ഗേലന്‍: ചികിത്സകനും തത്വചിന്തകനും

തലച്ചോറാണ് സന്ധികളുടെയും മാംസപേശികളുടെയും ചലനം നിയന്ത്രിക്കുന്നത് എന്ന് ഗേലന്‍ തെളിയിച്ചു. ശുദ്ധരക്തം ആര്‍ട്ടറിയിലൂടെയും അശുദ്ധരക്തം വെയിനിലൂടെയും ആണ് ഒഴുകുന്നതെന്ന് അദ്ദേഹം കണ്ടെത്തി. | DaVelhaMedicina - ഭാഗം: 07

Update: 2023-09-06 13:17 GMT

ഗേലനെ ആരാധിക്കുന്നവരും തള്ളിക്കളയുന്നവയും ഉണ്ടാകാം. പക്ഷേ, ഇദ്ദേഹത്തെ പറ്റി പറയാതെ വൈദ്യശാസ്ത്രത്തിന്റെ ചരിത്രം എഴുതാന്‍ സാധ്യമല്ല. പ്രസിദ്ധ ഭിഷഗ്വരനും തത്വചിന്തകനും ആയ ക്ലാഡിയസ് ഗേലന്‍ ജനിച്ചത് (എഡി-130) ഗ്രീസിലെ പെര്‍ഗമണ്‍ എന്ന സ്ഥലത്താണ്. അദ്ദേഹത്തിന്റെ പിതാവ് ധനികനായ ഒരു ആര്‍ക്കിടെക്ട് ആയിരുന്നു. ഇദ്ദേഹം അസ്‌കലേപിയസിനെ സ്വപ്നത്തില്‍ ദര്‍ശിക്കുകയും മകന് ഒരു ഡോക്ടര്‍ ആയിത്തീരാനുള്ള വിദ്യാഭ്യാസം നല്‍കണം എന്ന നിര്‍ദേശം നല്‍കുകയും ചെയ്തു എന്ന് ഒരു കഥ നിലവിലുണ്ട്. അങ്ങനെ തന്റെ ജന്മനഗരത്തിലെ അസ്‌കലേപിയസിന്റെ ക്ഷേത്രവുമായി ബന്ധപ്പെട്ട വൈദ്യ പഠനകേന്ദ്രത്തില്‍ അദ്ദേഹം വിദ്യാഭ്യാസം ആരംഭിച്ചു. അക്കാലത്തു തന്നെ റോമാസാമ്രാജ്യത്തിലെ അകത്തും പുറത്തുമുള്ള ധനികരും പ്രസിദ്ധരുമായ ധാരാളം പേര്‍ ചികിത്സക്കായി ഈ ചികിത്സ കേന്ദ്രത്തില്‍ എത്തിയിരുന്നു. ഇവിടെയുള്ള ലൈബ്രറി അന്നത്തെ ഏറ്റവും വലിപ്പം കൂടിയവയില്‍ രണ്ടാമത്തേതായിരുന്നു. ഇവരോടുള്ള അസൂയ നിമിത്തം പുസ്തകങ്ങള്‍ക്ക് പകരം അക്കാലത്ത് ഉപയോഗിച്ചിരുന്ന പാപ്പിറസ് ചുരുളുകള്‍ ഈജിപ്റ്റില്‍ നിന്നും കൊണ്ടുവരുന്നത് നിര്‍ത്തലാക്കിയത്രേ. ഇതിന് പകരമായി അവര്‍ കണ്ടുപിടിച്ച താളിന് നല്‍കിയ 'Pergamena charta' എന്ന പേര് ലോപിച്ച് parchment എന്ന പേര് ലഭിക്കുകയായിരുന്നു. ആടിന്റേയും പശുക്കുട്ടികളുടെയും തോല്‍ ഒരു പ്രത്യേക രീതിയില്‍ പാകപ്പെടുത്തിയാണ് ഇതുണ്ടാക്കുന്നത്. വളരെ നല്ല പഠന സൗകര്യങ്ങളുള്ള ഇടം ആയിരുന്നിട്ടും അതിനേക്കാള്‍ മെച്ചപ്പെട്ടതെന്ന് ഗേലന്‍ വിശ്വസിച്ച അലക്‌സാന്‍ഡ്രിയ ആയിരുന്നു അദ്ദേഹത്തിന്റെ സ്വപ്ന നഗരം.

