ഒ.വി വിജയന്റെ സമക്ഷത്തില്‍
കോളിംഗ് ബെല്‍ അമര്‍ത്തും മുന്‍പേ അകത്തുനിന്ന് സ്ത്രൈണത കലര്‍ന്ന ഒരു ശബ്ദം വിളിച്ചുചോദിച്ചു. ആരാണത്? അത് വിജയന്റെ ശബ്ദമായിരുന്നു. | ലൈഫ് സ്‌ക്രാപ്
വാക്കുകളെ കൊണ്ട് വായനക്കാരുടെ ഹൃദയങ്ങളെ അമ്മാനമാടിയ എഴുത്തുകാരനാണ് ഒ.വി വിജയന്‍. ഡിജിറ്റല്‍ ദൃശ്യ സംസ്‌കാരവും അതിന്റെ അലര്‍ച്ചകളും നമ്മെ വിഴുങ്ങുമ്പോള്‍ വാക്കുകള്‍ക്ക് എത്രത്തോളം കാന്തികത ഉണ്ടെന്നും അവര്‍ക്ക് ജനങ്ങളുടെ മേല്‍ എത്ര സ്വാധീനമുണ്ടെന്നും അദ്ദേഹത്തിന്റെ കൃതികളിലൂടെ നാം തിരിച്ചറിയുന്നു
പ്രശസ്തിയും പുരസ്‌കാരങ്ങളും പോലുള്ള അധികാര രൂപങ്ങള്‍ക്ക് പകരം അദ്ദേഹം തന്റെ ഭാവനയിലും ഭാഷാനൈപുണ്യത്തിലും ദാര്‍ശനികതയിലും മാത്രം വിശ്വസിച്ചു. മരിച്ചശേഷം പൊതു ദര്‍ശത്തിനു വെക്കാനാണ് സാഹിത്യ അക്കാദമിയിയുടെ പടി കടന്നെതെന്നും ജീവിച്ചിരുന്ന കാലത്ത് ആ സ്ഥാപനം ഒരിക്കലും അദ്ദേഹം കണ്ടിരുന്നില്ല എന്നും നിര്യാതനായ വേളയില്‍ പത്രങ്ങള്‍ എഴുതി. ഇന്നത്തെ ഭൂരിപക്ഷം എഴുത്തുകാരെയും പോലെ അംഗീകാരങ്ങള്‍ക്കും പദവിക്കും വേണ്ടി വിറളി എടുത്ത് ഓടി നടക്കാതെ അഗാധമായ തന്റെ സര്‍ഗാത്മകതയില്‍ മാത്രം അദ്ദേഹം മുഴുകി. അതിന്റെ കഠിനമായ വേദന ഒരു നിയോഗം പോലെ സ്വീകരിച്ചു.
അറുപതുകളിലെ അസ്തിത്വവാദത്തിന്റെ ഭൂമികയിലാണ് അത് വായിക്കപ്പെട്ടതെങ്കിലും മറ്റു അസ്തിത്വവാദ രചനകള്‍ക്ക് ഇല്ലാത്ത ഊര്‍ജ പ്രസാദവും ദാര്‍ശനിക ഗിരിമയും അതിനുണ്ടായിരുന്നു. ആ സെന്‍സിബിലിറ്റി പിന്നീട് വന്ന എഴുത്തുകാര്‍ക്ക് പുതിയ ആവിഷ്‌കാര രീതികള്‍ കണ്ടെത്താനുള്ള പ്രേരണയായി. അങ്ങനെ മലയാള നോവല്‍ സാഹിത്യം ഖസാക്ക് പൂര്‍വം എന്നും ഖസാക്കനന്തരം എന്നും രണ്ടായി വിഭജിക്കപ്പെട്ടു.
