പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പുതുതലമുറ അംബേദ്കറൈറ്റുകള്‍ നല്‍കുന്ന പാഠം
പുതുതലമുറയിലെ ദലിത് അംബേദ്കറൈറ്റുകള്‍ പ്രായോഗിക തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സമര്‍ഥമായി ഉപയോഗപ്പെടുത്തി. പരമാവധി സീറ്റുകളില്‍ മത്സരിച്ച് സംപൂജ്യരാകുന്ന പാര്‍ട്ടിയായി ഒതുങ്ങാനല്ല, മറിച്ച് സമ്പൂര്‍ണ വിജയമാണ് അവര്‍ ആഗ്രഹിച്ചത്.
2024ലെ പൊതുതെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ കക്ഷികളും ഡോ. ബാബാസാഹേബ് അംബേദ്കറുടെ പേര് ഉപയോഗിക്കാനും, പ്രചാരണങ്ങളില്‍ ആകര്‍ഷകമായ രീതിയില്‍ അദ്ദേഹത്തിന്റെ ഫോട്ടോ പ്രദര്‍ശിപ്പിക്കാനും നിര്‍ബന്ധിതരായി. ബി.ജെ.പി സഖ്യകക്ഷികള്‍ ഹിന്ദുത്വ, രാമക്ഷേത്രം, വര്‍ഗീയത എന്നിവയിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തിയതെങ്കിലും, സംവരണം, ഭരണഘടന, ഡോ. അംബേദ്കര്‍ എന്നിവയെ കുറിച്ചും അവരുടെ പ്രചാരണങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടി വന്നു. അംബേദ്കറുടെ സംഭാവനകളായ ജനാധിപത്യവും ഭരണഘടനയും സംവരണവുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തെ നിയന്ത്രിച്ചത്. ഇന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും അംബേദ്കര്‍ ഐഡിയോളജിയെ ആവശ്യപ്പെടുന്നു. ഇത് പുതുതലമുറയില്‍പെട്ട അംബേദ്കര്‍ വോട്ടര്‍മാരെ സൃഷ്ടിക്കുകയും അതുവഴി ദലിത് രാഷ്ട്രീയം ശാക്തീകരിക്കുകയും ചെയ്തു.
1952 ല്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ അംബേദ്കര്‍ ബോംബെ നോര്‍ത്തില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു. തുടര്‍ന്ന് 1954 ഉപതെരഞ്ഞെടുപ്പില്‍ ബന്ദാരയില്‍ മത്സരിച്ച് ലോക്‌സഭയിലെത്താന്‍ ശ്രമിച്ച അദ്ദേഹം വീണ്ടും പരാജയപ്പെട്ടു. 1956 ന് ശേഷം ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി (RPI) മഹാരാഷ്ട്ര, പഞ്ചാബ്, വടക്കന്‍ ഉത്തര്‍പ്രദേശ് ഭാഗങ്ങളില്‍ ഗണ്യമായ സീറ്റുകള്‍ നേടി. തുടര്‍ന്ന് 1957 ല്‍ പാര്‍ട്ടിയിലെ ആറ് അംഗങ്ങള്‍ രണ്ടാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പന്ത്രണ്ടാം ലോക്‌സഭയില്‍ ആര്‍.പി.ഐയുടെ നാല് പാര്‍ലമെന്റ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. പിന്നീടുള്ള വിഭാഗീയതമൂലം അവര്‍ പല ഗ്രൂപ്പുകളായി വിഭജിച്ചു. ഒരേ നീലപ്പതാകയില്‍ ഒരോ ഗ്രൂപ്പുകള്‍ക്കും അക്ഷരമാല ക്രമത്തില്‍ പേരുകള്‍ നല്‍കി മത്സരിച്ചു. പലതവണ ഇവര്‍ ഒരേ സീറ്റില്‍ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തു.
പുതിയകാല ദലിത് രാഷ്ട്രീയക്കാരും എണ്‍പത്-തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള വോട്ടര്‍മാരും അവരുടെ സുവര്‍ണ കാലഘട്ടത്തില്‍ കാന്‍ഷിറാമിന്റെയോ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേയോ സുവര്‍ണ കാലഘട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടില്ല. കൂട്ടുകക്ഷി രാഷ്ട്രീയത്തെപ്പറ്റിയുള്ള അവരുടെ ഓര്‍മകള്‍ പരിമിതമാണ്. എങ്കിലും പാര്‍ലമെന്റിലും അസംബ്ലിയിലും അതിന് പുറത്തും ഒരേ രീതിയില്‍ അവരുടെ ശബ്ദമുണ്ടെന്ന് ഉറപ്പുവരുത്താന്‍ അവര്‍ സമര്‍ഥമായി ശ്രമിച്ചിട്ടുണ്ട്.
