മുഖപുസ്തക വര്‍ത്തമാനങ്ങള്‍

നാവില്ലാത്തവന്റെ നാവാണ് സോഷ്യല്‍ മീഡിയ. അതില്‍ ഏറ്റവും ജനകീയമായ മാധ്യമം ഫേസ്ബുക്ക് തന്നെയാണ്. വികൃതമനസ്‌കരുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ കാരണം അത് നശിക്കാതിരിക്കട്ടെ. ഏതൊരു നല്ല സംവിധാനവും മോശമാക്കി നശിപ്പിക്കുന്നതില്‍ നാം മലയാളികളും ഒട്ടും പിന്നിലല്ലല്ലോ. | നുരുമ്പിരായിരം - 03

Update: 2022-09-29 08:34 GMT

മനുഷ്യചരിത്രത്തെ സോഷ്യല്‍ മീഡിയക്ക് മുമ്പും ശേഷവും എന്ന് പറയാവുന്ന വിധത്തില്‍ വിപ്ലവകരമായ വലിയ മാറ്റങ്ങളും നേട്ടങ്ങളും മുന്നേറ്റങ്ങളും ഇതിലൂടെ സാധ്യമായിട്ടുണ്ട് എന്നത് വലിയൊരു യാഥാര്‍ഥ്യമാണ്. ഒന്നൊന്നര പതിറ്റാണ്ടിനുള്ളില്‍ ലോകമെങ്ങുമുള്ള മനുഷ്യര്‍ക്കിടയില്‍ സോഷ്യല്‍മീഡിയ എത്രത്തോളം അത്യാവശ്യമായ ഒന്നാണ് എന്നത് ഓരോ മനുഷ്യര്‍ക്കും സ്വന്തം ജീവിതം കൊണ്ടു തന്നെ പറയാന്‍ സാധിക്കുന്ന വിധമാണല്ലോ കാര്യങ്ങള്‍.

ഓര്‍ക്കൂട്ടില്‍ നിന്നും ഫേസ്ബുക്കിലേക്കും, അതുപിന്നെ ട്വിറ്ററുംവാട്‌സാപ്പും ഇന്‍സ്റ്റാഗ്രാമും ടെലിഗ്രാമും സ്‌നാപ്പ് ചാറ്റും ഇതിനൊക്കെ പുറമേ ഒരുപാട് ആപ്പുകളുമായി നമ്മുടെ നിത്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറാന്‍ സോഷ്യല്‍മീഡിയക്ക് എത്ര പെട്ടെന്നാണ് സാധിച്ചത്.


ലാന്‍ഡ്‌ഫോണ്‍ തന്നെ ഒരു അതിശയ വസ്തു ആയിരുന്ന കാലമാണ് എന്റെയൊക്കെ ചെറുപ്പം. എത്ര സമ്പന്നനാണെങ്കിലും എത്രയോ വര്‍ഷങ്ങള്‍ കാത്തിരുന്ന് മാത്രം ടെലഫോണ്‍ കണക്ഷന്‍ കിട്ടിയിരുന്ന കാലം. അതില്‍ നിന്ന് മൊബൈല്‍ ഫോണിലേക്ക് എത്തിയതോടെ ഇത് തന്നെ വലിയ അനുഗ്രഹം എന്ന് വിശ്വസിച്ച, ഇതിനപ്പുറം എന്ത് എന്ന് ചിന്തിച്ചവരാണ് ഞാനൊക്കെ. വിളിയും പറച്ചിലും എസ്.എം.എസും പിന്നെ പാമ്പ് ആപ്പിള് വിഴുങ്ങുന്ന ഗെയിമും മാത്രമായിരുന്ന മൊബൈല്‍ ഫോണില്‍ നിന്നും ഫോട്ടോ എടുക്കാനും പാട്ട് കേള്‍ക്കാനും വായിക്കാനും എഴുതാനും സിനിമ കാണാനും പിന്നെയും നൂറായിരം കാര്യങ്ങള്‍ ചെയ്യാനും പറ്റുന്ന മൊബൈലിലേക്ക് നമ്മള്‍ മാറി. ടോര്‍ച്ചും ടൈംപീസും മാത്രമല്ല, നിത്യജീവിതത്തില്‍ ആവശ്യമായ പലതിനും പകരം ഈ ഒരൊറ്റ സംഗതി ഉണ്ടായാല്‍ മതിയെന്നായി.