ഗേലന് 19 വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിന് പിതാവ് മരിച്ചതിനെത്തുടര്‍ന്ന് കഥാനായകന്‍ വളരെ വലിയ സമ്പത്തിന് ഉടമയായിത്തീര്‍ന്നു. അങ്ങനെ സ്വന്തം ആഗ്രഹം അനുസരിച്ചു അക്കാലത്തെ എല്ലാ അറിവുകളുടെയും ഇരിപ്പിടമായ അലക്‌സാന്‍ഡ്രിയയില്‍ എത്തി വിദ്യാഭ്യാസം ആരംഭിച്ചു. അവിടത്തെ പ്രസിദ്ധമായ ലൈബ്രറിയായിരുന്നു ഗേലനെ ഏറ്റവും അധികം ആകര്‍ഷിച്ചത്. ഗേലന്റെ ജനനത്തിനും വര്‍ഷങ്ങള്‍ക്കു മുമ്പ് അവിടെ ഗവേഷണത്തിനായി മനുഷ്യശരീരത്തില്‍ ഡിസക്ഷന്‍ അനുവദിക്കപ്പെട്ടിരുന്നു. അവിടെ കണ്ട പഠനരേഖകളില്‍ നിന്നും മനസ്സിലാക്കിയ കാര്യങ്ങള്‍ അദ്ദേഹത്തെ അതിശയിപ്പിക്കുകയും ആ വിഷയത്തില്‍ കൂടുതല്‍ അറിവ് നേടണമെന്ന ആഗ്രഹം ജനിപ്പിക്കുകയും ചെയ്തു. ഗ്രീസില്‍ അക്കാലത്ത് മനുഷ്യശരീരത്തിലെ ഡിസക്ഷന്‍ നിരോധിക്കപ്പെട്ടിരുന്നു.

അലക്‌സാന്‍ഡ്രിയയിലെ ശവപ്പറമ്പുകളില്‍ നിന്ന് ലഭിക്കുന്ന എല്ലുകളും മറ്റു മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങളും പഠനവിധേയമാക്കുന്നതിന് അവിടെ അദ്ദേഹത്തിന് തടസ്സങ്ങള്‍ ഉണ്ടായിരുന്നില്ല. ഇങ്ങനെ കിട്ടിയ അവസരങ്ങള്‍ ഒന്നും ഗേലന്‍ പാഴാക്കിയതുമില്ല. മനുഷ്യശരീരത്തിന്റെ അത്ഭുതകരമായ പ്രവര്‍ത്തന രീതികളെ പറ്റി കൂടുതല്‍ അറിയാനും അവ രേഖപ്പെടുത്താനും അദ്ദേഹം ഈ അവസരം ഉപയോഗിച്ചു. സ്വതസിദ്ധമായ വിനയമില്ലായ്മ നിമിത്തം ഗേലന്‍ അവിടെയുള്ള അധ്യാപകരുടെ അപ്രീതി സമ്പാദിക്കുകയും ചെയ്തു.


12 വര്‍ഷത്തെ വൈദ്യപഠനം പൂര്‍ത്തിയാക്കിയ ശേഷം 27 -ാമത്തെ വയസ്സില്‍ ഇദ്ദേഹം തന്റെ നാടായ പെര്‍ഗമണിലേക്ക് മടങ്ങിയെത്തി. അവിടെ എസ്‌കലേപ്പിയസിന്റെ ക്ഷേത്രത്തില്‍ കായിക താരങ്ങളുടെ ചികിത്സകനായി ചുമതല ഏറ്റെടുത്തു. വളരെ പേരും പെരുമയുംു നേടിക്കൊടുക്കുന്ന തരം ജോലിയായിരുന്നു അത്. പഴയ രീതിയിലുള്ള ഒളിമ്പിക്‌സ് നടന്നുവന്ന കാലമായിരുന്നു. അവിടെ പ്രകടനത്തിന് എത്തുന്ന കായികതാരങ്ങളുടെ ശരീരത്തിന്റെ പ്രവര്‍ത്തനരീതികളും അവര്‍ക്ക് സാധാരണ സംഭവിക്കാുള്ള മുറിവുകളും ചതവുകളും മററും പഠിക്കാന്‍ ഇത് അദ്ദേഹത്തിന് നല്ലൊരു അവസരമായി. അവയെ മസ്സാജ്, ഫിസിയോ തെറാപ്പി, കുഴമ്പുകള്‍, പ്രത്യേകതരം ഭക്ഷണ രീതി, മുതലായ ഉപയോഗിച്ച് ചികിത്സിച്ച് ദേദപ്പെടുത്തി. ഇദ്ദേഹത്തെ സ്‌പോര്‍ട്‌സ് മെഡിസിന്റെ പിതാവായി കരുതപ്പെടുന്നു. 'ഹിപ്പോക്രാറ്റസ് ബെഡ്' എന്ന് വിളിക്കപ്പെട്ട ഒരുതരം കിടക്കയില്‍ രോഗിയെ കിടത്തിയ ശേഷം ട്രാക്ഷന്‍ നല്‍കി പൊട്ടിയ എല്ലുകളെ അതിന്റെ സ്ഥാനത്ത് മടക്കി കൊണ്ടുവന്നു രോഗിയെ സുഖപ്പെടുത്തുന്നത് ഇവിടത്തെ പ്രധാന ചികിത്സാ രീതികളില്‍ ഒന്നായിരുന്നു.

