സ്വപ്‌നം | Short Story
| കഥ
''ആരോ ഒരാള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ കാണുന്ന സ്വപ്നമാണ് നീയും ഞാനും''
അവള്‍ അവനോടു പറഞ്ഞു.
''ഇല്ല ഷൈമ... അങ്ങനെയല്ല, സ്വപ്നം ഒരിക്കലും യഥാര്‍ഥ്യമല്ല.. ഉറങ്ങുന്ന ആള്‍ ഉണരുന്നതോടെ അതിനു വിരാമമായി. അതുവരെ കണ്ട കാഴ്ചകളെല്ലാം എവിടെയോ പൊയ്ക്കളയും.. എത്ര ഓര്‍ക്കാന്‍ ശ്രമിച്ചാലും നമ്മില്‍ നിന്നും ഇരുട്ടിലേക്കു ഓടി മറയും. നമ്മള്‍ അങ്ങനെയാണോ. കേവലമൊരു സ്വപ്നത്തില്‍ കണ്ടു മറയുന്നവരാണോ. അല്ല.. നീയെന്റെ ജീവിതമാണ്. എന്നും എന്റെ കൂടെ തന്നെ ഉണ്ടായിരിക്കും'' അവന്‍ അവളുടെ വിരലുകളില്‍ പതിയെ തൊട്ടു.
''അങ്ങനെയല്ലേ. ജീവിതം എങ്ങനെ സ്വപ്നമാകും?''
''ഒരിക്കല്‍ നിന്നെ നഷ്ടമായാല്‍ അതൊരു സ്വപ്നമാണെന്ന് കരുതി ആശ്വസിക്കാലോ..'' അവള്‍ അവന്റെ കണ്ണുകളിലേക്കു നോക്കി.
''അതു വാസ്തവം.. പക്ഷേ നമ്മള്‍ ജീവിക്കുന്ന രണ്ടു സ്‌നേഹജീവികളാണ്.. നമ്മളല്ല സ്വപ്നം കാണുന്നത്, സ്വപ്നം നമ്മളെയാണ് കാണുന്നത്.. അതു കൊണ്ട് സ്വപ്നം കൊണ്ടുള്ള ഈ ഉപമ വേണ്ട.. അതു മരണം പോലെയാണ്.. '' ആരോ ഒരാള്‍ '' എന്നു പറഞ്ഞില്ലേ അയാള്‍ ഉണരുന്നതോടെ നമ്മള്‍ മരിച്ചു പോകും.'' അവന്‍ പറഞ്ഞു.
''മരിക്കണ്ട.. ഇപ്പോളൊന്നും മരിക്കണ്ട.. എവിടെയെല്ലാം പോകാനുണ്ട് എന്തെല്ലാം കാണാനുണ്ട്.. ഈ ഭൂമിയിലെ മനോഹരമായ കാഴ്ചകളെല്ലാം എനിക്ക് നിന്നോടൊപ്പം കാണണം.ആകാശത്തിന്റെ അനന്തമായ അറ്റങ്ങള്‍ തേടി നമുക്കു പാറിപ്പറക്കണം. മഞ്ഞു മൂടിയ പ്രഭാതത്തില്‍ തണുത്തു മരവിച്ച മരങ്ങള്‍ക്കിടയിലെ വള്ളികുടിലിന്റെ ചെറിയ ജനാലക്കരികില്‍ നിന്ന് നമുക്ക് പുറത്തെ കാഴ്ചകള്‍ കാണണം..''
''നിന്റെ കണ്ണുകളില്‍ വെറുതെ നോക്കിയിരിക്കുമ്പോള്‍ തന്നെ എനിക്കിതെല്ലാം കാണാം'' അവന്‍ പറഞ്ഞു.
''സത്യം?''
''സത്യം''
''നീ കൂടെയില്ലെങ്കില്‍ കാഴ്ചകളെല്ലാം വിരസമായിത്തീരും..പ്രണയം വരണ്ടു കീറും.. ഞാന്‍ വിരൂപിയാവും.'' അവളുടെ കണ്ണുകള്‍ നിറഞ്ഞു.
