കൊന്നുതീരുന്ന പ്രണയങ്ങളുടെ കാലം

നേടിയെടുക്കുക, സ്വന്തമാക്കുക എന്നതില്‍ അവസാനിക്കുന്ന ഒന്നാണ് നമ്മുടെ സങ്കല്‍പത്തിലുള്ള പ്രണയമെന്ന് തോന്നുന്നു. പ്രത്യേകിച്ചും ആണ്‍കുട്ടികള്‍ക്ക്. ഒരു ഉടമാവകാശം പോലെയാണ് അടുപ്പമുള്ള പെണ്ണിനോടുള്ള പലരുടെയും ഇടപെടല്‍. അവന്റെ ഇഷ്ടങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും പ്രാധാന്യം നല്‍കി കൊണ്ടുള്ള ഇടപാട്. | നുരുമ്പിരായിരം-05 '

Update: 2022-12-31 12:00 GMT

എനിക്ക് നിന്നെ ഇഷ്ടമാണ്, കാരണമൊന്നുമില്ല. വഴിയില്‍ തടഞ്ഞു നിര്‍ത്തില്ല, പ്രേമലേഖനമെഴുതില്ല. ഒന്നും ചെയ്യില്ല. ഒരു ബന്ധവും സങ്കല്‍പ്പിക്കാതെ, വെറുതെ, എനിക്ക് നിന്നെ ഇഷ്ടമാണ്' 'മഞ്ഞി'ലെ എം.ടിയുടെ ഈ വരികള്‍ പ്രണയത്തിന് നല്‍കുന്നൊരു നിഷ്‌കളങ്ക ഭാവമുണ്ട്. ശരിക്കും പ്രണയത്തെ മനോഹരമാക്കുന്നത് ഒട്ടും ധാര്‍ഷ്ട്യമോ മേല്‍ക്കോയ്മയോ ഇല്ലാത്ത ഈ ഒരു ഭാവമായിരിക്കും. പക്ഷെ പുതിയ കാലത്തു കേള്‍ക്കുന്ന പ്രണയവാര്‍ത്തകളില്‍ മനസ്സ് മരവിച്ചു പോകുന്ന ക്രൂരത കൂടിയുണ്ട് എന്നത് പ്രണയം എന്നത് പേടിപ്പെടുത്തുന്ന ഒരു വാക്കായി മാറ്റുന്നുണ്ട്. വര്‍ഷങ്ങളോളം പ്രണയിച്ചു നടന്ന പെണ്ണിനെ വെട്ടിക്കൊന്ന ചെറുപ്പക്കാരന്റെയും, പ്രണയിച്ചു സ്വകാര്യമായി വിവാഹം കഴിച്ച കാമുകനെ വിഷം കൊടുത്തു കൊന്ന യുവതിയെയും കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം ഞെട്ടിയത്.

രണ്ട് കേസുകളിലും പ്രണയം മൂലം അടുത്തവരായിട്ടും കൊലയില്‍ അവസാനിക്കാനുള്ള കാരണം കൗതുകകരമാണ്. അഞ്ചു വര്‍ഷത്തോളം തന്നെ പ്രണയിച്ചു നടന്ന പെണ്‍കുട്ടി തന്നില്‍ നിന്ന് ഒഴിഞ്ഞു മാറിയതാണ് കാമുകിയെ വെട്ടിക്കൊല്ലാന്‍ പ്രകോപനമായതെങ്കില്‍, തനിക്ക് പ്രണയവുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ല എന്നതോ തന്റെ ഭാവിക്ക് വിലങ്ങുതടി ആവുമെന്ന ആശങ്കയോ ആണ് കാമുകനെ വിഷം കൊടുത്തു കൊല്ലാന്‍ യുവതിയെ പ്രേരിപ്പിച്ചത്.

കാമുകി വരുതിയില്‍ നിന്ന് പുറത്തു കടക്കുന്നു എന്നത് പല ആണ്‍കുട്ടികള്‍ക്കും സഹിക്കാനാവുന്നതല്ല. ചതിയായോ തന്റെ ആണത്വത്തിന് തന്നെയുള്ള അപമാനമായോ ആയാണ് ഇതിനെ എടുക്കുക. ഭീഷണിപ്പെടുത്തിയോ കെഞ്ചിയോ ഒക്കെ പിന്നെയും വരുതിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമെങ്കിലും കുരുക്കിനെ കുറിച്ച് മനസ്സിലാക്കിയ പെണ്‍കുട്ടികള്‍ പിന്നെയും അതിലേക്ക് തിരിച്ചുവരാന്‍ തയ്യാറാവുകയില്ല എന്ന് മാത്രമല്ല, സൗഹൃദം തന്നെ അവസാനിപ്പിക്കാനാണ് ശ്രമിക്കുക.

