ഫലസ്തീന്‍: ലോകം പോരാളികളെ വാഴ്ത്തുന്നു

യഹ്‌യ സിന്‍വാറിന്റെ വടിയും മരണചിത്രവും ഫലസ്തീന്‍ ചരിത്രത്തിലെ ഒരു നാഴികകല്ലായി ഇതിനകം മാറികഴിഞ്ഞു. 'സിന്‍വാറിന്റെ വടി' എന്നൊരു പ്രയോഗം പോലും അറബ് ലോകത്ത് ഉണ്ടായി.

Update: 2024-10-22 10:20 GMT
Advertising

യുദ്ധ കാഹളത്തിനറുതിയില്ല. ഗസ്സയിലും ലബനാനിലും മനുഷ്യരെ നിര്‍ബാധം ബോംബിട്ട് ചുട്ട് കരിക്കുന്നു. കുഞ്ഞുങ്ങളെ നിഷ്‌കരുണം കൊന്നുതള്ളുന്നു. ലോകം ഇതെല്ലാം നോക്കി നില്‍ക്കവേ ഇസ്രായേല്‍ അവരുടെ ആവനാഴിയിലെ എല്ലാ യുദ്ധമുറകളും ഉപയോഗിക്കുകയാണ്. അമേരിക്കയുടെ എല്ലാ അര്‍ഥത്തിലുമുള്ള സഹായത്തോടെ ഇസ്രായേല്‍ അവരുടെ ലക്ഷ്യം ഭാഗികമായെങ്കിലും നേടിയെന്ന് അവകാശപ്പെടുമ്പോഴും യുദ്ധം നിര്‍ത്താന്‍ പദ്ധതികളൊന്നുമില്ല. ലബനാനില്‍ നിന്നും സാലിഹ് അല്‍ അറൂരി, ഇറാനില്‍ വെച്ച് ഇസ്മായില്‍ ഹനിയ, ലെബനാനില്‍ ഹിസ്ബുല്ല നേതാവ് ഹസ്സന്‍ നസറുള്ള, ഫുആദ് ഷുകൂര്‍ ഒടുവില്‍ ഗസ്സയില്‍ ഹമാസ് തലവന്‍ യഹ്‌യ സിന്‍വാര്‍; ഹമാസിന്റെ നേതാക്കള്‍ ഒന്നൊന്നായി വീരമൃത്യൂ വരിച്ചുകൊണ്ടിരിക്കുന്നു. അതേസമയം ഹമാസ് ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്. യഹ്‌യ സിന്‍വാറിന്റെ മരണം എതിരാളികള്‍ പോലും വീരമരണമായി അടയാളപ്പെടുത്തുകയും ചെയ്യുന്നു.

ആഗ്രഹിച്ച് നേടുന്ന രക്തസാക്ഷിത്വം

ഹമാസിന്റെ സ്ഥാപക നേതാവ് അഹ്മദ് യാസീന്‍ മുതല്‍ യഹ്‌യ സിന്‍വാര്‍ വരെയുള്ള ഒരു നേതാവും നേതൃസ്ഥാനം മോഹിച്ച് മുന്നോട്ട് വന്നവരല്ല. രാജകീയ പദവിയും ആഡംഭര ജീവിതവും ആഗ്രഹിച്ച് പദവി ഏറ്റെടുത്തവരല്ല. രക്തസാക്ഷിത്വം ആഗ്രഹിച്ച് മുന്നില്‍ നിന്ന നേതൃനിരയായിരുന്നു ഹമാസിന്റേത്. നീതി തേടുന്ന ഒരു ജനതയുടെ ജനിച്ച മണ്ണിനോടും സ്വാതന്ത്ര്യത്തോടുമുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു. അധിനിവേശത്തെ ചെറുത്ത് നില്‍ക്കാന്‍ ആദര്‍ശത്തിന്റെ കരുത്തും വിശ്വാസ ദാര്‍ഢ്യതയും മാത്രമായിരുന്നു കൈമുതല്‍. കല്ലും കവണയും ആയുധമാക്കി തുടങ്ങിയ ചെറുത്ത് നില്‍പ്പായിരുന്നു അവരുടേത്. ഭയമൊട്ടുമില്ലാത്ത പോരാട്ട വീര്യം ഖുദുസിന്റെയും ഫലസ്തീനിന്റെയും സ്വാതന്ത്ര്യമല്ലെങ്കില്‍ രക്തസാക്ഷിത്വത്തില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് ആവശ്യമില്ലായിരുന്നു. മരണം വരെ മുന്നില്‍ നിന്ന് പൊരുതി തന്നെയാണവര്‍ അത് നേടിയതെന്ന് യഹ്‌യ സിന്‍വാറിന്റെ മരണം തെളിയിക്കുന്നു. ധീരതയുടേയും സ്ഥൈര്യത്തിന്റെയും അടയാളങ്ങള്‍ അവശേഷിപ്പിച്ച് കൊണ്ടാണ് അവര്‍ ഈ ലോകത്തോട് വിടപറയുന്നത്. ഫലസ്തീന്‍ ജനതയുടെ, അവര്‍ ജനിച്ച മണ്ണിനെ മോചിപ്പിക്കുവാനായി ജീവിതം ചെലവഴിക്കുകയും പോരാട്ടവഴിയുടെ മാതൃക വരും തലമുറക്ക് പകര്‍ന്നു നല്‍കിയുമാണ് അവര്‍ കടന്നുപോയത്.