''ഈ പെണ്ണിന്റെ ഒരു കാര്യം ഞാന്‍ എവിടെ പോകാനാണ്.. ലോകത്ത് എത്രയോ പെണ്ണുങ്ങളുണ്ട്.. പക്ഷെ നിന്റെ കണ്ണുകളെ മാത്രമേ എന്റെ കണ്ണുകള്‍ കണ്ടുള്ളു.. നിന്നെ കാണുമ്പോള്‍ മാത്രമേ എന്റെ ഹൃദയം തണുക്കുന്നുള്ളൂ.. ഇതിന്റെയൊക്കെ അര്‍ത്ഥമെന്താണ്?''
''എനിക്കറിയില്ല'' അവള്‍ മുഖം തിരിച്ചു.
''എങ്കില്‍ അറിയണ്ട. ദൈവത്തിനറിയാം നമ്മള് രണ്ടാളും അനാഥരാണെന്ന്.. മൂപ്പര് പടച്ചു വിടുമ്പോള്‍ തന്നെ പറഞ്ഞിട്ടുണ്ട്.. ഷൈമ നിനക്കുള്ളതാണ് ന്ന്..''
''പിന്നെ എന്തൊക്കെ പറഞ്ഞ്?''
''അവളെയങ്ങു കെട്ടിക്കോളാന്‍ പറഞ്ഞ്.. എന്നിട്ട് ഞാന്‍ പടച്ചു വെച്ച ലോകം മുഴുവന്‍ ഓളേം കൂട്ടിപ്പോയി കാണാന്‍ പറഞ്ഞ്.സ്‌നേഹം കൊണ്ട് മൂടി പൊറുതി മുട്ടിച്ചേക്കാന്‍ പറഞ്ഞ്..നീ റെഡി ആണോ... ന്റെ കൂടെ പോരാന്‍?കുറെ വെയില് കൊള്ളേണ്ടി വരും മഴയത്തും മഞ്ഞത്തും നടക്കേണ്ടി വരും.. പാറക്കെട്ടുകള്‍ താണ്ടേണ്ടി വരും.. ട്രെയിനിലും ബസിലും സൈക്കിളിലുമൊക്കെ ദിവസങ്ങളോളം അലഞ്ഞു തിരിയേണ്ടി വരും.. ഗുഹകളില്‍ ഉറങ്ങേണ്ടി വരും..എങ്കില്‍ നമുക്കു ജീവിക്കാം.. ജീവിച്ചു ജീവിച്ചു മരിക്കാം.. പോരുന്നോ... ഒരിടത്തു വീട് വെച്ചു അവിടെത്തന്നെ കലാകാലം ജീവിതമുണ്ടാവില്ല.. നമ്മളും നമ്മുടെ മക്കളും ദേശാടനപ്പക്ഷികളെപ്പോലെ ഇങ്ങനെ..''
''വെയിലും മഞ്ഞും കൊണ്ട് എന്റെ സൗന്ദര്യം മുഴുവന്‍ നഷ്ടപ്പെട്ടാലോ... എന്തു ചെയ്യും?''
ഒരു നാട്ടില്‍ നിന്നും മറ്റൊരു നാട്ടിലേക്കു പോകുമ്പോള്‍ നിന്റെ സൗന്ദര്യം വര്‍ധിക്കും. അവിടെ നിന്നും മറ്റൊരിടത്തേക്ക് പോകുമ്പോള്‍ ഒന്നു കൂടി സുന്ദരിയാകും. അങ്ങനെ എത്രയെത്ര രാജ്യങ്ങള്‍ കാണുന്നുവോ അത്രയും സൗന്ദര്യം വര്‍ധിക്കും. നിന്നേക്കാള്‍ സൗന്ദര്യമുള്ള മറ്റൊരു പെണ്ണും പിന്നെയീ ഭൂമിയില്‍ കാണില്ല.'' അവന്‍ കണ്ണിറുക്കി.
''ഇനി ഞാന്‍ പോട്ടെ.. ഇനിയും വൈകിയാല്‍ അമ്മായി തിരക്കും''
''നില്‍ക്ക്.. വെറുതെ ഇരിക്കുമ്പോള്‍ ഇതൊന്നു വായിച്ചു നോക്ക്..''
അവള്‍ കരുതലോടെ അതു വാങ്ങിച്ചു.