ഗേലന്‍

ഗേലന്റെ പ്രസിദ്ധി നാടാകെ പരന്നതോടെ ഗ്ലാഡിയേറ്റര്‍മാരുടെ ചികിത്സകനായി അദ്ദേഹത്തെ നിയമിച്ചു. സാധാരണഗതിയില്‍ മുറിവില്‍ ഉണ്ടാകുന്ന രക്തവാര്‍ച്ചയും പഴുപ്പും നിമിത്തം കുറേപ്പേര്‍ മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന് മുന്‍പുണ്ടായിരുന്ന ഭിഷഗ്വരന്റെ കാലത്ത് 60 പേര്‍ ഇത്തരത്തില്‍ മരിച്ചുവെന്നും ഗേലന്‍ ചുമതലയേറ്റ ശേഷം മരണസംഖ്യ അഞ്ചായി കുറഞ്ഞുവെന്നും രേഖകളിലുണ്ട്. ഇതിന്റെ പ്രധാന കാരണം അദ്ദേഹം മുറിവുകള്‍ വൃത്തിയാക്കാനായി വൈനില്‍ മുക്കിയ തുണിക്കഷണങ്ങള്‍ ഉപയോഗിച്ചു എന്നതാണ്. ആയുധങ്ങള്‍ മൂലമുണ്ടാകുന്ന വളരെ ആഴത്തിലുള്ള മുറിവുകള്‍ പഠിച്ച ശേഷം മുറിഞ്ഞു പോയ മസിലുകളെയും സ്‌നായുക്കളെയും അദ്ദേഹം ശരിയായ രീതിയില്‍ തുന്നിച്ചേര്‍ത്തു. ഇതിനു വേണ്ടി ഗേലന്‍ സ്വന്തമായി പല തരം ശസ്ത്രക്രിയാഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ചെടുത്തു. ഇവയില്‍ പലതും ആധുനിക ഉപകരണങ്ങളുടെ മൂലരൂപമാണ്. ഇവയില്‍ ചിലത് അദ്ദേഹത്തിന്റെ ശവപേടകത്തില്‍ കൊത്തിവെച്ചിട്ടുണ്ട്. ഈ ഉപകരണങ്ങള്‍ നിര്‍മിക്കാനായി റോമന്‍ പട്ടണമായ നോറിഗമില്‍ നിന്ന് കുഴിച്ചെടുക്കുന്ന ഇരുമ്പ് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഇതിന് ഇന്നുപയോഗിക്കുന്ന തരം സ്റ്റെയിന്‍ലസ് സ്റ്റീലുമായി നല്ല സാമ്യം ഉണ്ടായിരുന്നു. അതിശയകരമായ കൃത്യതയോടെ ഉണ്ടാക്കിയ അക്കാലത്തെ ഇത്തരം ഉപകരണങ്ങള്‍ ബ്രിട്ടിഷ് മ്യൂസിയത്തില്‍ കാണാം.

പിന്നീട് ഗേലന്‍ റോമിലേക്കാണ് പോയത്. ബ്രിട്ടന്റെ വടക്കുഭാഗം മുതല്‍ തെക്കന്‍ ഈജിപ്റ്റ് വരെയും വടക്കന്‍ ആഫ്രിക്ക മുതല്‍ സിറിയ വരെയും പടര്‍ന്നുകിടന്ന വിശാലമായ റോമസാമ്രാജ്യത്തിന് തലസ്ഥാനമായിരുന്ന റോമീ, യശസ്സിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന കാലമായിരുന്നു അത്. ഇവിടെയും ഡിസക്ഷന്‍ അനുവദനീയമല്ലായിരുന്നുവെങ്കിലും പരസ്പരം വെട്ടി മരിക്കാന്‍ തുനിഞ്ഞിറങ്ങിയ മനുഷ്യരുടെ ഭീകരമായ മുറിവുകളില്‍ നിന്നും പഠിക്കാനുള്ള അവസരവും അവരുടെ സമ്പത്തും ആണ് ഗേലനെ അവിടേക്ക് ആകര്‍ഷിച്ചത്. അവിടെ വച്ച് പലതരം മൃഗങ്ങളെ ജീവനോടെ കീറിമുറിച്ചു പഠനവിധേയമാക്കി; ഇവയില്‍ പലതും പൊതുജനമധ്യത്തില്‍ പ്രദര്‍ശനങ്ങളായാണ് നടത്തിയത്. കൃത്യമായ ചികിത്സാരീതികള്‍ അറിവുള്ള ഭിഷഗ്വരന്മാര്‍ എണ്ണത്തില്‍ വളരെ കുറവായ കാലണത്താണ് ഗേലന്‍ റോമില്‍ എത്തുന്നത്. ഇതേപ്പറ്റി കാലത്തിന്റെ ചുമരില്‍ വളരെ അര്‍ഥവത്തായ ഒരു വാക്യം കാണാം അതിങ്ങനെ 'ചികിത്സകരുടെ ആധിക്യം മൂലമാണ് ഞാന്‍ മരിക്കുന്നത്' (I am dying from too many physicians)-മഹാനായ അലക്‌സാണ്ടറുടെ അവസാന വാക്കുകളാണിവ.


