തല്ലിയും കൊന്നും അറപ്പ് തീരുന്ന നമ്മള്‍

പഠനം ജോലി തുടങ്ങി എല്ലാ കാര്യങ്ങളിലും ഇങ്ങനെ മുമ്പില്ലാത്ത പ്രഷര്‍ അനുഭവിക്കേണ്ടി വരുന്ന സമൂഹം മുന്‍കോപവും തല്ലും വഴക്കും സ്ഥിരമാക്കുന്നതും, കൊന്നൊ കവര്‍ന്നോ മാന്യനായി ജീവിക്കാന്‍ തത്രപ്പെടുന്നതിലും അതിശയമുണ്ടോ. അച്ഛനും അമ്മയും മക്കളുമൊക്കെ ഭാരമായി അനുഭവപ്പെടുന്ന, അവിഹിത ബന്ധങ്ങളില്‍ ആനന്ദം കണ്ടെത്തുന്ന രീതിയില്‍ കുടുംബബന്ധങ്ങളുടെ മുറുക്കം അയഞ്ഞുതുടങ്ങിയ സമൂഹത്തില്‍ ഉറ്റവരെ തന്നെ കൊന്നു കളയുന്നത് ഞെട്ടിപ്പിക്കുന്നില്ലല്ലോ. | നുരുമ്പിരായിരം -04

Update: 2022-10-18 14:11 GMT

സമ്പത്തും ഐശ്വര്യവും വര്‍ധിക്കാന്‍ രണ്ടു സ്ത്രീകളെ ബലി നല്‍കിയതാണ് പ്രബുദ്ധ കേരളത്തില്‍ നിന്നുള്ള പുതിയ വാര്‍ത്ത. അവരെ നിഷ്ഠൂരമായി കൊല്ലുക മാത്രമല്ല, മൃതദേഹം പല കഷണങ്ങളായി നുറുക്കി ഭക്ഷിച്ചുവെന്നുമൊക്കെയാണ് മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിലെ പ്രതികള്‍ സമൂഹത്തില്‍ മാന്യമായി ജീവിച്ചു വരുന്നവരായിരുന്നു എന്നും അതിലൊരാള്‍ വീട്ടമ്മ ആണെന്നതും കൂടെ കൂട്ടി വായിക്കണം.

സത്യത്തില്‍ ഈ വാര്‍ത്തയിലെ ബലി നല്‍കാന്‍ വേണ്ടി എന്നത് മാത്രമേ പുതുമായായി ഉള്ളൂ. കാലങ്ങളായി തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ മാറ്റി നിര്‍ത്താം. അതല്ലാതെ തന്നെ എത്ര മനുഷ്യരാണ് നിസ്സാരമായ കാരണങ്ങള്‍ക്ക് കുറഞ്ഞ കാലം കൊണ്ട് ആരുടെയൊക്കെയോ കൈയാല്‍ പിടഞ്ഞു തീര്‍ന്നത്.


നിസ്സാര കാര്യങ്ങള്‍ക്ക് പോലും ക്രൂരമായ കൊലപാതകങ്ങളും വെട്ടും കുത്തും വഴക്കുമൊക്കെ ഇന്നാട്ടില്‍ സര്‍വ്വ സാധാരണമായി മാറിയിട്ട് കാലം കുറച്ചായല്ലോ. കള്ളക്കടത്തില്‍ ചതിച്ചവനെ കൊന്നു കടലില്‍ തള്ളിയതും ഒറ്റമൂലിയുടെ രഹസ്യമറിയാന്‍ അന്യനാട്ടുകാരനെ മാസങ്ങളോളം പീഡിപ്പിച്ചു കൊലപ്പെടുത്തിയതുമൊക്കെ ഈ അടുത്ത കാലത്താണ്. സിഗരറ്റ് കടം കൊടുക്കാത്തതിന്, വാഹനം സൈഡ് കൊടുക്കാഞ്ഞതിന്, കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്, പ്രണയാഭ്യര്‍ഥന നിഷേധിച്ചതിന്... മനുഷ്യന്‍ മനുഷ്യരെ കൊന്നുകളയുകയാണ്. മാതാപിതാക്കളെ അടിച്ചു കൊല്ലുന്ന മക്കള്‍. ഭാര്യയെ വിഷം കൊടുത്തു കൊല്ലുന്ന ഭര്‍ത്താവ്, ഭര്‍ത്താവിനെ കഴുത്തറുത്തു കൊല്ലുന്ന ഭാര്യ, മകളെ പുഴയില്‍ എറിഞ്ഞു കൊല്ലുന്ന അമ്മ, മകനെ കഴുത്തു ഞെരിച്ചു കൊല്ലുന്ന അച്ഛന്‍, കൊച്ചുമകനെ കൊന്നുകളയാന്‍ മടിയില്ലാത്ത മുത്തശ്ശി... ഇതൊക്കെയും നമ്മുടെ സാക്ഷരസുന്ദര കേരളത്തില്‍ നിന്ന് ഈയിടെ നാം വായിക്കുന്ന വാര്‍ത്തകളാണ്.

