മക്കൾ ലഹരിക്ക് അടിമയാണോ? രക്ഷിതാക്കൾക്ക് തിരിച്ചറിയാനുള്ള വഴികൾ ഇതാ - ഭാഗം 1

മയക്കുമരുന്നുകളിലേക്ക് ആകർഷിക്കപ്പെട്ട കുട്ടികളെ തിരിച്ചറിയുന്നതിൽ രക്ഷിതാക്കൾ പലപ്പോഴും പരാജയപ്പെടുന്നതാണ് അപകടകരമായ സ്ഥിതിയിലേക്ക് കുട്ടികളെ എത്തിക്കുന്നത്. ഉപയോഗം തുടങ്ങുന്ന ആദ്യഘട്ടത്തിൽ തന്നെ ഇത് തിരിച്ചറിയാനായാൽ അവരെ എളുപ്പത്തിൽ അതിൽനിന്ന് മോചിപ്പിക്കാനാകും. ഈ തിരിച്ചറിയൽ ശേഷി ആർജിക്കാൻ സഹായകരമാകുന്ന വിവരങ്ങളാണ് പങ്കുവക്കുന്നത്. രക്ഷിതാക്കൾക്കും അധ്യാപർക്കും സാമൂഹിക പ്രവർത്തകർക്കും ഇതൊരു ചെക്ക് ലിസ്റ്റായി ഉപയോഗിക്കാം

Update: 2025-03-19 07:35 GMT
മക്കൾ ലഹരിക്ക് അടിമയാണോ? രക്ഷിതാക്കൾക്ക് തിരിച്ചറിയാനുള്ള വഴികൾ ഇതാ - ഭാഗം 1
AddThis Website Tools
Advertising

കേരളത്തിലെ ഇപ്പോഴത്തെ ചൂടേറിയ ചർച്ച യുവതലമുറയുടെ ലഹരി ഉപയോഗമാണ്. സംസ്ഥാന ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തവിധം ലഹരി വ്യാപനം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. കേരളത്തിൽ മാത്രമല്ല, ഇതൊരു ആഗോള പ്രശ്നം തന്നെയാണ്. WHO യുടെ കണക്കുകൾ അനുസരിച്ച് ലോകത്ത് ഒരുവർഷം ലക്ഷക്കണക്കിന് പേരാണ് പുതുതായി ലഹരിക്ക് അടിപ്പെടുന്നത്. 

ഇതിൽ മദ്യം മുതൽ കൃത്രിമ മയക്കുമരുന്നുകൾ (synthetic drugs) വരെയുള്ള ഉത്പന്നങ്ങളുണ്ട്. ഇന്ത്യയിൽ കൗമാരക്കാരിൽ അഞ്ചിൽ ഒരാൾ ലഹരി ഉപയോഗിക്കുന്നുവെന്നാണ് 2019-ൽ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം നടത്തിയ ദേശീയ സർവേ കണ്ടെത്തിയത്. കേരളത്തിൽ കൗമാര കുറ്റകൃത്യങ്ങളുടെ എണ്ണം അസാധാരണമാംവിധം വർധിച്ചപ്പോഴാണ് ഇതൊരു സാമൂഹിക പ്രശ്നമായി ശ്രദ്ധിക്കപ്പെട്ടത്. ലഹരിയെക്കുറിച്ചം അതിന്റെ ഉപയോഗരീതികളെക്കുറിച്ചും പൊതുസമൂഹത്തിന് സാമാന്യധാരണയുണ്ടായാൽ മത്രമേ ഇതിനെ ജനകീയമായി പ്രതിരോധിക്കാൻ കഴിയൂ.

ലഹരി ഉപയോഗത്തെ പ്രധാനമായും മൂന്ന് വിഭാഗമായാണ് തരംതിരിക്കുന്നത്

  • Drug Abuse
  • Drug Addiction
  • USD (Substance Use Disorder)

