അന്‍വറിന്റെ പിന്നിൽ? മുസ്‍ലിം അദൃശ്യകരം എന്ന മിത്ത്; ഇസ്‌ലാമോഫോബിയ സെപ്റ്റംബർ മാസം സംഭവിച്ചത്
2024 സെപ്റ്റംബർ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം -7
മലപ്പുറം പൊലീസിന്റെ ഇസ്‍ലാമോഫോബിക് പെരുമാറ്റങ്ങള്‍ നേരത്തെതന്നെ പല നിലകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നെങ്കിലും അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ സംവാദങ്ങള്‍ക്ക് വ്യത്യസ്ത മാനം നല്‍കി. തുടക്കത്തില്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും വിശ്വാസത്തിലെടുത്തുകൊണ്ടായിരുന്നു അന്‍വര്‍ പെരുമാറിയിരുന്നതെങ്കിലും താമസിയാതെ മുഖ്യമന്ത്രിയും സര്‍ക്കാരും അദ്ദേഹത്തിന്റെ എതിര്‍പക്ഷത്തായി. അന്‍വര്‍ തന്റെ വെളിപ്പെടുത്തലുകള്‍ നടത്തിക്കൊണ്ടിരുന്ന അതേസമയത്തുതന്നെ അന്‍വറിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളും നടന്നിരുന്നു. അന്‍വറിന് പിന്നിലെ നിഗൂഢശക്തികളെക്കുറിച്ചായിരുന്നു ഉയര്‍ന്നുവന്ന പ്രധാന ആശങ്ക.
മുസ്‌ലിം അദൃശ്യകരം എന്ന ഇസ്‌ലാമോഫോബിക് ഭാവന
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അൻവറിനു പിന്നിൽ സമസ്തയും ജമാഅത്തെ ഇസ്‌ലാമിയുമാണ് എന്നാണ് ആരോപിച്ചത്. അന്‍വറിനു പിന്നില്‍ ജിഹാദികള്‍ എന്ന് അഡ്വ. എ ജയശങ്കര്‍ പറഞ്ഞു. എബിസി ചാനലിലാണ് ജയശങ്കർ അഭിപ്രായ പ്രകടനം നടത്തിയത്. ജയശങ്കറിന്റെയും ഷാജൻ സ്കറിയയുടെയും എതിരാളികളായ സിപിഎം നേതാക്കൾ സ്വന്തം ശൈലിയിൽ വിവിധ അദൃശ്യശക്തികൾ അൻവറിനു പിന്നിലുണ്ടെന്ന വാദമുയർത്തി. അൻവർ തീവ്രവാദശക്തികളുടെ തടവറയിലെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് ആരോപിച്ചത്. അന്‍വറിനെ ജമാഅത്തെ ഇസ്‌ലാമിയുടെ ഉപഗ്രഹമാണെന്നാണ് സിപിഎം സംസ്ഥാന സമിതി അംഗം അഡ്വ. കെ അനില്‍കുമാര്‍ പറയുന്നതെങ്കിൽ അൻവറിനു പിന്നില്‍ എസ് ഡി പി ഐയും ജമാഅത്തെ ഇസ്‌ലാമിയുമാണെന്ന് പാലൊളി മുഹമ്മദ് കുട്ടി അഭിപ്രായപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അഭിപ്രായത്തില്‍ പി.വി അന്‍വറിനു പിന്നില്‍ കോണ്‍ഗ്രസ്, മുസ്‍ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി കൂട്ടുമുന്നണിയാണുള്ളത്. ഗോവിന്ദന്റെ അഭിപ്രായത്തിൽ എസ്ഡിപിഐ കൂട്ടുമുന്നണിയിൽ ഇല്ല. എന്നാൽ പാലൊളി അങ്ങനെ കരുതുന്നു. അനിൽകുമാർ ആവട്ടെ ജമാഅത്തെ ഇസ്‌ലാമിയാണ് അൻവറിന്റെ പിന്നിലെന്ന് പറയുന്നു. പരസ്പര വിരുദ്ധമായ ഈ ആരോപണങ്ങളൊക്കെ നടത്തുന്നത് ഒരേ പാർട്ടിക്കാരാണ്. അതാണ് ഇക്കാര്യത്തിൽ അഭിപ്രായ ഐക്യമുള്ള ഏക വസ്തുത .