തല്ലും കൊലയും നടത്തുന്നതില്‍ മടിയില്ലാത്ത സമൂഹത്തെ വളരെ പ്രാകൃതരും അപരിഷ്‌കൃതരുമായാണ് നാം വിശേഷിപ്പിക്കാറ്. വിദ്യാഭ്യാസം കൊണ്ടുള്ള വളര്‍ച്ചയും സാംസ്‌കാരികമായ ഉയര്‍ച്ചയുമൊക്കെ നമ്മെ പരിഷ്‌കൃത സമൂഹമാക്കി മാറ്റിയിട്ടും നാം എങ്ങനെയാണ് ഇത്രയും മനുഷ്യപ്പറ്റില്ലാത്ത ക്രൂരത കാണിക്കുന്നതില്‍ മടിയില്ലാത്തവരായി മാറിക്കൊണ്ടിരിക്കുന്നത്.ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും, എന്തിന് ലോകത്തിലെ മറ്റേത് സമൂഹത്തിന് മുന്നിലും വളരെ സംസ്‌കൃതരായ അറിവും ബുദ്ധിയും ബോധവുമുള്ള ജനതയാണ് നാം എന്നത് വെറും വര്‍ത്തമാനമല്ല. എന്നാല്‍, ഇത്തരം ക്രൂരതകള്‍ ചെയ്യുന്ന കാര്യത്തില്‍ വിദ്യാഭ്യാസം ഉള്ളവനും ഇല്ലാത്തവനും സമ്പന്നനും ദരിദ്രനും മതവിശ്വാസിയും അല്ലാത്തവനും ആണും പെണ്ണും ഒന്നും തന്നെ പിന്നിലല്ല എന്നാണ് ഓരോ പുതിയ സംഭവങ്ങളും തെളിയിക്കുന്നത്.

