അംഗപരിമിതിയും ജനാല ദൃശ്യ ബിംബങ്ങളും കൊറോണാനന്തര സിനിമയില്‍
അംഗപരിമിതരുടെ ആഖ്യാനങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ജനാല ദൃശ്യബിംബകല്‍പന 'നന്‍പകല്‍നേരത്തെ മയക്കം' എന്ന സിനിമയില്‍ എങ്ങനെ പ്രത്യക്ഷപ്പെടുന്നു, അതിന്റെ രാഷ്ട്രീയം എന്ത് എന്ന് അന്വേഷിക്കുന്നു.
അംഗപരിമിതി എന്ന ശീര്‍ഷകത്തിലെ പ്രശ്‌നങ്ങള്‍, അംഗപരിമിതി പഠനങ്ങളുടെ രാഷ്ട്രീയം, കൊറോണാകാലത്തെ അംഗപരിമിത ആഖ്യാനങ്ങള്‍, അംഗപരിമിതരുടെ ആഖ്യാനങ്ങളിലെ ജനാലദൃശ്യ ബിംബകല്‍പനകള്‍, 'നന്‍ പകല്‍നേരത്തെ മയക്കം' എന്ന സിനിമയുടെ ജനാലദൃശ്യാഖ്യാനശൈലി എന്നിവ ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നു.
അംഗപരിമിതി - ശീര്‍ഷകത്തിലെ പ്രശ്‌നങ്ങള്‍
അംഗപരിമിതി (Disability) എന്ന പദത്തിന്റെ പരിധിയില്‍ ശാരീരിക പരിമിതികളും മാനസിക പിരമിതികളും ഉള്‍പ്പെടും. 2016ലെ The Rights of persons with disabilities Acts ല്‍ mental ilness ഏഴാമത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. Disability എന്ന വാക്കിന്റെ വിവര്‍ത്തനത്തിലെ പ്രശ്‌നമാണ് മറ്റൊരു വിഷയം. അംഗവൈകല്യം എന്ന വാക്കില്‍ ആക്ഷേപസ്വഭാവം ഉണ്ടെന്നു കരുതി ഭിന്നശേഷി എന്ന വാക്ക് ഇപ്പോള്‍ ഉപയോഗിക്കുന്നു. വിവര്‍ത്തനത്തില്‍ മാത്രമല്ല ഇംഗ്ലീഷ് വാക്കിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. Disabile എന്നതിന് പകരം Differently abled എന്ന പദം ഉപയോഗിക്കുന്നു. അതായത് ഓട്ടിസം ബാധിച്ച കുട്ടി നല്ലവണ്ണം പാടുന്നു. കുട്ടിക്ക് പരിമിതിയല്ല ശേഷിയാണ് ഉള്ളത് എന്നതിലാണ് ഊന്നല്‍. അംഗപരിമിതാവസ്ഥ ആക്ഷേപിക്കപ്പെടേണ്ടതില്ല എന്ന നിലപാടാണ് ഈ മാറ്റത്തിന് കാരണമായി ഉന്നയിക്കപ്പെടുന്നത്. തീര്‍ച്ചയായും അംഗപരിമിതി ആക്ഷേപിക്കപ്പെടേണ്ടതല്ല. എന്നാല്‍, നമ്മുടെ നിത്യവ്യവഹാരങ്ങളില്‍ ക്രൂരമായ ആക്ഷേപം സാധാരണമാണ്. ശാരീകാസുഖങ്ങള്‍ പോലെ പരിഗണിക്കേണ്ടവയാണെങ്കിലും മാനസികാസുഖങ്ങള്‍ തമാശയ്ക്കുള്ള വിഭവങ്ങള്‍ ആയി മാറുന്നു. 'വട്ടാണല്ലേ' ഇത്തരം സംഭാഷണങ്ങള്‍ സിനിമയിലും മറ്റ് വ്യവഹാരങ്ങളിലും ഹാസ്യനിര്‍മിതിയും ആക്ഷേപനിര്‍മിതിയും സാധ്യമാക്കുന്നു. 'പനിയാണല്ലേ' എന്നത് ആക്ഷേപ വാക്കല്ല 'വട്ടാണല്ലേ' എന്നത് ആക്ഷേപ വാക്കായി മാറുന്നു. ഇത് തീര്‍ച്ചയായും തിരുത്തപ്പെടേണ്ടതാണ്. 'മുടന്ത'നും 'പൊട്ട'നും ഒക്കെ ഇത്തരത്തില്‍ പ്രതിഷേധിക്കപ്പെടേണ്ട ആക്ഷേപ വ്യവഹാരങ്ങളാണ്. എന്നാല്‍, ഇവയൊക്കെ ആക്ഷേപിക്കപ്പെടേണ്ടവയല്ല എങ്കിലും പരിമിതികള്‍ തന്നെയാണ്.