കേരളത്തെ നിയന്ത്രിക്കുന്ന മുസ്‌ലിം 'അദൃശ്യകരം' എന്ന ഒരു മിത്ത് ( ദ മിത്ത് ഓഫ് ഇൻവിസിബിൾ ഹാൻഡ് ) അൻവറിന്റെ വെളിപ്പെടുത്തലിനു ശേഷം പ്രചരിപ്പിക്കപ്പെടുകയുണ്ടായി. കേരള രാഷ്ട്രിയം മുസ്‌ലിംകളാണ് കൈകാര്യം ചെയ്യുന്നതെന്നും സാമ്പത്തിക രാഷ്ട്രീയ സാമൂഹിക ക്രമങ്ങളും മുസ്‌ലിം ന്യൂനപക്ഷം കയ്യടക്കിയിരിക്കുകയാണെന്നുമുള്ള പ്രചാരണം ഹിന്ദുത്വർ കാലങ്ങളായി നടത്തുന്നതാണ്. ഇത്തരമൊരു ഹിന്ദുത്വ പ്രചാരണത്തിന്റെ ആശയശാസ്ത്രം ഉപയോഗിച്ചാണ് അൻവറിന്റെ പിന്നിലുള്ള അദൃശ്യകരത്തെക്കുറിച്ചുള്ള വിവരണങ്ങൾ വികസിച്ചത്. മുകളിൽ നൽകിയ പ്രസ്താവനകൾ അയുക്തികരവും വസ്തുതാ വിരുദ്ധവും പരസ്പര വൈരുധ്യങ്ങൾ നിറഞ്ഞതുമാണ്. ഒരു ന്യൂനപക്ഷ അപരവിഭാഗത്തെ മുൻനിർത്തി വികസിക്കുന്ന ഇസ്‌ലാമോഫോബിക് ഭാവന സാമൂഹിക ജീവിതത്തിൽ പ്രവർത്തിക്കുന്നത് യുക്തിയെയും വസ്തുതകളെയും പൂർണ്ണമായും കയ്യൊഴിഞ്ഞാണ്. വ്യാജ പ്രചാരണങ്ങളും കുപ്രചാരണങ്ങളും ഫാസിസ്റ്റ് രാഷ്ട്രീയത്തെ നിരന്തരം ശക്തിപ്പെടുത്തുന്ന രീതിയിൽ ഓരോ ഘട്ടത്തിലും വികസിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ് മനസ്സിലാവുന്നത്.
പിന്നില്‍ സമസ്തയും ജമാഅത്തും- ഷാജന്‍സ്‌കറിയ
അന്‍വറിനെതിരേ തുടക്കം മുതല്‍ നിലപാടെടുത്ത ഓണ്‍ലൈന്‍ മാധ്യമമാണ് മറുനാടന്‍ മലയാളിയും അതിന്റെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയും. വിവാദം പല നിലയില്‍ വളരുന്നതിനിടയില്‍ 'പിന്നില്‍ മത സംഘടനകള്‍...മറുനാടനോട് തോറ്റ് ഹാലിളകി അന്‍വറിക്ക..; അന്‍വറിന്റെ പിന്നിലെ ഗൂഢാലോചന ഇങ്ങനെ?' എന്ന പേരില്‍ മറുനാടന്‍ മലയാളി ഒരു വീഡിയോ ചെയ്തു. അന്‍വറിനു പിന്നില്‍ സമസ്തയും ജമാഅത്തും അടക്കമുള്ള മുസ്‍ലിം സംഘടനകളാണ് എന്നായിരുന്നു അവരുടെ വാദം. മുസ്‍ലിംസമൂഹത്തിലെ നിഗൂഢശക്തികളാണ് അന്‍വറിലൂടെ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു പറയാന്‍ ശ്രമിച്ചത്: ‘മറുനാടന്‍ ഒരു മുസ്‍ലിംവിരുദ്ധപ്രസ്ഥാനമാണെന്ന് അന്‍വര്‍ ഉണ്ടാക്കിയെടുത്ത വ്യാജ കഥയുണ്ട്. ആ വ്യാജകഥ വിശ്വസിക്കുന്നവരാണ് മുസ്‍ലിം രാഷ്ട്രീയത്തില്‍ പലരും. തെളിവുചോദിച്ചാല്‍ ഇല്ല, എല്ലാവരും അങ്ങനെ പറയുന്നു. അതുകൊണ്ട് ഞങ്ങളും വിശ്വസിക്കുന്നുവെന്ന നിലപാടാണ്. ലീഗിലെ പി.എം.എ സലാമിനെപ്പോലുള്ളവര്‍ കടുത്ത മറുനാടന്‍ വിരുദ്ധരാണ്. അതുകൊണ്ട് മറുനാടനെതിരായ വികാരം പൊക്കിക്കൊണ്ടുവന്നാല്‍ യുഡിഎഫിലേക്കുള്ള പ്രവേശനം എളുപ്പമാകും എന്ന് അന്‍വര്‍ കരുതുന്നു. മറുനാടനെതിരായ വേട്ട തുടരണമെങ്കില്‍ ലീഗിനെയും കോണ്‍ഗ്രസ്സിനെയും കൂട്ടുപിടിക്കണം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മറുനാടനെതിരായ കേസുകള്‍ ഇല്ലാതാവുമോ എന്ന ആശങ്ക അന്‍വറിനുണ്ട്. സമസ്തയും ജമാഅത്തെ ഇസ്‌ലാമിയും അന്‍വറിനെ പിന്തുണയ്ക്കുന്നു. ഷേഖ് ദർവേസ് സാഹിബ് ഡിജിപിയായത് സമസ്തയുടെ ഇടപെടലിന്റെ ഭാഗമായാണ്. പത്മകുമാറിനെ ഡിജിപിയാക്കാനായിരുന്നു ആലോചിച്ചിരുന്നത്. അദ്ദേഹം അതിനാവശ്യമായ കരുക്കള്‍ നീക്കുകയും ചെയ്തിരുന്നു. നടന്നില്ല. അതേസമയം, ദര്‍വേസ് സാഹിബിന് ഡിജിപിയായിട്ടും പൊലിസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. പത്രസമ്മേളനം വിളിക്കുന്നതും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുന്നതുമൊക്കെ എഡിജിപി എം.