മയക്കുമരുന്നുകൾ ശാരീരികവും മാനസികവുമായ പ്രത്യാഘാതം ഉണ്ടാക്കുന്ന രീതിയിൽ ഉപയോഗിക്കുന്നതാണ് ഡ്രഗ് അബ്യൂസ്. ഇത് തലച്ചോറിന്റെ രാസഘടനയെ മാറ്റി, ഉപയോഗം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തുന്നതാണ് അഡിക്ഷൻ. സബ്സ്റ്റൻസ് യൂസ് ഡിസോർഡർ (Substance Use Disorder - SUD)എന്നത് ഒരു രോഗാവസ്ഥയാണ്. അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാകുമ്പോഴും നിർബന്ധിതമായ (compulsive) ഉപയോഗാസക്തിയും ലഹരി ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ withdrawal symptomsഉം അനുഭവപ്പെടും. ഒന്നോ രണ്ടോ തവണ മയക്കുമരുന്ന് പരീക്ഷിക്കുന്നതും ആസക്തിയും തമ്മിൽ വ്യത്യാസമുണ്ട്. പല കൗമാരക്കാരും പരീക്ഷണമെന്ന നിലക്കാണ് ലഹരി ഉപയോഗം തുടങ്ങുന്നത്. എന്നാൽ ആസക്തിയുടെ അപകടസാധ്യത അവർ തിരിച്ചറിയില്ല.

കൗമാരക്കാരുടെ ആകർഷണ കാരണങ്ങൾ

മയക്കുമരുന്നിലേക്ക് കൗമാരക്കാർ വളരെ പെട്ടെന്ന് ആകർഷിക്കപ്പെടാൻ പല കാരണങ്ങളുണ്ട്. സാമൂഹികകാരണങ്ങൾക്കൊപ്പം ജീവശാസ്ത്രപരവും മനശ്ശാസ്ത്രപരവുമായ കാരണങ്ങളും അതിലുണ്ട്. പൊതുവെ കാണപ്പെടുന്ന പ്രധാനപ്പെട്ട കാരണങ്ങൾ ഇവയാണ്:

Peer Pressure, അഥവ സമപ്രായക്കാരുടെയും സുഹൃത്തുക്കളുടെയും സമ്മർദമാണ് ഏറ്റവും പ്രധാനം. കൗമാരക്കാർ അവരുടെ സുഹൃത്തുക്കളുടെയും സാമൂഹിക ഗ്രൂപ്പുകളുടെയും ശക്തമായ സ്വാധീനത്തിന് എളുപ്പം വിധേയരാകും. സുഹൃത്തുക്കൾ പ്രേരിപ്പിക്കുമ്പോൾ/നിർബന്ധിക്കുമ്പോൾ ഇല്ലെന്ന് പറയാനുള്ള ബുദ്ധിമുട്ട്, അവർ തന്നെ കൂട്ടത്തിൽ നിന്ന് ഒഴിവാക്കുമോ എന്ന ആശങ്ക, നീ ഒന്നിനും ധൈര്യം ഇല്ലാത്തവനാണ് എന്ന പരിഹാസത്തോടുള്ള ഭയം ഇങ്ങനെ പല തരത്തിൽ ഇത് കുട്ടികളിൽ പ്രവൃത്തിക്കും.

കൗമാരസ്ഥായിൽ മസ്തിഷ്കം പൂർണ വികാസം പ്രാപിക്കില്ല. തീരുമാനം കൈക്കൊള്ളുന്നതിനും എടുത്തുചാട്ട സ്വഭാവം നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന ബ്രെയിനിലെ പ്രീഫ്രോണ്ടൽ കോർട്ടെക്സ് 20-25 പ്രായത്തിലേ പൂർണ്ണമായി വികസിക്കൂ. ഇത് അപകടകരമായ പരീക്ഷണങ്ങൾക്കും ആസക്തിക്കുമുള്ള സാധ്യത വർദ്ധിപ്പിക്കും. അത് അവരെ അപകടകരമായ പരീക്ഷണങ്ങളിലേക്ക് നയിക്കും. കൗമാരപ്രായക്കാർ സ്വാഭാവികമായും ജിജ്ഞാസുക്കളാണ്, അനന്തരഫലങ്ങൾ പൂർണ്ണമായി മനസ്സിലാക്കാതെ, അത് എങ്ങനെ അനുഭവപ്പെടുന്നുവെന്ന് അനുഭവിക്കാൻ വേണ്ടി മാത്രം മയക്കുമരുന്ന് പരീക്ഷിക്കുന്നതായി കാണാം.