പ്രണയമെന്നാല്‍ ഇങ്ങനെ അക്രമണങ്ങളിലോ കൊലയിലോ അവസാനിക്കേണ്ട, ഇതില്‍ ഏര്‍പ്പെട്ട രണ്ടുപേരുടെയും ജീവിതം രണ്ടുരീതിയില്‍ തുലഞ്ഞു പോവേണ്ട സംഗതി ആണോ?. ഇഷ്ടം, സ്‌നേഹം, അനുരാഗം, പ്രണയം എന്നിങ്ങനെ പല ഘട്ടങ്ങളിലൂടെ മനോഹരമായി കടന്നുപോകുന്ന ഒന്നിന്റെ ഒടുക്കം എങ്ങനെയാണ് ക്രൂരമായ കൊലപാതകത്തില്‍, ഒരാളെ ഇല്ലാതാക്കലില്‍ അവസാനിക്കുന്നത്!. എവിടെയാണ് കുഴപ്പം. അപക്വമായ കൗതുകങ്ങളെയാണ് പലപ്പോഴും പ്രണയമായി തെറ്റിദ്ധരിച്ചു കൊണ്ടു നടക്കുന്നത്. സൗന്ദര്യമോ സ്മാര്‍ട്‌നസ്സോ ഒക്കെ മതി അടുപ്പം തോന്നാന്‍. വിരുദ്ധലിംഗങ്ങള്‍ക്കിടയില്‍ ആകര്‍ഷണം തോന്നുക സ്വാഭാവികമാണ്. പ്രത്യേകിച്ചും കൗമാരം മുതല്‍. ഒരുപാട് അരുതുകളിലൂടെയും നിഷ്‌കര്‍ഷകളിലൂടെയും കടന്നുപോകുന്ന നമ്മുടെ പോലുള്ള സമൂഹത്തില്‍ ഈ ആകര്‍ഷണത്തിലൂടെ ഉണ്ടാവുന്ന അടുപ്പങ്ങള്‍ക്ക് ഒരു സാഹസികതയുടെ ത്രില്ലു കൂടിയുണ്ട്.

നേടിയെടുക്കുക, സ്വന്തമാക്കുക എന്നതില്‍ അവസാനിക്കുന്ന ഒന്നാണ് നമ്മുടെ സങ്കല്‍പത്തിലുള്ള പ്രണയമെന്ന് തോന്നുന്നു. പ്രത്യേകിച്ചും ആണ്‍കുട്ടികള്‍ക്ക്. ഒരു ഉടമാവകാശം പോലെയാണ് അടുപ്പമുള്ള പെണ്ണിനോടുള്ള പലരുടെയും ഇടപെടല്‍. അവന്റെ ഇഷ്ടങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും പ്രാധാന്യം നല്‍കി കൊണ്ടുള്ള ഇടപാട്. അങ്ങനെ ആണെങ്കില്‍ മാത്രമേ അവന്റെ സ്‌നേഹവും സാമീപ്യവും സൗഹാര്‍ദ്ദപരമായ ഇടപെടലും ഉണ്ടാവൂ എന്നതിനാല്‍ പല പെണ്‍കുട്ടികളും അതിന് നിര്‍ബന്ധിതരാവുകയാണ്.