ആരാച്ചാര്‍. കെ.ആര്‍ മീര.
''എല്ലാരും ഉറങ്ങിക്കഴിയുമ്പോള്‍ വായിക്കണം. കൊല്‍ക്കത്തയിലെ തെരുവു കാഴ്ചകള്‍ കാണാം. ദുര്‍ഗന്ധം വമിക്കുന്ന ഓടകളും തിരക്കേറിയ സ്ട്രാന്‍സ് റോഡിലൂടെ ശവങ്ങളെ വഹിച്ചു കൊണ്ടു പോകുന്ന ഉന്തു വണ്ടികളെയും കാണാം. ചിതകളൊരുക്കി കാത്തിരിക്കുന്ന ഗംഗാ തീരത്തെ നീം തലഘാട്ടും സൊനഗച്ചിയിലെ ചുവന്ന തെരുവും കാണാം. ഇത് അപൂര്‍വമായ ഒരെഴുത്താണ്..'' അവന്‍ പതിയെ പറഞ്ഞു.
''വായിക്കാം. പക്ഷേ ഈ പുസ്തകം തന്നെ സമ്മാനിക്കാന്‍ മാത്രം ഇതിലെന്താണുള്ളത്?''
''നിന്റെ പ്രായത്തിലുള്ള ഒരുവളാണ് ചേതന. അവളുടെ നിയോഗം എന്താണെന്നറിയുമോ.
അവളാണ് ആരാച്ചാര്‍. കുറ്റവാളികളുടെ കഴുത്തില്‍ കുടുക്ക് മുറുക്കുന്നവള്‍. ജീവിനെടുക്കാന്‍ മാത്രം മൂര്‍ച്ചയുള്ളവള്‍''
''മതി. കൂടുതല്‍ പറയണ്ട''
''ഇനിയെന്ന കാണുന്നത്..?'' അവന്‍ ചോദിച്ചു.
''ഇനിയെന്നെങ്കിലും കാണാന്‍ തോന്നുമ്പോള്‍ ഇതു പോലെ''
തിരിച്ചു നടക്കുമ്പോള്‍ ഇനിയൊരിക്കലും നിശാന്തിനെ കേവലമൊരു സ്വപ്നത്തോട് ഉപമിക്കില്ലെന്നു അവള്‍ തീര്‍ച്ചപ്പെടുത്തി. സുന്ദരമായ ഒരു പ്രണയത്തെ പേറിക്കൊണ്ട് അപ്പൂപ്പന്‍താടി കണക്കെ അവള്‍ ചിരിച്ചു. അവള്‍ നടക്കുമ്പോള്‍ പല നിറത്തിലുള്ള കുപ്പിവളകള്‍ കിലുങ്ങി.
രാത്രികളില്‍ അമ്മായിയും മക്കളും ഉറങ്ങിക്കഴിഞ്ഞപ്പോള്‍ വെളിച്ചം കുറഞ്ഞ മുറിയില്‍ അവള്‍ ആരാച്ചാര്‍ വായിച്ചിരുന്നു. കട്ടി കൂടിയ കറുത്ത പുറഞ്ചട്ട മേല്‍ രക്തം പറ്റിപ്പിടിച്ച പോല്‍ 'ആരാച്ചാര്‍'എന്ന് വളച്ചെഴുതിയിട്ടുണ്ട്. മഞ്ഞ നിറത്താല്‍ ഒരു കുടുക്കും. അവള്‍ തിടുക്കത്തില്‍ ഏടുകള്‍ മറിച്ചു.
ലോകത്തു ഏറ്റവും വിചിത്രമായത് മനുഷ്യരാണ്. ഗൃന്ദാ മല്ലിക് കുടുംബത്തിന്റെ പിന്തലമുറകളുടെ കഥകള്‍ പറയുന്ന ഥാക്കുമാ, ആരാച്ചാര്‍ കുടുംബത്തില്‍ ജനിച്ചു പോയതിന്റെ പേരില്‍ വെറും മാംസപിണ്ഡമായി മാറിയ രാമുദാ. ഹാങ്ങ് വുമണ്‍സ് ഡയറി എന്ന ചാനല്‍ പരിപാടിയിലേക്ക് ചേതനയെ വിലപേശുന്ന സഞ്ജീവ്കുമാര്‍ മിത്രയെന്ന റിപ്പോര്‍ട്ടര്‍. കൂട്ടുകാരിയുടെ മകളെ മൃഗീയമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കുറ്റത്തിന് യതീന്ദ്ര ബാനര്‍ജിയെ തൂക്കിലേറ്റാന്‍ ഒരുങ്ങുന്ന ചേതന. അങ്ങനെയങ്ങനെ നീളുന്ന മനുഷ്യ രൂപങ്ങളെ അടക്കം ചെയ്ത പുസ്തകം.
