നിലാവ് | Short Story

| കഥ

Update: 2024-10-22 15:32 GMT
നിലാവ് | Short Story
AddThis Website Tools
Advertising

ചില രാത്രികളെ മറികടന്ന് പ്രഭാതത്തിലേക്കെത്താന്‍ വളരെയധികം ആയാസം തോന്നാറുണ്ട്. അങ്ങനെയൊരു രാത്രിയായിരുന്നു കഴിഞ്ഞതിലൊന്ന്. ഇതുപോലെ ഉറക്കമില്ലാത്ത രാത്രികള്‍ അവള്‍ക്ക് മുന്നേയും പരിചിതമാണ്.

ഹൃദയത്തെ കീറിമുറിക്കാന്‍ വിരിപ്പില്‍ പതുങ്ങിയിരിക്കുന്ന ഇരുട്ടില്‍ സ്വകാര്യവും, സ്ഥിരവുമായ ദുഃഖങ്ങളുടെ ഒരുഭാന്ധം നെഞ്ചിന്‍ നടുവില്‍ അലമുറ കൂടിക്കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. ആ നിലവിളികള്‍ക്കുനേരെ കാതുപൊത്തി, കണ്ണടച്ച് കൂടുതല്‍ കറുപ്പിലേക്ക് ഓടിയൊളിക്കാന്‍ ശ്രമിക്കുമ്പോഴാണ് പിണങ്ങിനില്‍ക്കുന്ന ഇണകളെപോലെ മിഴികള്‍ അകന്നു തന്നെയിരിക്കുന്നത്.

സമ്മതമില്ലാതെയാണെങ്കിലും പീലികളെ രണ്ടും ചേര്‍ത്തുപിടിച്ച് ഏറെ നേരത്തെ തിരിഞ്ഞുമറിഞ്ഞു കിടത്തതിനൊടുവില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ കിടക്ക വിട്ടെഴുന്നേറ്റു.

വീടുറങ്ങിയാല്‍ ശരീരത്തിലൂടെ കയറിയിറങ്ങാന്‍ എത്തുന്ന എലികളോടുള്ള പ്രതിഷേധമായി കതക് കൊട്ടിയടച്ചതിനാല്‍ അപ്പുറത്തെ വരാന്തയില്‍ നിന്നും ഒളികണ്ണിട്ടു നോക്കാറുണ്ടായിരുന്ന വെളിച്ചകീറും അന്യമായിരുന്നു അന്ന്.

കെട്ടഴിഞ്ഞു കഴുത്തിലും, കവിളിലും തൊട്ടുരുമി ചൊടിപ്പിക്കുന്ന തലനാരുകളെ ചെവികള്‍ക്കു പിറകിലേക്ക് മാടിയൊതുക്കി. കാണുന്നില്ലെങ്കിലും ലക്ഷ്യമില്ലാതെ കറങ്ങുന്ന ഫാനിന്റെ കാറ്റിലേക്ക് മുഖമുയര്‍ത്തുമ്പോള്‍ ഖല്‍ബ് വലിയൊരു പാറക്കല്ലിനടിയില്‍പ്പെട്ട് ചിന്നിച്ചിതറുന്ന പോലെയുള്ള വേദനയാല്‍ ഇരു പുഴകള്‍ ഓളമിട്ടൊഴുകാന്‍ തുടങ്ങി. കലങ്ങിമറിഞ്ഞതെല്ലാം ഒഴുകി തെളിയട്ടെ എന്നുകരുതി അവളതിനെ തടയാനും മുതിര്‍ന്നില്ല.

മുറിക്കുള്ളില്‍ ചുറ്റിതിരിയുന്ന കാറ്റിന്റെ താളത്തില്‍ ഉയര്‍ന്നു താഴുന്ന കര്‍ട്ടന്റെ ഇതളുകള്‍ക്കിടയിലൂടെ ജാലകചില്ലുകളുടെ തടസ്സമില്ലെങ്കില്‍ അകത്തേക്ക് അരിച്ചിറങ്ങാന്‍ വെമ്പല്‍കൊള്ളുന്ന നിലാവിനെ കണ്ടപ്പോള്‍ തന്റെ എരിയുന്ന കനലുകളിലേക്ക് തണുപ്പേകാന്‍ വന്നവനെ പോലെ തോന്നി അവള്‍ ജനലോരത്തേക്ക് നീങ്ങി.

അപ്പോഴും മിഴിയിറകളില്‍ നിന്ന് മുത്തുകള്‍ വീണുടയുന്നുണ്ടായിരുന്നു. ചുണ്ടില്‍ പരക്കുന്ന ഉപ്പുരുചിയെ തട്ടത്തിന്റെ അറ്റംകൊണ്ട് തുടച്ചുമാറ്റി. നിലാവിനെ നഗ്‌നമായി കാണാനുള്ള കൊതിയോടെ കൊളുത്തിട്ട് ഭദ്രമാക്കിയ ജാലക വാതിലുകളെ സ്വതന്ത്രയാക്കിയപ്പോള്‍ ഇളം തെന്നലിന്റെ ഒരു പ്രവാഹം ദേഹത്തെ വാരിപ്പുണര്‍ന്നു.

