കണക്കുകൾ സാക്ഷി; ടെസ്റ്റിൽ ‘കിങ്ങല്ല’ കോഹ്‍ലി

കോഹ്‍ലിയുടെ ടെസ്റ്റ് കരിയറിനെ 2020ന് മുമ്പും ശേഷവുമായി രണ്ടായിതിരിക്കാം. 2011 മുതൽ 19 വരെയുള്ള കാലയളവിൽ അദ്ദേഹത്തിന്റെ ടെസ്റ്റ് ആവറേജ് 54 ആണെങ്കിൽ അതിന് ശേഷം അത് 32 ആയി കുത്തനെ ഇടിഞ്ഞു.

Update: 2024-11-02 10:51 GMT
Editor : safvan rashid | By : Sports Desk
Advertising

തലകുനിച്ച് മടങ്ങിയ ഇടങ്ങളിൽ നിന്നെല്ലാം തലയുയർത്തി മടങ്ങിയവൻ... പ്രതിസന്ധികളെയെല്ലാം കഠിനാധ്വാനം കൊണ്ട് വകഞ്ഞു മാറ്റിയവൻ .. ഹോം, എവേ വ്യത്യാസമില്ലാതെ സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ചവൻ... ഏത് ഫോർമാറ്റിലും ഒരു പോലെ വി​ശ്വസ്തൻ... വിരാട് കോഹ്‍ലിയെന്ന ഇതിഹാസ താരത്തെ വിശേഷിപ്പിക്കാൻ വർണനകൾ ഏറെയുണ്ട്. വെള്ളപ്പന്തിൽ ഒരു മനുഷ്യജന്മത്തിന് സാധ്യമാകുന്നതെല്ലാം വെട്ടിപ്പിടിച്ച കോഹ്‍ലിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ പതനം പ്രത്യേകം ചർച്ച ചെയ്യേണ്ടതാണ്. പോയ നാലുവർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് റെക്കോർഡുകൾ പരിശോധിക്കുമ്പോൾ നിസംശയം പറയാം. THE KING HAS FALLEN.

ന്യൂസിലാൻഡിനെതിരെയുള്ള അഞ്ച് ഇന്നിങ്സുകളിൽ നിന്നുമായി അദ്ദേഹം നേടിയത് വെറും 92 റൺസാണ്. ഇതിൽ മൂന്ന് തവണയും പുറത്തായത് സ്പിന്നർമാർക്ക് മുന്നിൽ. ലോ ഫുൾടോസിൽ വരെ ബൗൾഡാകുന്ന താളം തെറ്റിയ കോഹ്‍ലിയെ നാം കണ്ടു. കേവലം ഒരു പരമ്പര കൊണ്ട് കോഹ്ലിലെപ്പോലൊരു താരത്തിന്റെ വിധി നിർണയിക്കുകയാണെന്ന് കരുതരുത്. പോയ വർഷങ്ങളിലെ അദ്ദേഹത്തിന്റെ പതനം വ്യക്തമാക്കുന്ന കൃത്യമായ ഡാറ്റകൾ നമുക്ക് മുന്നിലുണ്ട്.


2020 മുതലാണ് ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‍ലിക്ക് നിറം നഷ്ടപ്പെട്ട് തുടങ്ങിയത്. ഇതേ കാലയളവിൽ തന്നെ ​അദ്ദേഹത്തിന് എല്ലാ ഫോർമാറ്റുകളിലും ഫോം നഷ്ടപ്പെട്ടിരുന്നു. എന്നാൽ ട്വന്റി 20യിലും ഏകദിനത്തിലും തിരിച്ചുവന്നെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ കോൺഫിഡൻസോടെ കളിക്കുന്ന പോയ കാലത്തെ കോഹ്‍ലി ഒരിക്കലും മടങ്ങി വന്നില്ല. 2020ന് ശേഷം കളിച്ച 33 ടെസ്റ്റുകളിൽ വെറും രണ്ട് സെഞ്ച്വറി മാത്രമാണ് ആ ബാറ്റിൽ നിന്നും പിറന്നത്. 32 ആവേറജിൽ 1833 റൺസ് മാത്രമാണ് കുറിക്കാനായത്.

നിലവിൽ 117 ടെസ്റ്റിൽ നിന്നും 48 ആവറേജിൽ 9035 റൺസാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 50ന് മുകളിൽ ആവേറജുണ്ടായിരുന്ന അദ്ദേഹത്തിന്റെ കരിയറിനെ ഈ ഫോമില്ലായ്മ കാര്യമായി ബാധിച്ചിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ കോഹ്‍ലിയുടെ ടെസ്റ്റ് കരിയറിനെ 2020ന് മുമ്പും ശേഷവുമായി രണ്ടായിതിരിക്കാം. 2011 മുതൽ 19 വരെയുള്ള കാലയളവിൽ അദ്ദേഹത്തിന്റെ ടെസ്റ്റ് ആവറേജ് 54 ആണെങ്കിൽ അതിന് ശേഷം അത് 32 ആയി കുത്തനെ ഇടിഞ്ഞു.