പല കൗമാരക്കാരും പഠനത്തിൽ നിന്നോ, പ്രണയ ബന്ധങ്ങളിൽ നിന്നോ, കുടുംബ പ്രശ്നങ്ങളിൽ നിന്നോ സമ്മർദ്ദം അനുഭവിക്കുന്നവരാണ്. ഉത്കണ്ഠ (anxiety),വിഷാദം (depression), ഇമോഷണൽ പെയിൻ, ഏകാന്തത തുടങ്ങിയവയിൽ നിന്ന് രക്ഷപ്പെടാനോ നേരിടാനോ ഉള്ള ഒരു മാർഗമായി അവർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചാൽ ഉണ്ടാകാവുന്ന ഗുരുതരമായ പ്രശ്നങ്ങൾ പല കൗമാരക്കാരും അവഗണിക്കുകയോ അറിയാതിരിക്കുകയോ ചെയ്യുന്നതും അപകടമാണ്. കുടുംബത്തിൽ നേരത്തെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ളവർ ഉണ്ടെങ്കിൽ, അതിന്റെ ഉപയോഗ സാധ്യത കൗമാരക്കാർക്കിടയിൽ കൂടുതലായിരിക്കും. മാതാപിതാക്കളുടെ ഉത്തരവാദിത്തമില്ലായ്മ, മക്കളോടൊപ്പം സമയം പങ്കിടുന്നതിലെ പോരായ്മകൾ, കുട്ടികളോടുള്ള നിഷേധാത്മക സ്വഭാവം, രക്ഷിതാക്കളുടെ മോശം മാതൃകകൾ ഇതെല്ലാം ലഹരിയിലെത്താനുള്ള സാധ്യത വർദ്ധിപ്പിക്കും.

സിനിമകൾ, സംഗീതം, സോഷ്യൽ മീഡിയ എന്നിവ പലപ്പോഴും മയക്കുമരുന്ന് ഉപയോഗത്തെ ഗ്ലോറിഫൈ ചെയ്യുകയും ഇതിന്റെ ഉപയോഗം ആകർഷകമായി ചിത്രീകരിക്കുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ലഹരി വിവരങ്ങളുടെ ആധിക്യം, അതിന്റെ രഹസ്യമായ പങ്കുവക്കലുകൾ, സിനിമകളിലും മറ്റും കാണുന്ന 'കൂൾ' സ്വഭാവം തുടങ്ങിയവ കുട്ടികളെ ആകർഷിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. മയക്കുമരുന്നിലേക്ക് ഇപ്പോൾ കുട്ടികൾക്ക് എളുപ്പം എത്തിപ്പെടാൻ കഴിയുന്നുണ്ട്. ലഹരി വിൽപനാ ശൃംഘല വിപുലമാകുന്നതും അപകടരമാണ്. മയക്കുമരുന്ന് ഉപയോഗിച്ചാൽ താൽകാലിക ഉന്മാദം അല്ലെങ്കിൽ അമിതമായ ഉണർവ് അനുഭവപ്പെടും. ഈ ഉണർവ് ഇത് വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിന് കാരണമാകുന്നുണ്ട്. കുട്ടികളിൽ കാണപ്പെടുന്ന സ്വഭാവ വൈകല്യങ്ങളായ ADHD,ODD,കണ്ടക്ട് ഡിസ്ഓർഡർ (CD), ഉത്കണ്ഠ, മാനസിക സമ്മർദ്ദം എന്നിവയെ നേരിടാൻ ചിലർ മയക്കുമരുന്നിനെ ആശ്രയിക്കുന്നതായി കണ്ടുവരുന്നുണ്ട്.

ലഹരി ഉപയോഗിക്കുന്നവരെ എങ്ങിനെ തിരിച്ചറിയാം?