റോമില്‍ എത്തിയ അദ്ദേഹം ഒരു വലിയ മാളിക തന്റെ താമസത്തിനായി വാടകക്ക് എടുക്കുകയും നാട്ടുകാരുടെ മുന്നില്‍ തന്റെ അറിവും സാമര്‍ഥ്യവും പ്രദര്‍ശിപ്പിക്കാനായി ജീവനുള്ള മൃഗങ്ങളുടെ ഡിസെക്ഷന്‍ പൊതുസ്ഥലങ്ങളില്‍ വെച്ച് നടത്തുകയും ചെയ്തു. ഇതോടെ അദ്ദേഹത്തിന്റെ പ്രസിദ്ധി നാടാകെ പരന്നു. സൈനികോദ്യോഗസ്ഥന്‍മാര്‍ ഉള്‍പ്പടെ പ്രസിദ്ധരായ ധാരാളം ആളുകള്‍, അദ്ദേഹത്തിന്റെ അടുത്ത് ചികിത്സക്കായി എത്തി. തത്വചിന്തയില്‍ താല്‍പര്യമുണ്ടായിരുന്ന ഗേലന്‍ പ്രസിദ്ധ ചിന്തകനായ യൂഡിമസ് (Eudemus) സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഒരിക്കല്‍ രോഗാതുരനായിത്തീര്‍ന്ന ഇദ്ദേഹത്തെ ഗേലന്‍ ചികിത്സിച്ച് ഭേദമാക്കി. സന്തുഷ്ടനായ യുഡിമസ് ചക്രവര്‍ത്തിയായ മാര്‍ക്കസ് ഒറീലിയസ് ഉള്‍പ്പെടെ തന്റെ പല സുഹൃത്തുക്കള്‍ക്കും ഗേലനെ പരിചയപ്പെടുത്തി. ഇതേത്തുടര്‍ന്ന് ചക്രവര്‍ത്തി അദ്ദേഹത്തെ വിളിപ്പിക്കുകയും തന്റെയും കുടുംബത്തിന്റെയും സ്വകാര്യ ഡോക്ടറായി നിയമിക്കുകയും ചെയ്തു. രോഗബാധിതനായ കിരീടാവകാശിയും പുത്രനുമായ കൊമോഡിയസ്(Commodius)നെ ചികിത്സിച്ചു ഭേദപ്പെടുത്താന്‍ കഴിഞ്ഞതോടെ ഗേലന്‍ ചക്രവര്‍ത്തിക്ക് കുറേക്കൂടി പ്രിയപ്പെട്ടവനായി. മാര്‍ക്കസ് ഒറീലിയസിനെ കൂടാതെ ലൂസിയസ്, വേരസ് എന്നിങ്ങനെ രണ്ട് റോമാചക്രവര്‍ത്തിമാരുടെ ചികിത്സകനായി ഗേലന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്

തലച്ചോറാണ് സന്ധികളുടെയും മാംസപേശികളുടെയും ചലനം നിയന്ത്രിക്കുന്നത് എന്ന് അദ്ദേഹം തെളിയിച്ചു. ശുദ്ധരക്തം ആര്‍ട്ടറിയിലൂടെയും അശുദ്ധരക്തം വെയിനിലൂടെയും ആണ് ഒഴുകുന്നതെന്ന് അദ്ദേഹം കണ്ടെത്തി. 4 ഹ്യൂമറുകളാണ് മനുഷ്യശരീരത്തെ നിയന്ത്രിക്കുന്നതെന്ന അദ്ദേഹത്തിന്റെ വിശ്വാസം അനുസരിച്ചായിരുന്ന ചികിത്സ. മൂത്രം കിഡ്‌നിയില്‍ ആണ് നിമിക്കപ്പെടുന്നത് എന്നും മുന്‍ കാലങ്ങളില്‍ വിശ്വസിച്ചത് പോലെ മൂത്രസഞ്ചിയില്‍ നിന്നും അല്ല എന്നും ആദ്യം പറഞ്ഞത് ഗേലന്‍ ആണ്.

സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരായിരുന്നു അദ്ദേഹത്തിന്റെ രോഗികളില്‍ നല്ലൊരു പങ്കും. ഇതുമൂലം സൗന്ദര്യസംവര്‍ധക ശസ്ത്രക്രിയകളും ദന്തചികിത്സകളും അദ്ദേഹം നടത്തിയിരുന്നു. നഷ്ടപ്പെട്ട പല്ലിന് പകരം ആനക്കൊമ്പോ എല്ലോ ഉപയോഗിച്ച് ദന്തം നിര്‍മിച്ച് അത് സ്വര്‍ണ്ണകമ്പികള്‍ കൊണ്ട് തല്‍സ്ഥാനത്തു ഉറപ്പിക്കുകയായിരുന്നു പതിവ്. ഇത്തരം ദന്തപാലങ്ങള്‍ (Dental bridges) ആര്‍ക്കിയോളജിസ്റ്റുകള്‍ കണ്ടെടുത്തിട്ടുണ്ട്. മല്ലയുദ്ധത്തില്‍ വിജയിച്ച് സ്വതന്ത്രരായ ഗ്ലാഡിയേറ്ററുകളുടെ അടിമത്തത്തിന്റെ ചിഹ്നങ്ങളും പച്ചകുത്തിയ അടയാളങ്ങളും ഗേലന്‍ ശസ്ത്രക്രീയയിലൂടെ നീക്കം ചെയ്തു. ഇവയില്‍ പലതിനും ഓപ്പിയവും മദ്യവും മാത്രമാണ് വേദനസംഹാരിയായി നല്‍കിയിരുന്നത്. ഈ കാലത്ത് ഉപയോഗത്തിലിരുന്ന തിമിര ശസ്ത്രക്രിയയില്‍ ഉപയോഗിച്ചിരുന്ന, ലെന്‍സ് ഊറിയെടുക്കാനുള്ള പ്രത്യേക ഉപകരണം കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.

സേനയുടെ ആരോഗ്യപരിപാലനവും ചക്രവര്‍ത്തി ക്രമേണ ഗേലന്റെ ചുമതലയിലാക്കി. മുറിവേറ്റ പട്ടാളക്കാരെ ചികിത്സിക്കാനായി അദ്ദേഹം സംവിധാനം ചെയ്ത ആതുരാലയങ്ങള്‍, ചികിത്സാ മുറികള്‍, അടുക്കള, സര്‍ജറിക്കായുള്ള മുറികള്‍, ചൂളയില്‍ ഉപകരണങ്ങള്‍ ശുചികരിച്ച് എടുക്കുന്നതിനുള്ള സംവിധാനം, മോര്‍ച്ചറി എന്നിവ അടങ്ങിയതായിരുന്നു. മനുഷ്യശരീരത്തിന്റെ ഘടന നന്നായി മനസ്സിലാക്കിയ ഡോക്ടര്‍ക്കു മാത്രമേ നല്ല ചികിത്സകന്‍ ആകാന്‍ സാധിക്കുകയുള്ളു എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. തലച്ചോറിനുള്ളില്‍ രക്തസ്രാവമുണ്ടായ യോദ്ധാക്കളെ അദ്ദേഹം ട്രെഫിനിങ ്(Trephining) എന്ന ചികിത്സാരീതിയനുസരിച്ച് തലച്ചോറില്‍ ദ്വാരമുണ്ടാക്കി ചികിത്സിച്ചു. 1800 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത്തരം സര്‍ജറിക്ക് വിധേയനാക്കപ്പെട്ട ഒരു കുട്ടിയുടെ അസ്ഥി റോമില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കലഹപ്രിയനായ അദ്ദേഹത്തിന് റോമില്‍ അധികം സുഹൃത്തുക്കളുണ്ടായിരുന്നില്ല. മറ്റു ചികിത്സകരുടെ കുറ്റം കണ്ടുപിടിക്കുന്നതിലും അവരെ ചെറുതാക്കി കാണിക്കുന്നതിലും അദ്ദേഹം വിദഗ്ധനായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റ ചികിത്സയിലുണ്ടായിരുന്ന വിശ്വാസം നിമിത്തം ആര്‍ക്കും ഗേലനെ ഒഴിവാക്കാന്‍ കഴിഞ്ഞില്ല.

ഫ്‌ലീബോട്ടോം (Phlebotome) എന്ന ഒരു കത്തി ഉപയോഗിച്ച് വെയിന്‍ മുറിച്ച് രക്തം ഒഴുക്കിക്കളഞ്ഞ് ശരീരം ശുദ്ധീകരിക്കുന്ന രീതി അദ്ദേഹമാണ് പ്രചാരത്തിലാക്കിയത്. ചുഴലി, ന്യുമോണിയ, മുഖക്കുരു തുടങ്ങിയ ഒരു ഡസനോളം രോഗങ്ങള്‍ക്ക് ഇത് ചികിത്സയായി ചെയ്തിരുന്നു. രോഗിയുടെ പ്രായം, ശരീരം, കാലാവസ്ഥ എന്നിവ അനുസരിച്ച് എത്ര രക്തം മാറ്റണമെന്നതിന് ചില കണക്കുകളും അദ്ദേഹത്തിന്റേതായുണ്ട്. ചില പ്രത്യേക മതക്കാര്‍ക്ക് അവരുടെ പ്രത്യേക പുണ്യദിനങ്ങളില്‍ ഇങ്ങനെ ചെയ്താല്‍ കൂടുതല്‍ ഫലം ഉണ്ടാകുമെന്ന് വിശ്വാസം നിലവിലിരുന്നു. അമേരിക്കന്‍ പ്രസിഡണ്ട് ആയിരുന്നു ജോര്‍ജ് വാഷിംഗ്ടണ്‍ ഇത്തരത്തില്‍ രക്തം ഒഴുക്കി കളഞ്ഞത് മൂലമാണ് മരിച്ചത്. തൊണ്ടയില്‍ പഴുപ്പ് ഉണ്ടായപ്പോള്‍ അദ്ദേഹം തന്നെ ആവശ്യപ്പെട്ടതനുസരിച്ച് ശരീരത്തിലെ പകുതിയോളം രക്തം പത്ത് മണിക്കൂറിനിടക്ക് പലപ്രാവശ്യമായി ഒഴുക്കിക്കളയുകയും അദ്ദേഹം മരണപ്പെടുകയും ആണ് ഉണ്ടായത്. 1923 വരെ ഉണ്ടായിരുന്ന പല വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലും ഈ ചികിത്സ രീതി നിര്‍ദേശിച്ചിരിക്കുന്നത് കാണാം.