പഴയ കാലത്തെ പോലെ പരിമിതമായ ആവശ്യങ്ങളില്‍ ഒതുങ്ങി ജീവിക്കാന്‍ പറ്റിയ പാകത്തിലല്ല ചുറ്റുപാട്. ഭക്ഷണമായാലും വസ്ത്രമായാലും വീടായാലും വീട്ടുപകരണങ്ങള്‍ ആയാലും വാഹനമായാലും ആവശ്യം നിറവേറ്റാന്‍ എന്നതിലുപരി മറ്റുള്ളവരുടെ മുന്നില്‍ മതിപ്പോടെ ജീവിക്കുവാന്‍ കൂടി ഉള്ളതാണ് ഇതെല്ലാം. കടമായും വായ്പയായും ഈ ഒഴുക്കില്‍ പിടിച്ചു നില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ഏറെപ്പേരും.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പോലും തങ്ങളുടെ സഹപാഠികളെ തെരുവിലിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ ഈയിടെ അധിക ദിവസവും നമ്മുടെ മുന്നിലെത്തുന്നുണ്ട്. കാലങ്ങളായി അടുത്തടുത്തു കഴിയുന്ന അയല്‍വാസികള്‍ തമ്മിലൊക്കെ ഉണ്ടാകുന്ന വഴക്ക് പറഞ്ഞു തീര്‍ക്കാനല്ല അതൊരു കയ്യാങ്കളി ആയി വീഡിയോ എടുത്തു സോഷ്യല്‍ മീഡിയയിലൂടെ ലോകം മുഴുവന്‍ കാണിച്ചു കൊടുക്കാനാണ് ഉത്സാഹിക്കുന്നത്. ഇത് അപ്ലോഡ് ചെയ്യുന്നവര്‍ ആഗ്രഹിക്കുന്ന പോലെ ലക്ഷക്കണക്കിന് മനുഷ്യരാണ് എവിടെയോ ഉള്ള രണ്ട് അയല്‍ക്കാര്‍ തമ്മിലുള്ള തല്ല് കണ്ട് രസിക്കുന്നത്. പരിചിതരായാലും അപരിചിതരായാലും നിസ്സാര കാര്യങ്ങളില്‍ പോലും ഒട്ടും വിട്ടുവീഴ്ചയില്ലാതെ പെട്ടെന്ന് തന്നെ ക്രുദ്ധരായി സംസാരിക്കുന്ന, തൊട്ടടുത്ത നിമിഷം തന്നെ കയ്യില്‍ കിട്ടിയത് കൊണ്ട് അപരനെ ക്രൂരമായി മര്‍ദിക്കാനോ കൊല്ലാനോ മടിക്കാത്ത ഹിംസ്രമനുഷ്യരായി നാം മാറിയിരിക്കുന്നു.

വന്യമായ ഒരു തരം ആക്രമണവാസന നമ്മുടെയൊക്കെ ഉള്ളില്‍ തിടം വെച്ചു വരുന്നുണ്ടോ എന്ന് ഞെട്ടലോടെ നാം ചിന്തിക്കേണ്ടതുണ്ട്. ശാന്തിയും സമാധാനവും കളിയാടേണ്ട ദേവാലയങ്ങളില്‍ പോലും ചേരി തിരിഞ്ഞുള്ള തല്ലും വഴക്കും കത്തിക്കുത്തും നിത്യ സംഭവങ്ങള്‍ ആവുന്നുവെങ്കില്‍, മതവും ആത്മീയതയും വിശ്വാസവുമൊക്കെ മറ്റുള്ളവരെ വെറുക്കാനും ഇല്ലാതാക്കാനും പ്രേരിപ്പിക്കുന്ന രീതിയിലേക്ക് മാറ്റിയെടുക്കുന്നുവെങ്കില്‍ എവിടെയാണ് കുഴപ്പം എന്ന് ഓരോ മനുഷ്യരും ചിന്തിച്ചു തുടങ്ങേണ്ട കാലം വൈകിയിരിക്കുന്നു.


കൊച്ചുകുട്ടികള്‍ മുതല്‍ വയോധികര്‍ വരെ എന്തൊക്കെയോ കടുത്ത മാനസിക സമ്മര്‍ദങ്ങളും നിരാശയും അസ്വസ്ഥതയുമൊക്കെ പേറി നടക്കുന്ന വല്ലാത്തൊരു കാലമാണ്. ആരോടെങ്കിലുമൊക്കെ ഒന്ന് പൊട്ടിത്തെറിക്കാന്‍ അവസരം കാത്തു നില്‍ക്കുന്ന പോലെയാണ് പലരുടെയും പ്രകടനം.

പണക്കൊഴുപ്പിന്റെ കെട്ടുകാഴ്ചകളാണ് നാടെങ്ങും. ഓരോ മനുഷ്യരെ കണ്ടാലും സമ്പന്നരെന്ന് തോന്നിക്കുമെങ്കിലും അതിഭീകരമായ സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് വലിയൊരളവോളം ആളുകള്‍ കടന്നുപോകുന്നത്. എന്നാല്‍, പഴയ കാലത്തെ പോലെ പരിമിതമായ ആവശ്യങ്ങളില്‍ ഒതുങ്ങി ജീവിക്കാന്‍ പറ്റിയ പാകത്തിലല്ല ചുറ്റുപാട്. ഭക്ഷണമായാലും വസ്ത്രമായാലും വീടായാലും വീട്ടുപകരണങ്ങള്‍ ആയാലും വാഹനമായാലും ആവശ്യം നിറവേറ്റാന്‍ എന്നതിലുപരി മറ്റുള്ളവരുടെ മുന്നില്‍ മതിപ്പോടെ ജീവിക്കുവാന്‍ കൂടി ഉള്ളതാണ് ഇതെല്ലാം. കടമായും വായ്പയായും ഈ ഒഴുക്കില്‍ പിടിച്ചു നില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ഏറെപ്പേരും.