കാന്‍ഷി റാമിന്റെ bamcef ല്‍ നിന്ന് മായവതി ബഹുജന്‍ സമാജ് പാര്‍ട്ടിയിലേക്ക് (ബി.എസ്.പി) വികസിച്ചു. അത് മായാവതിയെ ദലിതര്‍ക്കും സ്ത്രീകള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്ക് പേരുകേട്ട, ഫ്യൂഡല്‍ പുരുഷാധിപത്യം നിലനില്‍ക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നാല് തവണ മുഖ്യമന്ത്രിയാകാന്‍ സഹായകമായി. ഇത് ചരിത്രത്തില്‍ ശ്രദ്ധേയമായ ഒരു നേട്ടമായി മാറി. മായാവതിയുടെ കാലാവധി 2012 ല്‍ അവസാനിക്കുകയും അവര്‍ 2017 ല്‍ രാജ്യസഭയില്‍ നിന്നും രാജിവെക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ദലിത് സുവര്‍ണ കാലഘട്ടമായിരുന്നു അത്. പക്ഷെ, മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞതിനു ശേഷം ദലിതുകളെ സംബന്ധിക്കുന്ന പല വിഷയങ്ങളിലും അവര്‍ മൗനം പാലിക്കുകയാണ് ചെയ്തത്.
തെരഞ്ഞെടുപ്പുകളില്‍ വിജയം നിര്‍ണയിക്കുന്നത് 'ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ്' സമ്പ്രദായമാണ്. കൂടുതല്‍ വോട്ടുനേടുന്ന സ്ഥാനാര്‍ഥിക്ക് വിജയം ഉറപ്പാക്കുന്നു. തൊട്ടടുത്ത സ്ഥാനാര്‍ഥിയേക്കാള്‍ ഒരു വോട്ട് മാത്രം മതി വിജയം നേടാന്‍. ഈ കൊളോണിയല്‍ പാരമ്പര്യത്തെ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ പോലും ആനുപാതിക പ്രധിനിധ്യത്തിനായി പലരും വാദിച്ചിട്ടുണ്ട്. അതിന്റെ ഒരു ലഘു ചിത്രമാണ് മുന്നണി രാഷ്ട്രീയം. എന്നാല്‍, കഴിഞ്ഞ ദശകത്തില്‍ ഇന്ത്യ സാക്ഷ്യം വഹിച്ചത് വ്യക്തികേന്ദ്രീകൃതമായ ഭരണത്തിനും രാഷ്ട്രീയത്തിനുമാണ്.
പുതിയകാല ദലിത് രാഷ്ട്രീയക്കാരും എണ്‍പത്-തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള വോട്ടര്‍മാരും അവരുടെ സുവര്‍ണ കാലഘട്ടത്തില്‍ കാന്‍ഷിറാമിന്റെയോ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേയോ സുവര്‍ണ കാലഘട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടില്ല. കൂട്ടുകക്ഷി രാഷ്ട്രീയത്തെപ്പറ്റിയുള്ള അവരുടെ ഓര്‍മകള്‍ പരിമിതമാണ്. എങ്കിലും പാര്‍ലമെന്റിലും അസംബ്ലിയിലും അതിന് പുറത്തും ഒരേ രീതിയില്‍ അവരുടെ ശബ്ദമുണ്ടെന്ന് ഉറപ്പുവരുത്താന്‍ അവര്‍ സമര്‍ഥമായി ശ്രമിച്ചിട്ടുണ്ട്.
2024 ലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പറയുമ്പോള്‍, ആക്ടിവിസ്റ്റും അംബേദ്കറൈറ്റ് പ്രവര്‍ത്തകനും, അഭിഭാഷകനും, ഭീം ആര്‍മിയുടെ സ്ഥാപകനുമായ ചന്ദ്രശേഖര്‍ ആസാദ് സമാജ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി (പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാണ് ആസാദ്) ഉത്തര്‍ പ്രദേശിലെ നഗീന ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ചത് 1,51,473 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. 5,12,552 വോട്ടുകളാണ് അദ്ദേഹം നേടിയത്. അതേ മണ്ഡലത്തില്‍ ബി.എസ്.പി സ്ഥാനാര്‍ഥി 13,272 വോട്ടുകള്‍ നേടി നാലാം സ്ഥാനത്തെത്തി. ഏതാണ്ട് ഒരു ദശാബ്ദക്കാലമായി പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നുണ്ട് ആസാദ്.