മയക്കുമരുന്നുകളിലേക്ക് ആകർഷിക്കപ്പെട്ട കുട്ടികളെ തിരിച്ചറിയുന്നതിൽ രക്ഷിതാക്കൾ പലപ്പോഴും പരാജയപ്പെടും. ഇതാണ് അപകടകരമായ സ്ഥിതിയിലേക്ക് കുട്ടികളെ എത്തിക്കുന്നത്. ഉപയോഗം തുടങ്ങുന്ന ആദ്യഘട്ടത്തിൽ തന്നെ ഇത് തിരിച്ചറിയാനായാൽ അവരെ എളുപ്പത്തിൽ അതിൽനിന്ന് മോചിപ്പിക്കാനാകും. ഈ തിരിച്ചറിയൽ ശേഷി ആർജിക്കാൻ സഹായകരമാകുന്ന വിവരങ്ങളാണ് ഇനി പങ്കുവക്കുന്നത്. രക്ഷിതാക്കൾക്കും അധ്യാപർക്കും സാമൂഹിക പ്രവർത്തകർക്കും ഇതൊരു ചെക്ക് ലിസ്റ്റായി ഉപയോഗിക്കാം.

ലഹരി അടിമത്തത്തിന്റെ ലക്ഷണങ്ങൾ

1. പെരുമാറ്റ ലക്ഷണങ്ങൾ (Behavioral Signs).

ലഹരി ഉപയോഗിക്കുന്നവരിൽ പ്രകടമാകുന്ന പെരുമാറ്റ വൈകല്യങ്ങളെ നാല് മേഖലകളിലേക്ക് ചുരുക്കാം.

a. സാമൂഹിക ബന്ധങ്ങളിലെ മാറ്റം (Changes in social circle):

സുഹൃത്തുക്കളുടെ പെട്ടെന്നുള്ള മാറ്റം, പ്രത്യേകിച്ച് പ്രായം കൂടിയവരുമായോ അപകടകരമായ പെരുമാറ്റങ്ങളിൽ ഏർപ്പെടുന്നവരുമായോ ബന്ധം പുലർത്തുക. സുഹൃത്തുക്കളെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള രഹസ്യസ്വഭാവം വർദ്ധിക്കുക. മുമ്പ് ആസ്വദിച്ചിരുന്ന സാമൂഹിക പ്രവർത്തനങ്ങളിൽ നിന്നോ മറ്റ് ആക്ടിവിറ്റികളിൽനിന്നോ കായിക പരിപാടികളിൽനിന്നോ പിന്മാറുക.

b. പഠന മേഖലയിൽ പിന്നാക്കം പോകൽ (Decline in Academic Performance)

പരീക്ഷകളിൽ ഗ്രേഡുകൾ കുറയുക, ക്ലാസുകൾ നഷ്ടപ്പെടുകയോ ഒഴിവാക്കുകയോ ചെയ്യുക. സ്കൂൾ പ്രവർത്തനങ്ങളോട് താല്പര്യക്കുറവ് അനുഭവപ്പെടുക. ക്ലാസ്സിൽ കൃത്യസമയത്ത് എത്താതിരിക്കുക. പാഠ്യേതര പ്രവർത്തനങ്ങളിൽ താൽപ്പര്യക്കുറവ് സംഭവിക്കുക.

c. ശീലങ്ങളിലും ദിനചര്യകളിലുമുള്ള മാറ്റങ്ങൾ (Changes in Habits and Routines):

ദൈനംദിന ജീവിത കാര്യങ്ങളിൽ കൂടുതൽ രഹസ്യസ്വഭാവവും കള്ളം പറയലും വർധിക്കുക. വീട്ടിൽ മുറി അടച്ചിരിക്കുക. കണ്ണിൽ നോക്കാതെ സംസാരിക്കുക. പതിവായി പണം ആവശ്യപ്പെടുക. പണം അല്ലെങ്കിൽ വിലപിടിപ്പുള്ള വസ്തുക്കൾ കടം വാങ്ങുകയോ മോഷ്ടിക്കുകയോ ചെയ്യുക. വീട്ടിലെ സാധനങ്ങൾ കാണാതാവുക. ഉറക്ക രീതികളിൽ മാറ്റങ്ങൾ സംഭവിക്കുക. ഉറക്കമില്ലായ്മയോ അമിതമായ ഉറക്കമോ ആകാം. ഭക്ഷണരീതികളിൽ മാറ്റം വരിക. വിശപ്പ് കുറയുകയോ വിശപ്പ് അമിതമായി കൂടുകയോ ചെയ്യാം. ശുചിത്വമില്ലായ്മ. വീട്ടിലെ രീതികളും ചിട്ടകളും ലംഘിക്കുക.

d. അപകടകരമായ പെരുമാറ്റങ്ങൾ (Risky behaviours):