ഒരു ഡോക്ടര്‍ എന്നുള്ള നിലയില്‍ മാത്രമല്ല തത്വചിന്തകന്‍ എന്ന പേരില്‍ കൂടി അറിയപ്പെടണം എന്ന് ഗേലന്‍ ആഗ്രഹിച്ചിരുന്നു. സ്വന്തം മഹത്വം ലോകത്തെ അറിയിക്കുന്നതില്‍ ആനന്ദം കണ്ടിരുന്ന ഗേലന്‍ ദിവസവും കുറഞ്ഞത് മൂന്നു പേജെങ്കിലും എഴുതിയിരുന്നു. ഇത്തരത്തില്‍ ആയിരക്കണക്കിന് പേജുകളുടെ രേഖകള്‍ അദ്ദേഹത്തിന്റേതായി പിന്‍മുറക്കാര്‍ക്ക് ലഭിച്ചു. ഗേലന്‍ പറയുന്ന ഓരോ വാക്കുകളും എഴുതിയെടുക്കാനായി സമര്‍ഥരായ ഒരു കൂട്ടം ഡോക്ടര്‍മാരുടെ സംഘം തന്നെ ഉണ്ടായിരുന്നു. മൃഗങ്ങളുടെ ഡിസെക്ഷനില്‍ കണ്ടെത്തിയ പലതും മനുഷ്യ ശരീരത്തിലും കാണപ്പെടുന്നു എന്ന മട്ടില്‍ ചില രചനകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇത് തെറ്റാണെന്ന് പലര്‍ക്കും അറിവുണ്ടായിട്ട് പോലും പില്‍കാലത്ത് ഇസ്‌ലാം മതത്തിലും ക്രിസ്തുമതത്തിലും മനുഷ്യശരീരത്തിലെ ഡിസക്ഷന്‍ നിരോധിച്ചിരിക്കുന്നത് നിമിത്തം ഇക്കാര്യം നൂറ്റാണ്ടുകളോളം തെളിയിക്കപ്പെട്ടില്ല. ഇത് നിമിത്തം പിന്‍ഗാമികളായ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ചികിത്സാരീതികള്‍ അവസാന വാക്കായി കണ്ട്, ഗവേഷണവും പഠനങ്ങളും നിര്‍ത്തിവെച്ചു. ഇത് ചികിത്സാശാസ്ത്രത്തിന് വലിയ നഷ്ടം വരുത്തി. നവോര്‍ത്ഥാനകാലത്തിന് ശേഷം, ഇക്കഴിഞ്ഞ 500 കൊല്ലങ്ങളിലാണ് അനാട്ടമിയില്‍ കൂടുതല്‍ പഠനങ്ങള്‍ നടന്നത്.