രക്തസാക്ഷിത്വം രാഷ്ട്രത്തിലെ വീരന്മാര്‍ക്ക് ലഭിക്കുന്ന ബഹുമതിയായിട്ടാണ് മുസ്‌ലിം ലോകം കരുതുന്നത്. രക്തസാക്ഷികള്‍ മനുഷ്യ മനസ്സാക്ഷിയില്‍ ജീവനോടെ തുടരുമെന്ന് വേദവാക്യവുമുണ്ട്. അതിനാല്‍ ഫലസ്തീനില്‍ മാത്രമല്ല ലോകത്തുടനീളം പോരാടുന്ന യുവതലമുറക്ക് പ്രചോദനമാകാതെ തരമില്ല സിന്‍വാറിന്റെ ധീരമരണം. അധിനിവേശം വെച്ച് നീട്ടിയ സൗകര്യങ്ങള്‍ക്കും യുദ്ധതന്ത്രങ്ങളുടെ സമ്മര്‍ധങ്ങള്‍ക്കും വഴങ്ങാതെ അവസാന ശ്വാസം വരെയും ഫലസ്തീന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലി നല്‍കിയ മഹത്തുകളില്‍ ഒരാളായി കാലം സിന്‍വാറിനെ അടയാളപ്പെടുത്തും. രക്തസാക്ഷിത്വമാണ് തങ്ങളുടെ പര്യവസാനമെന്ന് ഓരോ ഫലസ്തീന്‍ നേതാക്കള്‍ക്കുമറിയാം. ഓരോ ധീര മരണവും ചെറുത്തുനില്‍പ്പിന് കൂടുതല്‍ പ്രചോദനമാകുന്നതുകൊണ്ട് കൂടിയാണ് രക്തസാക്ഷിത്വം അവര്‍ ആഗ്രഹിക്കുന്നത്. 


സിന്‍വാറിന്റെ വടിയും മരണ ചിത്രവും

രാഷ്ട്രങ്ങളെ നിര്‍വചിക്കുന്നത് ശക്തരായ നേതാക്കളിലൂടെ മാത്രമല്ല, അവരുടെ ധീരമരണം കൊണ്ട് കൂടിയാണ്. ഇന്ന് ആഗോള മാധ്യമങ്ങള്‍ യഹ്‌യ സിന്‍വാര്‍ എങ്ങനെ അനശ്വര നായകനായി എന്ന് ചര്‍ച്ച ചെയ്യുന്നു. യഹ്‌യ സിന്‍വാറിന്റെ വടിയും മരണചിത്രവും ഫലസ്തീന്‍ ചരിത്രത്തിലെ ഒരു നാഴികകല്ലായി ഇതിനകം മാറികഴിഞ്ഞു. 'സിന്‍വാറിന്റെ വടി' എന്നൊരു പ്രയോഗം പോലും അറബ് ലോകത്ത് ഉണ്ടായി. പ്രവാചകന്‍ മൂസായുടെ വടിയോട് അറബ് ചിന്തകരായ പല പ്രമുഖരും അതിനെ ഉപമിച്ചു. ഇസ്രായേല്‍ പുറത്തിറക്കിയ എണ്ണമറ്റ കള്ളങ്ങള്‍ സിന്‍വാറിന്റെ മരണചിത്രം ഒറ്റയടിക്ക് പൊളിച്ചു. ചിത്രങ്ങള്‍ പുറത്ത് വിട്ടത് ഒരു പിആര്‍ പിഴവായി പത്രക്കുറിപ്പ് ഇറക്കേണ്ട ഗതികേടുണ്ടായി. പോരാളികളുടെ ധീര മരണം ഒരു തലമുറക്ക് മുഴുവന്‍ നല്‍കുന്ന പാഠമായിരുന്നു. സിന്‍വാറിനെ പ്രവാചകന്റെ പിന്മുറക്കാരനായ സൈദ് ബിനു ഹാരിഥയോടും ചിലര്‍ ഉപമിച്ചു. അബ്ദുല്‍കാദര്‍ അല്‍-ജസാഇരി, അമീര്‍ അബ്ദുല്‍ കരീം, ഒമര്‍ മുഖ്താര്‍ തുടങ്ങിയ ചരിത്രപുരുഷന്മാരോടൊപ്പം അദ്ദേഹം ഇതിനകം സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് അറബ് മാധ്യമങ്ങള്‍ വിലയിരുത്തുന്നു. അള്‍ജീരിയന്‍, മൊറോക്കന്‍, ലിബിയന്‍ ചരിത്രത്തിലെ സമാനതകളില്ലാത്ത വ്യക്തികളാണിവര്‍. ടണലുകള്‍ നിര്‍മിച്ചു കൊണ്ടുള്ള ഹമാസിന്റെ പോരാട്ടങ്ങളുടെ സൂത്രധാരനായിട്ടാണ് സിന്‍വാര്‍ അറിയപ്പെടുന്നത്. ഇസ്രായേല്‍ കഴിഞ്ഞ ഒരു വര്‍ഷമായി അവരുടെ എല്ലാ പുതിയ സങ്കേതങ്ങളും ഉപയോഗിച്ച് പരതിയിട്ടും സിന്‍വാറിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കേവലം യാദൃശ്ചികമായി ഉണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് അത് സിന്‍വാറാണെന്ന് പോലും ഇസ്രായേല്‍ തിരിച്ചറിയുന്നത്. 