പുതിയ മുതലാളിത്തം പരിമിതികളെ ആഘോഷിക്കുകയാണ് ചെയ്യുന്നത്. ഭിന്നശേഷിയും ഭിന്ന ലൈംഗികതയും ശരീരകേന്ദ്രിത ഫെമിനിസവും വംശീയവാദ ദലിതിസവും ഒക്കെ മുന്നോട്ട് വയ്ക്കുന്ന സ്വത്വവാദവും അത്തരത്തിലുള്ള ഡിസേബിലിറ്റി പഠനങ്ങളും പുരോഗമനത്തിനും പുനര്‍നിര്‍മിതിക്കും പകരം വികസനം എന്ന സങ്കല്‍പം കൊണ്ട് വന്ന മുതലാളിത്ത സങ്കല്‍പത്തിന്റെ സൃഷ്ടിയാണ്.
ഓട്ടിസം ബാധിച്ച ഒരു കുട്ടി പാട്ടു പാടുമെന്നത് മുന്‍നിര്‍ത്തി ഭിന്നശേഷി എന്നു വിളിക്കുന്നത് അങ്ങനെയുള്ളവരോടും അവരുടെ രക്ഷകര്‍ത്താക്കളോടും കാട്ടുന്ന ക്രൂരതയാണ്. കണ്ണു കണ്ടു കൂടാത്തവരെയും ചെവി കേട്ടു കൂടാത്തവരെയും മാനസിക രോഗമുള്ളവരെയും ഭിന്നശേഷി എന്നു പറഞ്ഞു മഹത്വവത്കരിക്കുമ്പോള്‍ അവര്‍ നേരിട്ടു കൊണ്ടിരിക്കുന്ന കഷ്ടപ്പാടുകളെ മറച്ചു പിടിക്കുകയാണ്. പരിമിതികളെ പരിമിതികളായി മനസ്സിലാക്കുന്നതില്‍ നിന്നുമാണ് പുരോഗമനം ചരിത്രത്തില്‍ ഉണ്ടാകുന്നത്. മനുഷ്യന് പറക്കാന്‍ പറ്റില്ല എന്ന പരിമിതിയില്‍ നിന്നുമാണ് വിമാനം എന്ന ദൃശ്യ സ്വപ്നം ഉണ്ടാകുകയും വിമാനം കണ്ടു പിടിക്കുകയും ചെയ്യുന്നത്. ഈ പരിമിതി പക്ഷിയെ മുന്‍നിര്‍ത്തി മനുഷ്യനെ ആക്ഷേപിക്കാനുള്ളതല്ല എന്നത് വ്യക്തമാണ്. ഇതു പോലെ തന്നെയാവണം അംഗപരിമിതരോടുള്ള സമീപനവും. കണ്ണില്ല എന്ന പരിമിതിയില്‍ നിന്നുമാണ് ബ്രയില്‍ ലിപി ഉണ്ടായത്. നടക്കാനാവില്ല എന്നതില്‍ നിന്നുമാണ് വീല്‍ചെയര്‍ കണ്ടു പിടിക്കുന്നത്. പരിമിതികളെ പരിമിതിയായി അംഗീകരിക്കുന്നതാണ് മുന്നേറ്റത്തിന് കാരണമാകുന്നത്. എന്നാല്‍, പുതിയ മുതലാളിത്തം പരിമിതികളെ ആഘോഷിക്കുകയാണ് ചെയ്യുന്നത്. ഭിന്നശേഷിയും ഭിന്ന ലൈംഗികതയും ശരീരകേന്ദ്രിത ഫെമിനിസവും വംശീയവാദ ദലിതിസവും ഒക്കെ മുന്നോട്ട് വയ്ക്കുന്ന സ്വത്വവാദവും അത്തരത്തിലുള്ള ഡിസേബിലിറ്റി പഠനങ്ങളും പുരോഗമനത്തിനും പുനര്‍നിര്‍മിതിക്കും പകരം വികസനം എന്ന സങ്കല്‍പം കൊണ്ട് വന്ന മുതലാളിത്ത സങ്കല്‍പത്തിന്റെ സൃഷ്ടിയാണ്. കേവലം ശാരീരികാസ്തിത്വത്തില്‍ നിര്‍വചിക്കപ്പെട്ട സ്ത്രീയെയും വംശീയാസ്തിത്വമുള്ള മനുഷ്യനെയും മിശ്രിത ലിംഗാവസ്ഥയിലുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും മഹത്വവത്കരിക്കുമ്പോള്‍ അതു കാരണം അവര്‍ നേരിടുന്ന ശാരീരികവും മാനസികവുമായ കൊടിയ പീഡനങ്ങള്‍, അതിന്റെ അതിജീവനങ്ങള്‍ മറച്ച് പിടിക്കപ്പെടുന്നു. അതുകൊണ്ട് അംഗപരിമിതി എന്ന വാക്കാണ് ഇവിടെ ഉപയോഗിക്കുന്നത്.