ഷൈമ കണ്ണടച്ചു കിടന്നു. സഞ്ജീവ് കുമാര്‍ മിത്ര. വികലമായ സ്‌നേഹം കൊണ്ട് ചേതനയെ വിരൂപിയാക്കിയത് അയാളാണ്. അയാള്‍ക്ക് മനോഹരമായി ചതിക്കാനറിയാം. അവഗണിക്കാനറിയാം, പുച്ഛിക്കാനറിയാം. അവളുടെ മനസ്സില്‍ സഞ്ജീവ് കുമാര്‍ മിത്ര മാത്രം ഉടക്കി നിന്നു. നിശാന്ത് അങ്ങനെയാണോ. സുന്ദരന്‍.. വചാലന്‍, സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിക്കുന്നവന്‍. അവന്റെ കണ്ണില്‍ എവിടെയെങ്കിലും എനിക്ക് ചതിയുടെ നിഴലുകള്‍ കാണാന്‍ കഴിയുമോ? ഷൈമയുടെ നെഞ്ച് പിടച്ചു.
'എങ്ങനെയാണു ഒരാളുടെ സ്‌നേഹം സത്യമാണോ എന്നറിയുന്നത്!.. സത്യമായിരിക്കട്ടെ...സ്‌നേഹിക്കപ്പെടുന്ന പുരുഷന്‍ ഏല്‍പ്പിക്കുന്ന മുറിവുകള്‍ ഒരിക്കലും ഉണങ്ങുകയില്ല.'
ഒരു പകല്‍ ആരാച്ചാര്‍ വായിച്ചിരിക്കെ അവള്‍ ഉറങ്ങിപ്പോയി. ഉറക്കത്തില്‍ തനിക്കു ശക്തമായി പനിക്കുന്നതായി അവള്‍ക്കു തോന്നി. താന്‍ ആരാച്ചാരാവുന്നത് സ്വപ്നം കണ്ടു. ഏതോ ഒരു ചെറുപ്പക്കാരനെ തൂക്കാനായി വണ്ണമുള്ള കയറില്‍ അവള്‍ കുടുക്ക് കെട്ടി.ഈ ലോകത്തിലെ എല്ലാ ആസക്തികളും കെട്ടു പോയ ആ ചെറുപ്പക്കാരനെ അവള്‍ ചെറു പുഞ്ചിരിയോടെ നോക്കി. സ്‌നേഹിക്കപ്പെട്ട പുരുഷനില്‍ നിന്നേല്‍ക്കുന്ന മുറിവ് ഒട്ടും ഉണങ്ങില്ലടോ. വഞ്ചിക്കപ്പെടുന്നത് ഏറ്റവും വൃത്തികെട്ട അവസ്ഥയാണ്. ഇനി ഒരു പെണ്ണിനേയും.. അല്ല ഒരു മനുഷ്യനെയും നീ ചതിച്ചു കൂടാ. അവള്‍ സര്‍വ്വ ശക്തിയുമെടുത്തു ലിവര്‍ വലിച്ചു. കുടുക്കിന്റെ അറ്റത്ത് കാലുകള്‍ അന്തരീക്ഷത്തിലേക്കു പിടപ്പിച്ചു തുടകള്‍ മാന്തിപ്പൊളിച്ചു നിശ്ചലനായത് നിശാന്തായിരുന്നു. അവള്‍ നടുങ്ങിപ്പോയി.