| ഇസ്മായില്‍ ഹനിയ, യഹ്‌യ സിന്‍വാര്‍ 

 ഗസ്സയില്‍ സയണിസ്റ്റ് ഗൂഡ പദ്ധതി

ഈ യുദ്ധം തുടങ്ങുമ്പോഴുണ്ടായിരുന്ന പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കപ്പുറം വലിയ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളും വിശാല സയണിസ്റ്റ് ഭൂമിയെന്ന താല്‍പര്യവും കൂടി സ്ഥാപിക്കണമെങ്കില്‍ ഗസ്സയില്‍ നിന്നും പൂര്‍ണമായും ജനവാസമില്ലാതാകേണ്ടതുണ്ട്. ഹമാസ് മാത്രമല്ല തുടര്‍ന്ന് അറബ് ലോകം മൊത്തം കാല്‍കീഴില്‍ കൊണ്ടു വരേണ്ടതുണ്ട്. ലബനാനും ഇറാഖും സിറിയയും ഈജിപ്തും തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളും വറുതിയില്‍ ആക്കുകയും വേണം. ഒരു നീരാളിയെപ്പോലെ സയണിസം മുസ്‌ലിം രാജ്യങ്ങളെ വരിഞ്ഞ് മുറുക്കുന്ന ലോകമാണവരുടെ കിണാശേരി. അറബ് ലോകം ഇതൊന്നും തിരിച്ചറിയുന്ന മട്ടിലല്ല മുന്നോട്ട് പോകുന്നത് എന്നത് മറ്റൊരു യാഥാര്‍ഥ്യം. ജൂതരാഷ്ടം എന്ന അടിസ്ഥാന ആശയത്തില്‍ നിന്നും സയണിസ്റ്റ് ഗൂഡ പദ്ധതിയിലേക്ക് വഴിമാറിയിരിക്കുന്നു. ഇസ്രായേലും അമേരിക്കയും പടിഞ്ഞാറന്‍ രാജ്യങ്ങളും അവരുടെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളുമാണ് ഗസ്സയില്‍ ഈ ഗൂഡമായ താല്‍പര്യങ്ങള്‍ നടപ്പാക്കാന്‍ പദ്ധതിയിടുന്നത്. പഴയ ബ്രിട്ടീഷ് അധികാര ശക്തി പച്ചകൊടി കാണിച്ച പദ്ധതി പൊടിതട്ടിയെടുത്ത് പ്രകൃതി വാതകങ്ങള്‍ക്ക് വേണ്ടിയുള്ള ഖനനവും വ്യാപാര പാതയുമുള്‍പ്പെടെയുള്ള പുതിയ കാലത്തെ കച്ചവട താല്‍പര്യങ്ങളെ അതിലേക്ക് ചേര്‍ത്തെഴുതുന്നതാണ് പടിഞ്ഞാറിന്റെ സയണിസ്റ്റ് ഗൂഢ പദ്ധതി. നേരെത്തെ ഇസ്രായേല്‍ പുറത്തിറക്കിയ വിഷന്‍ ഗസ്സ 2035 പ്രൊജക്ടില്‍ ഫലസ്തീനികളുമുണ്ടായിരുന്നു. എന്നാല്‍, നെതന്യാഹു ഇപ്പോള്‍ മുന്നോട്ട് വെക്കുന്ന രാഷ്ടീയ പദ്ധതിയില്‍ ഫലസ്തീനികള്‍ ഈ ചിത്രത്തില്‍ എവിടെയും ഉണ്ടാകരുത് എന്നാണ് തീരുമാനം. ഈജിപ്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി ബാക്കിയാകുന്ന ഫലസ്തീനികളെ അങ്ങോട്ടേക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്നുമൊക്കയാണ് ഇപ്പോള്‍ ചര്‍ച്ചചെയൂന്ന നിഗൂഢപദ്ധതി. ഗസ്സയിലെ ഫലസ്തീനികളെ ഇതിനു കിട്ടില്ലെന്ന് ഉറപ്പായത് കൊണ്ട് തന്നെയാണ് അമേരിക്കയുടെ ഒത്താശയില്‍ കിരാതമായ വംശഹത്യ തുടരുന്നത്.