അംഗപരിമിതി പഠനങ്ങള്‍
അംഗപരിമിതിയുടെ മഹത്വവത്കരണങ്ങള്‍ക്ക് പകരം അതൊരു സാംസ്‌കാരികാവസ്ഥയായി കണ്ടുള്ള പഠനമാണ് ആവശ്യം. സ്ത്രീയായി ജനിക്കുന്നില്ല ആയിത്തീരുകയാണ് എന്നു പറയും പോലെ ജന്മനാ ചെവി കേട്ടൂടാത്ത ഒരാളായി ജനിക്കുന്നതു കൊണ്ടല്ല ഒരാള്‍ 'പൊട്ടന്‍' എന്നു ആക്ഷേപിക്കപ്പെടുന്നത്. അതൊരു സാംസ്‌കാരികാവസ്ഥയാണ്. കലാ വ്യവഹാരങ്ങളില്‍ അംഗപരിമിതി ഒരു സാംസ്‌കാരികാവസ്ഥയായാണ് പ്രത്യക്ഷപ്പെടുന്നത്. ഉദാഹരണമായി മഹാഭാരതത്തില്‍ അന്ധത്വവും ഷണ്ഡത്വവും രാഷ്ട്രീയമായ നിശ്ചലതയുടെയും രാഷ്ടീയമായ സര്‍ഗ്ഗരാഹിത്യത്തിന്റെയും സൂചകമാണ്. ധൃതരാഷ്ട്രരുടെ അന്ധത്വവും പാണ്ഡുവിന്റെ ഷണ്ഡത്വവും അങ്ങനെയാണ്. എന്നാല്‍, മഹാഭാരതത്തില്‍ത്തന്നെ അംഗപരിമിതി വ്യക്തിപരമായ തിന്മയായി ആക്ഷേപിക്കപ്പെടുന്നതും കാണാം. ധൃതരാഷ്ട്രര്‍ അന്ധനായി പിറക്കാന്‍ കാരണമായി പറയുന്നത് ധൃതരാഷ്ട്രരുടെ അമ്മ ബലാല്‍സംഗം ചെയ്യപ്പെട്ടപ്പോള്‍ പ്രതികരിച്ചു എന്നതാണ്. പുരുഷന്‍ ആക്രമിച്ചപ്പോള്‍ വെറുപ്പോടെ കണ്ണടച്ചതുകൊണ്ടാണ് അതില്‍ പിറന്ന കുട്ടിക്ക് കാഴ്ചയില്ലാതായി മാറിയത്. സ്ത്രീ ലൈംഗികാക്രമണങ്ങളോട് പ്രതികരിക്കുന്നത് തിന്മയാണെന്നു മാത്രമല്ല, മക്കള്‍ അംഗപരിമിതരായി ജനിക്കുന്നത് അമ്മയുടെ തിന്മകൊണ്ടാണെന്നും പറഞ്ഞു വയ്ക്കുന്നു. സ്ത്രീയോടു സാമൂഹം കാണിക്കുന്ന ക്രൂരമായ അസമത്വവുമായി ബന്ധപ്പെട്ടാണ് ഇവിടെ 'അംഗപരിമിതി ' നിര്‍വചിക്കപ്പെടുന്നത്. അംഗപരിമിതിയുടെ മഹത്വവത്കരണമല്ല, അംഗപരിമിതിയെ നിര്‍വചിക്കുന്നതും നിര്‍മിക്കുന്നതുമായ സാംസ്‌കാരികാവസ്ഥകള്‍ കണ്ടെത്തുകയാണ് അംഗപരിമിതി പഠനങ്ങളില്‍ ചെയ്യേണ്ടത്. ക്രിട്ടിക്കല്‍ ഡിസേബിലിറ്റി സൈദ്ധാന്തികള്‍ കുറച്ചൊക്കെ ഈ കാര്യം സംബോധന ചെയ്യുന്നുണ്ട്. ഒരഭിപ്രായം ഉദ്ധരിക്കാം:
''disability is not fundamentally a question of medicine or health, nor is it just an issue of sensitivity and compassion; rather, it is a question of politics and power(lenssess), power over, and power to. '( quoted,https://plato.stanford.edu/entries/disability-critical/ )
ദുരന്തമുതലാളിത്തവും കൊറോണയും അംഗപരിമിതആഖ്യാനങ്ങളും
ധനകാര്യമുതലാളിത്തത്തിന്റെ വികസന സങ്കല്‍പവും സൈബര്‍ ലൈംഗികതയും കേരളീയ യൗവനങ്ങളെ അസാധുവാക്കി. നായകന്റെ അംഗപരിമിതാവസ്ഥയായാണ് സിനിമാ വ്യവഹാരങ്ങളില്‍ അത് പ്രത്യക്ഷപ്പെട്ടത്. ഇതിനെക്കുറിച്ച് 'ഉത്തരാധുനിക മലയാള സിനിമയ്ക്ക് ഒരാമുഖം' എന്ന ലേഖനത്തില്‍ ഈ ലേഖകന്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്:
''ആഗോളീകരണം ഭരണകൂടത്തെ ഇടനിലക്കാരന്‍ എന്ന അസ്തിത്വത്തില്‍ എത്തിച്ചു. ഇത് സിനിമയില്‍ നായകന്റെ മരണമായി മാറി. കാമുകന്‍ വിരക്തനും ഇടനിലക്കാരനുമായി മാറി. ദേശം, പണം, മാധ്യമം തുടങ്ങിയവ നായകസ്ഥാനത്തെത്തി. അരതളര്‍ന്നവനും ഷണ്ഡീകരിക്കപ്പെട്ടവനുമായി മാറി കാമുകന്മാര്‍. ഭാര്യയുടെ കാമുകനുമുന്നില്‍ തളര്‍ന്നു കിടന്ന്, കാമുകനുമായുള്ള ബന്ധത്തിന്റെ സൈദ്ധാന്തികന്യായീകരണം ചമയ്ക്കുന്ന അരതളര്‍ന്ന ഭര്‍ത്താവ് (പ്രണയം), അരതളര്‍ന്ന ഭര്‍ത്താവിന്റെ മൗനാനുവാദത്തോടെ ലൈംഗികവിപണിയില്‍ നിലകൊള്ളുന്ന ഭാര്യ, ലൈംഗിക സങ്കുചിതത്വം ബാധിച്ച നായകന്‍ (ട്രിവാന്‍ഡ്രം ലോഡ്ജ്), പ്രദര്‍ശനരതിയില്‍ മാത്രം മുഴുകുന്ന അരതളര്‍ന്ന പണക്കാരന്‍ (ബ്യൂട്ടിഫുള്‍), പണക്കാരന്റെ സംഭോഗദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കിട്ടുമ്പോള്‍ കാമുകിയോട് താല്‍പര്യരാഹിത്യം കാട്ടുന്ന കാമുകന്‍ (ചാപ്പാകുരിശ്) മൊബൈല്‍ഫോണ്‍ലൈംഗികയാണ് വിരക്തിക്ക് കാരണമെന്ന് കാമുകിയാല്‍ ആരോപിക്കപ്പെടുന്ന നായകന്‍ (അനുരാഗ കരിക്കിന്‍വെള്ളം), കാമുകിയോടുള്ള സാങ്കല്‍പിക മൊബൈല്‍ഫോണ്‍പ്രണയത്താല്‍ മാത്രം ഭാര്യയോട് താല്‍പര്യം ഉണരുന്ന ഭര്‍ത്താവ് (അനുരാഗ കരിക്കിന്‍വെള്ളം), സ്ത്രീയുടെ പിന്നാലെ അതീവദുര്‍ബലമായി നടക്കുന്ന നായകന്മാര്‍ (ഇന്ത്യന്‍ പ്രണയകഥ, അന്നയും റസൂലും), സിനിമയിലെ ലൈംഗികദൃശ്യത്തില്‍ ഉത്തേജിതനായി മാത്രം ഭാര്യയെ പ്രാപിക്കാന്‍ വരുന്ന നായകന്‍ (ദൃശ്യം), ജ്യേഷ്ഠന്റെയോ അച്ഛന്റെയോ സഹായത്താല്‍ മാത്രം കാമുകിയുടെ അടുത്തെത്തുന്ന കാമുകന്‍ (പറവ) ഇങ്ങനെ ഏതെങ്കിലും രീതിയില്‍ ബലഹീനനായ അപകര്‍ഷപ്പെട്ട നായകനെയാണ് ഉത്തരാധുനിക സിനിമ സൃഷ്ടിച്ചത്. '' (നവോത്ഥാന ആധുനികതയും വ്യാവസായിക ആധുനികതയും)
കൊറോണയെത്തുടര്‍ന്നു സൃഷ്ടിച്ചെടുത്ത വ്യാജരോഗഭീതി ദുരന്തമുതലാളിത്ത (Disaster Capitalism) ത്തിലേയ്ക്കും സാങ്കേതിക വിദ്യാമുതലാളിത്ത (Techno capitalism) ത്തിലേയ്ക്കുമുള്ള കുതിച്ചു ചാട്ടമായിരുന്നു. അത് സാമ്പത്തികഘടനയ്ക്കും മനുഷ്യാവയവങ്ങള്‍ക്കും ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും മേല്‍ ഏറ്റ കൊടിയ ആഘാതമായിരുന്നു. അത് ഒരു ജനതയെ അംഗപരിമിതരാക്കി. ഉദയം ചെയ്യുന്ന പുതിയ പണക്കാര്‍ക്ക് പണമുണ്ടാക്കാനുള്ള