വാസ്തവത്തില്‍ ഒരു എഴുത്തുകാരനും ഒപ്പം ഒരു യോഗിയും അദ്ദേഹത്തില്‍ കുടികൊണ്ടു. ആഴമേറിയ ധ്യാനാത്മകതയിലൂടെ മനുഷ്യജീവിതത്തെ മുന്‍വിധികളില്ലാതെ നഗ്നമായും ശുദ്ധമായും കാണാന്‍ അദ്ദേഹം ശ്രമിച്ചു. ഗാഢമായ സര്‍ഗാത്മകതയുടെ വെളിപാടുകളിലൂടെ, യോഗാത്മകതയുടെ ജ്ഞാന പ്രകാശത്തിലൂടെ വാക്കുകള്‍ ഇതുവരെ കാണാത്ത അസാധാരണ പ്രതിമാനങ്ങള്‍ നേടിയെടുത്തു. മനുഷ്യാവസ്ഥക്ക് അത്ഭുതകരമായ പരിപ്രേക്ഷ്യങ്ങള്‍ ഉണ്ടായിവന്നു. ഏഴു നോവലുകളും നൂറില്‍പരം ചെറുകഥകളും അനേകം രാഷ്ട്രീയ ലേഖനങ്ങളും കാര്‍ട്ടൂണുകളുമാണ് അദ്ദേഹത്തിന്റെതായുള്ളത്. അതിലൂടെ എല്ലാ കാലത്തും നിലനില്‍ക്കുന്ന ഭാവ പ്രപഞ്ചം അദ്ദേഹം ഭാഷയില്‍ നിര്‍മിച്ചു
അറുപത്-എഴുപതുകളില്‍ അത്യാധുനിക സാഹിത്യത്തില്‍ അദ്ദേഹത്തോടൊപ്പം എഴുതിയവരുടെ നോവലുകള്‍ ആ കാലത്തിന്റെ വേലിയേറ്റം ഇറങ്ങിയപ്പോള്‍ നിഷ്പ്രഭമായപ്പോള്‍ അദ്ദേഹത്തിന്റെ ഖസാക്കിന്റെ ഇതിഹാസം പോലുള്ള രചനകള്‍, അന്ന് വായന ശ്രദ്ധ നേടിയ കേന്ദ്ര ഭാഗങ്ങളെ കൈവെടിഞ്ഞ് പലതരം ബഹുസ്വരതകളിലൂടെ ഇന്ന് പ്രസക്തി നേടിയെടുക്കുന്നു. മഹത്തായ കൃതികള്‍ ചരിത്രത്തിലൂടെ അനശ്വരത നേടിയെടുക്കുന്ന ഈ രാസപ്രക്രിയ അദ്ദേഹത്തിന്റെ രചനകളില്‍ സംഭവിക്കുന്നത് നാമിപ്പോള്‍ വിസ്മയത്തോടെ കാണുന്നു.
1969 ല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകൃതമായ ഖസാക്കിന്റെ ഇതിഹാസം അതുവരെയുണ്ടായിരുന്ന സാഹിത്യ സങ്കല്‍പങ്ങളെ മാറ്റിമറിച്ചു. വായനക്കാര്‍ക്ക് അതുവരെ പരിചയമില്ലാത്ത മലയാളമായിരുന്നു അതിന്റെ ഭാഷ. നോവല്‍ ഭാഷയില്‍ അതുവരെ ആരും ഉപയോഗിച്ചിട്ടില്ലാത്ത രൂപങ്ങളും ബിംബങ്ങളും ദൃശ്യമായ ശൈലിയും വായനക്കാരെ അമ്പരപ്പിക്കുകയും പതുക്കെ അവര്‍ നോവലിന്റെ ഭാവുകത്വവുമായി പരിചരിക്കുകയും ചെയ്തു. റിയലിസത്തിന്റെ ഫോട്ടോഗ്രാഫിക് രീതിക്ക് പകരം അഥവാ ജീവിത തരംഗങ്ങളെ നേരെ പകര്‍ത്തി വെക്കുന്ന കഥാരീതിക്ക് പകരം ഭാഷ കൊണ്ട് യാഥാര്‍ത്ഥ്യത്തിന് അനേക തലങ്ങള്‍ നിര്‍മിക്കുന്ന ഒരു പുതുരീതി പ്രത്യക്ഷമായി. പിന്നീട് ആ ഭാഷ പുതുതലമുറയെ വലിയ രീതിയില്‍ സ്വാധീനിച്ചു. പത്രങ്ങളിലെ ഫീച്ചറുകള്‍ പോലും ആ ശൈലിയില്‍ ആയി എന്നതാണ് കാലത്തിന്റെ വൈപരീത്യം.
