‘നമ്മൾ ഈ വംശഹത്യയിൽ പങ്കാളികളാണ്’; മൈക്രോസോഫ്റ്റ് എഐ സിഇഒക്കെതിരെ പ്രതിഷേധിച്ച ജീവനക്കാരി സഹപ്രവർത്തകർക്കയച്ച ഇ മെയിൽ സന്ദേശം
മൈക്രോസോഫ്റ്റിന് ഇസ്രായേൽ സൈന്യവുമായി അത്രയധികം ബന്ധമുണ്ട്. നിങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ എന്തുമാകട്ടെ, ഇതാണോ നാം പിന്നിൽ ബാക്കിവെക്കാൻ ആഗ്രഹിക്കുന്ന പാരമ്പര്യം? മാരകമായ എഐ ആയുധങ്ങളിൽ ആണ് നിങ്ങൾ പ്രവർത്തിക്കുന്നത് എന്ന് നിങ്ങളുടെ കുട്ടികളോട് നിങ്ങൾക്ക് പറയാൻ കഴിയുന്ന ഒന്നാണോ? ചരിത്രത്തിന്റെ തെറ്റായ ഭാഗത്ത് ആയിരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നുണ്ടോ? ഏത് ടീമിൽ ജോലി ചെയ്താലും ഇസ്രായേൽ അധിനിവേശത്തിന് ആയുധവും സഹായവും നൽകുന്ന ഒരു കമ്പനിയെയാണ് നിങ്ങൾ സേവിക്കുന്നത്. നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം, അത് എത്ര ചെറുതാണെങ്കിലും, വംശഹത്യയിലൂടെയാണ് നൽകുന്നത് എന്നത് നിഷേധിക്കാനാവാത്തതാണ്.


മൈക്രോസോഫ്റ്റിന്റെ എഐ പ്ലാറ്റ്‌ഫോം ടീമിലെ അംഗമായ ഇബ്തിഹാൽ അബൂസാദ്, എഐ സിഇഒ മുസ്തഫ സുലൈമാന്റെ പ്രസംഗത്തെ തടസ്സപ്പെടുത്തി. ‘നിങ്ങളെയോർത്ത് നാണക്കേട് തോന്നുന്നു,’ എന്ന് അവർ വിളിച്ചു പറഞ്ഞു. ‘നിങ്ങൾ ഒരു യുദ്ധ ലാഭക്കൊതിയൻ ആണ്. വംശഹത്യയ്ക്കായി എഐ ഉപയോഗിക്കുന്നത് നിർത്തുക’
സുരക്ഷാ ഏജൻസികൾ അവരെ പുറത്താക്കിയതിന് തൊട്ടുപിന്നാലെ, അബൂസാദ് മൈക്രോസോഫ്റ്റ് ടീമുകളിലുടനീളമുള്ള നിരവധി ജീവനക്കാർക്ക് ഒരു ഇ മെയിൽ അയച്ചു. അതിൽ, അവർ തന്റെ പ്രതിഷേധം വിശദീകരിക്കുകയും കമ്പനി യുദ്ധക്കുറ്റങ്ങളിൽ നേരിട്ട് പങ്കാളിയാണെന്ന് ഊന്നിപ്പറയുകയും ചെയ്തു. അഫ്താബ് ഇല്ലത്ത് നടത്തിയ സ്വതന്ത്ര പരിഭാഷ വായിക്കാം
എല്ലാവർക്കും ഹായ്,
നിങ്ങൾ നേരിട്ടോ ലൈവ് സ്ട്രീമിലോ കണ്ടത് പോലെ ആളുകൾ ഏറെ കാത്തിരുന്ന മൈക്രോസോഫ്റ്റ് അമ്പതാം വാർഷികാഘോഷ വേളയിൽ എഐ സിഇഒ മുസ്തഫ സുലൈമാന്റെ പ്രസംഗം ഞാൻ തടസ്സപ്പെടുത്തി. അതിന്റെ കാരണം ഞാൻ താഴെ എഴുതുന്നു.