സംഗതി അവിടം കൊണ്ട് നിന്നില്ല. കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കുന്നവര്‍ക്ക് മാത്രം സാധ്യമായിരുന്ന ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍മീഡിയ ഇടപാടുകള്‍ മൊബൈലിലേക്കും വന്നതോടെ ഇന്നുവരെ പരസ്പരം കാണാത്ത ചങ്ങായിമാരുണ്ടായി ലോകം മുഴുവന്‍. ഒരു പത്രാധിപരുടെയും ഔദാര്യം കാത്തുനില്‍ക്കാതെ ഒരു എഡിറ്ററുടെയും ഇടപെടലില്ലാതെ ഒരു ഗോഡ് ഫാദറുടെയും പിന്തുണയില്ലാതെ അവനവന്റെ ഉള്ളിലെ ചിന്തകളും ആശയങ്ങളും സര്‍ഗ്ഗപരമായ കഴിവുകളും പ്രകാശിപ്പിക്കാനും പ്രകടിപ്പിക്കാനുമുള്ള ഇടം. സമാന ചിന്താഗതിക്കാര്‍ക്കും അനുവാചകര്‍ക്കും ഒന്നിച്ചു ചേരാനും സൗഹൃദം സ്ഥാപിക്കാനും എത്രയോ എളുപ്പമായ ഒരിടം.


സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ജനകീയമായ രണ്ട് സംഗതികള്‍ ഫേസ്ബുക്കും വാട്‌സാപ്പും ആയിരിക്കും. ഏതൊരു സാധാരണക്കാരനും ഏറ്റവും എളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന ഏറെ ഉപകാരപ്രദമായ രണ്ട് ആപ്പുകള്‍. ഇതില്‍ ഏറ്റവും സോഷ്യല്‍ ആയി മാറിയ മീഡിയ ഫേസ്ബുക്കാവും. കഴിഞ്ഞ പതിനൊന്നു വര്‍ഷത്തിലേറെയായി ഫേസ്ബുക്ക് ഉപയോഗിക്കുന്ന, ഇതിലൂടെ സജീവമായി ഇടപെടുന്ന ഒരാളെന്ന നിലയില്‍ ഈ ഒരു മാധ്യമത്തെ നമ്മുടെ സമൂഹം ഏതു രീതിയില്‍ ആണ് ഉപയോഗപ്പെടുത്തുന്നത്/ കൈകാര്യം ചെയ്യുന്നത്/ ഇടപെടുന്നത് എന്നതിനെ കുറിച്ചുള്ള ചില നിരീക്ഷണങ്ങളാണ് ഈ നുരുമ്പിരിയായിരം