കുട്ടികളുടെ സ്വഭാവത്തിൽ അപ്രതീക്ഷിതമോ അസാധാരണമോ ആയ മാറ്റം സംഭവിച്ചാൽ വളരെയേറെ ശ്രദ്ധിക്കണം. അക്രമസ്വഭാവം അല്ലെങ്കിൽ അമിതമായ ദേഷ്യം ഒരു ലക്ഷണമാണ്. ഉന്മേഷമില്ലായ്മ. പെട്ടെന്ന് കോപാലുകനാകുക. പ്രവർത്തനങ്ങളിലെ അശ്രദ്ധ. അനാവശ്യ അപകടങ്ങളിൽ ചാടുക. അപകടരമായി വാഹനം ഓടിക്കുക. വാഹന അപകടം ആവർത്തിക്കുക. നിയമങ്ങൾ ലംഘിക്കുക.

2. വൈകാരിക ലക്ഷണങ്ങൾ (Emotional Signs):

a. മാനസികാവസ്ഥയിലെ മാറ്റങ്ങൾ (Mood Swings):

മാനസികാവസ്ഥകളിൽ അടിക്കടിയുണ്ടാകുന്ന മാറ്റം. അത് പെട്ടെന്നും അകാരണമായും സംഭവിക്കും. ദേഷ്യം, സങ്കടം, സന്തോഷം, നിരാശ തുടങ്ങി പല ഭാവങ്ങളിലേക്ക് മാറാം. ഉത്കണ്ഠ അല്ലെങ്കിൽ പരിഭ്രാന്തി വർദ്ധിക്കുക. പെട്ടെന്നുണ്ടാകുന്ന സന്തോഷത്തിനോ ഉത്സാഹത്തിനോ ശേഷം വിഷാദമോ താൽപ്പര്യമില്ലായ്മയോ സംഭവിക്കുക.

b. വൈകാരികമായ പിന്മാറ്റം (Emotional Withdrawal):

കുടംബങ്ങളിൽനിന്നോ മറ്റ് ബന്ധങ്ങളിൽ നിന്നോ പിന്മാറുക.

കൂടുതലും സ്വയം ഒറ്റപ്പെടുത്തുക. ആരോടും വൈകാരിക ബന്ധമോ അടുപ്പമോ ഇല്ലാതാകുക.

c. വ്യക്തിത്വത്തിലെ മാറ്റങ്ങൾ (Changes in Personality):

വൈകാരിക പ്രതികരണങ്ങൾ വർധിക്കാനുള്ള സാധ്യത കൂടുതലാണ്. നേരത്തെയുള്ള സ്വഭാവത്തിന് വിരുദ്ധമായി പൊട്ടിത്തെറികൾ ഉണ്ടാകാം. ഭയം വർദ്ധിക്കുക. പ്രവർത്തനങ്ങളിൽ ഉത്സാഹക്കുറവ് പ്രകടമാകുക.

d. വിഷാദം, ഉത്കണ്ഠ (Depression or Anxiety):

അമിതമായ ഉത്കണ്ഠ, പരിഭ്രാന്തി, പാനിക് അറ്റാക്ക് തുടങ്ങിയ ഉത്കണ്ഠയുടെ ലക്ഷണങ്ങൾ കുട്ടികൾ കാണിക്കാം. കരച്ചിൽ, സങ്കടം, താൽപ്പര്യമില്ലായ്മ തുടങ്ങിയ വിഷാദത്തിന്റെ ലക്ഷണങ്ങൾ വർധിക്കും.

3. ശാരീരിക ലക്ഷണങ്ങൾ (Physical Signs)

a. രൂപഭാവത്തിലെ മാറ്റങ്ങൾ (Changes in Appearance):

പെട്ടെന്ന് ശരീരഭാരം കുറയുകയോ കൂടുകയോ ചെയ്യുന്നത് ലഹരിയുടെ ലക്ഷണമാണ്. വ്യക്തിപരമായ ശുചിത്വമില്ലായ്മ, അലസമായ വസ്ത്രധാരണം എന്നിവ ഉണ്ടായേക്കാം. ശ്വാസത്തിലോ ശരീരത്തിലോ വസ്ത്രത്തിലോ അസാധാരണ ദുർഗന്ധം അനുഭവപ്പെടും. പുകയുടേയോ രാസവസ്തുക്കളുടെയോ ഗന്ധമാണ് പൊതുവെ ഉണ്ടാകുന്നത്. കണ്ണുകൾ ചുവന്ന് രക്തം നിറഞ്ഞത് പോലെ കാണപ്പെടും. കണ്ണിലെ കൃഷ്ണമണികൾ വികസിക്കുകയോ ചുരുങ്ങുകയോ ചെയ്യും.