ആര്‍ അജിത് കുമാറാണ്. അതുകൊണ്ട് ദര്‍വേസ് സാഹിബിന് അസ്വസ്ഥതയുണ്ട്. സമസ്ത ആഗ്രഹിച്ച കാര്യങ്ങള്‍ സാധിക്കുന്നില്ല. അതുകൊണ്ട് എഡിജിപി അജിത് കുമാറിനെ സംഘിയാക്കി മറുനാടനെ സഹായിക്കുന്ന ആളാക്കി പുറത്താക്കുക എന്ന ലക്ഷ്യം സമസ്തയ്ക്കുണ്ട്.... എഡിജിപി മറുനാടനെ കാശുവാങ്ങി സഹായിച്ചു. തൊട്ടുപിന്നാലെയാണ് സുരേഷ് ഗോപിയെ സഹായിക്കാന്‍ എം.ആര്‍ അജിത് കുമാര്‍ ഇടപെടല്‍ നടത്തിയെന്ന വെളിപ്പെടുത്തലുമായി അന്‍വര്‍ വരുന്നത്. എഡിജിപി സംഘിയാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ലക്ഷ്യം. റിപ്പോര്‍ട്ടര്‍ ചാനലും മീഡിയാവണുമാണ് ഇപ്പോള്‍ ഇത്തരം വാര്‍ത്തകള്‍ ചെയ്യുന്നത്. മീഡിയാവണിന്റെ ലക്ഷ്യമെന്താണ്? അവരുടെ കടുത്ത മറുനാടന്‍ വിരുദ്ധ നിലപാട് നമുക്കറിയാം. ആ നിലപാടുതന്നെയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്. അജിത് കുമാറിനെ ലക്ഷ്യംവച്ച് അന്‍വര്‍ മുന്നോട്ടുപോവുകയാണ്. അതില്‍ ജയിച്ചെന്നുവരാം. സമസ്തയെയും ജമാഅത്തെ ഇസ് ലാമിയെയും മറികടക്കാനുള്ള ശക്തി പിണറായി വിജയനില്ല. അന്‍വറിനെ പിന്തുണച്ചുകൊണ്ട് കെ.ടി ജലീല്‍ പ്രസ്താവനയുമായി വന്നിരിക്കുന്നു. വിചാരിക്കുന്നതിപ്പുറത്തുള്ള ഇടപെടലുണ്ടെന്നതിന് തെളിവാണ് ഇത്. ഇതൊരു ഗൂഢാലോചനയാണ്. ഇതില്‍ എം.ആര്‍ അജിത് കുമാറിന്റെ പദവി നഷ്ടപ്പെട്ടാലും അത്ഭുതപ്പെടേണ്ടതില്ല. (അന്‍വറിന്റെ പിന്നിലെ ഗൂഢാലോചന ഇങ്ങനെ..., മറുനാടന്‍ മലയാളി, സെപ്തംബര്‍ 1, 2024)
അന്‍വറിനു പിന്നില്‍ ജിഹാദികള്‍: അഡ്വ. എ ജയശങ്കര്‍
മലപ്പുറം പൊലീസിനെതിരേയുള്ള അന്‍വറിന്റെ പരാതി രൂക്ഷമായപ്പോള്‍ എസ് പി ശശിധരന്‍ അടക്കം ജില്ലയിലെ ഉന്നതരായ ചില പൊലിസുകാരെ സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു. ഇതേകുറിച്ച് ഏതാനും വീഡിയോകള്‍ അഡ്വ. ജയശങ്കര്‍ ചെയ്തു. അതിലൊന്ന് എബിസി മലയാളം ന്യൂസിലായിരുന്നു 'വിക്കറ്റ് വീഴ്ച, അഡ്വ. ജയശങ്കര്‍ സംസാരിക്കുന്നു,' എന്ന ശീര്‍ഷകത്തില്‍: പിണറായി വിജയനെ തട്ടാതെ അന്‍വറിന്റെ കലിയടങ്ങില്ല. അന്‍വറിന്റെ പുറകില്‍ പല ആളുകളുമുണ്ട്. അതിന്റെ പുറകില്‍ ചില മതമൗലികവാദശക്തികളുണ്ട്. അബുദാബി കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന പ്രവാസി വ്യവസായികളുണ്ട്. പുറമെ സിപിഎമ്മിനുള്ളിലെ കുലംകുത്തികളുണ്ട്. പി.പി ശശിയെയല്ല ഉന്നം വയ്ക്കുന്നത് പിണറായി വിജയനെയാണ്. അല്‍പ്പം കാത്തിരുന്നാല്‍ അത് വ്യക്തമാകും. (...) ശശിധരന്‍ പോയതില്‍ മുന്‍മന്ത്രി കെ.ടി ജലീലിനാണ് സന്തോഷം.(...) എസ്പി ശശിധരന്‍ പോയി ഒരു വീക്കറ്റുകൂടി വീണുവെന്നാണ് ജലീൽ ഫെയ്സ് ബുക്കില്‍ എഴുതിയത് (വിക്കറ്റ് വീഴ്ച, അഡ്വ. ജയശങ്കര്‍ സംസാരിക്കുന്നു, എബിസി മലയാളം ന്യൂസ്, സെപ്തംബര്‍ 11, 2024)