ഗേലന്‍ ഫിസിയോളജിയില്‍ നടത്തിയ പഠനങ്ങള്‍ മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കടുതല്‍ വെളിച്ചം വീശി. അവയില്‍ ചിലത് ഇനി പറയുന്നു. കിഡ്‌നിയെയും മൂത്ര സഞ്ചിയേയും ബന്ധിപ്പിക്കുന്ന യൂറിറ്റര്‍ കെട്ടി ഒഴുക്ക് തടഞ്ഞപ്പോള്‍ കിഡ്‌നി വലുതായി വന്നതോടുകൂടി മൂത്രം മൂത്രസഞ്ചിയില്‍ അല്ല കിഡ്‌നിയിലാണ് നിര്‍മിക്കപ്പെടുന്നതെന്ന് തെളിയിക്കപ്പെട്ടു. കഴുത്തില്‍ നിന്നും പുറപ്പെടുന്ന ഞരമ്പുകള്‍ മുറിച്ചതോടെ തോളിലെ മാംസപേശികള്‍ തളര്‍ന്നതായി കണ്ടെത്തി. ശബ്ദനാളത്തിന് പ്രവര്‍ത്തനശേഷി നല്‍കുന്ന റിക്കറന്റ് ലരിന്‍ജിയല്‍ നെര്‍വ്വ് (Recurrent laryngeal Nerve) മുറിച്ചതോടെ ശബ്ദം നഷ്ടപ്പെട്ടത് മറ്റൊരു കണ്ടെത്തലിന് വഴിവെച്ചു. ഹൃദയത്തിലേക്ക് പോകുന്ന ഞരമ്പുകള്‍ മുറിച്ചതോടെ ഹൃദയസ്തംഭനം ഉണ്ടായതോടെ ഞരമ്പുകള്‍ ഹൃദയത്തില്‍ നിന്നാണ് പുറപ്പെടുന്നത് എന്നുള്ള വിശ്വാസം പൊളിച്ചെഴുതപ്പെട്ടു. 'ശരീരത്തിലെ പ്രവര്‍ത്തനങ്ങളുടെ ഓരോ മാറ്റവും, ശരീരഭാഗങ്ങളില്‍ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന പരിക്കു മൂലം ആണെന്നും ഓരോ പരിക്കും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റമുണ്ടാക്കുന്നു' എന്ന ആശയം ഇന്നും നിലനില്‍ക്കുന്നു. നെഞ്ചിലെ ഒരു മുറിവില്‍ നിന്ന് വായു പുറത്തേക്ക് വരുന്നുണ്ടെങ്കില്‍ ശ്വാസകോശത്തിനും മുറിവേറ്റിട്ടുണ്ടായിരിക്കണമെന്നും രക്തത്തോടൊപ്പം ഒഴുകി വരുന്ന മൂത്രത്തിന്റെ സാന്നിധ്യം കൊണ്ട് കിഡ്‌നിയില്‍ ആണോ മൂത്രസഞ്ചിയില്‍ ആണോ മുറിവ് എന്ന് വേര്‍തിരിച്ചറിയാം എന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. തണുപ്പുകൊണ്ട് ഉണ്ടാകുന്ന പരിക്കുകള്‍ ചൂടു പിടിപ്പിക്കുന്നതു കൊണ്ടും മലബന്ധം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ വയറിളക്കാനുള്ള മരുന്നുകള്‍ കൊണ്ടും ചികിത്സിച്ചു.

എ.ഡി 192ല്‍ റോമിലെ ടെമ്പിള്‍ ഓഫ് പീസ് അഗ്‌നിക്കിരയായി. അതിന് സമീപം താമസിച്ചിരുന്ന ഗേലന്റെ വീട്ടിലേക്കും തീ പടരുകയും അദ്ദേഹത്തിന്റെ രചനകളില്‍ പലതും നഷ്ടപ്പെടുകയും ചെയ്തു. ഇതിന് ശേഷവും ഇന്നും പതിനായിരത്തോളം പേജുകള്‍ അദ്ദേഹത്തിന്റെതായി നിലവിലുണ്ട്. ക്രിസ്തുമത വിശ്വാസി അല്ലാതിരുന്ന ഗേലന്‍ ഏക ദൈവത്തില്‍ വിശ്വസിക്കുകയും ശരീരം ആത്മാവിന്റെ ഒരു ഉപകരണം മാത്രമാണെന്ന ആശയത്തില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. ഇത് ക്രിസ്തുമതം, ജൂതമതം, ഇസ്‌ലാം മതം എന്നിവയുടെ വിശ്വസികള്‍ക്ക് അദ്ദേഹത്ത സ്വീകാര്യനാക്കി. അദ്ദേഹത്തിന്റെ മരണശേഷം ഈ തത്വങ്ങളില്‍ പലതും കത്തോലിക്കാ മതത്തിലെ പള്ളികളിലെ നിയമങ്ങളുടെ ഭാഗമായി. ഇവയില്‍ പലതും ശരിയല്ല എന്ന് അറിവുള്ളവര്‍ പോലും അത് തുറന്ന് പറയാന്‍ ഭയപ്പെട്ടു. 1500 കൊല്ലത്തോളം അദ്ദേഹം പറഞ്ഞ പല തെറ്റുകളും ചോദ്യം ചെയ്യപ്പെടാതെ കണ്ണടച്ച് വിശ്വസിക്കുകയും വിദ്യാര്‍ഥികളെ പഠിപ്പിക്കപ്പെടുകയും ചെയ്തു. 87-ാം വയസ്സില്‍ ഗേലന്‍ മരിക്കുമ്പോള്‍ റോമാസാമ്രാജ്യത്തിന്റെ അന്ത്യത്തിന്റെ ആരംഭമായിരുന്നു.