2004 ല്‍ ആണ് ഫേസ്ബുക്ക് ആരംഭിച്ചതെങ്കിലും നാം മലയാളികള്‍ക്കിടയില്‍ അത് വ്യാപകമായി വരാന്‍ മൂന്നാലു വര്‍ഷങ്ങള്‍ എങ്കിലും വേണ്ടി വന്നിട്ടുണ്ട്. അതുതന്നെ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉള്ളകമ്പ്യൂട്ടറിന് മുന്നില്‍ ജോലി ചെയ്യുന്നവരില്‍ മാത്രം ഒതുങ്ങിയ ഒന്നായിരുന്നു. നാട്ടിലേക്കാള്‍ ഏറെ പ്രവാസികളാണ് ആദ്യകാലങ്ങളിലെ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ ഏറെയും. പഴയ ഓര്‍ക്കുട്ട് കാലത്തെ സൗഹൃദങ്ങളും കൂട്ടായ്മകളും തന്നെയാണ് ആദ്യകാല ഫേസ്ബുക്ക് സൗഹൃദങ്ങളും. സാമൂഹ്യം, രാഷ്ട്രീയം, സാഹിത്യം, മതം, യുക്തിവാദം, ശാസ്ത്രം തുടങ്ങി ഏതു വിഷയങ്ങളിലും കാമ്പുള്ള ചര്‍ച്ചകള്‍ നടന്ന കാലഘട്ടം കൂടിയാണ് കമ്പ്യൂട്ടറില്‍ മാത്രമൊതുങ്ങിയ ഫേസ്ബുക്ക് കാലം.


എന്നാല്‍, മൊബൈല്‍ ഫോണില്‍ ഈ സംവിധാനം വന്നതോടെ ഫേസ്ബുക്ക് ഏറ്റവും സാധാരണക്കാര്‍ക്ക് കൂടി പ്രാപ്യമായ ഒന്നായി എന്ന് മാത്രമല്ല, ലോകത്തിന്റെ ഏതൊക്കെയോ കോണുകളില്‍ ഉണ്ടായിരുന്ന മനുഷ്യര്‍ക്ക് വളരെ എളുപ്പത്തില്‍ അടുക്കാനും സൗഹൃദം സ്ഥാപിക്കാനും കൂട്ടായ്മകളുടെ ഭാഗമായി മാറാനും ഇതിലൂടെ സാധിച്ചു. കൂടെ കളിച്ചു നടന്നവരെയും കൂടെ പഠിച്ചവരെയുമൊക്കെ കാലങ്ങള്‍ക്ക് ശേഷം കണ്ടെത്താനും അടുപ്പമുണ്ടാക്കാനും നേരില്‍ കാണാതെയോ സംസാരിക്കാതെയോ തന്നെ പുതിയ സൗഹൃദങ്ങളും അടുപ്പങ്ങളും ഉണ്ടാക്കുവാനും ഫേസ്ബുക്കിലൂടെ കഴിഞ്ഞു. ചായക്കടയിലോ ആല്‍ത്തറയിലോ വായനശാലയിലോ ഇരുന്ന് സൊറ പറയുന്ന പോലെ, ചര്‍ച്ച നടത്തുന്നത് പോലെയുള്ള ഫീല്‍. നാടിന്റെ പേരില്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍, മതസംഘടനകളുടെ പേരില്‍, കഥയുടെ, കവിതയുടെ വരയുടെ പാട്ടിന്റെ കൃഷിയുടെ ഒക്കെ പേരില്‍ ഉള്ള കൂട്ടായ്മകള്‍. സമാന മനസ്‌കരുടെ കൂടിച്ചേരലുകള്‍. രക്തദാനം, രോഗികള്‍ക്കുള്ള സഹായം പഠന സഹായം.... അങ്ങനെയുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍. പരസ്പര സ്‌നേഹത്തിലും വിശ്വാസത്തിലുമുള്ള ആത്മാര്‍ത്ഥത നിറഞ്ഞ കൂട്ടായ്മകള്‍. ആശയങ്ങളില്‍ ഭിന്നത പുലര്‍ത്തുമ്പോഴും പരസ്പര ബഹുമാനത്തോടെ ഉള്ള സംവാദങ്ങള്‍. വ്യക്തിപരമായ അടുപ്പങ്ങള്‍.