തൊട്ടടുത്ത ദിവസം മറുനാടനിലൂടെയും ജയശങ്കറിന്റെ ഒരു വീഡിയോ പുറത്തുവന്നു. 'അന്‍വര്‍, കെ.ടി ജലീല്‍ മതരാഷ്ട്രവാദി, ഇവരാണ് കേരളത്തിന്റെ ശാപം' എന്നായിരുന്നു വീഡിയോയുടെ കാര്‍ഡില്‍ എഴുതിയിരുന്നത്. മതരാഷ്ട്രവാദികള്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ കരുക്കള്‍നീക്കുന്നതെന്ന് ജയശങ്കര്‍ വീഡിയോയില്‍ ആരോപിച്ചു: ''സിഐയായും ഡിവൈഎസ്പിയായും പ്രവര്‍ത്തിച്ചകാലത്ത് സല്‍പ്പേര് മാത്രം സമ്പാദിച്ചയാളാണ് എസ്പി ശശിധരന്‍. പിന്നീടാണ് അദ്ദേഹത്തിന് ഐപിഎസ് കണ്‍ഫര്‍ ചെയ്തുകിട്ടിയത്. ഇദ്ദേഹത്തിനെതിരേയുള്ള ആക്ഷേപത്തിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് അന്‍വറിന് ശശിധരനെ ഇഷ്ടമല്ല എന്നതാണ്. രണ്ടാമതായി ഈ നാട്ടിലെ മതമൗലികവാദികളും മതതീവ്രവാദികളും മതരാഷ്ട്രവാദികളും എല്ലാവരും, ഒറ്റവാക്കില്‍ ജിഹാദികള്‍, ശശിധരനെതിരായിതിരിഞ്ഞിട്ടുണ്ട്. അതിന്റെ പ്രകോപനം സര്‍വീസില്‍നിന്ന് പിരിഞ്ഞ ഒരു മുന്‍സിഫ് മജിസ്‌ട്രേറ്റ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ്....''(അന്‍വര്‍ മുഖ്യമന്ത്രിയെ വരുതിയിലാക്കിയ സംഭവം; അഡ്വ ജയശങ്കര്‍ പറയുന്നു, സെപ്തംബര്‍ 12, 2024, മറുനാടന്‍ മലയാളി).
അന്‍വറിന് തീവ്രവാദബന്ധമുണ്ടെന്ന് എഡിജിപി ഡിജിപിക്കു മുന്നില്‍ മൊഴി നല്‍കിയതായി മീഡിയാ മലയാളം ആരോപിച്ചു: ‘അന്‍വറിന് തീവ്രവാദബന്ധമുണ്ടെന്നാണ് അജിത് കുമാര്‍ പറയുന്നത്. അന്‍വറിനു പിന്നില്‍ മാഫിയകളാണെന്നും പറയുന്നു. തീവ്രവാദബന്ധമെന്നു പറയുമ്പോള്‍ ജലീലും കൂടി അതിനുപിന്നിലുണ്ടെന്ന് ചേര്‍ത്തു വായിക്കണം...അന്‍വര്‍ എഡിജിപിയെ പൂട്ടാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മുഖ്യമന്ത്രി അനങ്ങിയില്ല. ... മലപ്പുറത്ത് വേറെ എന്തെങ്കിലും നിയമമുണ്ടോയെന്ന് അറിയില്ല. ഹമാസ് നേതാക്കളെപോലും വിളിച്ച് ആദരിച്ച നാടാണ് മലപ്പുറം. എഡിജിപി അജിത് കുമാര്‍ തിരുവനന്തപുരത്ത് പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഡിജിപിക്കു മുന്നില്‍ നല്‍കിയ മൊഴിയാണ് നിലമ്പൂര്‍ എംഎല്‍എക്ക് തീവ്രവാദ ബന്ധമുണ്ടെന്നത്. അതുമാത്രമല്ല, തീവ്രവാദബന്ധമുള്ളവരാണ് അദ്ദേഹത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും പറഞ്ഞിട്ടുണ്ട്. മാഫിയാസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്''(അന്‍വര്‍ പെട്ടോ?, മീഡിയ മലയാളം, സെപ്തംബര്‍ 13, 2024)
എഡിജിപി അജിത് കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റലും, പി.ശശിയെ താഴെയിറക്കലും മാത്രമല്ല അന്‍വറിന്റെ ലക്ഷ്യമെന്നാണ് അഡ്വ. എ ജയശങ്കറിന്റെ അഭിപ്രായം: ‘മുഖ്യമന്ത്രി പിണറായി വിജയനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അന്‍വറിന്റെ നീക്കം. മുഖ്യമന്ത്രിയ്ക്കുശേഷം മരുമോന്‍ റിയാസ് വാഴുമോയെന്ന് പേടിയുണ്ട്. അതില്ലാതാക്കാന്‍ പാര്‍ട്ടിയിലെ ചിലരുടെ ഒത്താശയും അന്‍വറിനുണ്ട് ചില സമുദായസംഘടനകളും യുഎഇയിലെ വ്യവസായിയും ഈ നീക്കത്തില്‍ അന്‍വറിനൊപ്പം നില്‍ക്കുന്നു’(പി.വി അന്‍വറിന്റേത് വിമോചന പോരാട്ടമെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചോ? നീക്കം പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗം; പിന്നിലെ ശക്തികള്‍ ഇവരൊക്കെ: അഡ്വ.എ.ജയശങ്കര്‍ വിലയിരുത്തുന്നു, മറുനാടന്‍ മലയാളി സെപ്തംബര്‍ 27, 2024).