എന്റെ പേര് ഇബ്തിഹാൽ. കഴിഞ്ഞ മൂന്നര വർഷമായി ഞാൻ മൈക്രോസോഫ്റ്റിന്റെ എഐ പ്ലാറ്റ്‌ഫോം ഓർഗനൈസേഷനിൽ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. ഫലസ്തീനിലെ എന്റെ ജനങ്ങളുടെ വംശഹത്യയ്ക്ക് എന്റെ കമ്പനി ശക്തി പകരുന്നുണ്ടെന്ന് അറിഞ്ഞതിനുശേഷം, മറ്റൊരു ധാർമ്മിക മാർഗവും കാണാത്തതിനാൽ ഞാൻ ഇന്ന് സംസാരിച്ചു. ഈ വിഷയം ഉന്നയിക്കാൻ ശ്രമിച്ച എന്റെ സഹപ്രവർത്തകരിൽ നിന്നുള്ള വിയോജിപ്പുകൾ അടിച്ചമർത്താനും മൂടിവെക്കാനും മൈക്രോസോഫ്റ്റ് എങ്ങനെയെല്ലാം ശ്രമിച്ചുവെന്ന് കണ്ടപ്പോൾ ഇതല്ലാതെ മറ്റൊരു മാർഗം എനിക്കില്ലായിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി മൈക്രോസോഫ്റ്റിലെ അറബ്, ഫലസ്തീൻ, മുസ്‍ലിം സമുദായ അംഗങ്ങളെ മൈക്രോസോഫ്റ്റിന്റെ അവർ നിശബ്ദരാക്കുകയും, ഭീഷണിപ്പെടുത്തുകയും, ഉപദ്രവിക്കുകയും, അപമാനിക്കുകയും ചെയ്തു. സംസാരിക്കാനുള്ള ശ്രമങ്ങൾ ഏറ്റവും ചുരുങ്ങിയത് ബധിര കർണങ്ങളിൽ വീണു, അല്ലാത്തപ്പോൾ രണ്ട് ജീവനക്കാരെ ചെയ്തത് പോലെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതിലേക്ക് നയിച്ചു. ഞങ്ങളുടെ ശബ്ദം കേൾപ്പിക്കാൻ മുമ്പിൽ മറ്റൊരു മാർഗ്ഗവുമില്ലായിരുന്നു.
നാം ഒരു വംശഹത്യയ്ക്ക് സാക്ഷ്യം വഹിക്കുന്നു
കഴിഞ്ഞ ഒന്നര വർഷമായി, ഇസ്രായേൽ നടത്തുന്ന ഫലസ്തീൻ ജനതയുടെ വംശഹത്യ ഞാൻ കണ്ടു. ഇസ്രായേലിന്റെ കൂട്ട മനുഷ്യാവകാശ ലംഘനങ്ങൾക്കിടയിൽ - വിവേചനരഹിതമായ കാർപെറ്റ് ബോംബിംഗുകൾ, ആശുപത്രികളെയും സ്കൂളുകളെയും ലക്ഷ്യം വച്ചുള്ള ആക്രമണം, കടുത്ത വർണ്ണ/വംശീയ വിവേചന രാഷ്ട്രത്തിന്റെ തുടർച്ചകൾ- ഇതെല്ലാം ആഗോളതലത്തിൽ യുഎൻ, ഐസിസി, ഐസിജെ, നിരവധി മനുഷ്യാവകാശ സംഘടനകൾ എന്നിവ അപലപിച്ചവയാണ്. ചാരത്തിലും രക്തത്തിലും മുങ്ങിയ നിരപരാധികളായ കുട്ടികളുടെ ചിത്രങ്ങൾ, മാതാപിതാക്കളുടെ നിശ്ശബ്ദ വിലാപങ്ങൾ, കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും സമ്പൂർണ്ണ നാശം ഇതെല്ലാം എന്നെ എന്നെന്നേക്കുമായി തകർത്തു കളഞ്ഞിരിക്കുന്നു.
ഇതെഴുതുമ്പോൾ, ഇസ്രായേൽ ഗസ്സയിൽ അതിന്റെ പൂർണ്ണ തോതിലുള്ള വംശഹത്യ പുന:രാരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ചില കണക്കുകൾ പ്രകാരം കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ മാത്രം മൂന്ന് ലക്ഷത്തിലധികം ഗസ്സക്കാരെ അവർ ഇതുവരെ കൊന്നു കളഞ്ഞിട്ടുണ്ട്. ഇസ്രായേൽ ഗസ്സയൽ പതിനഞ്ച് പാരാമെഡിക്കുകളെയും രക്ഷാപ്രവർത്തകരെയും ഒന്നൊന്നായി “കൊന്ന്” മണലിൽ കുഴിച്ചുമൂടിയ ഭയാനകമായ യുദ്ധക്കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പുറത്ത് വന്നത്. അതേസമയം, ഞങ്ങളുടെ "ഉത്തരവാദിത്തമുള്ള" AI പ്രവർത്തനം ഈ ഭീകര നിരീക്ഷണ സംവിധാനങ്ങൾക്കും കൂട്ടക്കൊലകൾക്കും ശക്തി പകർന്നു കൊണ്ടിരിക്കുന്നു. ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര നീതിന്യായ കോടതിയും ഇത് ഒരു വംശഹത്യയാണെന്ന് നിഗമനത്തിലെത്തുകയും അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രായേലി നേതാക്കൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്ത സമയത്താണ് ഇത് നടക്കുന്നത്.
ഞങ്ങൾ ഈ വംശഹത്യയിൽ പങ്കാളികളാണ്.
എഐ പ്ലാറ്റ്‌ഫോമിലേക്ക് മാറിയപ്പോൾ, അത്യാധുനിക എഐ സാങ്കേതികവിദ്യയിലും മനുഷ്യരാശിയുടെ നന്മയ്‌ക്കായുള്ള അതിന്റെ പ്രയോഗങ്ങളിലും സംഭാവന നൽകാൻ ഞാൻ വളരെ ആവേശഭരിതയായിരുന്നു: വിവരസാങ്കേതികവിദ്യയും എല്ലാവർക്കും പ്രാപ്യമാക്കുന്ന ഉൽപ്പന്നങ്ങൾ, വിവർത്തന സേവനങ്ങൾ, “എല്ലാ മനുഷ്യർക്കും സ്ഥാപനങ്ങൾക്കും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തമാക്കുന്നതിനുള്ള ഉപകരണങ്ങൾ” ഇതെല്ലാമായിരുന്നു പ്രതീക്ഷകൾ. മാധ്യമപ്രവർത്തകരെയും ഡോക്ടർമാരെയും സഹായ പ്രവർത്തകരെയും മുഴുവൻ സാധാരണ കുടുംബങ്ങളെയും നിരീക്ഷണ വലയത്തിൽ കെണിപ്പെടുത്തി കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മൈക്രോസോഫ്റ്റ് എന്റെ കൂടി പ്രയത്നങ്ങളുടെ ഫലങ്ങൾ ഇസ്രായേൽ സൈന്യത്തിനും സർക്കാരിനും വിൽക്കുമെന്ന് എനിക്ക് ഒരിക്കലും വിവരം ഉണ്ടായിരുന്നില്ല. ട്രാൻസ്ക്രിപ്ഷൻ സാഹചര്യങ്ങളെക്കുറിച്ചുള്ള എന്റെ പ്രയത്നഫലങ്ങൾ ഫലസ്തീനികളെ ഏറ്റവും ക്രൂരമായ രീതിയിൽ ലക്ഷ്യം വയ്ക്കുന്നതിനും ഫോൺ കോളുകൾ ചേർത്തുന്നതിനും അത് ട്രാൻസ്ക്രൈബ് ചെയ്യാനും ഉറവിടം അറിയാനും സഹായിക്കുമെന്ന് എനിക്കറിയാമായിരുന്നെങ്കിൽ, ഞാൻ ഒരിക്കലും ഈ കമ്പനിയിൽ ചേർന്നു, വംശഹത്യയ്ക്ക് സംഭാവന നൽകുമായിരുന്നില്ല. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന വ്യവസ്ഥകളിൽ ഞാൻ ഒപ്പ് വച്ചിട്ടില്ല.