തുടക്കത്തില്‍ ഉണ്ടായിരുന്ന ആളാവില്ല പ്രേമത്തിലേക്ക് ഇറങ്ങിക്കഴിയുമ്പോള്‍. തന്റെ അധികാരം മെല്ലെ മെല്ലെ പ്രയോഗിച്ചു തുടങ്ങുകയാണ്. എന്തും ചെയ്യാന്‍ തയ്യാറുള്ള കരുതലും കാവലുമായ പുരുഷന്റെ ഇഷ്ടങ്ങളിലേക്ക്പെണ്ണും അറിഞ്ഞോ അറിയാതെയോ വിധേയപ്പെടുകയാണ്. നിബന്ധനകളും നിഷ്‌കര്‍ഷകളുമായി മടുപ്പിച്ചും വെറുപ്പിച്ചും അസഹ്യമാവുമ്പോഴാണ് പല പെണ്‍കുട്ടികളും ബന്ധത്തില്‍ നിന്ന് കുതറിമാറാന്‍ തുടങ്ങുന്നത്. കാമുകി വരുതിയില്‍ നിന്ന് പുറത്തു കടക്കുന്നു എന്നത് പല ആണ്‍കുട്ടികള്‍ക്കും സഹിക്കാനാവുന്നതല്ല. ചതിയായോ തന്റെ ആണത്വത്തിന് തന്നെയുള്ള അപമാനമായോ ആയാണ് ഇതിനെ എടുക്കുക. ഭീഷണിപ്പെടുത്തിയോ കെഞ്ചിയോ ഒക്കെ പിന്നെയും വരുതിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമെങ്കിലും കുരുക്കിനെ കുറിച്ച് മനസ്സിലാക്കിയ പെണ്‍കുട്ടികള്‍ പിന്നെയും അതിലേക്ക് തിരിച്ചുവരാന്‍ തയ്യാറാവുകയില്ല എന്ന് മാത്രമല്ല, സൗഹൃദം തന്നെ അവസാനിപ്പിക്കാനാണ് ശ്രമിക്കുക. ഇതോടെ പകയായി. തന്റെ അധീനതയിലുള്ള മുതല്‍ അന്യാധീനപ്പെട്ടുപോകും എന്ന തോന്നല്‍, ചതിക്കപ്പെട്ടു എന്ന സ്വയം വിലയിരുത്തല്‍, പ്രതികാരദാഹം. ഇതൊക്കെയാണ് കൂസലില്ലാതെ കൊല്ലുവാന്‍ പ്രേരിപ്പിക്കുന്നത്. ചിലപ്പോള്‍ ഇതിലേറെ നല്ലതെന്ന് തോന്നുന്ന പുതിയൊരു ഇഷ്ടത്തിലേക്ക് പോയത് കൊണ്ടും ആവാം. അങ്ങനെ ആണെങ്കിലും ഒരു വ്യക്തി എന്ന നിലയില്‍ അതിന് അവള്‍ക്ക് അവകാശമുണ്ട് എന്ന് ചിന്തിക്കാനും, ഇങ്ങോട്ട് താല്പര്യം ഇല്ലാതായ ഒരാളുടെ പിറകെ നടന്നും ശല്യം ചെയ്തും ഭീഷണിപ്പെടുത്തിയും കരഞ്ഞുമൊന്നും തിരിച്ചുപിടിക്കേണ്ട ഒന്നല്ല സ്‌നേഹവും പ്രണയവുമെന്ന് മനസ്സിലാക്കാനുള്ള ബോധമില്ലായ്മ കൊണ്ടു കൂടിയാണ്.

വര്‍ഷങ്ങളോളം പ്രേമിച്ചു നടക്കണം എന്നൊന്നുമില്ല ചില ആണ്‍കുട്ടികള്‍ക്ക് പെണ്ണിന് മേല്‍ അധികാരം കാണിക്കാന്‍. ഒറ്റക്കാഴ്ചയില്‍ ഇഷ്ടം തോന്നിയാല്‍ പ്രണയം അടിച്ചേല്‍പ്പിക്കാന്‍ ചെല്ലുന്ന എത്രയോ ചെറുപ്പക്കാരുണ്ട്. ശല്യമായും ഭീഷണിയായും പ്രലോഭനമായും, കാണുന്ന പെണ്‍കുട്ടികളെയൊക്കെ 'ജീവിതസഖി' ആക്കിക്കളയാം എന്ന വ്യാമോഹവുമായി നടക്കുന്ന യാതൊരു ബോധവുമില്ലാത്ത എത്ര പേര്‍. പെണ്ണിന്റെ ഇഷ്ടാനിഷ്ടങ്ങളെ മാനിക്കുന്നത് പോയിട്ട് അങ്ങനെ ഒന്നുണ്ടെന്ന ധാരണ പോലും ഇല്ലാത്തവര്‍. തനിക്ക് കൗതുകം തോന്നുന്നത് സ്വന്തമാക്കാന്‍ ഏതു വിധവും ശ്രമിക്കുന്ന മേധാവിത്വ മനോഭാവം.

പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനി പ്രസവിക്കുന്നതും പ്ലസ് ടു പയ്യന്‍ പിതാവാകുന്നതുമൊക്കെ മാധ്യമങ്ങളില്‍ വാര്‍ത്തയായി വരുമ്പോഴാണ് പൊതുസമൂഹം അറിയുന്നതും ആശ്ചര്യപ്പെടുന്നതുമെങ്കില്‍ സ്‌കൂള്‍ അധ്യാപകര്‍ നിത്യവും കൈകാര്യം ചെയ്യേണ്ടി വരുന്ന കേസുകളില്‍ കുട്ടികള്‍ക്കിടയിലെ ലൈംഗികചൂഷണങ്ങളുടെ എത്രയോ സംഭവങ്ങളുണ്ട്. ബോധപൂര്‍വ്വം ചൂഷണം ചെയ്യുന്ന, ഫോട്ടോസും വീഡിയോകളും എടുത്ത് പിന്നെയും പിന്നെയും ബ്ലാക്ക് മെയില്‍ ചെയ്ത് കച്ചവടം നടത്തുന്ന റാക്കറ്റുകള്‍ മുതല്‍ സാഹചര്യം മുതലാക്കി ലൈംഗികത അസ്വദിക്കുന്ന സഹപാഠികള്‍ വരെയുണ്ട്. 

പ്രണയത്തിന്റെ പേരില്‍ നടക്കുന്ന കൊലകളില്‍പലരും ന്യായമായി പറയുന്ന ഒന്ന്, ഇത്രകാലം സ്‌നേഹിച്ചു നടന്ന് അവസാനം വഞ്ചിച്ചതിന്റെ പ്രതികാരം കൊണ്ടല്ലേ എന്നാണ്. കൊലപാതകിയുടെ അതേ മനോനില കൊണ്ടു നടക്കുന്ന ഇവരെ തിരുത്താന്‍ വലിയ പാടാണ്. അവരെ സംബന്ധിച്ചേടത്തോളം അപ്പുറത്തുള്ളത് ബുദ്ധിയും ചിന്തയും വികാരവിചാരങ്ങളും ഉള്ള ഒരു വ്യക്തിയല്ല. മറിച്ച് തങ്ങള്‍ക്ക് സന്തോഷം നല്‍കാനുള്ള അങ്ങോട്ട് സ്‌നേഹിക്കുന്നതിനാല്‍ സര്‍വ്വം സഹിച്ചു കൂടെ നില്‍ക്കാന്‍ ബാധ്യസ്ഥതയുള്ള ഒരു ഉരുപ്പടി മാത്രമാണ്. സ്‌നേഹവും കരുതലുമൊക്കെ ബാധ്യതയായി മാറുമ്പോള്‍ അതില്‍ നിന്ന് കുതറാന്‍ ശ്രമിക്കുക സ്വാഭാവികം. അതിന്റെ വിദ്വേഷം പകയായും നിരാശയായും വളര്‍ന്നാണ് ഒടുവില്‍ കൊലയില്‍ വരെ എത്തിച്ചേരുന്നത്.

കാമുകനെ വിഷം കൊടുത്തു കൊന്ന പെണ്‍കുട്ടിയെ പോലെ പ്രണയത്തെ അതിന്റെ ഗൗരവത്തില്‍ കാണാത്ത, ഇതിലേറെ നല്ല ബന്ധം ഉണ്ടാവുമ്പോള്‍ പഴയ ആളെ ഏതു വിധേനയും ഒഴിവാക്കുന്നതാണ് ബുദ്ധി എന്ന് ചിന്തിക്കുന്നവര്‍ എമ്പാടുമുണ്ട്. പ്രണയം നടിച്ചു പരമാവധി മുതലെടുത്തശേഷം (സാമ്പത്തികമായും ലൈംഗികമായും മറ്റും) നൈസായി ഒഴിവാക്കുന്ന ബന്ധങ്ങളെ പ്രണയം എന്ന് വിളിക്കുന്നത് തെറ്റാണെങ്കിലും ചതിക്കപ്പെടുന്ന ആള്‍ മുതലെടുപ്പാണെന്ന് തിരിച്ചറിയാതെ ആത്മാര്‍ത്ഥമായി പ്രണയിക്കുന്നത് തന്നെയാണല്ലോ. ഉപേക്ഷിക്കപ്പെടുന്നു എന്നതിനെക്കാളേറെ ചതിക്കപ്പെട്ടു എന്നതാണ് അവരെ തകര്‍ത്തു കളയുന്നത്. വിശ്വാസം കൊണ്ടും അന്ധമായ സ്‌നേഹം കൊണ്ടും തന്റേത് എന്ന ഉറപ്പിലും നല്‍കിയതൊക്കെ കാപട്യത്തോടെ ഉള്ള ചൂഷണമായിരുന്നു എന്നറിയുമ്പോള്‍ ഉള്ള തകര്‍ച്ച ഭീകരമാണ്. അതില്‍ നിന്നും കരകയറുക എന്നത് എളുപ്പമല്ല.