പിന്നില്‍ ബാഹ്യശക്തികള്‍:
പി.വി അന്‍വര്‍ എംഎല്‍എക്ക് പിന്നില്‍ ബാഹ്യശക്തികളെന്ന് എഡിജിപി എം.ആര്‍ അജിത് കുമാര്‍. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എഡിജിപി പ്രത്യേക അന്വേഷണ സംഘത്തലവനായ ഡിജിപിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ അവസരം വേണമെന്നും എം.ആര്‍ അജിത് കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്രവാദബന്ധമുള്ള സ്വര്‍ണക്കടത്ത് മാഫിയകള്‍ക്കെതിരെ നടപടി എടുത്തതിനാലാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം അജിത് കുമാര്‍ നിഷേധിച്ചു. അന്വേഷണം പൂര്‍ത്തിയായി കഴിഞ്ഞ് ആരോപണം ശരിയല്ലെന്ന് ബോധ്യപ്പെട്ടാല്‍ ഉന്നയിച്ചവര്‍ക്കെതിരെ കേസ് എടുക്കണമന്നും ആവശ്യപ്പെട്ടു.പൊലീസ് ആസ്ഥാനത്തു നാലുമണിക്കൂറോളം നീണ്ട മൊഴിയെടുപ്പില്‍ അന്വേഷണസംഘാംഗമായ ഐജി ജി.സ്പര്‍ജന്‍ കുമാറും രണ്ട് എസ്പിമാരും ഉണ്ടായിരുന്നു. ആരോപണങ്ങള്‍ ഉന്നയിച്ച അന്‍വറില്‍ നിന്നും തൃശൂര്‍ ഡിഐജി കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തിയിരുന്നു. ഇത് വിശദമായി പരിശോധിച്ചതിനെ തുടര്‍ന്നാണ് പൊലീസ് മേധാവി എഡിജിപിയില്‍ നിന്ന് മൊഴിയെടുത്തത്. താന്‍ നല്‍കിയ കത്തിലെ വിഷയങ്ങള്‍ പരിശോധനക്ക് വിധേയമാക്കണമെന്നും അജിത് കുമാര്‍ മൊഴിയില്‍ ആവശ്യപ്പെട്ടു. എഡിജിപിയില്‍ നിന്ന് ഐജി സ്പര്‍ജന്‍ കുമാര്‍ മൊഴിയെടുക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കീഴുദ്യോഗസ്ഥന്‍ മൊഴി രേഖപ്പെടുത്തുന്നതിനെതിരെ അജിത് കുമാര്‍ പൊലീസ് മേധാവിക്ക് കത്തുനല്‍കിയിരുന്നു. മൊഴി രേഖപ്പെടുത്തുമ്പോള്‍ വീഡിയോ ചിത്രീകരണം വേണമെന്നും മറ്റ് ഉദ്യോഗസ്ഥര്‍ ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ മൊഴിയെടുക്കല്‍ വീഡിയോയില്‍ ചിത്രീകരിച്ചു. അന്വേഷണസംഘത്തില്‍പ്പെട്ട ഡിഐജി ഒഴികെയുള്ളവര്‍ പൊലീസ് മേധാവിയുടെ ഓഫീസില്‍ ഉണ്ടായിരുന്നു. (ആരോപണത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുള്ള സ്വര്‍ണക്കടത്തുകാരെ പിടികൂടിയത്; അന്‍വറിന് പിന്നില്‍ ബാഹ്യശക്തികളെന്ന് എഡിജിപി, സമകാലിക മലയാളം, സെപ്തംബര്‍ 13, 2023)
തീവ്രവാദശക്തികളുടെ തടവറയില്‍: സിപിഎം ജില്ലാ സെക്രട്ടറി
അന്‍വര്‍ തീവ്രവാദശക്തികളുടെ തടവറയിലാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് ആരോപിച്ചു. അന്‍വര്‍ അദ്ദേഹത്തെ ആര്‍എസ്എസ്സുകാരനാണെന്ന് ആരോപിച്ചിരുന്നു. അതിനോടുള്ള പ്രതികരണത്തിലായിരുന്നു ജില്ലാ സെക്രട്ടറിയുടെ ആരോപണം. ‘അന്‍വര്‍ ഇടതുപക്ഷവുമായുള്ള ബന്ധം അവസാനിപ്പിച്ച് വലതു പാര്‍ട്ടികളോടൊപ്പം ചേര്‍ന്നതിനാലാണ് തന്നെ ആര്‍എസ്എസ് എന്ന് ചിത്രീകരിക്കുന്നത്. പി.