പൊതു ഇടങ്ങളില്‍ ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന എല്ലാ മോശം ഇടപെടലുകളും ഫേസ്ബുക്കിലും ഉണ്ടായിരുന്നത് കൊണ്ട് തന്നെ, ആദ്യകാലങ്ങളില്‍ സ്വന്തം ഫോട്ടോ വെക്കാന്‍ പോലും മടിച്ചവരാണ് ബഹുഭൂരിപക്ഷം സ്ത്രീകളും. പൂവോ പൂമ്പാറ്റയോ കുഞ്ഞുങ്ങളോ അതല്ലെങ്കില്‍ ഭര്‍ത്താവിനോടൊപ്പം നില്‍ക്കുന്ന ചിത്രമോ മാത്രം പ്രൊഫൈല്‍ ഫോട്ടോ ആയി വെച്ചിരുന്ന കാലത്തു നിന്നും. സധൈര്യം സ്വന്തം ഫോട്ടോ വെക്കാന്‍ ആത്മവിശ്വാസവും ധൈര്യവും സ്ത്രീകള്‍ നേടി എന്നത് ശ്രദ്ധേയമാണ്.

അന്നും രൂക്ഷമായ സംവാദങ്ങള്‍ നടന്നത് ദൈവവിശ്വസികളും യുക്തിവാദികളും തമ്മില്‍ ചില ഗ്രൂപ്പുകളില്‍ ആയിരുന്നു. മുഖം നോക്കാതെ (കാണാതെ)അഭിപ്രായം പറയാന്‍ വേണ്ടി ആവണം ഫേക്ക് ഐ.ഡികളുടെ തള്ളിക്കയറ്റവും ഏറെ ഈ ഗ്രൂപ്പുകളില്‍ തന്നെ ആയിരിക്കും. എന്നാല്‍, ഈ ഗ്രൂപ്പുകള്‍ക്കും ചര്‍ച്ചകള്‍ക്കും അപ്പുറം ഫേസ്ബുക്ക് എന്ന മാധ്യമം, ഇന്ന് വരെ അവനവനെ പ്രകാശിപ്പിക്കാന്‍ ഇടം കിട്ടാഞ്ഞ ഒരുപാട് മനുഷ്യര്‍ക്ക് അപ്രതീക്ഷിതമായ വേദി ഒരുക്കുക കൂടി ആയിരുന്നു. എഴുതാന്‍ ആഗ്രഹമുണ്ടെങ്കിലും കൈ പിടിച്ചുയര്‍ത്താന്‍ ആളില്ലാത്ത, ഏതെങ്കിലും പ്രസിദ്ധീകരണങ്ങളില്‍ അയച്ചു കൊടുക്കാന്‍ മടിയുള്ള, അയച്ചതൊക്കെ തിരിച്ചു വന്ന മടുപ്പില്‍ എഴുത്തു തന്നെ നിര്‍ത്തിയ എത്രയോ മനുഷ്യര്‍. കഥയോ കവിതയോ അനുഭവക്കുറിപ്പോ ലേഖനമോ ആയി, അതും നമ്മുടെ പ്രസിദ്ധീകരണങ്ങളില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും വ്യത്യസ്തമായ വിഷയങ്ങളില്‍ ശൈലിയില്‍ വായനക്കാരെ കണ്ടെത്തി. അതുപോലെ ആരും അറിയാതെ പോയ ചിത്രകാരന്മാര്‍ പാട്ടുകാര്‍.....


സ്വന്തം വീട്ടുകാര്‍ക്ക് പോലും അറിയാതിരുന്ന എത്രയെത്ര പ്രതിഭകള്‍ക്കാണ് ഫേസ്ബുക്ക് ഒരു വഴിത്തിരിവായത്. സാദാ കൂലിപ്പണിക്കാര്‍, പ്രവാസികള്‍, വീട്ടമ്മമാര്‍.... ഇങ്ങനെ ഒരു മാധ്യമം ഇല്ലായിരുന്നുവെങ്കില്‍ ഒരു വിധത്തിലും ലോകം അറിയാതെ പോകുമായിരുന്ന എത്ര മനുഷ്യരാണ്..