പഠനം ജോലി തുടങ്ങി എല്ലാ കാര്യങ്ങളിലും ഇങ്ങനെ മുമ്പില്ലാത്ത പ്രഷര്‍ അനുഭവിക്കേണ്ടി വരുന്ന സമൂഹം മുന്‍കോപവും തല്ലും വഴക്കും സ്ഥിരമാക്കുന്നതും, കൊന്നൊ കവര്‍ന്നോ മാന്യനായി ജീവിക്കാന്‍ തത്രപ്പെടുന്നതിലും അതിശയമുണ്ടോ. അച്ഛനും അമ്മയും മക്കളുമൊക്കെ ഭാരമായി അനുഭവപ്പെടുന്ന, അവിഹിത ബന്ധങ്ങളില്‍ ആനന്ദം കണ്ടെത്തുന്ന രീതിയില്‍ കുടുംബബന്ധങ്ങളുടെ മുറുക്കം അയഞ്ഞുതുടങ്ങിയ സമൂഹത്തില്‍ ഉറ്റവരെ തന്നെ കൊന്നു കളയുന്നത് ഞെട്ടിപ്പിക്കുന്നില്ലല്ലോ.

അദൃശ്യശക്തികളെ പ്രീതിപ്പെടുത്തിയാല്‍ സമ്പത്ത് വര്‍ധിക്കും എന്ന് വിശ്വസിക്കുന്നത് അറിവും പഠിപ്പും ഇല്ലാത്തവരല്ല. നരബലി അടക്കമുള്ള ക്രൂരതകളിലേക്ക് അവരെ ചെന്നെത്തിക്കുമ്പോള്‍ ലോട്ടറി പോലുള്ള ഭാഗ്യാന്വേഷണങ്ങളില്‍ ആണ് ചെറുപ്പക്കാരടക്കം. പഠനം, വിവാഹം, പ്രസവം, വീട്, ചികിത്സ തുടങ്ങിയതൊക്കെ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതിലും മുകളില്‍ ചെലവുള്ള കാര്യങ്ങളാവുമ്പോള്‍ തട്ടിച്ചോ വെട്ടിച്ചോ കൊന്നൊ പണമുണ്ടാക്കാം എന്ന മനഃസ്ഥിതിയിലേക്ക് ആളുകള്‍ എത്തിച്ചേരുന്നു എന്നത് ഭീതിയോടെ തിരിച്ചറിയേണ്ടതുണ്ട്.

ഇതിനും പുറമേ മയക്കുമരുന്നും മദ്യവും യഥേഷ്ടം ലഭിക്കുകയും അതിന്റെയൊക്കെ ഉപയോഗം മാന്യത കൈവരിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യത്വം മരവിച്ചു പോകുന്നതില്‍ എന്താശ്ചര്യം. നിയന്ത്രണം വിട്ടുള്ള പെരുമാറ്റങ്ങളിലും അടിയും കുത്തും കൊലപാതകവുമടക്കമുള്ള ക്രൂരകൃത്യങ്ങളിലും ലഹരിയുടെ പിന്തുണ നന്നായുണ്ടെന്ന് വലിയ പഠനങ്ങള്‍ ഇല്ലാതെ തന്നെ ഊഹിക്കാമല്ലോ.