സ്വപ്നങ്ങള്‍ വീണ്ടും വഴിമാറി സഞ്ചരിച്ചു. ഇതുവരെ നടന്നിട്ടില്ലാത്ത വിജനമായ ഒരു വഴിയിലൂടെ അവള്‍ നടക്കുകയാണ്. കൂടെ ഒരു പുരുഷനുമുണ്ട്. അയാളെ അവള്‍ക്കു പരിചയമില്ല, എങ്കിലും ഇഷ്ടമോ പ്രണയമോ ഉണ്ട്. ഇടക്കെപ്പോഴോ അവളുടെ വിരലുകള്‍ ശ്രദ്ധയോടെ നെഞ്ചോടു ചേര്‍ത്ത് അയാള്‍ പതുക്കെ ചുംബിച്ചു.
കാറ്റ് കറുത്ത മേഘങ്ങളെ പോലെ പറന്നു നടന്നു. ഇരുട്ടാകുന്ന പോലെ. ഇരുവശത്തും അറ്റമില്ലാതെ നീണ്ടു കിടക്കുന്ന നെല്‍പ്പാടമാണ് പിന്നീടങ്ങോട്ട്. അവര്‍ നടക്കുന്നതാകട്ടെ ഒരു ചെങ്കല്‍പാതയിലൂടെയും. അവള്‍ നഗ്‌നപാദയാണ്. പ്രണയത്തിന്റെ അലയൊലികള്‍ മനസ്സില്‍ വിടരുന്നുണ്ട്. പിന്നിലേക്കു മറഞ്ഞു പോയ വഴികളെ പ്രണയിച്ചു നടക്കുമ്പോള്‍ ആകാശം കറുപ്പില്‍ നിന്ന് ചുവപ്പായി. ഇരുട്ടിനും വെളിച്ചതിനും ഇടക്കുള്ള അകാരണമായ ഭീതിയിലേക്ക് അവളുടെ മനസ്സ് കടന്നു. ഇരുവശത്തെയും നെല്‍പ്പാടങ്ങള്‍ കൂടുതല്‍ കൂടുതല്‍ വിസ്തൃതപ്പെട്ടു. അത്രമേല്‍ തുറസ്സായ, അറ്റമില്ലാത്ത ഒരിടം അവള്‍ ഇതുവരെ കണ്ടതേയില്ലായിരുന്നു. അല്‍പം കൂടി മുന്നിലേക്കു നടന്നപ്പോള്‍ നെല്‍ച്ചെടികളെല്ലാം കടുത്ത നിറമുള്ള വയലറ്റ് പൂക്കളായി. ഇപ്പോള്‍ ചുറ്റിലുമുള്ളത് വെള്ളം കുടിച്ചു ചീര്‍ത്ത പായല്‍ ചെടികള്‍ മാത്രമാണ്. ആകാശവും മേഘങ്ങളും കണ്ണിനു കാണാവുന്ന കാഴ്ചയുടെ അറ്റത്തു വെച്ച് പായല്‍ വെള്ളത്തില്‍ ഒന്നാകുന്നത് അവള്‍ കണ്ടു. കാഴ്ച്ച മലക്കം മറിഞ്ഞു പോകുന്നതു പോലെ.
''അനന്തതയില്‍ രൂപപ്പെടുന്ന സ്‌നേഹം അലൗഗികമായിരിക്കും. അതു ഉന്നതമായ സ്‌നേഹാവസ്ഥയാണ്.'' അയാള്‍ പറഞ്ഞു.
അനന്തതയും പ്രണയവും അവളില്‍ ഭീതി നിറച്ചു. പെട്ടെന്നാണ് അവള്‍ അത്ഭുതപ്പെട്ടത്. ആ കാഴ്ച്ച... മനുഷ്യര്‍ ഒരിക്കലും ദര്‍ശിച്ചിട്ടില്ലാത്ത ഒരപൂര്‍വ കാഴ്ച! പാടത്തിനങ്ങേ തലയ്ക്കല്‍. എന്തു മാത്രം അകലെയാണോ അത്ര മാത്രം അകലെ.. ഒരു വന്മരം!