മഹാരാഷ്ട്ര എം.എല്‍.എയും മുന്‍ മന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗവുമായ വര്‍ഷ ഏക്നാഥ് ഗെയ്ക്വാദ് മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍ നിന്ന് ജനറല്‍ സീറ്റില്‍ (സംവരണേതര മണ്ഡലം) മത്സരിച്ച് വിജയിച്ചു.
തമിഴ്‌നാട്ടില്‍ നിന്നും വിടുതലൈ ചിരുതൈകള്‍ കച്ചിയുടെ (വി.സി.കെ) പ്രസിഡണ്ടും ദലിത് ചിന്തകനും ആക്ടീവിസ്റ്റുമായ തോള്‍ തിരുമാവളവന്‍ ചിദംബരം മണ്ഡലത്തില്‍ വിജയിച്ചു. അഭിഭാഷകനും വിടുതലൈ ചിരുതൈകള്‍ കച്ചിയുടെ ജനറല്‍ സെക്രട്ടറിയുമായ ഡി. രവികുമാര്‍ വിളുപ്പം മണ്ഡലത്തില്‍ (ജനറല്‍ സീറ്റ്) മത്സരിച്ച് വിജയിച്ചു.
| ഡി. രവികുമാര്‍, തോള്‍ തിരുമാവളവന്‍
അമരാവതി മണ്ഡലം ദലിത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ഒരു പാഠമാണ്. ആ മണ്ഡലത്തില്‍ ബല്‍വന്ത് ബസ്വന്ത് വാങ്കഡെ 5,26,271 (ഭൂരിപക്ഷം 19,731) വോട്ടുകള്‍ക്കാണ് വിജയിച്ചത്. മണ്ഡലത്തില്‍ മത്സരിച്ച സ്ഥാനാര്‍ഥികളുടെ പട്ടിക അതിശയിപ്പിക്കുന്നതാണ്. ബാബാസാഹേബ് അംബേദ്കറിന്റെ കൊച്ചുമകന്‍ ആനന്ദരാജ് യശ്വന്ദ് അംബേദ്കര്‍ അവരുടെ പാര്‍ട്ടി ആയ റിപ്പബ്ലിക്ക് സേനയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച് 18,793 (1.6 ശതമാനം) വോട്ട് നേടി. ആകെ 37 സ്ഥാനാര്‍ഥികള്‍ മത്സരിച്ചതില്‍ 31 സ്ഥാനാര്‍ഥികള്‍ക്ക് നോട്ടയെക്കാള്‍ കുറഞ്ഞ വോട്ട് ആണ് ലഭിച്ചത്. ബി.ജെ.പിയുടെ സിറ്റിങ് എം.പിയും ഏറെ സ്വാധീനവും മാധ്യമ പിന്തുണയും ഉള്ള ആളായിരുന്നു തോറ്റ സഥാനാര്‍ഥി.
| ബല്‍വന്ത് ബസ്വന്ത് വാങ്കഡെ
ബി.എസ്.പി ഇന്ത്യയിലുടനീളം 270 സീറ്റുകളില്‍ മത്സരിക്കുകയും 2.04% വോട്ട് നേടുകയും ചെയ്തു. എന്നാല്‍, ഒരു സീറ്റിലല്‍ പോലും വിജയിക്കാനായില്ല. 80 സീറ്റുകളിലും മത്സരിച്ച ഉത്തര്‍ പ്രദേശില്‍ 9.39% വോട്ട് ബി.എസ്.പിക്ക് ലഭിച്ചു. ബി.ജെ.പി/എന്‍.ഡി.എയുമായി തെരഞ്ഞെടുപ്പിന് മുമ്പുള്ള ധാരണപ്രകാരമായിരിക്കാം ആര്‍.പി.ഐ ഒരു സീറ്റിലും മത്സരിച്ചില്ല. പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജന്‍ ആഘാഡി മഹാരാഷ്ട്രയില്‍ മത്സരിച്ച 38 സീറ്റില്‍ ഒരു സീറ്റില്‍ പോലും വിജയിച്ചില്ല. 15,66,949 വോട്ടുകള്‍ അവര്‍ നേടി.