സ്ത്രീകള്‍ക്ക്-പ്രത്യേകിച്ചും വീട്ടമ്മമാര്‍ക്ക്-ആയിരിക്കണം ഫേസ്ബുക്ക് വലിയൊരു അനുഗ്രഹമായത്. പഠന കാലത്തൊക്കെ അത്യാവശ്യം വായനയും എഴുത്തും ഉണ്ടായിരുന്ന, വിവാഹത്തോടെ അതൊക്കെ മറന്നേപോയ എത്രയോ സ്ത്രീകള്‍ക്ക് വായിക്കാനും എഴുതാനും ചര്‍ച്ചകളില്‍ പങ്കെടുക്കാനും അഭിപ്രായങ്ങള്‍ പറയാനും ഫേസ്ബുക്ക് ഉണ്ടാക്കിയ തുറവ് ചെറുതല്ല. സാഹിത്യചര്‍ച്ചകളുടെയും സാംസ്‌കാരിക സമ്മേളനങ്ങളുടെയും രാഷ്ട്രീയ മീറ്റിങ്ങുകളുടെയും വാര്‍ത്തകള്‍ പത്രങ്ങളില്‍ വായിക്കുകയല്ലാതെ ആഗ്രഹം ഉണ്ടെങ്കിലും അവിടെയൊന്നും എത്തിപ്പെടാനോ ചര്‍ച്ചകളില്‍ പങ്കെടുക്കാനോ സാധിക്കാത്തവരായിരുന്നല്ലോ ബഹുഭൂരിപക്ഷം വീട്ടമ്മമാരും. വീട്ടില്‍ ഇരുന്നുകൊണ്ട് ഇത്തരം ചര്‍ച്ചകളില്‍ ഇടപെടാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും കഴിയുക എന്നത് അവിശ്വസനീയമായ ഒന്നുതന്നെ ആയിരുന്നു.

പൊതു ഇടങ്ങളില്‍ ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന എല്ലാ മോശം ഇടപെടലുകളും ഫേസ്ബുക്കിലും ഉണ്ടായിരുന്നത് കൊണ്ട് തന്നെ, ആദ്യകാലങ്ങളില്‍ സ്വന്തം ഫോട്ടോ വെക്കാന്‍ പോലും മടിച്ചവരാണ് ബഹുഭൂരിപക്ഷം സ്ത്രീകളും. പൂവോ പൂമ്പാറ്റയോ കുഞ്ഞുങ്ങളോ അതല്ലെങ്കില്‍ ഭര്‍ത്താവിനോടൊപ്പം നില്‍ക്കുന്ന ചിത്രമോ മാത്രം പ്രൊഫൈല്‍ ഫോട്ടോ ആയി വെച്ചിരുന്ന കാലത്തു നിന്നും. സധൈര്യം സ്വന്തം ഫോട്ടോ വെക്കാന്‍ ആത്മവിശ്വാസവും ധൈര്യവും സ്ത്രീകള്‍ നേടി എന്നത് ശ്രദ്ധേയമാണ്.

തുനീഷ്യയില്‍ തുടങ്ങിയ മുല്ലപ്പൂ വിപ്ലവം അടക്കം എത്രയോ ജനകീയ ഇടപെടലുകള്‍ക്ക് കരുത്തായി നിന്ന ഈ മാധ്യമം, ഇപ്പോഴും ഭരണകൂടങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മനുഷ്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വാര്‍ത്താ മാധ്യമങ്ങള്‍ കണ്ണടച്ചു കളയുന്ന പല കാര്യങ്ങളിലും നീതി ലഭിക്കാന്‍ ഫേസ്ബുക്കിലൂടെ ഉള്ള ഇടപെടലുകളിലൂടെ സാധ്യമാകുന്നുണ്ടെങ്കില്‍ അത് ഗുണപരമായ വിധത്തില്‍ ഉപയോഗിക്കേണ്ടതിനെ കുറിച്ച് ഒരോരുത്തരും ബോധവാന്മാരാവേണ്ടതുണ്ട്.