മരങ്ങളിലെന്താണ് ഇത്ര മാത്രം അത്ഭുതപ്പെടാന്‍?! അതൊരു സാധാരണ മരമായിരുന്നില്ല. നേരിയ ഇരുട്ടു വീണ ആകാശത്തില്‍ അതിന്റെ ഇലകള്‍ വ്യക്തമായി കാണാമായിരുന്നു. ആകാശത്തെ മുഴുവന്‍ മൂടാനുള്ള വിസ്തൃതിയില്‍ വലിയൊരു പൂവിന്റെ ആകൃതിയില്‍ അതിന്റെ പച്ചിലകള്‍. സൂര്യന്‍ ഇരുണ്ടപ്പോള്‍ ഇലകളും ഇതളുകളും ഇരുണ്ടു. കറുത്ത വലിയൊരു പുഷ്പം..!
അവിചാരിതമായി അവളുടെ വിരലുകള്‍ക്കിടയിലെ പിടുത്തം മുറുകി. അവള്‍ സംശയത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി. അത്ഭുതം. അയാള്‍ക്കു കണ്ണുകള്‍ മാത്രമേയുള്ളു. തിളങ്ങുന്ന, തീക്ഷണതയുള്ള, ആസക്തിയുള്ള കണ്ണുകള്‍. വലതു വശത്തെ അനന്തതയില്‍ കണ്ട അത്ഭുത പുഷ്പത്തിന്റെ പ്രതിബിംബം ആ കണ്ണുകളില്‍ കാണാമായിരുന്നു. വിരലുകള്‍ വീണ്ടും ഞെരിഞ്ഞമര്‍ന്നു. വെള്ളം കുടിച്ചു വീര്‍ത്ത പായല്‍ ചെടികളിലെ വയലറ്റ് പൂക്കള്‍ക്കിടയിലേക്ക് അയാള്‍ അവളെ തള്ളിയിട്ടു. അയാള്‍ മറ്റെന്തൊക്കെയോ കീഴടക്കാനുള്ള വ്യഗ്രതയില്‍ ആ മരം ലക്ഷ്യമാക്കി ഓടി. അവള്‍ വിഴുപ്പുള്ള വെള്ളം കുടിച്ച് അഴങ്ങളിലേക്ക്. ഇരുട്ടിലേക്ക്. താഴ്ന്ന്.. താഴ്ന്ന്..
പ്രിയപ്പെട്ടതെന്തോ താഴെ വീണുടഞ്ഞു. ഒരeന്തലോടെ അവള്‍ ഞെട്ടിയുണര്‍ന്നു. വെറുമൊരു സ്വപ്നം! തുടക്കമോ ഒടുക്കമോ ഇല്ലാത്തത്. എങ്കിലും തൂക്കുകയറിന്റെ അറ്റത്തു നിശാന്തായിരുന്നു. അതിന്നര്‍Lമെന്ത്?
അവനെന്തോ ആപത്തു വരാനിരിക്കുന്നുവെന്നോ? അതോ അവന്‍ അപകടകാരിയെന്നോ. ഞാന്‍ വിശ്വസിച്ച ഒരേയൊരു പുരുഷന്‍. ഒരുപാട് നന്മയുള്ളവനെന്നും വകതിരിവുള്ളവനെന്നും വിശ്വസിക്കുന്നവന്‍. എനിക്കു ജലദോഷമാണെന്ന് പറഞ്ഞാല്‍ ചൂടു വെള്ളത്തില്‍ വെളുത്തുള്ളി ചതച്ചിട്ട് ആവി കൊള്ളാന്‍ പറയുന്നവന്‍.
ചേതനയുടെ കാമുകന്‍ സഞ്ജീവ് കുമാര്‍ മിത്രയെപ്പോലെ നിശാന്തും അനിശ്ചിതത്വം പേറുന്ന, വേദന സമ്മാനിക്കുന്ന ഒരു പ്രണയമാണെന്നോ.
ഇരുട്ടിലെ വള്ളിപ്പടര്‍പ്പില്‍ ഞാന്‍ വീണു പോയിരുന്നോ. നനുങ്ങനെ മഴ പെയ്യുമ്പോള്‍. കളിക്കൂട്ടുകാരനേയും പ്രതീക്ഷിച്ചു നടക്കുന്നേരം. എന്തെല്ലാം സ്വപ്നങ്ങളാണ് കണ്ടത്?