പുതുതലമുറയിലെ ദലിത് അംബേദ്കറൈറ്റുകള്‍ പ്രായോഗിക തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സമര്‍ഥമായി ഉപയോഗപ്പെടുത്തി. പരമാവധി സീറ്റുകളില്‍ മത്സരിച്ച് സംപൂജ്യരാകുന്ന പാര്‍ട്ടിയായി ഒതുങ്ങാനല്ല, മറിച്ച് സമ്പൂര്‍ണ വിജയമാണ് അവര്‍ ആഗ്രഹിച്ചത്. തെരുവ് രാഷ്ട്രീയത്തിന്റെ അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് ഇതര രാഷ്ട്രീയത്തിന്റെ കാലഘട്ടം മാറി ഇന്നത് സോഷ്യല്‍ മീഡിയയിലേക്ക് നീങ്ങിയിരിക്കുന്നു.
2020 ല്‍ പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹിയിലെ ജുമാമസ്ജിദിലേക്ക് ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പും അംബേദ്കറിന്റെ ഛായാചിത്രവുമായി ഒരു മാര്‍ച്ച് നടത്തി, ഭരണഘടനാ ആമുഖം വായിക്കുകയും ചെയ്തു. പല മുതുര്‍ന്ന അംബേദ്കറൈറ്റ് നേതാക്കളും അദ്ദേഹത്തിന്റെ ഈ നീക്കത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും യുവാക്കളെ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിനായി. ഓണ്‍ലൈന്‍ മീഡിയകള്‍ക്കും ചാനലുകള്‍ക്കും നല്‍കിയ അഭിമുഖങ്ങളിലൂടെ തന്റെ പ്രവര്‍ത്തനങ്ങളെ ഹൈലൈറ്റ് ചെയ്യാനും അദ്ദേഹത്തിന് കഴിഞ്ഞു. പടിഞ്ഞാറന്‍ യു.പിയെ ഒരു മണ്ഡലമെന്ന രീതിയില്‍ കേന്ദ്രീകരിച്ച് അദ്ദേഹം സ്വയം ഒരു ബ്രാന്‍ഡ് സൃഷ്ടിച്ചു. മറ്റു മണ്ഡലങ്ങളില്‍ മത്സരിക്കാതെ ഒറ്റ സീറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
(പിന്നീട്, രാഹുല്‍ ഗാന്ധി, ആസാദിന്റെ അതേ രീതിയില്‍ ഭാരത് ജോഡോ യാത്രയില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയും ഭരണഘടനാ ആമുഖം വായിക്കുകയും അതിനെ ഒരു മൂവ്‌മെന്റ് ആക്കി മാറ്റുകയും ചെയ്തത് കാണാം).
തോല്‍ തിരുമാവളവന്‍ തമിഴ്നാട്ടില്‍ ഉടനീളം അറിയപ്പെടുന്ന ദലിത് നേതാവാണ്. അദ്ദേഹം ഇന്‍ഡ്യാ സഖ്യത്തോടൊപ്പം ചേര്‍ന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ വി.സി.കെക്ക് രണ്ട് സീറ്റുകള്‍ നല്‍കി. ഒരു സംവരണ മണ്ഡലവും ഒരു ജനറല്‍ സീറ്റും. രണ്ടിലും വിജയിച്ചു. വി.സി.കെക്ക് തമിഴ്നാട്ടിലെ 39 സീറ്റുകളിലും മത്സരിക്കാമായിരുന്നു. പക്ഷേ, രണ്ടില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അവര്‍ വിജയം ഉറപ്പാക്കി. എല്ലാ സീറ്റിലും മത്സരിച്ച് സംപൂജ്യരാകാതെ മറ്റ് പാര്‍ട്ടികള്‍ക്കുള്ള പാഠമാണ് അവര്‍ നല്‍കിയത്. സഖ്യങ്ങള്‍ രൂപീകരിച്ച് വിജയം വര്‍ധിപ്പിക്കുക എന്നതായിരുന്നു അവരുടെ തന്ത്രം.
വര്‍ഷ ഗെയ്ക്വാദ് ഇതുവരെ ജയിച്ചിട്ടില്ലാത്ത ഒരു ജനറല്‍ സീറ്റില്‍ നിന്നാണ് മത്സരിച്ചത്. ദലിത് വോട്ടുകള്‍ ബി.എസ്.പിക്കോ വി.ബി.എക്കോ ഭിന്നിച്ച് പോകാതെ വിജയം ഉറപ്പാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അവര്‍ അവള്‍ക്ക് വേണ്ടി സമുദായങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണവും നടത്തി. കാരണം, നേരത്തെ രണ്ട് തവണ ബി.ജെ.പി കൈവശം വച്ചിരുന്ന സീറ്റ് നേടുക എന്നത് അത്ര എളുപ്പമായിരുന്നില്ല അവര്‍ക്ക്.