ഇന്‍ബോക്സ് പൂവാലന്മാരെയും സംരക്ഷകഭാവത്തില്‍ അധികാരം കാണിക്കുന്ന 'ആങ്ങള'മാരെയും ഒരേ സമയം അകറ്റി നിര്‍ത്താനുള്ള ആര്‍ജ്ജവം നേടി എന്നതും ചെറിയ കാര്യമല്ല. പെണ്ണെന്ത് പറഞ്ഞാലും അസ്വസ്ഥത തോന്നുന്ന, പറയുന്ന കാര്യം എന്തായാലും പരിഹാസവും ആക്ഷേപവും കൊണ്ട് അക്രമിച്ചൊതുക്കാന്‍ വരുന്ന ആണഹന്തകളെ സധൈര്യം നേരിട്ടുകൊണ്ടാണ് സ്ത്രീകള്‍ ഫേസ്ബുക്കില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയത്. എഴുത്തും വായനയും കലാപ്രവര്‍ത്തനങ്ങളും മാത്രമല്ല, ഫേസ്ബുക്കിലൂടെ ബിസിനസ് സംരംഭങ്ങള്‍ വിജയത്തിലെത്തിച്ച സ്ത്രീകള്‍ പോലും ധാരാളമുണ്ട്.

ആദ്യകാലം അപരിചിതരായ എത്രയോ മനുഷ്യര്‍ക്കിടയില്‍സൗഹൃദവും സ്‌നേഹവും അടുപ്പവും ഉണ്ടാക്കാന്‍ ഈ ഒരു മാധ്യമം അനുഗ്രഹമായി മാറിയിട്ടുണ്ടെങ്കില്‍, ദൗര്‍ഭാഗ്യവശാല്‍ ഒരു പരിചയവും ഇല്ലാത്തവര്‍ പരസ്പരം ശത്രുക്കളായി പോര്‍വിളിക്കുന്ന കാഴ്ചയാണ് ഇന്ന് ഫേസ്ബുക്കില്‍ ഏറെയും. മത- രാഷ്ട്രീയ-യുക്തിവാദ ചര്‍ച്ചകള്‍ പലപ്പോഴും വെറുപ്പും വിദ്വേഷവും മാത്രം ഉത്പാദിപ്പിക്കുന്ന ഇടങ്ങളായി. ബോധപൂര്‍വം അത്തരം ചര്‍ച്ചകള്‍ തുടങ്ങിവെക്കുകയും തമ്മിലടിക്കുകയും ചെയ്യുന്ന അധഃപതനം.