ഓരോ ക്രൂരതകളുടെയും വാര്‍ത്തകള്‍ കേട്ട് ഞെട്ടുകയല്ലാതെ വര്‍ധിച്ചു വരുന്ന അക്രമങ്ങളുടെയും കൊലകളുടെയും കാരണങ്ങള്‍ നാം ശരിയായി വിശകലനം ചെയ്യുന്നുണ്ടോ. ചെയ്യുന്ന വ്യക്തികളില്‍ മാത്രം ഒതുങ്ങുന്നതല്ല കുറ്റകൃത്യങ്ങളുടെ വേരുകള്‍. പരോക്ഷമായെങ്കിലും സമൂഹത്തിനും അതില്‍ ചെറുതല്ലാത്ത പങ്കുണ്ട്. 'പണമില്ലാത്തവന്‍ പിണ'മെന്ന് എല്ലാവിധത്തിലും തെളിയിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തില്‍ ഐശ്വര്യവും സമ്പത്തും വര്‍ധിക്കാനുള്ള കുറുക്കുവഴികള്‍ തേടുന്നതില്‍ അത്ഭുതം തോന്നുന്നില്ല. അദൃശ്യശക്തികളെ പ്രീതിപ്പെടുത്തിയാല്‍ സമ്പത്ത് വര്‍ധിക്കും എന്ന് വിശ്വസിക്കുന്നത് അറിവും പഠിപ്പും ഇല്ലാത്തവരല്ല. നരബലി അടക്കമുള്ള ക്രൂരതകളിലേക്ക് അവരെ ചെന്നെത്തിക്കുമ്പോള്‍ ലോട്ടറി പോലുള്ള ഭാഗ്യാന്വേഷണങ്ങളില്‍ ആണ് ചെറുപ്പക്കാരടക്കം. പഠനം, വിവാഹം, പ്രസവം, വീട്, ചികിത്സ തുടങ്ങിയതൊക്കെ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതിലും മുകളില്‍ ചെലവുള്ള കാര്യങ്ങളാവുമ്പോള്‍ തട്ടിച്ചോ വെട്ടിച്ചോ കൊന്നൊ പണമുണ്ടാക്കാം എന്ന മനഃസ്ഥിതിയിലേക്ക് ആളുകള്‍ എത്തിച്ചേരുന്നു എന്നത് ഭീതിയോടെ തിരിച്ചറിയേണ്ടതുണ്ട്. മൂല്യങ്ങള്‍ പഠിപ്പിക്കുന്നവരുടെ പോലും ആര്‍ഭാടജീവിതം കാണുമ്പോള്‍ ഇല്ലാത്തവന്റെ ഉള്ളില്‍ ഉണരുന്ന അപകര്‍ഷതയെ ഏത് വേദവാക്യങ്ങള്‍ കൊണ്ടാണ് അടക്കി നിര്‍ത്തുക.

സ്‌നേഹവും കടപ്പാടും വിശ്വാസ്യതയും ഇഴചേര്‍ന്നു ദൃഢമായി ചേര്‍ന്നു നില്‍ക്കേണ്ട രക്തബന്ധങ്ങള്‍ പോലും സ്വാര്‍ഥതയിലേക്ക് ചുരുങ്ങുമ്പോള്‍, ദാമ്പത്യത്തിലും ചങ്ങാത്തത്തിലും ചതി പടരുമ്പോള്‍ മനുഷ്യര്‍ക്കിടയിലുള്ള വിശ്വാസ്യത തന്നെ ഇല്ലാതാവുന്നതിന്റെ ദുരന്തം കൂടിയാണ് നാം ഈ അനുഭവിക്കുന്നത്.

അപകടത്തില്‍ ചിതറിപ്പോയ പരിചയക്കാരന്റെ മൃതദേഹത്തിന്റെ ഫോട്ടോ പരമാവധി ഷെയര്‍ ചെയ്ത് ആനന്ദം കണ്ടെത്തുന്നവരും ലോകത്തില്‍ എവിടെയൊക്കെയോ നടന്ന അപകട ദൃശ്യങ്ങളുടെ സി.സി.ടി.വി ഫൂട്ടേജുകള്‍ കണ്ട് രസിക്കുന്നവരും ആണ് നമ്മള്‍. വേദനിപ്പിക്കുന്ന ദൃശ്യങ്ങള്‍ കണ്ടു കണ്ടു ഹരം കൊള്ളുന്ന മനഃസാക്ഷി മരവിച്ച ജനതയാവുകയാണ് നാം.