വഴി ജനങ്ങളുടെ രക്ഷയായി അവതരിക്കപ്പെട്ടു. മാസ്‌കും ഗ്ലൗസും സാനിറ്റൈസറും സത്യവാങ്മൂലവും പുതിയ ദൈവങ്ങളായി. (സത്യം തുറന്നു പറഞ്ഞ് അസ്തിത്വം തെളിയിക്കാന്‍, സൈബര്‍ ഐഡന്റിറ്റിയെ ഇല്ലാതാക്കാന്‍ സത്യവാങ്മൂലവുമായി അലയുന്ന ഗ്ലൗസ് നിര്‍മാണ ഫാക്ടറിയിലെ നായികയെ' അറിയിപ്പ് ' എന്ന സിനിമയില്‍ കാണാം.) ഈ പുതിയ ദൈവഭയം അതിന്റേതായ പിശാചുക്കളെയും സൃഷ്ടിച്ചു. മാസ്‌ക് ധരിച്ച് എത്തുന്ന മരിച്ചു പോയ വില്ലന്‍ 'റോഷാക്കി' (നിസ്സാം ബഷീര്‍, 2022)ല്‍ കാണാം. റോഷാക്ക് ഒരു മനോനിര്‍ണ്ണയ ടെസ്റ്റിന്റെ പേരാണ്. ദൃശ്യങ്ങളില്‍ കാണുന്നത് കാണുന്നയാളിന്റെ പ്രൊജക്ഷനാണ് എന്നാണ് അതിന്റെ സങ്കല്‍പം. റോഷാക്കിലെ മാസ്‌ക് വച്ച ശത്രു കാണുന്നയാളുടെ, നമ്മുടെ തന്നെ പ്രൊജക്ഷനാണ്. വെളുത്ത നിറം ഭൂതകാലമായും കറുപ്പ് വര്‍ത്തമാനകാലമായും റോഷാക്കില്‍ അവതരിപ്പിക്കപ്പെടുന്നു. ഭൂതവും വര്‍ത്തമാനവും ഒന്നു തന്നെയാണ്. മരിച്ചവരും ജീവിച്ചിരിക്കുന്നവരും ഒന്നു തന്നെയാണ്. തന്റെ തന്നെ മരിച്ച ജീവിതത്തോടുള്ള പ്രതികാരമാണ്, മരിച്ചവരോടുള്ള പ്രതികാരമാണ് വര്‍ത്തമാനകാല ജീവിതം. മരണം ജീവിതമായി മാറുകയും ജീവിതം മരണമായി മാറുകയും ചെയ്തിരിക്കുന്നു. റോഷാക്ക് എന്ന സിനിമയുടെ പ്രമേയം മാത്രമല്ല ഇത്. കോവിഡാനന്തര മുതലാളിത്ത ജീവിതത്തെ അങ്ങനെയല്ലാതെ എങ്ങനെയാണ് നിര്‍വചിക്കുക. മാനസികമായ അംഗപരിമിതി പ്രധാന പ്രമേയമായി സിനിമകളിലെത്തുന്നതു ഈ വിഘടിതമായ മനസ്സിനെ ആവിഷ്‌കരിക്കാനാണ്.
അംഗപരിമിതിയും ജനാലദൃശ്യബിംബങ്ങളും
''ജനാലകള്‍ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. അടഞ്ഞുകിടക്കുന്ന മുറികളില്‍ അവ പ്രകാശം എത്തിക്കുന്നു പുറം ലോകത്തെ കാഴ്ചകളിലേക്ക് കണ്ണു തുറക്കാന്‍ അവ നമ്മെ പ്രേരിപ്പിക്കുന്നു. ഭാവനയുടെയും ക്രിയാത്മകതയുടെയും ഇളം തെന്നല്‍ അവയിലൂടെ അകത്തേക്ക് വീശുന്നു'
ഇതെഴുതുന്നത് സേബ സലാം ആണ് (ലോക് ഡൗണ്‍, വിരല്‍പ്പഴുതിലെ ആകാശങ്ങള്‍). സ്‌പൈനല്‍ കോഡിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാത്തതിനാല്‍ പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുന്ന സ്‌പൈ നല്‍മസ്‌കുലര്‍ അട്രോഫി എന്ന ജനിതരോഗം പിടിപെട്ട് വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന എഴുത്തുകാരിയാണ് സേബ സലാം. അംഗപരിമിതരുടെ ആഖ്യാനങ്ങളില്‍ ജനല്‍ ദൃശ്യങ്ങള്‍ - ജനലിന്റെ ദൃശ്യങ്ങളും ജനലിലൂടെയുള്ള ദൃശ്യങ്ങളും - ധാരാളം കാണാം.