ഒരു ഭാഗത്ത് രോഗികളും അവശരുമായ സഹജീവികള്‍ക്ക് മതജാതി നോട്ടമില്ലാതെ സഹായം കൊണ്ട് വിസ്മയിപ്പിക്കുന്ന ഇടത്തു തന്നെയാണ് ഒരു പരിചയവും ഇല്ലാത്തവര്‍ ഏറ്റവും മോശമായ രീതിയില്‍ പരസ്പരം ഏറ്റു മുട്ടുന്നത് എന്നതാണ് കൗതുകം. ദൗര്‍ഭാഗ്യവശാല്‍ വെറുപ്പും വിദ്വേഷവും പരത്തുന്ന ഈ ഒരു രീതി ഫേസ്ബുക്കില്‍ പ്രത്യേകിച്ചും മലയാളികളില്‍ ഏറി വരുന്നു എന്നതാണ് ദുഃഖകരം. ഇതൊന്നും അറിവോ വിദ്യാഭ്യാസമോ ഇല്ലാത്തവരല്ല. പഠിപ്പും യോഗ്യതകളും ഉള്ള മനുഷ്യരാണ് ആധികാരിക ഭാവത്തില്‍ പലപ്പോഴും ബോധപൂര്‍വം പച്ചക്കള്ളങ്ങള്‍ പടച്ചുവിട്ട് മനുഷ്യരെ ഭിന്നിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ഇതുകൊണ്ടൊക്കെ തന്നെ പുതിയ തലമുറ ഏറെക്കുറെ ഫേസ്ബുക്ക് വിട്ട് ഇന്‍സ്റ്റാഗ്രാമിലേക്ക് ചേക്കേറി കഴിഞ്ഞു. അവിടെ ചര്‍ച്ചകളോ സംവാദങ്ങളോ അതിലൂടെയുള്ള വെറുപ്പിക്കലോ ഇല്ല എന്നത് കൊണ്ട് തന്നെ. അല്ലെങ്കിലും പെന്‍ഷന്‍ പറ്റി ഒരു പണിയും ഇല്ലാതെ വീട്ടിലിരിക്കുന്നവരും മധ്യവയസ്‌കരുമൊക്കെ തന്നെയാണ് ഫേസ്ബുക്കില്‍ വിദ്വേഷവും വെറുപ്പും പ്രസരിപ്പിക്കുന്നവരില്‍ ഏറെയും. ന്യൂ ജനറേഷനില്‍ സംഘടനാ അടിമത്തം പേറുന്ന അപൂര്‍വ്വം ചെറുപ്പക്കാര്‍ മാത്രമേ ഇതിലൊക്കെ ഭാഗഭാക്കാവാറുള്ളു.

മുഖപുസ്തകം മുഖംമൂടി പുസ്തകം കൂടിയാണ് പലപ്പോഴും. വളരെ എളുപ്പത്തില്‍ സ്വന്തമായി ഒരു ഇമേജ് ഉണ്ടാക്കിയെടുക്കാന്‍ ഇതിലൂടെ സാധിക്കും. കാരുണ്യ പ്രവര്‍ത്തകന്‍, ബുദ്ധിജീവി, ജ്ഞാനി, റിബല്‍, ആത്മീയ ചിന്തകന്‍, സഹിത്യപ്രേമി,റിബല്‍, ലിബറല്‍, മതവിശ്വാസി... അങ്ങനെ നാലഞ്ചു പോസ്റ്റുകള്‍ കൊണ്ട് തന്നെ മറ്റുള്ളവരുടെ മനസ്സില്‍ കൃത്യമായൊരു ഇമേജ് ഉണ്ടാക്കിയെടുക്കാന്‍ ഇതിലൂടെ സാധിക്കും. ഫോട്ടോ ഫില്‍ട്ടറിലൂടെ ഭംഗിയാക്കി ഇടുന്ന പോലെ തങ്ങളുടെ യഥാര്‍ഥ വ്യക്തിത്വം മൂടി വെച്ചു കൊണ്ട് കൃത്രിമമായ പ്രതിച്ഛായ ഉണ്ടാക്കാന്‍ ഫേസ്ബുക്കില്‍ എളുപ്പമാണ്. ബോധപൂര്‍വ്വം മികച്ച പ്രതിച്ഛായ ഉണ്ടാക്കി സാമ്പത്തിക ചൂഷണവും ലൈംഗിക ചൂഷണവുമൊക്കെ നടത്തുന്ന 'ആദര്‍ശവ്യക്തിത്വങ്ങള്‍'ക്ക് ഫേസ്ബുക്കില്‍ യാതൊരു പഞ്ഞവും ഇല്ല.