എപി ന്യൂസ് അനുസരിച്ച്, “മൈക്രോസോഫ്റ്റും ഇസ്രായേലിന്റെ പ്രതിരോധ മന്ത്രാലയവും തമ്മിൽ 133 മില്യൺ ഡോളറിന്റെ കരാർ നിലനിൽക്കുന്നു.” “ഒക്ടോബർ 7 ആക്രമണത്തിന് മുമ്പുള്ള ആഴ്ചയേക്കാൾ കഴിഞ്ഞ മാർച്ചിൽ ഇസ്രായേൽ സൈന്യത്തിന്റെ മൈക്രോസോഫ്റ്റിന്റെയും ഓപ്പൺ എഐയുടെയും കൃത്രിമ ഇന്റലിജൻസിന്റെ ഉപയോഗം ഏകദേശം 200 മടങ്ങ് വർദ്ധിച്ചു. ആ സമയത്തിനും 2024 ജൂലൈയ്ക്കും ഇടയിൽ മൈക്രോസോഫ്റ്റ് സെർവറുകളിൽ ഇസ്രായേൽ സൈന്യം സംഭരിച്ച ഡാറ്റയുടെ അളവ് ഇരട്ടിയായി, ആകെ 13.6 പെറ്റാബൈറ്റിലധികം ആയിരിക്കുന്നു.”
“ഫോൺ കോളുകൾ, ടെക്സ്റ്റുകൾ, ഓഡിയോ സന്ദേശങ്ങൾ എന്നിവ ട്രാൻസ്ക്രൈബ് ചെയ്തും വിവർത്തനം ചെയ്തും ഉള്ള സാർവത്രിക ബഹുജന നിരീക്ഷണത്തിലൂടെ ശേഖരിച്ച വിവരങ്ങൾ സമാഹരിക്കാൻ ഇസ്രായേൽ സൈന്യം Microsoft Azure ഉപയോഗിക്കുന്നു എന്ന് ഈ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു ഇസ്രായേലി ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറയുന്നു. ആ വിവരങ്ങൾ ഇസ്രായേലിന്റെ ഇൻ-ഹൗസ് ടാർഗെറ്റിംഗ് സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു.”
“ടാർഗെറ്റ് ബാങ്ക്”, ഫലസ്തീൻ ജനസംഖ്യാ രജിസ്ട്രി എന്നിവയുൾപ്പെടെ ഇസ്രായേൽ സൈന്യത്തിനായുള്ള ഏറ്റവും “സെൻസിറ്റീവും ഏറ്റവും ഉയർന്ന ക്ലാസിഫൈഡ് ആയ പ്രോജക്റ്റുകളും” മൈക്രോസോഫ്റ്റ് AI ശക്തിപ്പെടുത്തുന്നു. ഗസ്സയിൽ ഇസ്രായേൽ സൈന്യത്തെ മൈക്രോസോഫ്റ്റ് ക്ലൗഡും എഐയും മറ്റെന്തിനേക്കാളും മാരകവും വിനാശകരവുമാക്കാൻ പ്രാപ്തമാക്കി.
ഇസ്രായേൽ സൈന്യത്തിനും സർക്കാരിനും സോഫ്റ്റ്‌വെയർ, ക്ലൗഡ് സേവനങ്ങൾ, കൺസൾട്ടിംഗ് സേവനങ്ങൾ എന്നിവ നൽകുക വഴി മൈക്രോസോഫ്റ്റ് ദശലക്ഷക്കണക്കിന് ഡോളർ ലാഭം നേടി. യുദ്ധക്കുറ്റവാളി ബെഞ്ചമിൻ നെതന്യാഹു മൈക്രോസോഫ്റ്റുമായുള്ള തന്റെ ശക്തമായ ബന്ധത്തെക്കുറിച്ച് വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. ഇസ്രായേൽ സൈന്യവുമായും സർക്കാരുമായും ഉള്ള ഈ അവിശുദ്ധ കരാറുകളുടെ ഒരു പട്ടിക ഇവിടെ കാണാം: വംശീയ വിവേചനത്തിലും വംശഹത്യയിലും മൈക്രോസോഫ്റ്റിന്റെ പങ്കാളിത്തത്തിന് ഒരു ആമുഖം (An Introduction to Microsoft’s Complicity in Apartheid and Genocide).