മൂക്ക് ഒലിപ്പ് ഉണ്ടാകാം. അല്ലെങ്കിൽ ഇടയ്ക്കിടെ മൂക്ക് വലിക്കുക. മൂക്കിൽ നിന്ന് രക്തസ്രാവം സംഭവിക്കുക. അസാധാരണമായ വിറയൽ, വിയർക്കൽ. സ്ഥിരമായ അസുഖങ്ങൾ, ക്ഷീണം. കൈ കാൽ,ശരീരം എന്നിവ കുഴഞ്ഞുപോകൽ. അവ്യക്തമായ സംസാരം.ശരീരത്തിൽ സൂചി കുത്തിയ പാടുകൾ. പൊള്ളലുകൾ. ചെറിയ പോറലുകൾ അല്ലെങ്കിൽ ചതവുകൾ കാണപ്പെടും.

b. ആരോഗ്യ പ്രശ്നങ്ങൾ (Health Problems):

ലഹരി ഉപയോഗിക്കുന്നവർക്ക് ഇടയ്ക്കിടെയുള്ള തലവേദന പതിവാണ്. ചിലർക്ക് തലകറക്കവും സംഭവിക്കാം. ഇടക്കിടെ ഓക്കാനം അല്ലെങ്കിൽ ഛർദ്ദി. ക്ഷീണം അല്ലെങ്കിൽ മന്ദത. അപസ്മാരം. ഉറക്ക രീതികളിലെ മാറ്റങ്ങൾ.

c. ഉപകരണങ്ങൾ (Paraphernalia):

ലഹരി ഉപയോഗത്തിന് കുട്ടികൾ സ്ഥിരമായി ഉപയോഗിക്കുന്ന ചില ഉപകരണങ്ങളുണ്ട്. ഇവ കുട്ടികളുടെ കൈവശം അസ്വാഭാവികമായി കാണപ്പെട്ടാൽ രക്ഷിതാക്കൾ നിർബന്ധമായും അവരെ നിരീക്ഷിക്കുകയും പരിശോധിക്കുകയും വേണം. ചെറിയ പൈപ്പുകൾ, ഒഴിഞ്ഞ റീഫില്ലറുകൾ, റോളിംഗ് പേപ്പറുകൾ, സിറിഞ്ചുകൾ, പഴയ ATM കാർഡുകൾ, പൊടിയോ ഗുളികകളോ അടങ്ങിയ ചെറിയ ബാഗുകൾ തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്. കുട്ടിയുടെ മുറിയിലോ സാധനങ്ങളിലോ അസാധാരണമായ ദുർഗന്ധമുണ്ടെങ്കിൽ ശ്രദ്ധിക്കണം. വീട്ടിൽ ഉള്ള മരുന്നുകൾ സ്ഥിരമായി കാണാതാകുന്നതും അപായ സൂചനയാണ്. ഇതിൽ ചില ലക്ഷണങ്ങൾ സാധാരണ കൗമാരക്കാരടെ പെരുമാറ്റങ്ങളിൽ പെടുന്നവയാണ്. എങ്കിലും ഇത് ശ്രദ്ധയിൽപെട്ടാൽ ഇവർ ലഹരി ഉപയോഗിക്കുന്നില്ല എന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം. ഒപ്പം തന്നെ സാധാരണ കൗമാര പെരുമാറ്റവും മയക്കുമരുന്ന് ഉപയോഗം മൂലമുള്ള പെരുമാറ്റവും തമ്മിലെ വ്യത്യാസവും അറിഞ്ഞിരിക്കണം. കാരണം ചില ലക്ഷണങ്ങൾ ഒരേപോലെ തോന്നാം. ചില ഉദാഹരണങ്ങൾ പറയാം:

  •  ഹോർമോൺ മാറ്റങ്ങളും സാമൂഹിക സമ്മർദ്ദങ്ങളും പലപ്പോഴും കൗമാരക്കാരുടെ മാനസി സന്തുലനത്തിൽ ചെറിയ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. എന്നാൽ പെരുമാറ്റത്തിലെ പെട്ടെന്നുള്ളതും സമൂലവുമായ മാറ്റം, അല്ലെങ്കിൽ ശീലങ്ങളിലെ തീവ്രമായ മാറ്റം തിരിച്ചറിയുകയും ശ്രദ്ധിക്കുകയും വേണം.
  •  ക്രമരഹിതമായ ഉറക്കം കൗമാരക്കാർക്ക് ചിലപ്പോൾ സംഭവിക്കാറുണ്ട്. എന്നാൽ
  • നിരന്തരമായ കടുത്ത ക്ഷീണമോ തുടർച്ചയായ ഉറക്കമില്ലായ്മയോ ഉണ്ടെങ്കിൽ അത് അപകട സൂചനയാണ്.
  • കൗമാരക്കാർ സ്വാഭാവികമായും സ്വാതന്ത്ര്യവും സ്വകാര്യതയും ആഗ്രഹിക്കുന്നവരാണ്. എന്നാൽ മുൻപ് ഇല്ലാത്ത രീതിയിൽ രഹസ്യ സ്വഭാവം കാണിച്ചു തുടങ്ങിയാൽ ശ്രദ്ധിക്കുക. വാതിലുകൾ പൂട്ടുക, സാധനങ്ങൾ മറയ്ക്കുക അല്ലെങ്കിൽ സംഭാഷണങ്ങൾ ഒഴിവാക്കുക തുടങ്ങിയവ സൂക്ഷിക്കണം.
  • കൗമാരക്കാർ പൊതുവെ പുതിയ കാര്യങ്ങൾ ചെയ്യാൻ ഇഷ്ട്ടപെടുന്നവരാണ്. അതിനാൽ തന്നെ പുതിയ സുഹൃത്തുക്കളിലും ഗ്രൂപ്പുകളിലും എത്തപ്പെടാം. എന്നാൽ ഇത്തരം ഗ്രുപ്പുകളെ കുറിച്ചും അതിലെ സുഹൃത്തുക്കളെ കുറിച്ചും ഉള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നുവെങ്കിൽ ശ്രദ്ധിക്കണം.
  •  അക്കാദമിക് പ്രകടനത്തിൽ ഇടയ്ക്കിടയുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമായി കാണാം. എന്നാൽ സ്കൂൾ പ്രകടനത്തിലും ഹാജരിലും കുറവ്, ക്ലാസുകൾ നിരന്തരം ഒഴിവാക്കൽ, അച്ചടക്ക പ്രശ്നങ്ങൾ എന്നിവ തുടർക്കഥയായാൽ ശ്രദ്ധിക്കുക.
  •  ഹോർമോൺ മാറ്റങ്ങളും സമ്മർദ്ദവും കൗമാരക്കാരിൽ ഇറിറ്റബിലിറ്റി ഉണ്ടാക്കാറുണ്ട്. എന്നാൽ ആക്രമണസ്വഭാവം, ചെറിയകാര്യങ്ങൾക്ക് പോലും അസാധാരണ പൊട്ടിത്തെറികൾ എന്നിവ നോർമൽ സ്വഭാവം അല്ല.
  • സാധാരണ കൗമാര സ്വഭാവങ്ങൾ തീവ്രത കുറഞ്ഞതും ക്ഷണികവുമാണ്, അതേസമയം മയക്കുമരുന്ന് സംബന്ധമായ മാറ്റങ്ങൾ കൂടുതൽ പ്രകടവും സ്ഥിരവുമായിരിക്കും.
  • രക്ഷിതാക്കൾ, അവരുടെ സഹജാവബോധത്തെ തന്നെയാണ് വിശ്വസിക്കേണ്ടത്. എന്നാൽ, എന്തെങ്കിലും അസ്വാഭാവികമായി തോന്നിയാൽ അതിനെ അൽപംപോലും അവഗണിക്കാതിരിക്കുക.

തുടരും 

Reena V R

Sr. psychologist

The Insight Centre

Trivandrum

8590043039

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - റീന വി.ആർ

Senior Consultant, Mental Health

Reena VR is senior consultant, mental health

Similar News