ജന്മനാട്ടിലെ സ്മാരകം

പ്ലേഗ് ഉള്‍പ്പെടെയുള്ള പലതരം പകര്‍ച്ചവ്യാധികള്‍, ഭരണത്തിലും വ്യക്തികളിലും വ്യാപകമായിരുന്ന അഴിമതി, ന്യൂനപക്ഷങ്ങളുടെ അടിച്ചമര്‍ത്തല്‍, പട്ടിണി, പുറമേ നിന്നുള്ള ആക്രമണങ്ങള്‍ എന്നിവ റോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായി പറയപ്പെടുന്നു. ഇയാംപാറ്റകളെപ്പോലെ മനുഷ്യര്‍ മരിച്ചു വീഴുമ്പോള്‍ നിസ്സഹായരായി അത് കണ്ട് നിന്ന ഡോക്ടര്‍മാരിലും ശാസ്ത്രജ്ഞരിലും സാധാരണ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. മരണനിരക്ക് വളരെ കൂടുതലായ കുറേ രോഗങ്ങള്‍ അക്കാലത്ത് നിലനിന്നിരുന്നു. തൊലി ചുവന്ന തടിക്കുകയും, പൊട്ടിയൊലിക്കുന്ന വ്രണങ്ങള്‍ ഉണ്ടാവുകയും, രക്തസ്രാവവും, വിളര്‍ച്ചയും ശ്വാസംമുട്ടും അവസാനം മരണവും വരെ എത്തിച്ചേരുന്ന ഈ രോഗങ്ങള്‍ പലപ്പോഴും വസൂരി, ബ്യൂബോണിക് പ്ലേഗ്, സ്‌കാര്‍ലെറ്റ് ഫീവര്‍, കോളറ, ടൈഫസ്, ഡിഫ്തീരിയ തുടങ്ങിയ പല രോഗങ്ങളുടെയും വിവരണങ്ങള്‍ക്ക് പാകമാകുന്ന തായിരുന്നു. ഉയര്‍ന്ന മരണ നിരക്ക് മാത്രമായിരുന്നു അവയ്ക്ക് എല്ലാം കൂടി ഉണ്ടായിരുന്ന പൊതുസ്വഭാവം.


മിസ്റ്റിക്ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ക്രിസ്തുമതം അക്കാലത്ത് രോഗികളെയും അവശരെയും രക്ഷിക്കാന്‍ മുന്നോട്ട് വന്നു. യേശുക്രിസ്തുവിന്റെ രോഗശാന്തിക്കുള്ള അത്ഭുതകരമായ കഴിവുകളിലുള്ള വിശ്വാസം പലര്‍ക്കും ആകര്‍ഷകമായിരുന്നു. പ്രാര്‍ഥന, വിശുദ്ധമായ ചില എണ്ണകള്‍, കൈ തലയിലും രോഗമുള്ള ഭാഗത്തും വച്ചുകൊണ്ടുള്ള പ്രാര്‍ഥനകള്‍ എന്നിവ സാധാരണയായിരുന്നു. പണം കൊടുത്തു വാങ്ങുന്ന ഒരു സേവനം എന്നതിലുപരി സഹജീവിയോടുള്ള അനുകമ്പ മൂലം ചെയ്യേണ്ട ഒരു കൃത്യമായാണ് ചികിത്സ മതത്തില്‍ നിര്‍വചിക്കപ്പെട്ടത്. യാത്രക്കാര്‍ക്കും രോഗികള്‍ക്കും അശരണര്‍ക്കും ആയി ഇവര്‍ ധാരാളം ആശ്രയകേന്ദ്രങ്ങളും ആശുപത്രികളും നിര്‍മിച്ചു. ആദ്യത്തെ ക്രിസ്ത്യന്‍ ആശുപത്രി സെന്റ് ബേസില്‍ സിസേറിയയില്‍ എഡി370ല്‍ സ്ഥാപിക്കപ്പെട്ടു. പാശ്ചാത്യലോകത്തെ ആദ്യത്തെ ആശുപത്രി റോമില്‍ എഡി-400ലാണ് സ്ഥാപിക്കപ്പെട്ടത്. തുടര്‍ന്ന് പലയിടങ്ങളിലും പള്ളികളുടെയും കന്യാസ്ത്രീകളുടെയും നേതൃത്വത്തില്‍ ചെറുതും വലുതുമായ ഇത്തരം കേന്ദ്രങ്ങള്‍ ധാരാളമായി ഉയര്‍ന്നു വന്നു.

(തുടരും)

ഡോ. സലീമ ഹമീദ്: തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. കാനഡയില്‍ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്നു. എന്റെ വഴിയമ്പലങ്ങള്‍, ആന്‍ഡലൂസിയന്‍ ഡയറി, പോര്‍ച്ചുഗല്‍-ഫെഡോ സംഗീതത്തിന്റെ നാട് എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പുസ്തകപ്പച്ച, അമേരിക്കന്‍ കഥക്കൂട്ടം, ലോക്ഡൗണ്‍ സ്‌കെച്ചുകള്‍, കഥ 2021, കഥാസ്‌കോപ്പ് എന്നീ ആന്തോളജികളില്‍ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓണ്‍ലെന്‍ മാധ്യമങ്ങളിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. സലീമ ഹമീദ്

Writer

Similar News