സ്വന്തം മണ്ണിലും വിദേശ മണ്ണിലും കോഹ്ലി ഒരുപോലെ പരാജയപ്പെട്ടിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കി തരുന്നു. 2020ന് മുമ്പ് കോഹ്‍ലിക്ക് ഇന്ത്യൻ മണ്ണിൽ 68 എന്ന മികച്ച ആവറേജുണ്ടായിരുന്നെങ്കിൽ 2020ന് ശേഷം അത് 32 മാത്രമായി. വിദേശ പിച്ചിൽ 46 എന്ന മികച്ച ആവേറജ് 33ആയും കുറഞ്ഞു. ബാറ്റർമാരുടെ പറുദീസയായി അറിയപ്പെട്ടിരുന്ന ഇന്ത്യൻ പിച്ചുകളിൽ പതറുന്നവനായി കോഹ്‍ലി എങ്ങനെ മാറി?.

ഇന്ത്യൻപിച്ചുക​ളിൽ പതനത്തിനുള്ള പ്രധാനകാരണം സ്പിന്നിനിനെതിരെയുള്ള അദ്ദേഹത്തിന്റെ ദയനീയ പ്രകടനാമണ്. പന്തുകളെ ജഡ്ജ് ചെയ്യുന്നതിൽ അദ്ദേഹത്തിന് തെറ്റുന്നു. 2021 ശേഷം മാത്രം ഏഷ്യൻ പിച്ചുകളിൽ 22 തവണ കോഹ്ലി സ്പിന്നർമാർക്ക് മുന്നിൽ പുറത്തായി.


ഈ പട്ടിക നോക്കൂ. 2020ന് മുമ്പും ശേഷവുമുള്ള കോഹ്‍ലിയുടെ ഹോം ടെസ്റ്റ് റെക്കോർഡാണിത്. സ്പിന്നിനെതിരെ അദ്ദേഹത്തിന് 71 എന്ന അതിഗംഭീരമായ ശരാശരിയുണ്ടായിരുന്നു. എന്നാൽ 2020ന് ശേഷമുള്ള റെക്കോർഡുകൾ നോക്കൂ. പേസ് ബൗളിങ്ങിൽ വെറും 4 തവണ മാത്രം പുറത്തായപ്പോൾ സ്പിന്നിൽ 20 തവണ പുറത്തായി. ആവറേജാകട്ടെ, 29.50 മാത്രം.ടോഡ് മർഫി, മെഹ്ദി ഹസൻ, മുഈൻ അലി, ജാക്ക് ലീഷ്, മിച്ചൽ സാന്റ്നർ അടക്കമുള്ള ആവേറേജ് സ്പിന്നർമാർക്ക് മുന്നിലാണ് കോഹ്‍ലി മുട്ടുമടക്കിയത്.

എന്നാൽ വിദേശ പിച്ചുകളിൽ അദ്ദേഹം സ്പിന്നിനെതിരെ ഭേദപ്പെട്ട രീതിയിൽ കളിക്കുന്നുണ്ട്. കാരണം ഇതേ കാലയളവിൽ വെറും 4 തവണ മാത്രമാണ് അദ്ദേഹം സ്പിൻ ബൗളിങ്ങിൽ പുറത്തായത്.

ഈ ഫോമില്ലായ്മ തന്റെ സമകാലികരായ ‘ഫാബുലസ് ​ഫോർ’ എന്ന് വിളിക്കപ്പെട്ടവരിൽ നിന്നും അദ്ദേഹത്തെ ഒരുപാട് പിറകോട്ടടിപ്പിച്ചിട്ടുണ്ട്. 2016 മുതൽ 2019വരെയുള്ള കാലഘട്ടം കോഹ്‍ലിയുടെ കരിയറിന്റെ പീക്കായിട്ടാണ് വിലയിരുത്തുന്നത്. ഇതേ കാലയളവിൽ 43 ഇന്നിങ്സുകളിൽ 66 ആ​വറേജിൽ 4208 റൺസാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. ഇന്ത്യയിലും ഇംഗ്ലണ്ടിലും ആസ്ട്രേലിയയിലുമായി 16 സെഞ്ച്വറികളും താരം അടിച്ചുകൂട്ടി. ഇതേ കാലയളവിൽ മറ്റൊരാളും ടെസ്റ്റ്​ ക്രിക്കറ്റിൽ ഇത്രയും സെഞ്ച്വറികൾ നേടിയിട്ടില്ല.