''ആശുപത്രിയില്‍ കിടന്നിരുന്നപ്പോള്‍ ഐ.സി.യു.വിലെ ജനാലയിലേക്ക് ഞാന്‍ പലപ്പോഴും നോക്കുമായിരുന്നു... വീട്ടിലേതുപോലെ കൊച്ചു കിളികള്‍ അവിടെയും ഉണ്ടാകുമോ എന്നറിയാന്‍. ആ ജനല്‍ പാളികള്‍ക്ക് ഇരുണ്ട നിറമാണ്. അതിലൂടെ പുറത്തെ കാഴ്ചകള്‍ എന്തൊക്കെയെന്ന് കട്ടിലില്‍ കിടക്കുന്ന എനിക്ക് അറിയാന്‍ സാധിക്കാറില്ല. അടഞ്ഞുകിടക്കുന്ന പാളിക്കു പിന്നില്‍ നിറങ്ങള്‍ കൊണ്ടു മൂടിയ അജ്ഞാതമായ ഒരു ലോകം എനിക്ക് വേണ്ടി ദിനങ്ങളെണ്ണി കാത്തിരിക്കുന്നതായി ഞാന്‍ സങ്കല്പിക്കാറുണ്ട് ' (സ്വപ്നം)
കൈ വിരലുകള്‍ ചുരുട്ടിപ്പിടിച്ച് അതിനിടയിലുള്ള കുഞ്ഞു ദ്വാരത്തിലൂടെ ആകാശം കാണുന്ന എഴുത്തുകാരി ജനലിന് സ്വന്തമായ ബദലുകള്‍ നിര്‍മിക്കുകയാണ്. (കാഴ്ച)
സെബയുടെ ചിത്രങ്ങളിലും ജനവാതിലുകളും യാത്രകളും വാഹനങ്ങളിലെ ജനവാതില്‍ ദൃശ്യങ്ങളുമുണ്ട്. The Train, The Hidden World behind My Windows ഒക്കെ ഉദാഹരണങ്ങള്‍ ആണ്. അംഗപരിമിതര്‍ അവര്‍ക്ക് നഷ്ടപ്പെട്ട ലോകം കലാ പ്രവര്‍ത്തനത്തിലൂടെ പുനഃസൃഷ്ടിക്കുന്നു. ആകാശവും ബലൂണും പട്ടങ്ങളും കടല്‍യാത്രകളും ട്രെയിന്‍ യാത്രകളും സെബയുടെ ചിത്രങ്ങളിലുണ്ട്. എല്ലാം ജനലിനപ്പുറത്തെ രഹസ്യ ലോകങ്ങളാണ്.
ജനാലദൃശ്യബിംബങ്ങളും 'നന്‍പകല്‍നേരത്തെ മയക്ക'വും
വീടിനുള്ളിലെ ജനവാതിലൂടെ കാണുന്ന ദൃശ്യങ്ങള്‍ പോലുള്ള നിശ്ചല ഷോട്ടുകളും വിദൂര ദൃശ്യങ്ങളും കൊണ്ട് നിര്‍മിച്ചിരിക്കുന്ന സിനിമയാണ് 'നന്‍ പകല്‍നേരത്തെ മയക്കം.' (ലിജോ ജോസ് പെല്ലിശ്ശേരി, 2023) ''ജനല്‍ഷോട്ടു''കള്‍ എന്നു വിളിക്കാം. വീട്ടിനുള്ളില്‍ കെട്ടിയിട്ട തടവറ ലോകവും എന്നാല്‍, അനന്തമായ സൈബര്‍ മാധ്യമ ലോകവും - ഇത്തരം ഇരട്ട ജീവിതമാണ് ടെക്‌നോ ക്യാപ്പിറ്റലിസവും ഡിസാസ്റ്റര്‍ ക്യാപ്പിറ്റലിസവും മനുഷ്യന് നല്‍കിയത്. സാങ്കേതിക വിദ്യാകാലത്തെ ആധുനിക മനുഷ്യന്‍ എന്നു പറയുമ്പോള്‍ പഴയ മതകാലത്ത് മനസ്സുകൊണ്ടു ജീവിക്കുന്നവര്‍. മറ്റൊരു വിധത്തില്‍, പഴയ മതത്തിന്റെ കാലത്തെന്ന പോലെ. വീട്ടിലാണോ പുറത്താണോ, ഉറക്കത്തിലാണോ ഉണര്‍ച്ചയിലാണോ, ജീവിതത്തിലാണോ മരണത്തിലാണോ എന്നു തീര്‍ച്ചപ്പെടുത്താനാവാത്ത അവസ്ഥ. വിശുദ്ധമായ രാമരാജ്യത്തിനു വേണ്ടിയുള്ള രാമായണം സീരിയലിന്റെ പ്രായോജകര്‍ വാഷിംഗ് പൗഡര്‍ നിര്‍മയാണ്. ആ പരസ്യം സിനിമയുടെ പശ്ചാത്തലത്തില്‍ ഉണ്ട്. വേളാങ്കണ്ണി യാത്ര നാടകവണ്ടിയിലാണ്. കേരളമെന്നാല്‍ ശബരിമല എന്നാണ് എന്ന് സിനിമയിലെ ഒരു സംഭാഷണത്തില്‍ നിന്നും മനസിലാകുന്നു. വ്യവസായികള്‍ പ്രായോജകരായ ഈ ലോകം ഭൂതത്തിലോ വര്‍ത്തമാനത്തിലോ എന്ന സന്ദിഗ്ദ്ധത ഉണ്ടാക്കുന്നു. (വീട്ടിലേയ്ക്ക് കൂട്ടുകാരെ വിളിക്കുന്നത് അടുത്തുള്ള ടൂറിസ്റ്റ് സ്ഥലം കാണാനാണ്. വീട് വാങ്ങുന്നത് അതിന്റെ റീ സെയില്‍ വാല്യു നോക്കിയാണ്.) നമ്മള്‍ ജീവിക്കുന്ന സ്ഥലത്ത് നിന്ന് നാം അന്യവത്കരിക്കപ്പെട്ടിരിക്കുന്നു. വലിയ റെയില്‍പാതകള്‍ വന്ന് നമ്മുടെ സ്ഥലം വികസിക്കുന്നത് നമുക്ക് സഞ്ചരിക്കാനല്ല, ആ വലിയ റോഡുകളുടെ വലിയ കാഴ്ച കാണാനാണ്. ജീവിക്കുന്ന സ്ഥലത്ത് നിന്നും കുടിയിറക്കപ്പെടുമ്പോഴും നമ്മള്‍ ഒന്നും അറിയാത്ത കാഴ്ചക്കാരായി മാറുന്നു. നമുക്ക് ഗ്രാമങ്ങളും ചോളപ്പാടങ്ങളും തൊഴിലാളികളും കാഴ്ചയ്ക്കുള്ള വസ്തുക്കളാണ്. ആ യാത്ര യഥാര്‍ഥയാത്രയായി മാറുകയും നമ്മള്‍ ഒരു തൊഴിലാളിയായി മാറുകയും വെറും നിലത്തു കിടക്കുകയും ചെയ്യുമ്പോള്‍ മനസ്സിലാകുന്നു തൊഴിലാളികള്‍ കുടിയിറക്കപ്പെട്ടിരിക്കുന്നു എന്ന്. പരകായപ്രവേശം ചെയ്ത സിനിമയിലെ നായക കഥാപാത്രം പറയുന്നു:
'ഞാന്‍ ഇങ്ക ഊരുക്കാരന്‍ അല്ലേ...'
ഈ ഹൃദയഭേദകമായ നിലവിളിക്കുന്ന ചോദ്യം ഓരോരുത്തരും ചോദിച്ചു പോകുന്നു. നിങ്ങളുടെ ടൂറിസ്റ്റ് സ്വര്‍ഗാരോഹണങ്ങളില്‍ കുടിയിറക്കപ്പെടുന്ന അനാഥര്‍ നിങ്ങള്‍ക്ക് പിന്നാലെ പട്ടിയെപ്പോലെ ആത്മാവായി പിന്‍തുടരും. ഒടുവില്‍, സിനിമയില്‍, നാടകവണ്ടിക്ക് പിന്നാലെ ആ പട്ടി നടന്നു പോകുന്നു. അതുകൊണ്ട് ഭയപ്പെടുക തന്നെ വേണം. കാഴ്ചയില്ലാത്ത, അംഗപരിമിതയായ പാട്ടി (അമ്മൂമ്മ) മാത്രം എല്ലാം കാണുന്നു, അറിയുന്നു. കണ്ണുണ്ട് എന്നു കരുതുന്നവര്‍ ഒന്നും കാണുന്നില്ല.
dissociative fugue എന്ന മാനസിക രോഗമുള്ള ഒരാളിന്റെ കഥയയാണ് 'നന്‍പകല്‍നേരത്തെ മയക്കം.' ഒരു വ്യക്തിക്ക് ഓര്‍മയില്‍ വിച്ഛേദം ഉണ്ടാകുകയും അപ്രതീക്ഷിതമായ ഒരു സ്ഥലത്ത് ഓര്‍മ അവസാനിക്കുകയും ചെയ്യുന്ന ഒരു താത്കാലിക അവസ്ഥയാണ് ഡിസോസിയേറ്റീവ് ഫ്യൂഗ്.ഈ ലക്ഷണമുള്ള ആളുകള്‍ അവര്‍ ആരാണെന്ന് മറന്നു പോകും. അവരുടെ ഭൂതകാലത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഓര്‍ക്കാന്‍ കഴിയില്ല. വേളാങ്കണ്ണി മടക്കയാത്രക്കിടയില്‍ തന്റെ ഭൂതകാലം മറന്ന് തമിഴ് ഉള്‍ഗ്രാമത്തിലെ ഒരാളായി മാറുന്ന ഒരു കഥാപാത്രമാണ് സിനിമയില്‍. ഈ രോഗത്തെ ഒരു രാഷ്ട്രീയ സാംസ്‌കാരിക രൂപകമാക്കി അവതരിപ്പിക്കുകയാണ് ചലച്ചിത്രകാരന്‍.