അവള്‍ തന്റെ വിരലുകള്‍ നോക്കി. ചുവന്നിട്ടുണ്ടോ ഉണ്ട്. ചുവന്നു വീര്‍ത്തിരിക്കുന്നു. നല്ല വേദനയും. ഇന്നലെ നിശാന്ത് വളരെ സ്‌നേഹത്തോടെ സ്പര്‍ശിച്ച എന്റെ വിരലുകള്‍. വേദനിക്കുന്നു.
അവള്‍ ഫോണെടുത്തു നിശാന്തിനെ വിളിച്ചു.
മറുതലക്കല്‍ ഒരു സ്ത്രീ ശബ്ദമായിരുന്നു.
''ഹായ് ഷൈമ. എന്തുണ്ട് വിശേഷം. ഞങ്ങള്‍ മനോഹരമായ ഒരു വള്ളിക്കുടിലില്‍ ഇരിക്ക്യ. പോരുന്നോ..''
അവള്‍ തരിച്ചു പോയി. ആരാണ് നിശാന്തിനൊപ്പം? ഇത്രമേല്‍ അധികാരത്തോടെ അവന്റെ ഫോണ്‍ എടുക്കാനും സംസാരിക്കാനും.
''നിങ്ങള്‍ ആരാണ് ''ഷൈമ ദേഷ്യവും സങ്കടവും കടിച്ചമര്‍ത്തി ചോദിച്ചു.
''ഞാനോ. ഞാന്‍ ആരാണെന്നു അറിയണോ''
പിന്നെയവിടെ പൊട്ടിച്ചിരികളും എന്തൊക്കെയോ ശബ്ദങ്ങളും കേട്ടു. നിശാന്തിന്റെ ശബ്ദമാണ്. ശാന്തവും വശ്യവുമായ ശബ്ദം.
ഷൈമക്ക് തല ചുറ്റുന്നതായി തോന്നി. എന്താണിത് സ്വപ്നമാണോ. അതോ സത്യമോ. അവള്‍ നിശാന്ത്. നിശാന്ത് എന്നുറക്കെ വിളിച്ചു.
''ഹലോ ഷൈമക്കുട്ടീ'' അങ്ങേതലക്കല്‍ നിശാന്തിന്റെ ശബ്ദം.
''നീ എവിടെയാ ആരാ നിന്റെ കൂടെ'' അവള്‍ വിറച്ചു.
''എന്റെ കൂട്ടുകാരിയാണ്. അവള്‍ക്കു വള്ളിക്കുടില്‍ കാണണമെന്ന് പറഞ്ഞു. കാടുകളില്‍ മനുഷ്യര്‍ സ്പര്‍ശിക്കാത്ത ചില ഇടങ്ങളുണ്ട്. അവിടെ പ്രകൃതിദത്തമായ വള്ളിക്കുടിലുകളുണ്ട്. വല്ലാത്ത സംഭവാണ്. കാട്ടാനകള്‍ ഇറങ്ങുന്ന സ്ഥലമായതിനാല്‍ ഇങ്ങോട്ട് ആരെയും കടത്തി വിടാറില്ല. ഞങ്ങള്‍ ഫോറെസ്റ്റ് ഏമാന്റെ കണ്ണ് വെട്ടിച്ചു ഇവിടെ എത്തി. കാട്ടില്‍ ഒരു ദിനം. ഇനി ചിലപ്പോള്‍ റേഞ്ച് കട്ടായിപ്പോകും നാട്ടില്‍ എത്തിയിട്ട് വിളിക്കാം''
''നിന്റെ ആരാ അവള്‍''
''പറഞ്ഞില്ലേ എന്റെ കൂട്ടുകാരി. കൂട്ടുകാരന്മാരായി മാത്രേ കൂട്ടുകൂടാന്‍ പാടുള്ളു എന്നുണ്ടോ. അവള്‍ ഒരു പാവം. അവളെ കാട് കാണിക്കാന്‍ ആരുമില്ല. ഞാന്‍ കൊണ്ടോവാം എന്നു പറഞ്ഞു, വന്നു. അത്ര തന്നെ. ഇതെല്ലാം ഓരോ അനുഭവങ്ങള്‍. ഇതൊക്കെയല്ലേ മോളേ ജീവിതം.''