അറുപതുകളിലെ അസ്തിത്വവാദത്തിന്റെ ഭൂമികയിലാണ് അത് വായിക്കപ്പെട്ടതെങ്കിലും മറ്റു അസ്തിത്വവാദ രചനകള്‍ക്ക് ഇല്ലാത്ത ഊര്‍ജ പ്രസാദവും ദാര്‍ശനിക ഗിരിമയും അതിനുണ്ടായിരുന്നു. ആ സെന്‍സിബിലിറ്റി പിന്നീട് വന്ന എഴുത്തുകാര്‍ക്ക് പുതിയ ആവിഷ്‌കാര രീതികള്‍ കണ്ടെത്താനുള്ള പ്രേരണയായി. അങ്ങനെ മലയാള നോവല്‍ സാഹിത്യം ഖസാക്ക് പൂര്‍വം എന്നും ഖസാക്കനന്തരം എന്നും രണ്ടായി വിഭജിക്കപ്പെട്ടു. 12 വര്‍ഷങ്ങള്‍ എടുത്താണ് ആ നോവല്‍ എഴുതിയത് എന്ന സത്യം ഒരു രചനക്ക് വേണ്ട തപസ്സിനെ സാക്ഷ്യപ്പെടുത്തുന്നു.
ഞാന്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് സീതിസാഹിബ് ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആയിരിക്കുമ്പോഴാണ് ആ നോവല്‍ കാണുന്നത്. അന്നെനിക്ക് വളരെ മുതിര്‍ന്നവരുമായി ചങ്ങാത്തം ഉണ്ടായിരുന്നു. സ്‌കൂള്‍ വിട്ടശേഷം സ്‌കൂളിന് അരികില്‍ കലുങ്കില്‍ ഇരിക്കുമ്പോള്‍ ഒരു മുതിര്‍ന്ന സുഹൃത്ത് ഒരു പുസ്തകവുമായി ഓടി വന്നു. അയാളുടെ കയ്യില്‍ ഗ്രാമീണ ലൈബ്രറിയില്‍ നിന്ന് എടുത്ത ഖസാക്കിന്റെ ഇതിഹാസം ആയിരുന്നു. അയാള്‍ നോവലിന്റെ അവസാന ഖണ്ഡിക അയാളുടെ സുഹൃത്തുക്കള്‍ക്കിടയില്‍ വെച്ച് വായിച്ചു. ആ വരികള്‍ കേട്ടപ്പോള്‍ ആ പ്രായത്തില്‍ അമൂര്‍ത്തവും അപരിചിതവുമായ വിഭ്രമം ഉണ്ടാക്കുന്ന ഒരു പുതിയതരം ആനന്ദാനുഭൂതി എനിക്കുണ്ടായി.
ആ വരികള്‍ ഇങ്ങനെ ആയിരുന്നു
'നീല നിറത്തിലുള്ള മുഖമുയര്‍ത്തി അവന്‍ മേലോട്ട് നോക്കി. ഇണര്‍പ്പ് പൊട്ടിയ കറുത്ത നാക്ക് വെട്ടിച്ചു. പാമ്പിന്റെ പത്തി വിടരുന്നതും രവി കൗതുകത്തോടെ നോക്കി. വാത്സല്യത്തോടെ കാലില്‍ പല്ലുകള്‍ അമര്‍ന്നു. കാല്‍പാദത്തില്‍ വീണ്ടും വീണ്ടും അവ പതിഞ്ഞു. രവിയെ വാത്സല്യത്തോടെ നോക്കിയിട്ട് അവന്‍ മണ്‍കട്ടകളിലേക്ക് നുഴഞ്ഞു പോയി. മഴ പെയ്യുന്നു. മഴ മാത്രമേ ഉള്ളു. ആരോഹാണമില്ലാതെ അവരോഹണമില്ലാതെ കാലാവര്‍ഷത്തിന്റെ വെളുത്ത മഴ..........'