സിനിമയുടെ അവസാന ഭാഗത്ത് ഒരു ജനല്‍ ദൃശ്യബിംബം ഉണ്ട്. മലയാളിയായ ജയിംസിന്റെ ഭാര്യ സാലിയും മകനും പുറത്തു വാതില്‍പ്പടിയിലും, സുന്ദരത്തിന്റെ ഭാര്യ പൂങ്കുഴലിയും മകളും ജനാലയ്ക്കകത്തും ഉള്ളത് ഒറ്റ ഫ്രെയിമില്‍ വരുന്ന ഒരു ദൃശ്യം. രണ്ടു പേരുടെയും ഭര്‍ത്താവ് - രണ്ട് കുട്ടികളുടെയും അച്ഛന്‍ - ഉണ്ടെന്നും ഇല്ലെന്നും പറയാം. സങ്കല്‍പങ്ങള്‍ക്കും യാഥാര്‍ഥ്യത്തിനുമിടയില്‍, ഉണ്ടെന്നും ഇല്ലെന്നും പറയാവുന്ന ഒരു ജീവിതത്തില്‍പ്പെട്ട് തടവിലാക്കപ്പെട്ട, നഷ്ടപ്പെട്ട ജീവിതം ഇതില്‍പ്പരം ഹൃദയഭേദകമായി എങ്ങനെയാണ് ചിത്രീകരിക്കുക എന്നു തോന്നാം. നമ്മുടെ എല്ലാ കാഴ്ചകളും അംഗപരിമിതരുടെ ജനല്‍ക്കാഴ്ചകളാകുമ്പോള്‍ യഥാര്‍ഥ അംഗപരിമിതരെപ്പോലെ ഈ ജീവിതത്തെ അതിജീവിക്കുകയും വിരല്‍വട്ടം തീര്‍ക്കുന്ന ചെറുവൃത്തത്തിലൂടെ വലിയ ആകാശങ്ങള്‍ തീര്‍ക്കുകയുമാണ് കലാകാരന്മാര്‍ ചെയ്യുന്നത്. ഈ ജീവിക്കുന്ന ജീവിതം യഥാര്‍ഥമല്ലെന്നു ഞെട്ടലോടെ തിരിച്ചറിയുന്ന, ഉറങ്ങിയെണീക്കുന്ന, ജയിംസിന്റെ മുഖം മാത്രമാണ് ക്ലോസ്സ് - അപ്പിലുള്ള ദൃശ്യങ്ങള്‍. ഇതുവരെയുള്ള ജീവിതം യഥാര്‍ഥമല്ലെന്ന് തിരിച്ചറിയുന്ന ഒരാള്‍. കണ്ണാടിയില്‍ തന്നെ കാണുമ്പോള്‍ ഒരു ജനല്‍ പഴുതിലൂടെ മറ്റൊരാളെ കാണും പോലെ. യഥാര്‍ഥ ജീവിതത്തിന് വേണ്ടിയുള്ള പിടച്ചിലുകള്‍. അംഗപരിമിതരായി ഏവരും മാറുന്ന സാഹചര്യത്തില്‍ ആ തിരിച്ചറിവ് അംഗപരിമിതിയില്‍ നിന്നുമുള്ള ഉണര്‍വ്വും അതിജീവനവുമായി മാറുന്നു. പരിമിതികളില്ലാത്ത എല്ലാം തികഞ്ഞവര്‍ എന്ന ഉറക്കം മരണം തന്നെയാണ്. പുനര്‍ജന്മത്തിലൂടെ ഉണര്‍വിലേക്ക് പോകുന്നു. അംഗപരിമിതിയുടെ അവതരണത്തിലൂടെ പരിമിതികളില്ല എന്നു കരുതുന്നവരുടെ പരിമിതി കാട്ടിത്തന്നുകൊണ്ട്, പരിമിതിയുടെ സന്ദിഗ്ദ്ധതകളും അതിജീവനങ്ങളും അവതരിപ്പിക്കുകയാണ് അംഗപരിമിതി സാഹിത്യം ചെയ്യുന്നത്.
ഗ്രന്ഥസൂചി:
മലയാളം-ഷൂബ കെ.എസ്, ' നവോത്ഥാന ആധുനികതയും വ്യാവസായിക ആധുനികതയും, (പാഠം ബുക്‌സ്, കൊല്ലം ) 2019
സേബ സലാം, 'വിരല്‍പ്പഴുതിലെ ആകാശങ്ങള്‍' 2023
ഓണ്‍ലൈന്‍ പ്രഭവങ്ങള്‍:
Critical disability theory
https://plato.stanford.edu/entries/disability-critical/, സന്ദര്‍ശന തീയതി: 18.03.2023
Renata Lucena Dalmaso, 'The Visual metaphor of Disability in Sarah Leavitt's graphic memoir tangles:A story about Alzheimer's, My mother and me',https://www.scielo.br/j/ides/a/jL3fWq4fh84TBYvbwMZC9KD/?lang=en,സന്ദര്‍ശന തീയതി: 18.03.2023
The Rights of Persons With Disabilities Act, 2016 https://g.co/kgs/q6cgRg