''ഇതു പോലെ എത്ര കൂട്ടുകാരികളുണ്ട്?''
''ഒരുപാട്. പക്ഷേ നിന്നെ പോലെ നീ മാത്രേ ഉള്ളു. നിയെനിക്ക് തികച്ചും സ്‌പെഷ്യല്‍ ആണ്.''
''മതി. ഇത്രേം കേട്ടാല്‍ മതി. പക്ഷേ ഷൈമ എന്ന പേര് ആ ലിസ്റ്റില്‍ നിന്നും വെട്ടിയേക്ക്''
''എന്തിന്? എന്തിനാടാ ഇത്രേം ദേഷ്യം. ഞാനെന്തു തെറ്റാണു ചെയ്തത്... കുറച്ചു പെണ്‍ സുഹൃത്തുക്കളെ സമ്പാദിച്ചതോ. നീ 'സാമ്പാര്‍'കണ്ടിട്ടില്ലേ. വ്യത്യസ്തമായ പച്ചക്കറികള്‍ കൂടുമ്പോഴല്ലേ അതു അതിന്റെ പൂര്‍ണ സ്വഭാവം കാണിക്കുന്നത്. അത്രേ ഉള്ളു. എന്റെ ജീവിതം തൃപ്തിയടയാന്‍ ഇവരെല്ലാവരേയും എനിക്കു വേണം. നിന്നെയും വേണം.''
''പിന്നെ നീയ്യാണ് എന്റെ ജീവിതം എന്നു പറയാറുള്ളതോ?.''അവള്‍ സങ്കടം കടിച്ചമര്‍ത്തി ചോദിച്ചു.
''എടി പെണ്ണെ, എനിക്കേറെ ഇഷ്ടം മീന്‍ കറിയാണ്. എന്നു വെച്ച് ഞാനെന്തിന് മോരു കറിയും ചിക്കന്‍ കറിയും വേണ്ടെന്നു വെക്കണം'' അവന്‍ കുസൃതിയോടെ ചിരിച്ചു.
നിശാന്ത്, പേര് പോലെ തന്നെ രാത്രിയുടെ അവസാനം. ഇരുട്ടിന്റെ അവസാനം. സ്വപ്നങ്ങളുടെ അവസാനം. അവള്‍ക്കു തല പെരുത്തു. ഫോണ്‍ വലിച്ചെറിഞ്ഞു അവള്‍ ഉറക്കെ കരഞ്ഞു.
''ടീച്ചറെ.. ജാസ്മി ടീച്ചറെ... എന്തായിത്?''
അവള്‍ ഞെട്ടിപ്പോയി. ഞാന്‍ ആരാ. ജാസ്മിയോ അതോ ഷൈമയോ?
''ജാസ്മി ടീച്ചറെ. എന്താ പറ്റിയെ, നന്നായി പനിക്കുന്നുണ്ടല്ലോ. എന്തെ വല്ല സ്വപ്നവും കണ്ടോ''
''കണ്ടു വല്ലാത്തൊരു സ്വപ്നം. എനിക്കെന്തോ തല ചുറ്റുന്ന പോലെ തോന്നുന്നു.'' അവള്‍ അല്പനേരം കണ്ണടച്ചിരുന്നു.
''നമ്മുടെ ലൈബ്രറിയില്‍ 'ആരാച്ചാര്‍' ഉണ്ടോ? കെ ആര്‍ മീരയുടെ?''
''ഉണ്ടല്ലോ''
''എനിക്കതൊന്നു വായിക്കണം.'' ജാസ്മി വിയര്‍ത്തൊലിച്ചു.
''ഇന്നിനി ക്ലാസ്സ് എടുക്കേണ്ട, ടീച്ചര്‍ ഹസിനോട് വിളിക്കാന്‍ വരാന്‍ പറ... റെസ്റ്റെടുക്കു''
ഷൈമ പടികളിറങ്ങി, അല്ല ജാസ്മി മെല്ലെ പടികളിറങ്ങി. അപ്പോളും അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു.
''ആരോ ഒരാള്‍ ഉറങ്ങുമ്പോള്‍ കാണുന്ന സ്വപ്നമാണ് ഞാനും നീയും''