ബിഡിഎസ് (ബഹിഷ്‌കരിക്കൽ, വിറ്റൊഴിക്കൽ , ഉപരോധങ്ങൾ) കാംപയിന്റെ മുൻഗണനാ ബഹിഷ്‌കരണ ലക്ഷ്യങ്ങളിലൊന്നായി മൈക്രോസോഫ്റ്റ് ഇന്നലെയാണ് ഉൾപ്പെടുത്തപ്പെട്ടത്. അതായത് വാസ്തവത്തിൽ, മൈക്രോസോഫ്റ്റിന് ഇസ്രായേൽ സൈന്യവുമായി അത്രയധികം ബന്ധമുണ്ട്. നിങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ എന്തുമാകട്ടെ, ഇതാണോ നാം പിന്നിൽ ബാക്കിവെക്കാൻ ആഗ്രഹിക്കുന്ന പാരമ്പര്യം? മാരകമായ എഐ ആയുധങ്ങളിൽ ആണ് നിങ്ങൾ പ്രവർത്തിക്കുന്നത് എന്ന് നിങ്ങളുടെ കുട്ടികളോട് നിങ്ങൾക്ക് പറയാൻ കഴിയുന്ന ഒന്നാണോ? ചരിത്രത്തിന്റെ തെറ്റായ ഭാഗത്ത് ആയിരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നുണ്ടോ?
സൈന്യം ഉപയോഗിക്കുന്ന ക്ലൗഡുമായി നിങ്ങളുടെ ജോലിക്ക് ബന്ധമില്ലായിരിക്കാം എങ്കിലും, നിങ്ങളുടെ ജോലി കമ്പനിക്ക് ഗുണം ചെയ്യുകയും അവരുടെ കരാറുകൾ ഏറ്റെടുക്കാൻ അവരെ അനുവദിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഏത് ടീമിൽ ജോലി ചെയ്താലും ഇസ്രായേൽ അധിനിവേശത്തിന് ആയുധവും സഹായവും നൽകുന്ന ഒരു കമ്പനിയെയാണ് നിങ്ങൾ സേവിക്കുന്നത്. നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം, അത് എത്ര ചെറുതാണെങ്കിലും, വംശഹത്യയിലൂടെയാണ് നൽകുന്നത് എന്നത് നിഷേധിക്കാനാവാത്തതാണ്.
നിങ്ങൾ എഐയിൽ ജോലി ചെയ്താലും ഇല്ലെങ്കിലും, നിങ്ങൾ ഇക്കാര്യങ്ങളിൽ ഒന്നും ചെയ്തില്ലെങ്കിൽ നിങ്ങൾ അതിൽ പങ്കാളിയാകും. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ Microsoft AI-യുടെ പങ്കാളിത്തത്തിനെതിരെ ശബ്ദമുയർത്തുക എന്നതാണ് ഇപ്പോൾ നമ്മുടെ ബാധ്യത.
അതുകൊണ്ടാണ് ഇന്ന് ഞാൻ സംസാരിക്കാൻ തീരുമാനിച്ചത്. വംശഹത്യയുമായുള്ള മൈക്രോസോഫ്റ്റിന്റെ ബന്ധം വിച്ഛേദിക്കണമെന്ന് ആവശ്യപ്പെടുന്ന ഈ സുപ്രധാന നിവേദനത്തിൽ ഞാൻ ഒപ്പുവെച്ചതും. നിങ്ങളെല്ലാവരും അങ്ങനെ ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നു.
നടപടിയെടുക്കാനുള്ള ആഹ്വാനം
നിശബ്ദത ഒരു പങ്കാളിത്തമാണ്. എന്നാൽ നടപടിക്ക് എപ്പോഴും ഒരു പ്രതികരണമുണ്ട്, അത് എത്ര വലുതായാലും ചെറുതായാലും. ഈ കമ്പനിയുടെ തൊഴിലാളികൾ എന്ന നിലയിൽ, നമ്മുടെ ശബ്ദം നാം കേൾപ്പിക്കണം, മൈക്രോസോഫ്റ്റ് ശരിയായ കാര്യം ചെയ്യണമെന്ന് ആവശ്യപ്പെടണം: ഇസ്രായേൽ സൈന്യത്തിന് സാങ്കേതികവിദ്യ വിൽക്കുന്നത് നിർത്തുക എന്നത് നാം ആവശ്യപ്പെടണം.