പിന്നീട് ആ പ്രായത്തില്‍ ആ നോവല്‍ വായിക്കാന്‍ ശ്രമിച്ചെങ്കിലും അത് ഒട്ടും തന്നെ എന്നോട് സംവദിച്ചില്ല. പിന്നീട് പ്രീഡിഗ്രി ആദ്യവര്‍ഷത്തില്‍ അത് വായിച്ചപ്പോള്‍ അത് എന്റെ അസ്ഥികളെ കിരികിരിപ്പിക്കുകയും എന്നെ കടപുഴക്കി എറിയുകയും ചെയ്തു. എന്റെ ചിന്താ ലോകത്തില്‍ കൊടുങ്കാറ്റുകളും പ്രളയങ്ങളും ഉണ്ടായി. പ്രകൃതിയെ ദാര്‍ശനികമായി നോക്കിക്കാണുന്ന ഭാഗങ്ങള്‍, പ്രകൃതി നല്‍കുന്ന മിസ്റ്റിക്ക് അനുഭവങ്ങള്‍ ഒക്കെ വല്ലാത്ത തരം അനുഭവ പടര്‍ച്ചകളിലേക്ക് നയിച്ചു. അതിനൊപ്പം ജീവിതത്തിന്റെ പരമാര്‍ഥത അന്വേഷിച്ചുകൊണ്ടുള്ള നായകന്റെ സന്ദേഹപരമായ അന്വേഷണങ്ങളും അത്യന്താധുനിക നോവലുകളിലെ കഥാപാത്രങ്ങള്‍ക്കുണ്ടായിരുന്ന അലച്ചിലുകള്‍ അശാന്തികള്‍ ഒക്കെ മനസ്സിനെ ഉലച്ചു. എന്റെ സര്‍ഗാത്മകതയെ ഉത്തേജിപ്പിക്കുന്നതില്‍ വിജയന്റെ രചനകള്‍ ഒരു പ്രധാന പങ്കുവഹിച്ചു. ഭാഷയെ സൂക്ഷ്മമായി ഉപയോഗിക്കേണ്ടതിന്റെ കമ്മിറ്റ്മെന്റും പദധ്യാനത്തിന്റെ ആവശ്യകതയും അദ്ദേഹത്തിന്റെ കൃതികളില്‍ നിന്നാണ് എനിക്ക് മനസ്സിലായത്. അദ്ദേഹത്തെ നേരിട്ട് കാണാനും സംസാരിക്കാനും കഴിഞ്ഞത് നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം ആയിരുന്നു.
തൊണ്ണൂറുകളുടെ അവസാനം എന്റെ ആദ്യസമാഹാരം പെന്‍ ബുക്സ് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ വലിയൊരു പരസ്യ പദ്ധതി പ്ലാന്‍ ചെയ്തിരുന്നു. എം.എന്‍ വിജയന്‍ മുന്‍കുറിയും കല്‍പ്പറ്റ നാരായണന്‍ അവതാരികയും എഴുതിയ ആ കവിതാസമാഹാരം പ്രധാന്യത്തോടെ പുറത്തിറക്കാന്‍ പെന്‍ബുക്്സിന്റെ ഉടമ പോളി അയ്യമ്പള്ളി തീരുമാനിച്ചു. ഒരു ടെലിവിഷന്‍ പ്രോഗ്രാമില്‍ ഞാന്‍ കവിത ചൊല്ലുന്നത് കണ്ടാണ് പുസ്തകം ഇറക്കാന്‍ താല്‍പര്യമുണ്ട് എന്ന് പറഞ്ഞ് അദ്ദേഹം എന്നെ ക്ഷണിച്ചത്. അതിനാല്‍ മലയാളത്തിലെ പ്രമുഖരായ സാഹിത്യകാരന്മാരെ കൊണ്ടത് വായിപ്പിച്ച് ചെറിയ കുറിപ്പുകള്‍ കൊണ്ടുവരാന്‍ അദ്ദേഹം പറഞ്ഞു. അത് പത്രത്തില്‍ പരസ്യമായി കൊടുക്കാമെന്നും സൂചിപ്പിച്ചു.