ഫാബുലസ് ഫോറിൽ നിലവിൽ ഏറ്റവും മികച്ച റെക്കോർഡുള്ള ജോറൂട്ടുമായി താരതമ്യം ചെയ്യുമ്പോൾ കോഹ്‍ലിയുടെ പതനത്തിന്റെ വ്യാപ്തി മനസ്സിലാകും. 2020 ഡിസംബർ 30ന് ജോറൂട്ടിന്റെ പേരിലുണ്ടായിരുന്നത് 17 സെഞ്ച്വറികളാണ്. സ്റ്റീവ് സ്മിത്തിന്റെ പേരിലുണ്ടായിരുന്നത് 26ഉം കെയ്ൻ വില്യംസണുണ്ടായിരുന്നത് 23ഉം സെഞ്ച്വറികൾ. ക്രികറ്റ് ലോകം ഫാബുലസ് ഫോർ എന്ന് വിളിച്ച ആ നാൽവർ സംഘത്തിൽ മുന്നിൽ നടന്നത് കോഹ്‍ലിയായിരുന്നു.27 സെഞ്ച്വറികൾ അന്ന് പേരിലുണ്ടായിരുന്ന കോഹ്‍ലി ടെസ്റ്റിലെ റെക്കോർഡുകളും പേരിലാക്കുമെന്ന് വിധികുറിക്കപ്പെട്ടു.

എന്നാൽ മൂന്നുവർഷങ്ങൾക്കിപ്പുറം കണക്കുപുസ്തങ്ങൾ പരിശോധിക്കുമ്പോൾ ​കോഹ്‍ലി ബഹുദൂരം പിന്നിലാണ്. വെറും മൂന്നര വർഷം കൊണ്ട് റൂട്ട് തന്റെ സെഞ്ച്വറികളുടെ എണ്ണം ഇരട്ടിയാക്കി. കെയ്ൻ വില്യംസൺ ഒൻപതും സ്റ്റീവ് സ്മിത്ത് ആറും സെഞ്ച്വറികൾ കുറിച്ചു. പക്ഷേ കോഹ്ലിക്ക് മൂന്നക്കത്തിലെത്താനായത് വെറും രണ്ടേ രണ്ട് തവണ മാത്രം. ‘ഫാബുലസ് ഫോറിൽ’ ആവറേജിലും കോഹ്‍ലി പിന്തള്ളപ്പെട്ടു. കെയ്ൻ വില്യംസണ് 54ഉം സ്റ്റീവ് സ്മിത്തിന് 53ഉം ജോറൂട്ടിന് 51ഉം ആറവേജുള്ളപ്പോൾ കോഹ്‍ലി 48ലേക്ക് കൂപ്പുകുത്തി.

ഇനി മുന്നിൽ വരാനുള്ളത് ബോർഡർ-ഗവാസ്കർ ട്രോഫിയാണ്. കോഹ്‍ലിയെന്ന താരത്തിന്റെ കരിയറിലെ അവസാനത്തെ ആസ്ട്രേലിയൻ പര്യടനം. ഓസീസ് ഹുങ്കിനെ വെല്ലുവിളിച്ചും തിരിച്ചടിച്ചും തന്നെയാണ് അയാൾ ക്രിക്കറ്റിലെ കിങ്ങായത്. 47 എന്ന ​ഇമ്പ്രസീവ് ആവറേജും എട്ട് സെഞ്ച്വറികളും കോഹ്‍ലി ഓസീസ് മണ്ണിൽ നേടിയിട്ടുണ്ട്.

തെറ്റുകൾ തിരുത്തി കോഹ്‍ലി തിരിച്ചുവരുമെന്ന് തന്നെ പ്രതീക്ഷിക്കാം. കാരണം അയാളുടെ കരിയർ കംബാക്കുക​ളുടേത് കൂടിയാണ്. 2014ലെ ഇംഗ്ലീഷ് പര്യടനത്തിൽ 10 ഇന്നിങ്സുകളിൽ നിന്നും 134 റൺസെന്ന നാണക്കേടുമായാണ് അയാൾ തിരിച്ചുനടന്നത്. ഇന്ത്യയിലെ ഫ്ലാറ്റ് പിച്ചുകളിലാണ് അയാൾ രാജാവാകുന്നതെന്ന് വരെ വിമർശനമുയർന്നു. എന്നാൽ നാലുവർഷങ്ങൾക്കിപ്പുറമുള്ള ഇംഗ്ലീഷ് പരമ്പരയിൽ 593 റൺസും നേടി ടോപ് സ്കോററായാണ് കോഹ്‍ലി അതിന് മറുപടി പറഞ്ഞത്. ടീമൊന്നാകെ തകരുന്ന നേരവും കോഹ്‍ലി നടത്തിയ ഒറ്റയാൾ പോരാട്ടങ്ങൾ കണ്ട് വിമർശകൾ വരെ കൈയ്യടിച്ചു. ഓസീസ് മണ്ണിൽ നിന്നും തലയുയർത്തി മടങ്ങാനും ലോക ടെസ്റ്റ് ചാമ്പ്യൻഷിൽ ഇന്ത്യയുടെ പേര് പതിയാനും ആ ബാറ്റ് ചിലച്ച് തുടങ്ങേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. അങ്ങനെ സംഭവിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News