ഇന്ത്യ ഒരു വലിയ തീവണ്ടിയാണ്; ദേശത്തെയും എഴുത്തിനെയും കുറിച്ച് ഷിനിലാല്‍
കാലാതിവര്‍ത്തിയായ കൃതി എഴുത്തുകാരന് വേണ്ടി സംസാരിക്കും.
ജനാധിപത്യം ജനങ്ങളെ എങ്ങനെ ചേര്‍ത്ത് പിടിക്കുന്നുവെന്നതിന്റെ തെളിവാണ് നിയമസഭാ പുസ്തകോത്സവമെന്ന് എഴുത്തുകാരനായ ഷിനിലാല്‍ വി. പറഞ്ഞു. 'ദേശത്തില്‍ നിന്നും രാഷ്ട്രത്തിലേക്കുള്ള നോട്ടങ്ങള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ എഴുത്ത് ജീവിതത്തില്‍ കണ്ടുമുട്ടിയ മനുഷ്യരെക്കുറിച്ചും താന്‍ അറിഞ്ഞ ദേശങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
രാഷ്ട്രം ഒരു മനുഷ്യനുമേല്‍ ഇടപെടുന്നത് ഇന്നും ഇങ്ങനെയൊക്കെയാണെന്ന് അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ സാഹചര്യം സമകാലീന സംഭവങ്ങളോട് താരതമ്യപ്പെടുത്തി അദ്ദേഹം വിശദീകരിച്ചു. ഒന്നര നൂറ്റാണ്ട് മുന്‍പ് ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച അതേ നിയമങ്ങള്‍ രാജ്യദ്രോഹമെന്ന പേരില്‍ ഇന്നും നമ്മളോരോരുത്തരെയും പിന്തുടരുകയാണെന്ന് കഥാകാരന്‍ സൂചിപ്പിച്ചു. ആനന്ദ് എഴുതിയ 'മരുഭൂമികള്‍ ഉണ്ടാകുന്നത്' എന്ന പുസ്തകത്തിലെ കുന്ദന്‍ എന്ന കഥാപാത്രം പറയുന്ന ഒരു വാചകം അദ്ദേഹം സദസ്സുമായി പങ്കുവച്ചു - 'ഗവണ്‍മെന്റിന്റെ ഒരു വകുപ്പാണ് സംസ്‌കാരം'. അതില്‍ കാലത്തെയും ദേശത്തെയും അടയാളപ്പെടുത്തുന്ന ശക്തമായ രാഷ്ട്രീയ നിരീക്ഷണമുണ്ട്.
വായനയെക്കാള്‍ തന്നെ കൂടുതല്‍ സ്വാധീനിച്ചതും ഒരു നാഗരികനാക്കിയതും യാത്രകളാണെന്ന് ഷിനിലാല്‍ വ്യക്തമാക്കി. കുറവുകളും കൂടുതലുകളും ശക്തി ദൗര്‍ബല്യങ്ങളുമുള്ള സമ്പൂര്‍ണ്ണ മനുഷ്യന് തുല്യമാണ് നോവലുകളെന്ന് അദ്ദേഹം പറഞ്ഞു. മതത്തിലും ജാതിയിലുമൊക്കെ എന്നപോലെ തന്റെ ദേശത്തിന്റെ മഹത്വവും അവകാശപ്പെട്ട് തുടങ്ങുമ്പോള്‍ മനുഷ്യന്‍ ക്രൂരനായി മാറുന്നു. ഇന്ത്യയെ ഒരു വലിയ തീവണ്ടിയായി കണ്ടാണ് താന്‍ സമ്പര്‍ക്കക്രാന്തി എന്ന പുസ്തകം എഴുതിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
കാലത്തിനപ്പുറത്തേക്ക് തുടര്‍ന്ന് പോകാനും മരണത്തിനെ അതിജീവിക്കാനുമുള്ള മനുഷ്യന്റെ ശ്രമമാണ് എഴുത്തെന്ന് അദ്ദേഹം പറഞ്ഞു. കാലാതിവര്‍ത്തിയായ കൃതി എഴുത്തുകാരന് വേണ്ടി സംസാരിക്കും.
എഴുത്തുകാരനെ ലോകം അടയാളപ്പെടുത്തുന്നത് അയാളുടെ കൃതികളിലൂടെയാണ്. മൗലികത ഒരു നിമിഷത്തില്‍ ഒരാള്‍ ഉണ്ടാക്കിയെടുക്കുന്നതല്ല; അതൊരു തുടര്‍ച്ചയാണ്. മുന്‍കാലങ്ങളിലെ എഴുത്തുകാര്‍ എഴുതിയതിന്റെ തുടര്‍ച്ചയാണ് പുതിയ കാലത്തെ എഴുത്തുകള്‍. ആദ്യമധ്യാന്ത പൊരുത്തം തന്റെ രചനകളില്‍ കാണാന്‍ കഴിയില്ല. വായനക്കാരുടെ പങ്കാളിത്തവും പുസ്തകത്തില്‍ ഉണ്ടാകണമെന്ന ചിന്തയില്‍ നിന്നാണ് അത്തരം എഴുത്തുകള്‍ ഉണ്ടായതെന്നും ഷിനിലാല്‍ പറഞ്ഞു. ഒരേ ദിവസം ഒരേ കഥയ്ക്ക് തല്ലും തലോടലും കിട്ടിയ അനുഭവവും കഥാകാരന്‍ സദസുമായി പങ്കുവച്ചു.