നേരില്‍ കണ്ടാല്‍ മുഖത്തു നോക്കി ഒരാളോട് സംസാരിക്കാന്‍ കഴിവില്ലാത്തവര്‍ പോലും ഫേസ്ബുക്കിലെ വാക്‌പോരാട്ടങ്ങളില്‍ പുലിയാണ്. പുച്ഛവും പരിഹാസവും നുരഞ്ഞു നില്‍ക്കുന്ന വാക്കുകളിലൂടെ സമൂഹം ആദരിക്കുന്ന ഏതൊരു വ്യക്തിത്വങ്ങളെയുംനിരന്തരമായി ആക്ഷേപിച്ചു കൊണ്ടിരിക്കുന്നത് ഇവര്‍ക്കൊരു ഹരമാണ്. സമൂഹത്തിന്റെ ചിട്ടകളെയും നിയമങ്ങളെയും വെല്ലുവിളിക്കുന്ന പോരാളി ഭാവത്തില്‍ ഇടപെടുന്ന പലരും ഫേസ്ബുക്കിന് പുറത്ത് അപകര്‍ഷത കൊണ്ട് ആരോടും മിണ്ടാന്‍ പോലും ധൈര്യമില്ലാത്തവരും പരിചയക്കാര്‍ക്ക് പോലും യാതൊരു വിലയും ഇല്ലാത്തവരാണ് എന്നതാണ് കൗതുകം.

സമാനമാനസ്‌കരായ ഒരേ ആവൃത്തിയില്‍ ചിന്തിക്കുന്ന ഒരുപാട് നല്ല സൗഹൃദങ്ങള്‍ കണ്ടെത്താനും വളര്‍ത്താനും കഴിയുന്ന, മുരടിച്ചില്ലാതായിപ്പോകുമായിരുന്ന പ്രതിഭയും കഴിവും ഒരു ഇടനിലക്കാരും ഇല്ലാതെ പ്രകാശിപ്പിക്കാന്‍ പറ്റിയ ഇടമായ, എത്രയോ മനുഷ്യര്‍ക്ക് പലവിധത്തിലും ആശ്വാസവും സഹായവും ലഭിക്കാന്‍ പറ്റിയ മാധ്യമമായ മുഖപുസ്തകം മനോവൈകൃതമുള്ള കുറെ മനുഷ്യര്‍ കാരണം വെറുത്തും അകന്നും പോകുന്നത് ഖേദകരമാണ്. തുനീഷ്യയില്‍ തുടങ്ങിയ മുല്ലപ്പൂ വിപ്ലവം അടക്കം എത്രയോ ജനകീയ ഇടപെടലുകള്‍ക്ക് കരുത്തായി നിന്ന ഈ മാധ്യമം, ഇപ്പോഴും ഭരണകൂടങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മനുഷ്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വാര്‍ത്താ മാധ്യമങ്ങള്‍ കണ്ണടച്ചു കളയുന്ന പല കാര്യങ്ങളിലും നീതി ലഭിക്കാന്‍ ഫേസ്ബുക്കിലൂടെ ഉള്ള ഇടപെടലുകളിലൂടെ സാധ്യമാകുന്നുണ്ടെങ്കില്‍ അത് ഗുണപരമായ വിധത്തില്‍ ഉപയോഗിക്കേണ്ടതിനെ കുറിച്ച് ഒരോരുത്തരും ബോധവാന്മാരാവേണ്ടതുണ്ട്. വാര്‍ത്താ മധ്യമങ്ങളെക്കാള്‍ വിശ്വാസ്യത സോഷ്യല്‍ മീഡിയക്ക് സാധ്യമായിട്ടുണ്ടെങ്കില്‍ ആ വിശ്വാസ്യതയോടെ ഇത് നിലനിന്നു പോവണം. നാവില്ലാത്തവന്റെ നാവാണ് സോഷ്യല്‍ മീഡിയ. അതില്‍ ഏറ്റവും ജനകീയമായ മാധ്യമം ഫേസ്ബുക്ക് തന്നെയാണ്. വികൃതമനസ്‌കരുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ കാരണം അത് നശിക്കാതിരിക്കട്ടെ. ഏതൊരു നല്ല സംവിധാനവും മോശമാക്കി നശിപ്പിക്കുന്നതില്‍ നാം മലയാളികളും ഒട്ടും പിന്നിലല്ലല്ലോ.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - നജീബ് മൂടാടി

Writer

Similar News