ആ നാളില്‍ ഒ.വി വിജയന്‍ കോട്ടയം സിറ്റിയുടെ പ്രാന്തപ്രദേശത്ത് സഹോദരി ഒ.വി ഉഷയുടെ വീട്ടിലായിരുന്നു. ഒ.വി ഉഷ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പി.ആര്‍.ഒ ആയി ജോലി ചെയ്യുകയായിരുന്നു. വിജയന്‍ സെക്കന്തരാബാദില്‍ നിന്നും പോന്നു അവിടെയുണ്ട് എന്ന് പറഞ്ഞത് അന്ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായിരുന്ന ആത്മമിത്രം കൊടുങ്ങല്ലൂര്‍കാരന്‍ ഇല്യാസ് ഹുസൈന്‍ ആയിരുന്നു. എന്റെയും ഇല്യാസ് ഹുസൈന്റെയും സുഹൃത്തായിരുന്ന പ്രേമചന്ദ്രന്‍ കുറേക്കാലം കോട്ടയത്ത് മെഡിക്കല്‍ റപ്രെസെന്റേറ്റീവായി ജോലി ചെയ്തിരുന്നു. ഇല്യാസിന്റെ എളാപ്പയുടെ ട്രാവല്‍സിലായിരുന്നു ഹേമചന്ദ്രന്‍ അന്ന് ജോലിചെയ്തിരുന്നത്. ഹേമചന്ദ്രന് കോട്ടയം ഹൃദിസ്ഥമായിരുന്നു. അന്ന് യാത്രക്ക് എന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ല. ഹേമചന്ദ്രന്‍ കോട്ടയത്തുള്ളപ്പോഴും പല ആവശ്യങ്ങള്‍ക്കായി പോകാറുണ്ടെന്നും ഇനി പോകുമ്പോള്‍ എന്നെയും കൂട്ടാമെന്ന് പറഞ്ഞു.
അങ്ങനെ ഒരു സന്ദര്‍ഭം വന്നപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും കോട്ടയത്തേക്ക് യാത്രയായി. എന്റെ കയ്യില്‍ പെന്‍ ബുക്സ് പുറത്തിറക്കാന്‍ പോകുന്ന വൈകുന്നേരം ഭൂമി പറഞ്ഞത് എന്ന പുസ്തകത്തിന്റെ ഡി.ടി.പി പ്രിന്റ് ഉണ്ടായിരുന്നു. ഹേമചന്ദ്രന് കോട്ടയം സിറ്റിയില്‍ ചെയ്യാനുള്ള കാര്യങ്ങള്‍ നിര്‍വഹിച്ച ശേഷം ഞങ്ങള്‍ വിജയനെ കാണാന്‍ ഉഷയുടെ വീട്ടിലേക്ക് പോയി. കുത്തനെയുള്ള ഒരു വലിയ ചെരിവ് ഇറങ്ങിയശേഷം ഒരു പോക്കറ്റ് റോഡരികിലായിരുന്നു ഉഷയുടെ വീട്. ഞങ്ങള്‍ ആ വീടിന്റെ മുന്നില്‍ എത്തി. കോളിംഗ് ബെല്‍ അമര്‍ത്തും മുന്‍പേ അകത്തുനിന്ന് സ്ത്രൈണത കലര്‍ന്ന ഒരു ശബ്ദം വിളിച്ചുചോദിച്ചു. ആരാണത്?