വി അന്‍വര്‍ എംഎല്‍എ തീവ്രവാദ ശക്തികളുടെ തടവറയിലാണ്. ആര്‍എസ്എസുകാരനാണെന്ന ആരോപണം പുച്ഛത്തോടെ തള്ളുന്നു. അന്‍വറിന്റേത് പാര്‍ട്ടിക്കെതിരായ കടന്നാക്രമണമാണ്. വ്യക്തിപരമായ ആക്രമണമായി കാണുന്നില്ല. ആദ്യം മുസ്‍ലിം പ്രീണനം ആയിരുന്നു ആരോപണം. ഇപ്പോള്‍ മുസ്‍ലിംകളെ പീഡിപ്പിക്കുന്നുവെന്നും താന്‍ ആര്‍എസ്എസാണ്, വര്‍ഗീയവാദിയാണ്, മുസ്‍ലിം വിരുദ്ധനാണ് എന്നാണ് അന്‍വര്‍ പറഞ്ഞത്. മുസ്‍ലിം ലീഗിന്റെ നേതാവ് പോലും ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കില്ല. പരസ്പരം കലഹിക്കുന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാരമ്പര്യം അതല്ല.
തീവ്രവര്‍ഗീയതയുടെ പന്തമാണ് അന്‍വറിന്റെ കൈയിലുള്ളത്. അന്‍വര്‍ തീവ്രവാദ ശക്തികളുടെ തടവറയിലായിരിക്കുന്നു. അന്‍വറിനോട് സഹതാപമാണുള്ളത്. അന്‍വറിന്റെ കൈയിലുള്ളത് തീവ്രവര്‍ഗീയതയുടെ പന്തമാണ്. കമ്യൂണിസ്റ്റുകാര്‍ മുസ്‌ലിംകളെ വേട്ടയാടുകയാണെന്ന് എന്ന് കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹം പറയുന്നു. ഈ ആക്ഷേപം തീവ്ര വര്‍ഗീയ ശക്തികളെയാണ് സഹായിക്കുക('അന്‍വര്‍ തീവ്രവാദ ശക്തികളുടെ തടവറയില്‍'; സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്, മീഡിയാവണ്‍, സെപ്തംബര്‍ 28, 2024, മീഡിയാവണ്‍).
ജമാഅത്തെ ഇസ് ലാമിയുടെ ഉപഗ്രഹം:
അന്‍വറിനെ ജമാഅത്തെ ഇസ് ലാമിയുടെ ഉപഗ്രഹമാണെന്നാണ് സിപിഎം സംസ്ഥാന സമിതി അംഗം അഡ്വ. കെ അനില്‍കുമാര്‍ വിശേഷിപ്പിച്ചത്: ‘പി വി അന്‍വര്‍ ജമാഅത്തെ ഇസ്‍ലാമിയുടെ ഉപഗ്രഹമായി മാറി. അന്‍വറിന്റേത് അപഥ സഞ്ചാരമാണ്. അന്‍വറിന്റെ ചെയ്തികളെപ്പറ്റി പൊതു സമൂഹത്തിനു ബോധ്യം വന്നു തുടങ്ങി. നിയമവിരുദ്ധമായ പ്രവൃത്തി ആര് ചെയ്താലും കേസെടുക്കും. നിയമ നടപടിയുണ്ടാകും. (അന്‍വര്‍ ജമാഅത്തെ ഇസ്‍ലാമിയുടെ ഉപഗ്രഹമായി മാറി: കെ.അനില്‍ കുമാര്‍ , സെപ്തംബര്‍ 29, 2024, സിറാജ്)
പിന്നില്‍ എസ്ഡിപിഐ , ജമാഅത്തെ ഇസ്‌ലാമി : പാലൊളി
പി.വി അന്‍വര്‍ ഉയര്‍ത്തിയ വിവാദത്തില്‍ മുന്‍മന്ത്രിയും സിപിഎം നേതാവുമായ പാലൊളി മുഹമ്മദ് കുട്ടിയും ഇടപെട്ടു. 'മതമൗലികവാദശക്തി'കള്‍ക്കുനേരെയാണ് അദ്ദേഹം ചോദ്യമുന്നയിച്ചത്. മലപ്പുറം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനമായിരുന്നു വേദി: പി.വി അന്‍വറിന്റെ നീക്കത്തിന് പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്‍ലാമിയുമടക്കമുള്ള മതമാലികവാദ സംഘടനകളാണ്. അന്‍വറിന്റെ പൊതുസമ്മേളനം വിജയിപ്പിച്ചത് ഇത്തരം സംഘടനകളാണ്. നാട്ടില്‍ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം. നിസ്‌ക്കാരം തടയാന്‍ പാര്‍ട്ടി ശ്രമിച്ചെന്ന ആരോപണം വില കുറഞ്ഞതാണ് (അന്‍വറിന് പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി; 'നാട്ടില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം', സെപ്തംബര്‍ 30, 2024, ഏഷ്യാനെറ്റ് ന്യൂസ്).