പഴയകാല സിനിമകളിലെ വിരഹകാമുകനെ പോലെ 'പ്രിയസഖീ പോയ്വരൂ നിനക്കു നന്മകള്‍ നേരുന്നു' എന്ന് കാമുകിയെ ആശീര്‍വദിച്ചു പറഞ്ഞയക്കുന്നവരുടെയോ ദേവദാസ് ആയി തകര്‍ന്നു ജീവിക്കുന്നവരുടെയോ കാലമല്ല. ഒന്നു പോയാല്‍ ഉടനെ മറ്റൊന്നിലേക്ക് ചാടുന്ന, ഒരേ സമയം പല പ്രണയങ്ങള്‍ കൊണ്ടു നടക്കുന്ന ചെറുപ്പക്കാരാണ് ഏറെയും. 'ബ്രേക്ക് അപ്പ്'എന്നത് അത്രയും സ്വാഭാവികമായ ഒരു വാക്കായി മാറിയിരിക്കുന്നു. പ്രണയം അവസാനിച്ചു എന്നത് കൊണ്ട് പക വീട്ടാന്‍ നടക്കുന്നവരല്ല എല്ലാ കമിതാക്കളും. ബ്രേക്ക് അപ് ആയശേഷവും സൗഹൃദം തുടരുന്ന എത്രയോ പേരുണ്ട്. പരസ്പരം മനസ്സിലാക്കുന്നതിനോടൊപ്പം കാലത്തെയും സമൂഹത്തെയും തിരിച്ചറിഞ്ഞുള്ള മാറ്റമാണ്.


മുമ്പൊക്കെ കൗമാരത്തിലെങ്കിലും എത്തിയ അത്യാവശ്യം മുതിര്‍ന്നവര്‍ക്കിടയിലായിരുന്നു പ്രണയം മൊട്ടിട്ടു തുടങ്ങുന്നതെങ്കില്‍, ഇന്ന് ചെറിയ കുട്ടികളിലേക്ക് പോലും പ്രണയമെന്ന പേരില്‍ ഒട്ടും സുഖകരമല്ലാത്ത പലതും നടക്കുന്നു. പഴയ കാലത്തെ അപേക്ഷിച്ച് വിരല്‍ത്തുമ്പില്‍ എല്ലാം കാണാനും അറിയാനും സൗകര്യമുള്ളതായതോടെ കുട്ടികള്‍ക്ക് അറിയാത്തത് ഒന്നുമില്ലെന്നായിരിക്കുന്നു.ശരീരത്തില്‍ ലൈംഗികമായ മാറ്റവും എതിര്‍ലിംഗത്തിലുള്ളവരോട് ആകര്‍ഷണവും തോന്നിത്തുടങ്ങുന്ന കൗമാരത്തില്‍ പരസ്പരം തോന്നുന്ന ഇഷ്ടങ്ങളെ ലൈംഗികതക്കായി ദുരുപയോഗപ്പെടുത്തപ്പെടുന്നുണ്ട്. പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനി പ്രസവിക്കുന്നതും പ്ലസ് ടു പയ്യന്‍ പിതാവാകുന്നതുമൊക്കെ മാധ്യമങ്ങളില്‍ വാര്‍ത്തയായി വരുമ്പോഴാണ് പൊതുസമൂഹം അറിയുന്നതും ആശ്ചര്യപ്പെടുന്നതുമെങ്കില്‍ സ്‌കൂള്‍ അധ്യാപകര്‍ നിത്യവും കൈകാര്യം ചെയ്യേണ്ടി വരുന്ന കേസുകളില്‍ കുട്ടികള്‍ക്കിടയിലെ ലൈംഗികചൂഷണങ്ങളുടെ എത്രയോ സംഭവങ്ങളുണ്ട്. ബോധപൂര്‍വ്വം ചൂഷണം ചെയ്യുന്ന, ഫോട്ടോസും വീഡിയോകളും എടുത്ത് പിന്നെയും പിന്നെയും ബ്ലാക്ക് മെയില്‍ ചെയ്ത് കച്ചവടം നടത്തുന്ന റാക്കറ്റുകള്‍ മുതല്‍ സാഹചര്യം മുതലാക്കി ലൈംഗികത അസ്വദിക്കുന്ന സഹപാഠികള്‍ വരെയുണ്ട്. ഇതൊക്കെ പ്രണയമാണെന്നുള്ള ധാരണയിലാണ് പല കുട്ടികളും കുരുങ്ങിപ്പോകുന്നത്. ഇങ്ങനെയുള്ള ബന്ധങ്ങളില്‍ പെട്ട് പഠനവും ഭാവിയും ജീവിതവും തന്നെ ഇല്ലാതായിപ്പോകുന്ന എത്രയോ കുട്ടികള്‍. ഖേദകരമായ കാര്യം ഇതിലൊന്നും കര്‍ശനമായി ഇടപെടാനോ തിരുത്താനോ അധ്യാപകര്‍ക്ക് പോലും പരിമിതി ഉണ്ടെന്നതാണ്.