അത് വിജയന്റെ ശബ്ദമായിരുന്നു. അന്തരീക്ഷത്തിലെ ചെറിയ ചലനങ്ങള്‍ പോലും പിടിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. ഉടനെ അദ്ദേഹത്തിന്റെ ഭാര്യ തെരേസേ വന്ന് വാതില്‍ തുറന്നു. അദ്ദേഹം കിടക്കുന്ന മുറിയിലേക്ക് ഞങ്ങളെ ആനയിച്ചു. അകത്തെ മുറിയില്‍ ഒരു കട്ടിലില്‍ നേരിയ വെള്ള വസ്ത്രം ധരിച്ച് ശോഷിച്ച എല്ലരിച്ച ഒരു ശരീരമായി ആ കാലത്തെ ഏറ്റവും വലിയ പ്രതിഭാശാലി കിടക്കുന്നു.
പാര്‍ക്കിസണ്‍ രോഗം അദ്ദേഹത്തെ വല്ലാതെ ബാധിച്ചിരുന്നു. എഴുന്നേറ്റിരിക്കാന്‍ പോലും പരസഹായം വേണം. നടക്കാന്‍ പറ്റുന്ന കാര്യം ചിന്തിക്കാന്‍ ആവുന്നില്ല. നീണ്ട നാളത്തെ കിടപ്പ് അദ്ദേഹത്തിന്റെ ശരീരത്തില്‍ കിടക്ക വ്രണം ഉണ്ടാക്കിയിരുന്നു. ആ അവസ്ഥ ഞങ്ങളെ ഞെട്ടിപ്പിക്കുകയും വേദനയിലാഴ്ത്തുകയും ചെയ്തു. ഞങ്ങള്‍ വന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹത്തിന്റെ കൃതികള്‍ എന്നെ സ്വാധീനിച്ചതും എന്റെ ചിന്തകള്‍ രൂപീകരിക്കാന്‍ സഹായിച്ചതും പറഞ്ഞു. അവിടെ വിജയനെ ശുശ്രൂഷിക്കുന്ന ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. എം.ജി യൂണിവേഴ്സിറ്റിയില്‍ ഗവേഷണം ചെയ്യുന്ന ആ പെണ്‍കുട്ടി ഇടക്ക് വന്ന് വിജയന്റെ കാര്യങ്ങള്‍ നോക്കി പോകും. ഒ.വി ഉഷയുടെ സുഹൃത്താണ് ആ കുട്ടി. ആ കുട്ടിയോട് വിജയന്‍ ഇംഗ്ലീഷില്‍ എന്തോ പറഞ്ഞു. അവര്‍ ഞങ്ങള്‍ക്ക് അത് വിവര്‍ത്തനം ചെയ്തു. എനിക്ക് ഇത്തരം കാര്യങ്ങള്‍ വലിയ താല്‍പര്യമാണ്. പക്ഷെ, ആരോഗ്യം സമ്മതിക്കുന്നില്ല. അതിനാല്‍ ഞാന്‍ ഈ പുസ്തകത്തിന് എല്ലാ ആശംസകളും നേരുന്നു.
ആ പുസ്തകം അദ്ദേഹത്തിന്റെ കയ്യിലേക്ക് കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം മുകളിലേക്ക് വിരല്‍ ഉയര്‍ത്തി പറഞ്ഞു. എനിക്കല്ല അത് ദൈവത്തിനു സമര്‍പ്പിക്കുക, ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി പോരുമ്പോള്‍ സ്വതസിദ്ധമായ ഫലിതത്താല്‍ അദ്ദേഹം അറബിയില്‍ മൊഴിഞ്ഞു. 'കൈഫ അന്‍താ...'
അവിടെ നിന്നിറങ്ങി നടക്കുമ്പോള്‍ കുറിപ്പ് കിട്ടാത്ത വിഷമം എന്നെ തൊട്ടു തീണ്ടിയിട്ടില്ല. പകരം അദ്ദേഹത്തെ കാണാനും സംസാരിക്കാനും കഴിഞ്ഞ സന്തോഷമായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെ സന്ധിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു.
പി.എ നാസിമുദ്ദീന്‍