. ഇതിനായി തന്നിരിക്കുന്ന വിവരങ്ങൾ വ്യക്തമാണോ എന്ന് വീണ്ടും തിരഞ്ഞ് ഉറപ്പുവരുത്തുക എന്നതാണ് അവസാന നടപടി.