കാണുമ്പോള്‍ തോന്നുന്ന ഇഷ്ടത്തെ, ലൈംഗികാകര്‍ഷണത്തെ, തന്റെ വരുതിയില്‍ ഉള്ള ആള്‍ എന്ന അധികാരഭാവത്തെയൊക്കെ പ്രണയമെന്ന് പേരിട്ടുവിളിക്കുന്നവരാണ് ഏറെയും. പക്വതയില്ലാത്ത അടുപ്പങ്ങള്‍ക്ക് ആയുസ്സ് കുറവാണ്. ഒന്നിച്ചുണ്ടായാലേ പരസ്പരപൂരകമായി ജീവിതം മനോഹരമാവൂ എന്ന് രണ്ടുപേര്‍ക്കും ആത്മാര്‍ത്ഥമായി തോന്നുന്ന ബന്ധങ്ങളാവും ശരിയായ പ്രണയങ്ങള്‍. അവിടെ ഈഗോയോ അടിച്ചമര്‍ത്താലോ ഇല്ല. ഒഴിവാക്കാന്‍ വേണ്ടി വിഷം കൊടുക്കാനോ ഒഴിവായതിന്റെ പേരില്‍ വെട്ടിക്കൊല്ലാനോ അവര്‍ക്ക് കഴിയില്ല. പരസ്പരം അറിഞ്ഞുള്ള സ്‌നേഹവും കരുതലുമാണ് അതിന്റെ അന്തര്‍ധാര. പിരിയുവാന്‍ കഴിയില്ല ഒരുവിധത്തിലും. ഒരാളില്ലെങ്കില്‍ മറ്റേയാള്‍ക്ക് നിലനില്‍പ്പില്ലെന്ന് ബോധ്യമായ അത്രയ്ക്ക് അടുപ്പമാണത്. മനസ്സുകളുടെ ചേര്‍ച്ച. അതൊരു മഹാഭാഗ്യമാണ്. ദൗര്‍ഭാഗ്യവശാല്‍ അത്രയും ഉദാത്തമായ ബന്ധമാവാതെ കീഴ്‌പെടുത്താലും കീഴടങ്ങലും അധിനിവേശവും അടിമത്തവുമൊക്കെയായി ചുരുങ്ങിപ്പോയ, കത്തിയും തോക്കും വിഷക്കുപ്പിയും വെട്ടും കുത്തും കൊലയുമൊക്കെയായ ദുരന്ത ഭൂമിയായി മാറിപ്പോയിരിക്കുന്നു പ്രണയലോകം.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - നജീബ് മൂടാടി

Writer

Similar News