അക്രമാസക്തരായി മാറുന്ന സമൂഹത്തിന്റെ പരിച്ഛേദമാണ് ജനകീയകലയായ നമ്മുടെസിനിമകളുടെ വര്‍ത്തമാനം. ഏറ്റവും വിദഗ്ധമായി എങ്ങനെ കൊല നടത്താമെന്ന് പറയുന്ന ത്രില്ലര്‍ സിനിമകള്‍ക്കാണ് ഇന്ന് മാര്‍ക്കറ്റ്. കാരണമുണ്ടെങ്കിലും ഇല്ലെങ്കിലും തല്ലുണ്ടാക്കുന്ന, പഞ്ഞിക്കിടുന്ന നായകരെ ആണ് ഇവിടെ ആഘോഷിക്കുന്നത്. നമ്മുടെ കഥകളിലും നോവലുകളിലും വയലന്‍സ് ഒട്ടും കുറവല്ല. മനുഷ്യരെ ആനന്ദിപ്പിക്കേണ്ട, വിശ്രാന്തി നല്‍കേണ്ട കലയും സാഹിത്യവും പോലും ഇവ്വിധം ക്രൂരതയില്‍ മുങ്ങിപ്പോയാല്‍ ആ സമൂഹത്തിന്റെ മനോനില ആലോചിച്ചു നോക്കൂ.


ക്രൂരമായി മനുഷ്യ ജീവനെടുക്കുന്ന വാര്‍ത്ത കേട്ട് മരവിച്ചു പോയവര്‍ക്ക് മുന്നില്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ദിവസങ്ങളോളം അതുതന്നെ വിളമ്പിയും ഭക്ഷിച്ചും ജീവിക്കുന്ന വാര്‍ത്താ മാധ്യമങ്ങളാണ് നമുക്ക്.

ജീവന് ഒരു വിലയുമില്ല എന്ന് തോന്നിപ്പിക്കുന്ന ഈ സമൂഹത്തില്‍ തന്നെയാണ് എവിടെയോ ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ നിമിഷങ്ങള്‍ കൊണ്ട് ലക്ഷങ്ങള്‍ പിരിക്കുന്നതും സൗജന്യമായി ഡയാലിസിസ് സെന്ററുകള്‍ സ്ഥാപിക്കുന്നതും ചീറിപ്പായുന്ന ആംബുലന്‍സിനു വഴിയൊരുക്കുന്നതുമെല്ലാം.

എന്നിട്ടും എങ്ങനെയാണ് ഈ സമൂഹത്തില്‍ അക്രമങ്ങള്‍ ഏറുന്നതും യാതൊരു മനഃസാക്ഷിക്കുത്തും ഇല്ലാതെ നിരപരാധികളുടെ ജീവനൊടുക്കാന്‍ കഴിയുന്നതും. പിഴച്ചു പോകുന്നത് എവിടെയാണെന്നും, ഹിംസ്രജന്തുവില്‍ നിന്ന് മനുഷ്യനിലേക്ക് തിരിച്ചുപോവാന്‍ വ്യക്തികളും സമൂഹവും എന്ത് ജാഗ്രതയാണ് കൈക്കൊള്ളേണ്ടതെന്നും ഗൗരവപൂര്‍വം നാം ഇനിയും ചിന്തിച്ചു തുടങ്ങുന്നില്ലെങ്കില്‍ തകര്‍ച്ച ഭീകരമായിരിക്കും. നിയമസംവിധാനങ്ങള്‍ക്കും ശിക്ഷാവിധികള്‍ക്കും അടക്കി നിര്‍ത്താനാവുന്നതില്‍ പരിമിതിയുണ്ട്. ഇതൊക്കെ നടപ്പാക്കേണ്ട മനുഷ്യരും ഈ സമൂഹത്തില്‍ ഉള്ളത് തന്നെയാണല്ലോ.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - നജീബ് മൂടാടി

Writer

Similar News