മുസ്‍ലിം ലീഗ്-ജമാ അത്തെ ഇസ്‍ലാമി കൂട്ടുമുന്നണി: എം ഗോവിന്ദൻ
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അഭിപ്രായത്തില്‍ പി.വി അന്‍വറിനു പിന്നില്‍ കോണ്‍ഗ്രസ്, മുസ്‍ലിം ലീഗ്, ജമാ അത്തെ ഇസ്‍ലാമി കൂട്ടുമുന്നണിയാണുള്ളത്. കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമ വാര്‍ഷികദിനാചരണത്തില്‍ പയ്യാമ്പലം സ്മൃതി മണ്ഡപത്തില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം: അന്‍വറിന്റെ പൊതുയോഗത്തില്‍. രണ്ടു പ്രബലമായ വിഭാഗമാണ് പങ്കെടുത്തത്. ഒന്ന് എസ്ഡിപിഐ, മലപ്പുറത്ത് അതിന് ക്ഷാമമില്ലല്ലോ. മറ്റൊന്ന് ജമാഅത്തെ ഇസ്‍ലാമി അതിന്റെയൊപ്പം ലീഗും കോണ്‍ഗ്രസുകാരുമുണ്ടായിരുന്നു. ചെറിയ വിഭാഗം മാത്രമാണ് സിപിഎമ്മുമായി ബന്ധപ്പെടുന്ന ആളുകളുണ്ടായിരുന്നത്. രണ്ടായിരത്തിലധികം ആളെ കാണിച്ചിട്ട് പാര്‍ട്ടിയില്‍ നിന്നും വമ്പിച്ച ഒഴുക്കാണെന്ന് പറയാനാണ് അവര്‍ ശ്രമിച്ചത്. കോഴിക്കോട് നടന്ന പരിപാടിയിലാകട്ടെ 300 പേര്‍ തികച്ചുമുണ്ടായില്ല. ഇതോടെ, തൊണ്ട വേദനയാണെന്നും രണ്ട് ദിവസത്തെ പൊതുപരിപാടി റദ്ദാക്കുകയായെന്നും പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് നടക്കുന്നത്. ഹിന്ദു വര്‍ഗീയത ഏറ്റവുമാദ്യം എതിര്‍ക്കേണ്ട ശത്രുവാണ്. മറുഭാഗത്ത് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുതല്‍ രൂപപ്പെട്ട ലീഗും കോണ്‍ഗ്രസും ജമാ അത്തെ ഇസ്‍ലാമിയും എസ്ഡിപിഐയും ചേര്‍ന്ന കൂട്ടുമുന്നണിയാണ്. ആ മുന്നണി തന്നെയാണ് അന്‍വറിനു വേണ്ടി ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് (അന്‍വറിനു പിന്നില്‍ കോണ്‍ഗ്രസ് -ലീഗ് - ജമാഅത്തെ കൂട്ടുമുന്നണി: ഗോവിന്ദന്‍, ഒക്ടോബര്‍ 2, 2024, കേരളകൗമുദി).
സിപിഎമ്മിന്റേത് സ്ഥിരം കാപ്‌സ്യൂള്‍: ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍
പാര്‍ട്ടിയെ സംബന്ധിച്ച് എന്തു പ്രശ്‌നം വന്നാലും സിപിഎം ഉപയോഗിക്കുന്ന ക്യാപ്‌സ്യൂളാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും എന്നാല്‍ എല്ലാ അസുഖങ്ങള്‍ക്കും ആ ക്യാപ്‌സ്യൂള്‍ മതിയാകില്ലെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി. മുജീബുറഹ്മാൻ വിമര്‍ശിച്ചു. യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാറും സിപിഎമ്മും ശ്രമിക്കുന്നത്. പൊലീസുമായും സ്വര്‍ണക്കള്ളക്കടത്തുമായും ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വളരെ ഗൗരവമായ വിമര്‍ശനങ്ങളെ ശരിയായി പരിശോധിക്കുന്നതിന് പകരം വളരെ അപകടകരമായ ആഖ്യാനം രൂപപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്. സംഘപരിവാറിന് ആയുധംകൊടുക്കാനാണ് മുഖമന്ത്രി ദ ഹിന്ദുവിന് അഭിമുഖം നല്‍കിയത്. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ സംഘപരിവാറും കേന്ദ്ര സര്‍ക്കാറും നാളെ കേരളത്തിന് നേരെ ഉപയോഗിക്കും. അഭിമുഖത്തില്‍ പിആര്‍. ഏജന്‍സിയുടെ ഇടപെടല്‍ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് മറുപടിയില്ല. പിആര്‍. ഏജന്‍സിക്ക് പിന്നില്‍ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുജീബുറഹ്മാൻആവശ്യപ്പെട്ടു.