| വര്‍ഷ ഏക്നാഥ് ഗെയ്ക്വാദ്
കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ സോഷ്യല്‍ മീഡിയ സംവാദങ്ങള്‍ ഞാന്‍ വായിച്ചു, ദലിത് രാഷ്ട്രീയത്തിലെ പഴയ തലമുറ ഇപ്പോഴും ഉട്ടോപ്യന്‍ സ്വപ്നത്തിലാണ്. ബി.എസ്.പി അധികാരത്തില്‍ വരുമെന്നും മായാവതി ഒരുനാള്‍ പ്രധാനമന്ത്രിയാകുമെന്നും അവര്‍ കരുതുന്നു. പ്രകാശ് അംബേദ്കര്‍ മഹാരാഷ്ട്രയില്‍ നിന്ന് ഏത് മണ്ഡലത്തില്‍ മത്സരിക്കുമ്പോഴും അവര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. സീറ്റ് ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല, വോട്ട് വിഹിതത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വിജയത്തിന്റെ വഴികളെ കുറിച്ച് പുതുതലമുറക്ക് അറിയാം. അഞ്ച് വര്‍ഷം കാത്തിരുന്ന് പാര്‍ട്ടി വളരുന്നത് നോക്കിനില്‍ക്കാന്‍ അവര്‍ തയ്യാറല്ല. ഒരു പ്രദേശത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയും അവിടെ മത്സരിക്കുകയും സഖ്യമുണ്ടാക്കുകയും ചെയ്യുന്നു. സംവരണ സീറ്റുകളില്‍ പരിമതപ്പെടാതെ ദോശീയ പാര്‍ട്ടികളുമായി ചേര്‍ന്ന് ജനറല്‍ സീറ്റുകളില്‍ വിജയിക്കുന്നു. അവര്‍ക്ക് വേണ്ടത് പാര്‍ലമെന്റിലെത്താനുള്ള വഴിയാണ്. അവിടെ ഉയരേണ്ട അവരുടെ ശബ്ദമാണ്.
അവരുടെ പ്രശ്‌നങ്ങളെ കുറിച്ച് ശബ്ദിക്കാന്‍ പാര്‍ലമെന്റില്‍ ആളുകളുണ്ടാവണം. ബാനറുകളുടെയും തെരുവ് റാലികളുടെയും ദിവസങ്ങള്‍ കഴിഞ്ഞു. ഇനി സാമൂഹ്യ മാധ്യമങ്ങളിലാണ് ഭാവി. ട്രെന്‍ഡുകളും മീമുകളുമൊക്കെ ദലിതരെ ആകര്‍ഷിക്കും. ബോയിലര്‍ റൂം പോലുള്ള ക്ലബുകളിലേക്ക് പോവുകയും സ്വദേശി പ്രസ്ഥാനത്തിന്റെ വാര്‍ലി റിവോള്‍ട് (ആദിവാസി) ഗാനം കേള്‍ക്കുകയും ചെയ്യുന്നു. യുവാക്കളെ ആകര്‍ഷിക്കുന്ന രീതിയും മാറിയിരിക്കുന്നു. പഴഞ്ചന്‍ രീതികള്‍ കലഹരണപ്പെട്ടു എന്ന സത്യം പഴമക്കാര്‍ മനസ്സിലാക്കേണ്ടതുണ്ട്.
വിജയ സാധ്യതയുള്ള സീറ്റുകളിലും സമാന ചിന്താഗതിയുള്ള പാര്‍ട്ടികളുമായുള്ള സഖ്യത്തിലും നിന്ന് മത്സരിക്കാനായിരിക്കും ഭാവി ദലിത് തലമുറ ശ്രദ്ധകേന്ദ്രീകരിക്കുക. പാര്‍ലമെന്റില്‍ അംബേദ്കറൈറ്റ് നേതാക്കള്‍ എത്രത്തോളം ഉണ്ടോ അത്രത്തോളം ഈ രാജ്യം ജനാധിപത്യപരമാകും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് ഇന്ത്യയെ നമ്മള്‍ വിളിക്കുമ്പോഴും ജനാധിപത്യ സൂചികയില്‍ അതിനെ വികലമായ ജനാധിപത്യമെന്നാണ് വിശേഷിപ്പിക്കുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ നീതിക്കും മതിയായ പ്രാതിനിധ്യത്തിനും വേണ്ടി ജനാധിപത്യത്തിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിന് പാര്‍ലമെന്റില്‍ അംബേദ്കറൈറ്റ് ശബ്ദങ്ങള്‍ അനിവാര്യമാണ്.
കടപ്പാട്: countercurrents.org
വിവര്‍ത്തനം: നിലോഫര്‍ സുല്‍ത്താന