നിങ്ങൾ അറിഞ്ഞ ഈ വാർത്തയെക്കുറിച്ച് നിങ്ങൾക്കും ആശങ്കയുണ്ടെങ്കിൽ, നിങ്ങളുടെ ജോലി ധാർമ്മികമായി ഉപയോഗിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ചില നടപടികൾ എടുക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു:
No Azure for Apartheid ഹർജിയിൽ ഒപ്പിടുക: കൊല്ലുന്ന സോഫ്റ്റ് വെയർ കോഡ് ഞങ്ങൾ എഴുതില്ല എന്ന് തീരുമാനിക്കുക. സഹാനുഭൂതിയുള്ള വർദ്ധിച്ചുവരുന്ന മൈക്രോസോഫ്റ്റ് ജീവനക്കാരുടെ കൂട്ടത്തിൽ നിങ്ങളുടെ ശബ്ദം ചേർക്കുന്നതിനുള്ള കാംപയിനിൽ ചേരുക.
ഈ ഇമെയിൽ ത്രെഡിൽ നമ്മുടെ അതൃപ്തി പ്രകടിപ്പിക്കുന്നതിൽ എന്നോടൊപ്പം ചേരുക. കുട്ടികളെയും സാധാരണക്കാരെയും ലക്ഷ്യമിടുന്ന ആയുധങ്ങൾ വിന്യസിക്കുന്നതിൽ നിങ്ങൾ വഞ്ചിക്കപ്പെട്ടതായി തോന്നുന്നുവെങ്കിൽ, ഈ കരാറുകൾ ഉപേക്ഷിക്കാൻ നേതൃത്വത്തെ പ്രേരിപ്പിക്കുക. നാം സംസാരിക്കുന്നത് നിർത്തരുത്. കിട്ടുന്ന എല്ലാ അവസരങ്ങളിലും ഈ കരാറുകൾ ഉപേക്ഷിക്കാൻ SLT-യെ പ്രേരിപ്പിക്കുക പല ജീവനക്കാർക്കും ഈ കാര്യങ്ങൾ അറിയില്ലായിരിക്കാം! അതിനാൽ മുകളിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് നിങ്ങളുടെ സഹപ്രവർത്തകരുമായി സംഭാഷണങ്ങൾ ആരംഭിക്കുക.
മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ആശങ്ക ഉന്നയിക്കുന്ന ആർക്കും എതിരെ പ്രതികാരം ചെയ്യുന്നത് Microsoft-ന്റെ മനുഷ്യാവകാശ പ്രസ്താവന വിലക്കുന്നു: നിങ്ങൾ ആ മനുഷ്യാവകാശ പ്രസ്താവന വായിച്ചു നോക്കുക. മനുഷ്യാവകാശങ്ങളെ പിന്തുണയ്ക്കുന്നതിൽ നമ്മുടെ കമ്പനിക്ക് മുൻകാല ചരിത്രം ഉണ്ട്. മൈക്രോസോഫ്റ്റ് ജീവനക്കാരുടെയും സമൂഹത്തിന്റെയും പ്രതിഷേധങ്ങളെ തുടർന്ന് ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചന സംരഭങ്ങളിൽ നിന്നുള്ള ഓഹരി വിൽപ്പന എനിവിഷനുമായുള്ള (ഇസ്രായേലി മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യയിലെ സ്റ്റാർട്ടപ്പ് കമ്പനി) യുമായുള്ള കരാറുകൾ ഉപേക്ഷിക്കൽ എന്നിവയുൾപ്പെടെയുള്ളത് ആ ചരിത്രത്തിൽ ഉണ്ട്. നമ്മുടെ കൂട്ടായ ശബ്ദങ്ങൾ നമ്മുടെ എഐ നേതാക്കളെ ഇത് ചെയ്യാൻ പ്രേരിപ്പിക്കുമെന്നും, ഈ മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച മൈക്രോസോഫ്റ്റിന്റെ നടപടികൾ തിരുത്തുമെന്നും, അതിന്റെ കളങ്കപ്പെട്ട പാരമ്പര്യം ഒഴിവാക്കാൻ സഹായിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. മൈക്രോസോഫ്റ്റ് ക്ലൗഡും എഐയും 21 ആം നൂറ്റാണ്ടിലെ ബോംബുകളും വെടിയുണ്ടകളുമാകുന്നത് അവസാനിപ്പിക്കണം.
ആത്മാർത്ഥതയോടെ,
കരുതൽ ഉള്ള ഒരു മൈക്രോസോഫ്റ്റ് ജീവനക്കാരി