സംഘ്പരിവാര്‍ കാലങ്ങളായി ഉയര്‍ത്തിയ ആശയങ്ങളാണ് സിപിഎം ബോധപൂര്‍വ്വം മലപ്പുറത്തെക്കുറിച്ച് പ്രചരിപ്പിക്കുന്നത്. സിപിഎം നേതാക്കള്‍ നേരത്തെയും മുസ്‌ലിം സമുദായത്തെ അപരവത്കരിക്കുന്ന രീതിയില്‍ സംസാരിച്ചിട്ടുണ്ട്. ഗെയില്‍ സമരക്കാരെ തീവ്രവാദികളാക്കിയതും മാഷാ അല്ലാഹ് സ്റ്റിക്കറും കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമെല്ലാം ഇസ്‌ലാമോഫോബിയ സൃഷ്ടിച്ച് മുസ്‌ലിംസമുദായത്തെ അപരവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.
രാഷ്ട്രീയ പ്രതിസന്ധിയില്‍നിന്നും രക്ഷപ്പെടാന്‍ സാമുദായിക ധ്രുവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നത്. എട്ടു വര്‍ഷം കൂടെ നിന്ന പി.വി അന്‍വര്‍ പുറത്തുപോയപ്പോള്‍ തീവ്രവാദിയായി. രാഷ്ട്രീയ എതിരാളികള്‍ക്കുനേരെ വര്‍ഗീയ ചാപ്പ അടിക്കുന്നത് രാഷ്ട്രീയ സദാചാരമില്ലായ്മയാണ്. സ്വര്‍ണ്ണക്കടത്തു കേസില്‍ എന്തുകൊണ്ട് കാര്യക്ഷമമായ അന്വേഷണം ഉണ്ടാകുന്നില്ല പൂരം കലക്കാന്‍ നേതൃത്വംകൊടുത്ത എഡിജിപി എം.ആര്‍ അജിത്കുമാറിനെ മാറ്റാന്‍ മുഖ്യമന്ത്രി എന്തുകാണ്ട് തയ്യാറാകുന്നില്ല? ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി ചര്‍ച്ച നടത്തിയത് എന്തിനാണെന്ന് വെളിപ്പെടുത്തണമെന്നും മുജീബുറഹ്മാൻ ആവശ്യപ്പെട്ടു. (ഏത് പ്രശ്‌നത്തിലും സിപിഎം ക്യാപ്‌സ്യൂളാണ് ജമാഅത്തെ ഇസ്‌ലാമി; എല്ലാ അസുഖങ്ങള്‍ക്കും അത് മതിയാവില്ല-പി. മുജീബുറഹ്മാൻ, മാധ്യമം, ഒക്ടോബര്‍ 3, 2024)
നിഗൂഢരായ മുസ്‍ലിംകൾ
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉപയോഗിക്കുന്ന മുസ്‍ലിംവിരുദ്ധവും വംശീയവുമായ രാഷ്ട്രീയഭാവനയുടെ ഭാഗമാണ് നിഗൂഢരായ മുസ്‍ലിംകളെന്നത്. മുസ് ലിംകളെ പുറംശക്തികളായും സംസ്‌കാരത്തെയും പൊതുജീവിതത്തെയും തുരങ്കംവയ്ക്കുന്ന അപകടകാരികളായ വിഭാഗമായും ചിത്രീകരിക്കുന്നു. ഇന്ത്യന്‍ ദേശീയവാദത്തോളം വേരുകളുള്ള ഒരു മനോഭാവമാണ് ഇത്. വിഭജനത്തോടെ ഇത് ശക്തിപ്പെട്ടു. ഓരോ മുസ്‍ലിം വ്യക്തിയും സംഘടനയും ദൃശ്യമായ ഒരു മുഖത്തോടൊപ്പം അദൃശ്യമായ മറ്റൊരു മുഖം സൂക്ഷിക്കുന്നതായി കരുതപ്പെടുന്നു. ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് ബന്ധപ്പെടുത്താവുന്ന ഒരിക്കലും അവസാനിക്കാത്തതും അവസാനിപ്പിക്കേണ്ടതില്ലാത്തതുമായ നിഗൂഢതയുടെ ഒരു അദൃശ്യചങ്ങല ഈ ഭാവനയുടെ മുഖ്യഘടകമാണ്. ഇവിടെ അന്‍വര്‍ പുറത്ത് ഒരു മുഖം സൂക്ഷിക്കുകയും നിഗൂഢമായി മറ്റൊരു മുഖം സൂക്ഷിക്കുന്നതുമായാണ് ചിത്രീകരിക്കപ്പെടുന്നത്. അതുവഴി അന്‍വറിനെ മാത്രമല്ല, അന്‍വറുമായി ബന്ധമില്ലാത്ത മുസ് ലിം സംഘടനകളും സംശയത്തിന്റെ നിഴലിലാകുന്നു. മുസ്‍ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതകള്‍പോലും അപ്രസക്തമാണെന്നും പുറംലോകത്തിനു മുന്നില്‍ എതിര്‍പക്ഷത്തുനില്‍ക്കുമ്പോഴും ഇവര്‍ക്കിടയില്‍ ഉടമ്പടികളുണ്ടെന്നും കരുതപ്പെടുന്നു.