മാനസികസംഘര്‍ഷത്തിന്റെയും, കാലത്തിന്റെയും തീഷ്ണമായ ചൂടില്‍ ആ കുളിരേകിയ ആത്മനിര്‍വൃതി എത്രയായിരുന്നുയെന്ന് പറയാനാവില്ല. ജനല്‍ കമ്പികള്‍ക്കിടയിലൂടെ നീലിമയാര്‍ന്ന വാനിലേക്ക് നേത്രങ്ങള്‍ ഉയര്‍ന്നെങ്കിലും, മുറ്റത്തിനു ചുറ്റും ഇലകള്‍കൊണ്ട് ഇടത്തുര്‍ന്ന മരങ്ങള്‍ നിന്നാടുന്നതിനാല്‍ നക്ഷത്രങ്ങളെയോ, മേഘങ്ങളെയോ ഒന്നും കാണുന്നുണ്ടായിരുന്നില്ല.

കോടികള്‍ ഉയരത്തില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന ഇരുണ്ട നിലാവെളിച്ചത്തിലപ്പോള്‍ പുറംകാഴ്ചകള്‍ പകല്‍പോലെ വ്യക്തമായി കാണുന്നുണ്ടായിരുന്നു. പീലികള്‍ വിടര്‍ത്തിയ തെങ്ങുകള്‍ അനങ്ങുമ്പോള്‍ മാത്രം മേഘകൂട്ടങ്ങള്‍ പുകയായി പരക്കുന്നത് തെളിയുന്നുണ്ടായിരുന്നു.

ഇടയ്ക്കിടക്കുവന്ന് മുടിയിഴകളില്‍ ഒളിക്കുകയും ആ നിമിഷത്തില്‍തന്നെ ഇറങ്ങി ഓടുകയും ചെയ്യാനെത്തുന്ന വായുവിനൊപ്പം, എവിടെയോ വിരിയുന്ന ചെമ്പകപ്പൂവിന്റെ, മുല്ലപ്പൂവിന്റെ, മറ്റെന്തൊക്കെയോ പൂക്കളുടെയും സുഗന്ധമവിടെ പരക്കുന്നണ്ടായിരുന്നു.

രാക്കിളികളുടെ സംഗീതം ചുറ്റിലെവിടെങ്കിലും അരങ്ങേറുന്നുണ്ടോ എന്നുതിരയാന്‍ ചെവികളെ അയച്ചിട്ടപ്പോള്‍ രാത്രി യാത്രകളില്‍ നിന്നും കേട്ടറിവുള്ള ചീവിടിന്റെയും വേറെ എന്തെല്ലാമോ ജീവികളുടെയും കരച്ചിലും, നായയുടെ ഓരിയിടലും അകലെയെവിടുന്നോ കേള്‍ക്കാന്‍ തുടങ്ങിയതും മുറിയിലെ ഇരുട്ടും, വെളിയിലെ നേര്‍ത്ത നിലാവെളിച്ചവും ഭയമായി ഉള്ളിലേക്ക് ചേക്കേറി.

കുശലം പറയുന്ന വാഴയിലകളിലേക്കും, എല്ലാത്തിനും മൗനസാക്ഷിയായി കിടക്കുന്ന മണ്ണിലേക്കും നോക്കുന്ന മാത്രകളില്ലെലാം കാരണമറിയാത്ത ഭീതി കനം വെക്കാന്‍ തുടങ്ങിയപ്പോള്‍ പാളികള്‍ ചാരി വിരിനീക്കി. തേടിയെത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെള്ളപ്പാത്രം എടുത്ത് വായിലേക്ക് ചെരിച്ചു.

അന്നനാളങ്ങളിലൂടെ പര്യടനം നടത്തി നീര്‍ത്തുള്ളികള്‍ ലക്ഷ്യത്തില്‍ എത്തിയപ്പോള്‍ ആര്‍ത്തലയ്ക്കുന്ന കടല്‍ അല്പമൊന്ന് ശാന്തമായത് പോലെ.

എന്നിട്ടും പിണങ്ങിപിരിഞ്ഞ കണ്‍പോളകള്‍ ഒന്നായിചേരാന്‍ വിസമ്മതരായപ്പോള്‍. അവള്‍ എഴുത്തു മേശക്കരികിലെക്കിരുന്നു. മഞ്ഞ വെട്ടത്തില്‍ എഴുതുന്നതെല്ലാം ചുരുളുകളായി ചുറ്റിലും ചിന്നിച്ചിതറി. എത്ര ശ്രമിച്ചിട്ടും പേന പെയ്യാത്തത് കൊണ്ടാണെന്ന് തോന്നുന്നു പതിവില്ലാത്തൊരു മഴ ചെറു കിലുക്കത്തോടെ മുറ്റത്തെത്തിയത്. മഴനൂലുകളുടെ ചളപിള പറച്ചിലില്‍ അലിയാനെന്നപോലെ ചാരുകസേരയിലേക്കമര്‍ന്നു. പിന്നെ ഇരുട്ടു മാഞ്ഞ് പുതിയൊരു പുലരി തെളിഞ്ഞതൊന്നും അവള്‍ അറിഞ്ഞതേ ഇല്ലായിരുന്നു. 


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - മുബീന വിളത്തൂര്‍

Writer

Similar News

കടല്‍ | Short Story