സെയില്‍ ടാര്‍ഗറ്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കമ്പനികള്‍ അവരുടെ സ്റ്റാഫുമൊത്ത് ആഘോഷിക്കുന്നത് കോര്‍പ്പറേറ്റ് മേഖലകളില്‍ സര്‍വ്വസാധാരണമാണ്. എന്നാല്‍, യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വ വാര്‍ത്ത പ്രചരിച്ചതിന് ശേഷം, യുഎസ് പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്‍ഥികളും സ്റ്റേറ്റ് സെക്രട്ടറിയും തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി. തങ്ങള്‍ ടാര്‍ഗറ്റ് ചെയ്യുന്ന നേതാവിന്റെ മരണത്തില്‍ ഇസ്രായേലികള്‍ തെല്‍അവീവ് ബാറുകളില്‍ മധുരപലഹാരങ്ങളും കുപ്പികളും നല്‍കി ആഘോഷിച്ചു. ഇത്ര ചെറിയൊരു സംഘത്തിനു പിന്നില്‍ അത്രമേല്‍ ശക്തമായൊരു നേതൃത്വമായിരുന്നുവെന്നും യുദ്ധനീക്കങ്ങളില്‍ അമേരിക്കയുടെ പങ്കിനെയും വിളിച്ചറിയിക്കുന്നതാണ്.

അമേരിക്കയെ പോലുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അനിയന്ത്രിതമായി ആഹ്ലാദ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ യഹ്യ സിന്‍വാറിനേയും ഹമാസിനേയും കുറിച്ചുള്ള മറുലോകത്തിന്റെ ചിന്തകളില്‍ ഊര്‍ജം പകരാന്‍ അതിനു കഴിയുന്നു. അമേരിക്കയിലും പടിഞ്ഞാറന്‍ രാജ്യങ്ങളിലുമുള്ള പുതിയ തലമുറകള്‍ക്ക് പ്രചോദനമാകാനും അത് വഴിയൊരുങ്ങുമെന്ന് ആഘോഷ കമ്മിറ്റി ആറിയാതെ പോകുന്നു.

ഭീരുക്കള്‍ എത്ര ഉറക്കെ ആക്രോശിച്ചാലും ജനങ്ങള്‍ ഓര്‍ത്തുവെക്കുന്നത് നീതിക്ക് വേണ്ടിയുള്ള മാന്യമായ പോരാട്ടത്തിന്റെ കനലുകളായിരിക്കും. അവരുയര്‍ത്തുന്ന സമരത്തിന്റെ ജ്വാലകളായിരിക്കും. അടിച്ചമര്‍ത്തിയത് കൊണ്ടും ചുട്ടുകരിച്ചത് കൊണ്ടും ആശയങ്ങള്‍ അസ്തമിക്കുന്നില്ല. അവ തിമര്‍ക്കുന്ന ചാമ്പലില്‍ നിന്ന് തീപൊരിപോലെ വീണ്ടുമുണര്‍ന്ന് അവ കാലത്തിന്റെ മുന്നില്‍ ഒരു ചോദ്യചിഹ്നമായി എന്നും നിലനില്‍ക്കും. ഹമാസ് പോലുള്ള ഫലസ്തീന്‍ പ്രതിരോധ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് വെറുതെയാണെന്ന് ഇസ്രായേലിനു ഇനിയും മനസ്സിലാവാതെയല്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളും പോരാട്ടവും വ്യര്‍ഥമല്ല. ഇത് അവരുടെ ഐഡന്റിറ്റിയുടെ സ്വത്വത്തിന്റെ ഒരു നിര്‍ണായക ഘടകമാണ് എന്ന തിരിച്ചറിവില്ലായ്മ കൂടിയാണ്.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഹകീം പെരുമ്പിലാവ്

contributor

Similar News